അയ്യപ്പന്റെ പൂങ്കാവനം അഥവാ പ്ലാസ്റ്റിക് വനം ശബരിമല സന്ദര്‍ശിച്ച ഒരു ഭക്തന്‍ കണ്ട കാഴ്ച്ചകള്‍
ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് തുടക്കമായി. മറ്റൊരു മണ്ഡലകാലം കൂടി അടുത്തുവരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ വരവ് ശബരിമലയിലേക്ക് കൂടിവരികയാണ്. തുലാം ഒന്നാംതീയതിക്ക് ശേഷമാണ് ശബരിമല ദര്‍ശനം നടത്താന്‍ പോയത്. രണ്ടുവര്‍ഷം മുമ്പ് അവിടെ പോകുമ്പോള്‍ ശബരിമലയില്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച അടിസ്ഥാന സൗകര്യവികസനം എത്രമാത്രം വളര്‍ന്നുവെന്ന് നോക്കാനും ഞാന്‍ ശ്രദ്ധ പതിപ്പിച്ചു. അവിടെ കണ്ട കാഴ്ച്ചകള്‍, പരിസരത്തെ മാലിന്യങ്ങള്‍ നിറഞ്ഞ ശോചനീയാവസ്ഥ അതിദയനീയമായിരുന്നു എന്ന് പറയാതെ വയ്യ.
എരുമേലി മുതല്‍ പമ്പ വരെയുള്ള റോഡ് മികച്ച രീതിയിലാണ് എന്ന് പറയാതെ വയ്യ. എന്നാല്‍ പമ്പയില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ കണ്ടാല്‍ ലജ്ജിച്ചുപോകും. പമ്പയില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നുമണി. ആദ്യം പ്രഭാതകൃത്യത്തിനായി സ്ഥലം അന്വേഷിച്ചു. വൃത്തിയുണ്ട് എന്നുതോന്നിയ ഒരു സ്ഥലത്ത് അഞ്ചുരൂപ കൊടുത്തു കാര്യം നടത്താം എന്ന് തീരുമാനിച്ചു. മൂക്കുപൊത്തി എങ്ങനെയോ കാര്യം സാധിച്ച് തിരിച്ചുനടക്കുമ്പോള്‍ സങ്കടം തോന്നിപ്പോയി. മണ്ഡലകാലത്ത് ഇവിടത്തെ അവസ്ഥ എന്തായിരിക്കും എന്നോര്‍ത്തു. തിരക്കുള്ള സമയം അല്ലാതിരുന്നിട്ടുപോലും സൗകര്യമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥ.
പമ്പയില്‍ നിന്ന് ശബരിമലയിലേക്കും തിരിച്ചും ഉള്ള കാനനപാതയില്‍ ഉള്ള എല്ലാ കക്കൂസുകളുടെയും സ്ഥിതി ഇതിലും ദയനീയമാണ്. സന്നിധാനത്തെ ടോയ്‌ലറ്റുകളില്‍ മിക്കതിലും മനുഷ്യന് കയറാന്‍ പറ്റാത്ത അവസ്ഥ. സന്നിധാനത്തേക്ക് അതിരാവിലെ തന്നെ മല ചവിട്ടാന്‍ തീരുമാനിച്ചു. വഴിയില്‍ ഉടനീളം വെളിച്ചക്കുറവും കുടിവെള്ള പദ്ധതിയ്ക്കായി എത്തിച്ചിട്ടുള്ള പൈപ്പുകളും വഴിയില്‍ അവിടെയിവിടെ ഇട്ടിരിക്കുന്നു. ശരംകുത്തിയാല്‍ എത്തിയപ്പോള്‍ ആണ് ഒരു വിധം വെളിച്ചം വന്നത്. അപ്പോഴാണ് അടുത്ത കാഴ്ച്ച ശരിക്കും വിഷമിപ്പിച്ചത്. നിറയെ പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കവറുകളും കൊണ്ട് അവിടം നിറഞ്ഞിരിക്കുന്നു.
പ്ലാസ്റ്റിക് കൊണ്ട് ഉള്ള ഒരു പരവതാനി വിരിച്ച പ്രതീതിയായിരുന്നു അവിടെയെല്ലാം. പലയിടത്തും വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞുകളഞ്ഞത് അങ്ങനെത്തന്നെ കിടക്കുന്നു. എവിടെയും വൃത്തിയാക്കിയിട്ടില്ല എന്ന് വ്യക്തം. ശബരിമലയില്‍ എത്തുന്ന അന്യ സംസ്ഥാനങ്ങളിലെ ഭക്തജനങ്ങളില്‍ ഭൂരിഭാഗവും ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോള്‍, അവരുടെ കറുപ്പ്, കാവി, നീല വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നുണ്ടത്രെ. പലര്‍ക്കും ദര്‍ശനം കഴിഞ്ഞാല്‍ പിന്നെ മടക്കയാത്ര വിനോദയാത്ര മാത്രമാണ്. അതിന്റെ ദൂഷ്യഫലം ആണീ വസ്ത്രനിക്ഷേപം.
പമ്പാനദിയിലൂടെ ഒഴുകിവരുന്ന ഈ വസ്ത്രങ്ങള്‍ കഴുകിയുണക്കി ഉപയോഗിക്കാനും വില്‍ക്കാനും വേണ്ടി വെള്ളത്തിലിറങ്ങി നില്‍ക്കുന്ന സംഘങ്ങളേയും കാണാന്‍ കഴിയും. കച്ചവടത്തിന്റെ ക്രൂരവും നിന്ദ്യവുമായ രൂപം വരണമെങ്കില്‍ സന്നിധാനത്ത് വരണം. ആഴിയില്‍ ഭക്തര്‍ എറിയുന്ന നെയ്‌ത്തേങ്ങകള്‍ പെറുക്കാന്‍ ചില ഹോട്ടലുകള്‍ ആളുകളെ നിര്‍ത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ എല്ലാം പൂപ്പല്‍ ബാധിച്ചിരിക്കുന്നു. കുടിച്ചാല്‍ അസുഖം ഉറപ്പ്.
പതിനെട്ടാംപടിക്ക് മുന്നിലുള്ള ആല്‍മരച്ചുവടും പ്ലാസ്റ്റിക് നിക്ഷേപത്തില്‍ മുങ്ങിയിട്ടുണ്ട്. ശബരിമലയുടെ പരിസരത്തുള്ള വന്യമൃഗങ്ങള്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അറിയാതെ ഭക്ഷിച്ചാല്‍ അതും ഒരു ദുരന്തമാകുമെന്നുറപ്പാണ്. ഇതിനെല്ലാം പുറമേ ഭക്തര്‍ക്കിടയിലൂടെ വേഗത്തില്‍ തിക്കിയും തിരക്കിയും ഓടുന്ന ട്രാക്ടറുകള്‍. സന്നിധാനത്ത് ഉള്ള താമസസൗകര്യവും മുറികളുടെ വൃത്തികേടും സുരക്ഷയില്ലായ്മയും എടുത്തുപറയേണ്ട ഒരു കാര്യമാണ്. വിളക്കുകളില്‍ ഇല്ല, വെള്ളംകെട്ടി കിടക്കുന്നു, ഇഴജന്തുക്കള്‍ ധാരാളം, കക്കൂസും കുളിമുറിയും വൃത്തിയില്ലായ്മ ഇതിനിടെ മുന്നൂറു രൂപ കൊടുത്താല്‍ കിട്ടുന്ന മുറികള്‍ ഭക്ത ജനങ്ങള്‍ക്ക് ശുപാര്‍ശയുണ്ടെങ്കില്‍ മാത്രം ലഭ്യമാണ്.
ഒരുപക്ഷേ ഏതെങ്കിലും മന്ത്രി പരിശോധനയ്ക്കായി സന്നിധാനം സന്ദര്‍ശിക്കുമ്പോഴോ മണ്ഡലകാലത്തേക്ക് അടുക്കുമ്പോഴോ ഇവ യാന്തികമായി വൃത്തിയാക്കുമായിരിക്കാം. എങ്കിലും പൊതുവില്‍ സ്ഥിതിയിതാണ്. ഏറെ ജൈവപ്രാധാന്യമുള്ള ഒരു മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രപരിസരം ഇങ്ങനെയാണോ സംരക്ഷിക്കേണ്ടത് എന്ന ചോദ്യമാണ് എന്റെ മനസ്സില്‍ ഉയര്‍ന്നത്, ഏറെ വേദനിപ്പിച്ചതും.
രമേശ് മേനോന്‍
Mathrubhumi |
|
No comments:
Post a Comment