Friday, 2 November 2012

[www.keralites.net] ദുരന്ത 'സാന്‍ഡി'

 

ന്യൂയോര്‍ക്ക് : അമേരിക്കയുടെ കിഴക്കന്‍ തീരത്ത് സര്‍വനാശം വിതച്ച് ആഞ്ഞടിക്കുന്ന 'സാന്‍ഡി' ചുഴലിക്കാറ്റ് ന്യൂയോര്‍ക്ക് നഗരത്തെ താറുമാറാക്കി. 14 അടി ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരമാലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങിപ്പോയ ന്യൂയോര്‍ക്കിനെ 'മഹാദുരന്തം' ബാധിച്ചതായി പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 129 കി.മീ. വേഗത്തില്‍ വീശുന്ന കാറ്റ് കാനഡയെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.

അമേരിക്കയുടെ വിവിധ സ്ഥലങ്ങളിലായി 27 പേരാണ് ഇതിനകം മരിച്ചത്. വൈദ്യുതിബന്ധം മുടങ്ങിയതിനാല്‍ വിവിധ സംസ്ഥാനങ്ങളിലായി 60 ലക്ഷം പേര്‍ ഇരുട്ടിലാണ്. ഹഡ്‌സണ്‍, ഈസ്റ്റ് നദികള്‍ കരകവിഞ്ഞൊഴുകി ന്യൂയോര്‍ക്ക് നഗരത്തിലെയും ലോവര്‍ മാന്‍ഹാട്ടനിലെ ചില പ്രദേശങ്ങളിലെയും റോഡുകളും അടിപ്പാതകളും മുങ്ങി. കാറുകള്‍ ഒഴുകിപ്പോയി. ന്യൂയോര്‍ക്ക് നഗരത്തിലെ അടിപ്പാതയുടെ 108 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും നാശകാരിയായ ദുരന്തം ആദ്യമാണ്. അറ്റ്‌ലാന്‍റിക് നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങി.


തീര സംസ്ഥാനങ്ങളില്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം മുടങ്ങി. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ബാള്‍ട്ടിമോര്‍, ഫിലാഡല്‍ഫിയ, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചു. 14,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വൈദ്യുതി മുടങ്ങിയതിനാല്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ടിഷ് ആസ്പത്രിയില്‍നിന്ന് ഇരുന്നൂറിലേറെ രോഗികളെ ഒഴിപ്പിച്ചു. ക്വീനില്‍ 50 വീടുകള്‍ തീകത്തി നശിച്ചു. അമേരിക്കയിലെ ഏറ്റവും പഴയ ആണവനിലയമായ ന്യൂ ജേഴ്‌സിയിലെ ഓയിസ്റ്റര്‍ ക്രീക്കില്‍ വെള്ളം കയറാന്‍ ഇടയുള്ളതിനാല്‍ ആണവ റെഗുലേറ്ററി കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

പ്രതികൂല കാലാവസ്ഥമൂലം ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രണ്ടാം ദിനവും അടച്ചിട്ടു. 1888-നു ശേഷം ആദ്യമായാണിത്. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനവും അടച്ചു. പഴയ എച്ച്.എം.എസ്. ബൗണ്ടി പായ്ക്കപ്പലിന്റെ മാതൃകയില്‍ അതേ പേരിലുണ്ടാക്കിയ കപ്പല്‍ നോര്‍ത്ത് കാരലീനയിലെ കടലില്‍ മുങ്ങി ജീവനക്കാരന്‍ മരിച്ചു. കപ്പിത്താനെ കാണാതായി. സ്റ്റേറ്റന്‍ ഐലന്‍ഡില്‍ കൂറ്റന്‍ ചരക്ക്കപ്പല്‍ തിരയില്‍പ്പെട്ട് തെരുവിലെത്തി. ന്യൂയോര്‍ക്കില്‍ നിര്‍മാണസ്ഥലത്തെ ക്രെയിന്‍ ഒടിഞ്ഞുവീണ് നാല് നില കെട്ടിടത്തിന്റെ മുഖപ്പ് തകര്‍ന്നു.

കോണ്‍ എഡിസണ്‍ വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറിയുണ്ടായി. മുടങ്ങിയ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് കോണ്‍ എഡിസണ്‍ വൈദ്യുതി നിലയത്തിന്റെ വൈസ് പ്രസിഡന്‍റ് ജോണ്‍ മിക്‌സാഡ് അറിയിച്ചു.


തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ, ബരാക് ഒബാമയും എതിരാളി മിറ്റ്‌റോംനിയും പ്രചാരണ പരിപാടികള്‍ റദ്ദാക്കി. മസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 12 സംസ്ഥാനങ്ങള്‍ 'സാന്‍ഡി' മൂലം ദുരന്തത്തിലാകുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് കോടിപ്പേരെ ദുരന്തം ബാധിക്കും. 10 ലക്ഷം പേരോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.


വെസ്റ്റ് വെര്‍ജീനിയ, വെര്‍ജീനിയ, കെന്‍റക്കി എന്നിവിടങ്ങളിലെ അപ്പലേഷ്യന്‍ മലനിരകളില്‍ മൂന്നടി ഉയരത്തില്‍വരെ മഞ്ഞുവീഴ്ചയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 'സാന്‍ഡി' മൂലം 1,000 കോടി ഡോളര്‍ (53,960 കോടി രൂപ) മുതല്‍ 2000 കോടി ഡോളര്‍ വരെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.













































www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment