ലോറി കയറി ചതഞ്ഞരഞ്ഞ യുവാവിന് പുനര്‍ജന്മം; ജീവന്‍ നല്‍കിയ മെഡിക്കല്‍ സംഘത്തില്‍ രണ്ടു മലയാളി നേഴ്‌സുമാരും
ലണ്ടന്‍ : പതിനഞ്ചു ടണ്‍ ഭാരമുള്ള ലോറി കയറി റോഡില്‍ ചിന്നിച്ചിതറിക്കിടന്ന മനുഷ്യനെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മെഡിക്കല്‍ സംഘത്തില്‍ രണ്ട് മലയാളി നേഴ്‌സുമാരും. ഡോക്ടര്‍മാര്‍ രണ്ടു പ്രാവശ്യം മരിച്ചെന്ന് വിധിയെഴുതിയ ലെവിസ് ഗോഡ്‌ഫ്രേ (23) ഇപ്പോള്‍ ഇവര്‍ക്കെല്ലാം നന്ദിപറഞ്ഞ് പൂര്‍ണാരോഗ്യത്തോടെ ജീവിക്കുകയാണ്.
ലെവിസിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ 34 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചതില്‍ ആഹ്ലാദിക്കുകയാണ് നോട്ടിങ്ഹാമില്‍ താമസിക്കുന്ന നോട്ടിങ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലെ മലയാളി സ്റ്റാഫ് നേഴ്‌സ് അന്നമ്മ ജെബോയിയും മേജര്‍ ട്രോമ വാര്‍ഡിലെ സ്റ്റാഫ് നേഴ്‌സ് ജസ്റ്റി ബേബിയും.
ജൂണ്‍ രണ്ടിന് രാത്രി ഒരു സംഘം യുവാക്കള്‍ ആക്രമിച്ചുവീഴ്ത്തിയ ലെവിസിന്റെ ശരീരത്തിലൂടെ ലോറി കയറ്റിയിറക്കുകയായിരുന്നു. ഒട്ടും വൈകാതെ അവിടെയെത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ ലെവിസിന്റെ ഹൃദയം നിശ്ചലമായിരുന്നു. പാരാമെഡിക്കല്‍ സംഘം പക്ഷേ ഭഗീരഥപ്രയത്‌നത്തിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനസ്ഥാപിച്ചു. ശരീരഭാഗങ്ങള്‍ പുതപ്പില്‍ വാരിക്കൂട്ടിയെടുത്ത് നോട്ടിങ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലെത്തിച്ച് ഉടന്‍ ചികിത്സ തുടങ്ങി. 34 അംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. മലയാളികളായ അന്നമ്മ ജെബോയിയും ജസ്റ്റി ബേബിയും അതിലുണ്ടായിരുന്നു.
തലയ്ക്ക് ഗണ്യമായ പരുക്കേറ്റ ലെവിസിന്റെ ശരീരത്തിലെ തൊലി ഒരടി വീതിയില്‍ കീറിപ്പറിഞ്ഞുപോയിരുന്നു. വയറും തകര്‍ന്നിരുന്നു. അത്യധികം രക്തം വാര്‍ന്നുപോയ യുവാവിന്റെ വലതുകാലിലെ മസിലുകളും പറിഞ്ഞു തൂങ്ങിക്കിടന്നിരുന്നു. ഇതിനിടെ ഹൃദയം രണ്ടാമതും നിന്നു. വീണ്ടും കഠിനയത്‌നത്തിലൂടെ വീണ്ടും അതിനെ പ്രവര്‍ത്തിപ്പിച്ചു.
പതിനാറു ദിവസമാണ് ലെവിസ് അബോധാവസ്ഥയില്‍ കിടന്നത്. ലെയ്‌സസ്റ്റര്‍ഷെയറിലെ ലഫ്ബറോയിലുള്ള ലെവിസിന് കണ്ണുതുറക്കാന്‍ കഴിയുമോ എന്നുപോലും ആരും കരുതിയില്ല, മെഡിക്കല്‍ സംഘം പക്ഷേ പ്രതീക്ഷ കൈവിട്ടില്ല. അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ലെവിസിനെ ദൈവം രക്ഷിച്ചു. എന്‍ എച്ച് എസിലെ അന്നമ്മ ജെബോയിയും ജസ്റ്റി ബേബിയും അടങ്ങുന്ന 34 സംഘത്തിന്റെ കൈകളിലൂടെ.
തലയുടെ രൂപമാക്കിയെടുക്കാന്‍ തലയോടിനുള്ളില്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് സ്ഥാപിക്കേണ്ടിവന്നു.
ലെവിസിന്റെ പിതാവ് ഗ്രഹാം (48) ആശുപത്രിയിലെത്തി ആദ്യം കാണുമ്പോള്‍ പന്ത്രണ്ടോളം ട്യൂബുകളുടെ സഹായത്തോടെയായിരുന്നു അയാള്‍ ജീവിക്കുന്നതായി കണ്ടത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിയപ്പെട്ട ലെവിസ് രക്ഷപെടാന്‍ യാതൊരു സാധ്യതയും ഗ്രഹാം കണ്ടിരുന്നില്ല.
എന്നാല്‍ അഞ്ചുമാസങ്ങള്‍ക്കുശേഷം യാതൊരു കുഴപ്പവുമില്ലാതെ തിരികെ ജീവിതത്തിലേക്ക് വന്നപ്പോള്‍ ഗ്രഹാമും ദൈവത്തോട് നന്ദിപറഞ്ഞു. പിന്നെ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയേകി. | |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment