തമാശ കാണാപ്പാഠമാക്കുന്ന മമ്മൂട്ടി
തമാശക്കാരന്മമ്മൂട്ടി തമാശയൊന്നും പറയാത്ത ആളാണെന്നാണല്ലോ പൊതുവേയുള്ള വെപ്പ്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ആകെ മൊത്തം ജീവിതത്തിനിടയില്‍ മമ്മുക്ക വിജയകരമായി രണ്ടു തമാശകള്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനി സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ശ്രീനിയോടു തന്നെയാണ്.പരിഹാസത്തിന്റെ കൂരമ്പെയ്യുന്നതില്‍ വിദഗ്ധനായ ശ്രീനി ഒരു ദിവസം മറ്റെന്തോ സംസാരിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടിയോട് പറഞ്ഞുവത്രേ: 'മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ. കഴിവുള്ളതുകൊണ്ടല്ലേ?'
ഉടനെ വന്നുവത്രേ മമ്മൂട്ടിയുടെ മറുപടി: 'പിടിച്ചു നില്ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?' തമാശ നമ്പര്‍ വണ്‍!
അടുത്ത തമാശ പറഞ്ഞത് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചാണ്. ഡെന്നീസിന്റെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഉടന്‍ വന്നുവത്രെ മമ്മൂട്ടിയുടെ കമന്റ്: 'അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.'
ഇങ്ങനെ തമാശകളൊക്കെ പറഞ്ഞു തുടങ്ങിയ മമ്മൂട്ടി ഒരു ദിവസം ഭയങ്കര സന്തോഷത്തോടെ മുകേഷിനോട് പറഞ്ഞത്രേ: 'മുകേഷേ, തമാശ പറയാന്‍ നിനക്കു മാത്രമല്ല നമുക്കും പറ്റും കേട്ടോ. നീ പറഞ്ഞ ആ എം.ജി. സോമന്റെ സംഭവമില്ലേ, അത് ഞാന്‍ രാവിലെ എന്നെക്കാണാന്‍ വന്ന പാര്‍ട്ടിയോട് പറഞ്ഞു. രണ്ടെണ്ണോം ഗംഭീരമായിട്ട് ചിരിച്ചു മറിഞ്ഞു. ഇതൊക്കെ നമുക്കും പറ്റും ആശാനേ', മമ്മൂട്ടി നെഞ്ചു വിരിച്ചു.
'ആണോ, അപ്പം മറ്റേ ഗ്ലാസ്സിന്റെ അകത്തിങ്ങനെ മുഖം കാണുന്നത് പറഞ്ഞോ?', മുകേഷ് ചോദിച്ചു.
'ഓ അതു പറഞ്ഞില്ല.' മമ്മൂട്ടി.
'പിന്നെ ട്രെയിന്‍ മൂവ് ചെയ്യുന്നെന്ന് വിചാരിച്ചിട്ട് എഞ്ചിന്‍കൊണ്ടു
ചെന്നിടിക്കുന്നത് പറഞ്ഞോ?' വീണ്ടും മുകേഷ്.
'ഇല്ല അതു വിട്ടുപോയി.'
'പിന്നെ ക്ലബ്ബ് മാറ്റാന്‍ വേണ്ടി പറഞ്ഞിട്ട് ഫിനിഷ് ചെയ്‌തോ?'
'ഓ അതു ഞാന്‍ മറന്നുപോയി' ചമ്മല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്
മമ്മൂട്ടി പറഞ്ഞു.
കഥയുടെ കാതലായ വശങ്ങളെല്ലാം വിട്ടു കളഞ്ഞാണ് മമ്മൂട്ടി കഥ പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് ചിരിക്കാതിരിക്കാന്‍ പറ്റുമോ? പറഞ്ഞത് മമ്മൂട്ടിയല്ലേ?
കഥയിലെ യഥാര്‍ഥ സംഭവമെന്തെന്ന് മനസ്സിലാക്കാന്‍ കഥ കേട്ടവര്‍ മുകേഷിന്റെ പിന്നാലെ നടക്കുകയായിരുന്നുവത്രേ!
കര്‍ത്താവിന്റെ നാമത്തില്‍
ഒരു സിദ്ദിഖ്-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്.
കഥയ്ക്ക് യോജിച്ച ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. കിട്ടുന്ന വീടൊന്നും സംവിധായകര്‍ക്ക് പറ്റുന്നില്ല, പറ്റുന്ന വീടൊന്നും കിട്ടുന്നുമില്ല.
അങ്ങനെയിരിക്കെയാണ് നല്ലൊരു വീട് പ്രൊഡക്ഷന്‍ മാനേജര്‍ കണ്ടു
പിടിച്ചത്. എല്ലാംകൊണ്ടും അനുയോജ്യം, പക്ഷേ, ഒരേയൊരു കുഴപ്പം മാത്രം. ഉടമസ്ഥന്‍ ഷൂട്ടിങ്ങിന് വീട് വിട്ടുകൊടുക്കില്ല.
'ചോദിക്കുന്ന കാശ് കൊടുക്കാമെന്ന് പറ' സിദ്ദിഖ് പറഞ്ഞു.
'അയാള്‍ക്ക് കാശിനോട് ഒരാര്‍ത്തിയുമില്ല. അത്രയും വലിയ കോടീശ്വരനല്ലേ... മാത്രമല്ല, അഞ്ചു മക്കള്‍ അമേരിക്കയിലും.' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'എങ്കില്‍ സിനിമയില്‍ ചെറിയൊരു വേഷം കൊടുക്കാമെന്ന് പറ. അതില്‍ വീഴാത്തവരില്ല.' ലാലിന്റെ ഉപായം ഇതായിരുന്നു.
'സിനിമ എന്നു കേട്ടാലേ അയാള്‍ക്ക് കലിപ്പാണ്. ഇതുവരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലത്രേ.'
ആ വഴിയും അടഞ്ഞു. ഇനിയെന്ത് വഴി?
'എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു
കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ?' ചോദ്യം കൊച്ചിന്‍ ഹനീഫയുടേതാണ്.
'നല്ല കാര്യമായി. 916 മാറ്റുള്ള സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ...' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു.' കൊച്ചിന്‍ ഹനീഫ ചാടിയെണീറ്റു.
'അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ. ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ'. സിദ്ദിഖ് നിര്‍ദേശിച്ചു.
'ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.' കൊച്ചിന്‍ ഹനീഫയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ എല്ലാവരും കീഴടങ്ങി.
ഹനീഫയും സിദ്ദിഖും ലാലും ഉടന്‍ വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ശരവേഗത്തില്‍ ഹനീഫ പുറത്തേക്ക് വന്ന് പറഞ്ഞു: 'അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ.'
അവസാന കൈയെന്ന നിലയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാം എന്നു പറഞ്ഞുകൊണ്ട് സിദ്ദിഖും ലാലും വീട്ടുടമസ്ഥന്റെ മുന്നിലെത്തി. തങ്ങളുടെ അവസ്ഥ വിവരിച്ചു.
അപ്പോള്‍ വീട്ടുടമസ്ഥന്‍ അറിയിച്ചു:
'ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍
ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു.'
സിദ്ദിഖും ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു മുഴുനീള ചിത്രം! ടാഗോറിനെ യേശുക്രിസ്തുവായി ഹനീഫ തെറ്റിദ്ധരിച്ചതാണെന്ന് സിദ്ദിഖിനും ലാലിനും
മനസ്സിലായി. അവര്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് വീട്ടുടമസ്ഥന്‍ അറുത്തുമുറിച്ചു പറഞ്ഞു:
'ഇത്രയും കടുത്ത മതനിന്ദ കാണിച്ച നിങ്ങള്‍ക്ക് വീടുതരുന്ന പ്രശ്‌നമേയില്ല. നിങ്ങള്‍ക്ക് പോകാം...'
കുടികിടപ്പ്
മലയാളികള്‍ക്ക് മറക്കാനാവാത്തൊരു ദൃശ്യവിസ്മയമായിരുന്നു ഭരതന്റെ വൈശാലി.
ഷൂട്ടിങ്ങിനു മുന്‍പുതന്നെ ഓരോ ഫ്രെയിമുകളും വരച്ചുണ്ടാക്കി, കൃത്യമായ ഗൃഹപാഠത്തോടെയാണ് അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കിയത്. മികച്ചൊരു ചിത്രകാരന്‍കൂടിയായ ഭരതന്റെ മാന്ത്രികസ്പര്‍ശം അതിലങ്ങോളമിങ്ങോളം പതിഞ്ഞുകിടപ്പുണ്ട്.
ചിത്രത്തിന്റെ പ്രിവ്യു മദ്രാസില്‍ നടക്കുന്ന ദിവസം.
ഭരതന്റെ അടുത്ത സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരുമെല്ലാം പ്രിവ്യൂവിന് എത്തിയിരുന്നു.
പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എല്ലാവരും ഭരതനെ മനസ്സുതുറന്ന് അഭിനന്ദിച്ചു. പാട്ടുകളും ഛായാഗ്രഹണവും സംവിധാനവുമെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. ഒരുപാട് അധ്വാനിച്ചുണ്ടാക്കിയ സിനിമ ഗംഭീരമായെന്ന് ഏകസ്വരത്തില്‍ അഭിപ്രായം വന്നപ്പോള്‍ സന്തോഷത്താല്‍ ഭരതന്റെ മനം നിറഞ്ഞു.
ഈ സമയത്താണ് സംവിധായകനും ഭരതന്റെ അടുത്ത സുഹൃത്തുമായ പവിത്രന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു വരുന്നത്.
പവിത്രന്റെ പരിഹാസത്തിന്റെ മൂര്‍ച്ച അനുഭവിക്കാത്ത സുഹൃത്തുക്കള്‍ ഇല്ലെന്നുതന്നെ പറയാം. പവിത്രന്‍ നിസ്സാരമട്ടില്‍ ചോദിച്ചു: 'ഭരതാ, ആ സന്ന്യാസിയുടെ പേരെന്തായിരുന്നു?'
'ഏതു സന്ന്യാസിയുടെ കാര്യമാ പവീ പറയുന്നത്?' ഭരതന്‍ മറുചോദ്യമെറിഞ്ഞു.
'എടാ, കാട്ടില്‍ അഞ്ചു സെന്റ് സ്ഥലം വളച്ചുകെട്ടി താമസിക്കുന്ന ആ സന്ന്യാസിയില്ലേ, അയാളുടെ പേരാ ഞാന്‍ ചോദിച്ചത്.'
പെട്ടെന്നുതന്നെ പവിത്രന്റെ ഉള്ളിലിരിപ്പ് ഭരതന് പിടികിട്ടി.
ഋശ്യശൃംഗന്റെ പിതാവായ വിഭാണ്ഡക മഹര്‍ഷിയുടെ ആശ്രമം കൊടുംകാട്ടിലാണ് സ്ഥിതിചെയ്യുന്നത്. ചിത്രത്തില്‍ ആശ്രമത്തിനു ചുറ്റുമായി ഒരു വേലി കെട്ടിയിരുന്നു. ദൃശ്യഭംഗിക്കായി കലാസംവിധായകന്‍ ചെയ്തതാണ്. നമ്മുടെ നാട്ടുകാരെപ്പോലെ മഹാമുനിമാര്‍ വേലികെട്ടുന്ന പതിവില്ലല്ലോ, അതും കൊടുംകാട്ടില്‍!
അക്കിടി മനസ്സിലായപ്പോള്‍ ഭരതന്‍ മൗനം പാലിച്ചു.
അപ്പോള്‍ വരുന്നു പവിത്രന്റെ അടുത്ത കമന്റ്:
'അപ്പോ, ഈ കുടികിടപ്പവകാശനിയമം അക്കാലത്തേ നടപ്പിലായിരുന്നു അല്ലേ?'
ഭരതന്‍ എന്തു പറയാന്‍!
അഭിനയം വരുന്ന വഴി
ഏതൊരു വ്യക്തിക്കും ചില മാനറിസങ്ങളും രീതികളുമൊക്കെ കാണും - ഇരിപ്പിലും നടപ്പിലും സംഭാഷണങ്ങളിലുമൊക്കെ. അഭിനേതാക്കള്‍ക്കും അതുണ്ട്. എത്ര മാറ്റാന്‍ ശ്രമിച്ചാലും അറിയാതെ അതു വന്നുപോകും.
ആദ്യകാലങ്ങളില്‍ മമ്മൂട്ടിക്കും ഇത്തരം ചില മാനറിസങ്ങള്‍ ഉണ്ടായിരുന്നു. പ്രണയരംഗങ്ങളിലും മറ്റും പാന്റിന്റെ കീശയില്‍ കൈയിടുക, വലതുകൈ ഒരു പ്രത്യേകരീതിയില്‍ ചലിപ്പിക്കുക തുടങ്ങിയ ചില സവിശേഷതകള്‍. പിന്നീട്, വളരെ ബോധപൂര്‍വം ശ്രമിച്ചാണ് അദ്ദേഹം അതു മാറ്റിയെടുത്തത്.
യശഃശരീരനായ പവിത്രന്‍ സംവിധാനംചെയ്ത ഉത്തരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം. മഹാരാജാസ് കോളേജില്‍ സഹപാഠികളായിരുന്ന കാലം മുതലേ മമ്മൂട്ടിയും പവിത്രനും വളരെ തുറന്ന ബന്ധമാണുള്ളത്.
മമ്മൂട്ടിയും പാര്‍വതിയും നടന്നുവരുന്ന രംഗമാണ് എടുക്കുന്നത്.
പതിവുപോലെ മമ്മൂട്ടി പാന്റിന്റെ പോക്കറ്റില്‍ അറിയാതെ കൈയിട്ടു. പവിത്രന്‍ കൈയെടുക്കാന്‍ വിളിച്ചുപറഞ്ഞു.
'ഇത് റിഹേഴ്‌സലല്ലേ, ടേക്കില്‍ ശരിയാക്കാം', മമ്മൂട്ടി പറഞ്ഞു. അടുത്തത് ടേക്ക്. ഇരുവരും വീണ്ടും നടന്നുവരുന്നു. അറിയാതെ, മമ്മൂട്ടിയുടെ കൈ വീണ്ടും പോക്കറ്റിലെത്തി. സംവിധായകന്‍ കട്ട് പറഞ്ഞു. വീണ്ടും ടേക്ക്.
ഇത്തവണയും സ്ഥിതി തഥൈവ.
പവിത്രന് കുറച്ച് ദേഷ്യം വന്നു: 'എന്താ, മമ്മൂട്ടി ഇക്കാണിക്കുന്നത്?'
സൗഹൃദത്തിന്റെ സ്വാതന്ത്ര്യമെടുത്ത് ഹൃദ്യമായൊരു ചിരിയോടെ മമ്മൂട്ടി പറഞ്ഞു: 'പവീ, ഇതെന്റെയൊരു സ്റ്റൈലാ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അഭിനയം വരൂല്ല.'
വാക്കുകള്‍ക്ക് പിശുക്കില്ലാത്ത പവിത്രന്‍ ഉടന്‍ തിരിച്ചടിച്ചു: 'ഓഹോ, അങ്ങനെയാണല്ലേ? അപ്പോ വടക്കന്‍വീരഗാഥയില്‍ അഭിനയം വരാന്‍ താന്‍ ഏത് കോണോത്തിലാ കൈയിട്ടത്?'
മമ്മൂട്ടിക്കുപോലും ചിരിയടക്കാനായില്ല.
ദീനാനുകമ്പ
ചെയ്തതില്‍ ഏറെയും വില്ലന്‍ വേഷങ്ങളാണെങ്കിലും മനസ്സിലെന്നും നന്മയും മനുഷ്യത്വവും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു കെ.പി. ഉമ്മര്‍. ആ വലിയ മനസ്സിന്റെ ശുദ്ധഗതി ചില അബദ്ധങ്ങളിലേക്കും അദ്ദേഹത്തെ എത്തിച്ചിട്ടുണ്ട്. പഴയ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞു ചിരിക്കാറുള്ള അത്തരം കഥകളിലൊന്നിങ്ങനെ:
സംഭവം നടക്കുന്നത് പത്തു മുപ്പത് വര്‍ഷം മുന്‍പാണ്. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ കുറവായതിനാല്‍ താരങ്ങള്‍ അന്ന് ഗഗനചാരികളാണ്. മണ്ണില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് അവരെ വെള്ളിത്തിരയില്‍ മാത്രമേ കാണാനാവൂ.
അന്നൊരിക്കല്‍ കോഴിക്കോട്ട് ഒരു ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് കെ.പി. ഉമ്മര്‍ വന്നു. രണ്ടു ദിവസത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് ഉമ്മറും സംഘവും മദ്രാസിലേക്ക് ട്രെയിനില്‍ തിരിച്ചുപോവുകയാണ്.
അപ്പോഴാണ് ഒരു ഭിക്ഷക്കാരി ഈ കമ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നത്. ഉമ്മറുമായുള്ള സംഭാഷണത്തിനിടയില്‍ ശല്യമായി വന്നുകയറിയ യാചകിയോടുള്ള അനിഷ്ടത്താല്‍ നിര്‍മാതാവ് ഒരു പത്തുപൈസത്തുട്ടെടുത്ത് അവരുടെ പാത്രത്തില്‍ ഇട്ടു.
ഇതു കണ്ടപ്പോള്‍ ദുര്‍ബലമനസ്‌കനായ ഉമ്മറിന്റെ ഹൃദയം തകര്‍ന്നു.
'ഛേ, വെറും പത്തു പൈസയോ! എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ആ സ്ത്രീ തെണ്ടാന്‍ നില്ക്കുമോ? ഒരു കാര്യം മനസ്സിലാക്കണം, ഒരാള്‍ക്ക് ഒരുപകാരം ചെയ്താല്‍ അയാളെന്നും നമ്മളെ ഓര്‍ക്കും.'
ഇതിനിടയില്‍ യാചകി അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങിയിരുന്നു. പക്ഷേ, ഉമ്മര്‍ പ്രഭാഷണം തുടര്‍ന്നു:
'നമ്മള്‍ ഒരാള്‍ക്ക് ഒരു സഹായം ചെയ്യുമ്പോള്‍ അയാള്‍ മനസ്സ് നിറഞ്ഞ് ദൈവത്തോട് പ്രാര്‍ഥിക്കും. അതിന്റെ ഗുണം നമുക്കെന്നെങ്കിലും കിട്ടാതിരിക്കില്ല.'
ഉമ്മര്‍ ഒരാളെ വിട്ട് യാചകിയെ വിളിപ്പിച്ചു. പേഴ്‌സ് തുറന്ന് അഞ്ചുരൂപ നോട്ടെടുത്ത് അവര്‍ക്ക് കൊടുത്തു. (അന്നത്തെ അഞ്ചുരൂപ = ഇന്നത്തെ അഞ്ഞൂറു രൂപ)
അഞ്ചു രൂപ നോട്ട് കണ്ടപ്പോള്‍ തള്ളയ്ക്ക് അദ്ഭുതം; ജീവിതത്തില്‍ ഇതു
വരെ അങ്ങനെയൊന്ന് അവര്‍ കണ്ടിട്ടില്ലല്ലോ.
ആ സ്ത്രീയുടെ അമ്പരപ്പു കണ്ടപ്പോള്‍ ഉമ്മറിനും സന്തോഷമായി.
'എനിക്കുവേണ്ടി പ്രാര്‍ഥിക്കുമോ?'ഉമ്മര്‍ ചോദിച്ചു.
'പിന്നെന്താ, ഇത്രയും നല്ലൊരു മനുഷ്യനുവേണ്ടി പ്രാര്‍ഥിക്കാതിരിക്കുമോ?' തള്ളയുടെ സന്തോഷം അണപൊട്ടി.
നിറകണ്ണുകളോടെ നില്ക്കുന്ന തള്ളയോട് ഉമ്മര്‍ ചോദിച്ചു:
'ഞാനാണ് ഇത് തന്നതെന്ന് വീട്ടില്‍ച്ചെന്ന് പറയുമോ?'
'പിന്നെന്താ സാറേ, ഞാനത് പറയാതിരിക്കുമോ? മാത്രമല്ല, ഞങ്ങളെല്ലാം സാറിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും.' തള്ളയുടെ വാക്കുകളില്‍ അഞ്ചു രൂപ നോട്ടിന്റെ ആത്മാര്‍ഥത തിളങ്ങി.
'കണ്ടില്ലേ അവരുടെ സ്‌നേഹം' എന്ന മട്ടില്‍ ഉമ്മര്‍ സഹപ്രവര്‍ത്തകരെ ഒന്നു നോക്കി. അദ്ദേഹത്തിന്റെ വിശാലമനസ്‌കതയില്‍ അവര്‍ക്കും മതിപ്പ്!
താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാനെന്നവണ്ണം ഉമ്മര്‍ തള്ളയോട് ചോദിച്ചു: 'ഈ അഞ്ചുരൂപ ആരാ തന്നതെന്നറിയ്യ്യോ?'
തള്ള നാണം കുണുങ്ങിക്കൊണ്ട് പറഞ്ഞു: 'അതുപിന്നെ എനിക്കറിയില്ലേ... വല്യ സിനിമാനടനല്ലേ...'
അഭിമാനവിജൃംഭിതനായി ഉമ്മര്‍ ചോദിച്ചു: 'എന്നാല്‍ എന്റെ പേരൊന്ന് പറഞ്ഞേ...'
'പ്രേംനസീര്‍...' തള്ളയ്ക്ക് സംശയമുണ്ടായിരുന്നില്ല.
ഉമ്മര്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ലത്രേ.
പിറ്റേന്ന് വെളുപ്പിന് മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറക്കച്ചടവോടെ വണ്ടിയിറങ്ങുമ്പോള്‍ ഉമ്മര്‍ ഇങ്ങനെ പിറുപിറുത്തുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്: 'അഞ്ചു രൂപ കൊടുത്തത് ഞാന്‍. പ്രാര്‍ഥന പ്രേംനസീറിനു വേണ്ടിയും...'
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment