കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊന്ന് എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതു 1994-ല്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് എന്ന പേരില്‍ വ്യാജസംഭവം കേരളത്തിലെ എല്ലാ പത്രങ്ങളും ഒറ്റക്കെട്ടായിനിന്ന് കെട്ടിച്ചമച്ചുണ്ടാക്കിയപ്പോഴാണ്. ഒടുവില്‍ ചാരക്കേസ് ചാരമാവുകയും സത്യം അതില്‍നിന്ന് ഉദിച്ചുയരുകയും രാജ്യത്തെ ഉന്നത നീതിപീഠം പോലും അതിനെ ന്യായീകരിക്കുകയും ചെയ്‌തപ്പോള്‍ മുഖം വികൃതമാകാത്തവരായി ആരുണ്ട് കേരളത്തില്‍ ഇന്ന്? വെറും ചാരമായിപ്പോയ ഒരു പടുകൂറ്റന്‍ ചാരക്കഥ. ആ ചാരക്കൂമ്പാരത്തില്‍നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ നമ്പി നാരായണന്‍ എന്ന ബഹിരാകാശ ശാസ്‌ത്രജ്‌ഞന്‍ ഇപ്പോള്‍ പറന്നുയര്‍ന്നിരിക്കുന്നു. ആ നമ്പി നാരായണന്റെ മുമ്പില്‍ കേരളത്തിലെ മാധ്യമങ്ങള്‍, രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍, പോലീസ് ഉദ്യോഗസ്‌ഥര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ലജ്‌ജിച്ചു തല താഴ്‌ത്തട്ടെ. നമ്പി നാരായണനോടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ശാസ്‌ത്രജ്‌ഞന്മാരോടും മാലിദ്വീപില്‍ നിന്ന് മക്കളെ പഠിപ്പിക്കാന്‍ കേരളത്തിലേക്കു വന്ന മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ രണ്ടു ഹതഭാഗ്യരായ സ്‌ത്രീകളോടും അന്തരിച്ച കെ. കരുണാകരന്‍ എന്ന രാഷ്‌ട്രീയ നേതാവിനോടും സംസ്‌ഥാനത്തെ പോലീസ് മേധാവിയായിരുന്ന രമണ്‍ ശ്രീവാസ്‌തവയോടും അവരുടെയെല്ലാം കുടുംബങ്ങളോടും കേരളത്തിലെ പത്രങ്ങളും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും ഈ വൈകിയ വേളയിലെങ്കിലും മാപ്പുചോദിക്കേണ്ടതല്ലേ. പറ്റിയ തെറ്റിനു മാപ്പ് ചോദിക്കുകയെന്ന സാമാന്യ മര്യാദ കേരളത്തിലെ മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കും ഇല്ലാത്തതുകൊണ്ട് അതേക്കുറിച്ചു പറഞ്ഞിട്ട് എന്തുകാര്യം. 1994-ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നാണ് തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. മാലിയില്‍നിന്ന് ചാരവൃത്തിക്കു വന്ന മറിയത്തിനും ഫൗസിയയ്‌ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ രഹസ്യങ്ങള്‍ നമ്പി നാരായണനെപ്പോലുള്ള ശാസ്‌ത്രജ്‌ഞര്‍ വെറും ദ്രവ്യമോഹത്തിന്റെ പേരില്‍ രാജ്യത്തെ ഒറ്റിക്കൊടുത്തുകൊണ്ട് നല്‍കിയെന്നതായിരുന്നു ചാരക്കേസ്. അതിനു കൂട്ടുനിന്നത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും പോലീസ് ഐ.ജി. രമണ്‍ ശ്രീവാസ്‌തവയുമെല്ലാമായിരുന്നു എന്നാണു കേരളത്തിലെ എല്ലാ പത്രങ്ങളും പ്രചരിപ്പിച്ച കഥ. വാസ്‌തവത്തില്‍ ഈ ചാരക്കേസ് ഊതിവീര്‍പ്പിച്ച് മലയാള പത്രങ്ങള്‍ കൊടിയും തോരണവും കെട്ടി ദിവസങ്ങളോളം ആഘോഷിക്കുകയായിരുന്നു. എന്തെന്തു നിറം പിടിപ്പിച്ച കഥകള്‍. ഒടുവില്‍ ഉന്നത നീതിപീഠം പ്രഖ്യാപിച്ചു, പത്രങ്ങള്‍ എഴുതിക്കൂട്ടിയതും പോലീസ് ക്രിമിനല്‍ കേസാക്കി പടച്ചുണ്ടാക്കി കോടതിയില്‍ കൊണ്ടുവന്നതുമെല്ലാം വ്യാജമായിരുന്നുവെന്ന്. ഒടുവില്‍ നമ്പി നാരായണന്‍ നീതിതേടി കോടതിയിലെത്തി. മാനം രക്ഷിക്കാന്‍ ഒരു ശാസ്‌ത്രജ്‌ഞന്‍ നടത്തിയ പോരാട്ടത്തില്‍ അവസാന വിധി ഹൈക്കോടതി പ്രഖ്യാപിച്ചു. നമ്പി നാരായണനുണ്ടായ പീഡനത്തിന് നഷ്‌ടപരിഹാരമായി സംസ്‌ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കണം. ഒരുകോടി രൂപ നഷ്‌ടപരിഹാരം ചോദിച്ചുകൊണ്ടുള്ള നമ്പി നാരായണന്റെ മറ്റൊരു കേസ് തിരുവനന്തപുരത്ത് കോടതിയില്‍ വിചാരണയിലിരിക്കുകയാണ്. ഹൈക്കോടതിയുടെ ഈ വിധി ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കുണ്ടാക്കിയ ആത്മസംതൃപ്‌തിക്കും അഭിമാനത്തിനും അതിരില്ല. ഈ ചാരക്കേസുതന്നെ വെറുമൊരു കെട്ടുകഥയാണെന്നും നമ്പി നാരായണന്‍ മുതല്‍ മറിയം റഷീദ വരെയും കെ. കരുണാകരന്‍ മുതല്‍ രമണ്‍ ശ്രീവാസ്‌തവ വരെയും തീര്‍ത്തും നിരപരാധികളാണെന്നും മംഗളത്തിലെ ഈ പംക്‌തിയില്‍ അക്കാലത്ത് നിരന്തരമായി ഞാന്‍ കോളങ്ങളെഴുതി. അതിന്റെ പേരില്‍ ഞാന്‍ കേട്ടതു മുഴുവന്‍ അതിക്രൂരമായ വിമര്‍ശനങ്ങളായിരുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവന്‍, ചാരവൃത്തിക്കു ചൂട്ടുപിടിച്ചുകൊടുക്കുന്നവന്‍, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വ്യഭിചരിക്കുന്നവന്‍ അങ്ങനെ നീണ്ടുപോയി ആക്ഷേപങ്ങള്‍. വിമര്‍ശിച്ചവര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടുകൊണ്ട് നടക്കുന്നത് എനിക്കു കാണാന്‍ കഴിയുന്നു. ഒരുകാര്യം അഭിമാനത്തോടെ ഞാന്‍ കുറിച്ചിടട്ടെ. പത്രങ്ങള്‍ മത്തങ്ങ തലക്കെട്ടു നിരത്തിയ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് വെറും കെട്ടുകഥയാണെന്ന് വിശ്വാസധീരതയോടെ എഴുതിയ മൂന്നു മലയാള പത്രപ്രവര്‍ത്തകര്‍ അന്ന് ഏഷ്യാനെറ്റ് ചാനലിലുണ്ടായിരുന്ന ബി.ആര്‍.പി. ഭാസ്‌കറും എഴുത്തുകാരനായ സക്കറിയയും പിന്നെ ഞാനും മാത്രമായിരുന്നു. എന്നെപ്പോലെ ഭാസ്‌കറും സക്കറിയയും കേട്ട പഴിക്കു കണക്കില്ല. ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ ഈ ചാരക്കേസിലെ പീഡിതരായ പ്രതികള്‍ക്കുവേണ്ടി നടത്തിയ നിരന്തര പോരാട്ടം മാധ്യമ ചരിത്രത്തിലെ ഒരു രജതരേഖയായിരിക്കും തീര്‍ച്ച. മക്കളെ പഠിപ്പിക്കാന്‍ കേരളത്തിലെത്തിയ മറിയം റഷീദയും ഫൗസിയ ഹസനും അവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും തിരുവനന്തപുരത്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി രജിസ്‌റ്റര്‍ ചെയ്‌തതിനു ശേഷമാണ് ഇവിടെ താമസിച്ചത്. ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള സ്‌പൈ ബുക്ക്‌സോ എന്തെങ്കിലും പുസ്‌തകങ്ങളോ വായിച്ചിട്ടുള്ള എല്ലാവരും മനസിലാക്കിയിട്ടുള്ള ഒരു കാര്യമുണ്ട്. മറ്റൊരു രാജ്യത്തെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി പാസ്‌പോര്‍ട്ടും രേഖകളും ഏല്‍പ്പിച്ചശേഷം ലോകത്തിലെ ഒരു രാജ്യത്തും ഒരു വിദേശിയും ചാരപ്രവര്‍ത്തനം നടത്തുകയില്ലെന്ന കാര്യം. അക്കാര്യങ്ങള്‍ വായിച്ച് മനസിലാക്കിയിട്ടുള്ളതുകൊണ്ടാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് വെറും കെട്ടുകഥയാണെന്ന് ആരംഭംമുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ എഴുതാന്‍ കാരണം. അത് ബോധ്യപ്പെടാന്‍ രാജ്യത്തെ നീതിപീഠങ്ങള്‍ക്കുപോലും ഏറെക്കാലം വേണ്ടിവന്നു എന്നതു ദുഃഖകരം. ഈ ചാരക്കേസ് ആരംഭിച്ച കാലത്ത് ഉന്നത നീതിപീഠങ്ങളായ കോടതികള്‍ പോലും ആള്‍ക്കൂട്ടത്തിന്റെ വികാരത്തിനു കീഴ്‌പ്പെട്ടാണ് പ്രവര്‍ത്തിച്ചതെന്നുള്ളതാണ് യാഥാര്‍ഥ്യം. കാരണം ചാരക്കേസാണല്ലോ. തൊട്ടാല്‍ കൈ പൊള്ളുന്ന പ്രശ്‌നം. അതുകൊണ്ട് ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായത്തിനൊത്ത് നീതിപീഠങ്ങളും നീങ്ങിയെന്നതാണു സംഭവിച്ചത്. കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊന്ന് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതു രൂപീകരിക്കപ്പെട്ടതും പ്രവര്‍ത്തിച്ചതും ഐ.എസ്.ആര്‍.ഒ. ചാര സംഭവ കാലത്താണ്. മലയാള മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമടക്കം എല്ലാ പത്രങ്ങളും കൈകോര്‍ത്തുനിന്ന് ഒരേ നിറമുള്ള കെട്ടുകഥകള്‍ എല്ലാ ദിവസവും ഒരുപോലെ പടച്ചുണ്ടാക്കിയ കാലം. മലയാള പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം അതിലജ്‌ജാകരമായ ഒരു കാലഘട്ടം. അതെല്ലാം ഇന്ന് ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്. വാസ്‌തവത്തില്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് പടച്ചുണ്ടാക്കിയതിനു പിന്നില്‍ ഈ കക്ഷികള്‍ക്കെല്ലാം ഓരോരോ താല്‍പ്പര്യമുണ്ടായിരുന്നു. അവര്‍ക്കു നാലു വ്യത്യസ്‌ത ലക്ഷ്യങ്ങളുണ്ടായിരുന്നു. സി.പി.എമ്മിന്റെയും ദേശാഭിമാനിയുടെയും ലക്ഷ്യം മുഖ്യമന്ത്രി കരുണാകരന്റെ സര്‍ക്കാരിനെയാകെ കരിതേച്ച് കാണിച്ച് താഴെയിറക്കുക എന്നതായിരുന്നു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ എ.കെ. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം ലക്ഷ്യം മുഖ്യമന്ത്രി കെ. കരുണാകരനെ എങ്ങനെയെങ്കിലും താഴെയിറക്കി അധികാരം പങ്കിട്ടെടുക്കുക എന്നതായിരുന്നു. അതിനുവേണ്ടി കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെ സ്വാധീനിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയെവരെ ഉപയോഗിച്ചുകൊണ്ട് കരുണാകരന്റെ പ്രതിഛായ തകര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതിനുവേണ്ടി കേരളത്തിലെ മനോരമ, മാതൃഭൂമി പോലുള്ള പത്രങ്ങള്‍ ആ നേതാക്കളോടൊപ്പം കൈകോര്‍ത്തു എന്നതു മറ്റൊരു സത്യം. മറ്റൊന്ന് പോലീസ് ഉദ്യോഗസ്‌ഥന്മാരുടെ ഒരു വിഭാഗത്തിന്റെ നീക്കം പോലീസ് ഡി.ജി.പിയാകാന്‍ പോകുന്ന ഐ.ജി. രമണ്‍ ശ്രീവാസ്‌തവയെ എങ്ങനെയെങ്കിലും ആ സ്‌ഥാനത്തുനിന്ന് തെറുപ്പിച്ച് തങ്ങളുടെ പ്രമോഷന്‍ തുടങ്ങിയ നിക്ഷിപ്‌ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം. അതുകൊണ്ട് ഈ ചാരസംഭവത്തില്‍ ശ്രീവാസ്‌തവയ്‌ക്കു പങ്കുണ്ടെന്ന് തെളിയിച്ചെടുക്കുക എന്ന ഗൂഢോദ്ദേശം. അതില്‍ ആ പോലീസ് ഉദ്യോഗസ്‌ഥന്മാര്‍ വിജയിക്കുകതന്നെ ചെയ്‌തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ നിന്ന് ഐ.ജി. ശ്രീവാസ്‌തവയ്‌ക്ക് ഈ ചാരവൃത്തിയുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതായി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 1995 ജനുവരി 12-ന് വിധിയെഴുതി. തുടര്‍ന്ന് രമണ്‍ ശ്രീവാസ്‌തവയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. മാധ്യമ സിന്‍ഡിക്കേറ്റിന്റെയും കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പിന്റെയും നിരന്തര ശ്രമത്തിന്റെ ഫലമായി ഫെബ്രുവരി 16-ന് കെ. കരുണാകരന് മുഖ്യമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നു. ഈ സ്‌ഥാനത്ത് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്‌തു. പക്ഷേ ഞാനിന്നും ബലമായി വിശ്വസിക്കുന്നത് കൗണ്ടര്‍ എസ്‌പ്നേജ് എന്ന അന്തര്‍ദേശീയതലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസിനു പിന്നിലുണ്ടായിരുന്നതെന്നാണ്. തുമ്പയില്‍ ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുകയറ്റത്തിന് കടിഞ്ഞാണിടാന്‍ വിദേശരാജ്യത്തിനു വേണ്ടി കേരളത്തിലെ ഒരുവിഭാഗം പോലീസ് ഉദ്യോഗസ്‌ഥന്മാരും ഉദ്യോഗസ്‌ഥ മേധാവികളും ചേര്‍ന്നു നടത്തിയ പ്രതികാരപ്രവര്‍ത്തനം. അതില്‍ അവര്‍ വിജയിക്കുകതന്നെ ചെയ്‌തു. നമ്പി നാരായണനെപ്പോലുള്ള അതിപ്രഗത്ഭ ബഹിരാകാശ ശാസ്‌ത്രജ്‌ഞന്‍ ക്രൂശിക്കപ്പെട്ടതിന്റെ ഫലമായി തുമ്പയിലെ ഐ.എസ്.ആര്‍.ഒ. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മിക്കവാറും നിര്‍ജീവമായി. വിദേശരാജ്യത്തിന് വേണ്ടിയിരുന്നതും അതുതന്നെ. നമ്പി നാരായണനെ അര്‍ധനഗ്നനായി കിടത്തി രണ്ടുദിവസം കേരള പോലീസ് അതിക്രൂരമായി മര്‍ദിച്ചു എന്ന പാതകത്തിനുപോലും കേരളത്തിനു സാക്ഷ്യംവഹിക്കേണ്ടിവന്നു. അബലകളായ മറിയം റഷീദയും ഫൗസിയയും ഏറ്റ കൊടും മര്‍ദനങ്ങള്‍ക്ക് കണക്കില്ലായിരുന്നു. എന്തെല്ലാം കേരളം കണ്ടു? നമ്പി നാരായണന് അന്തിമമായി പത്തുലക്ഷം രൂപ സംസ്‌ഥാന സര്‍ക്കാര്‍ നഷ്‌ടപരിഹാരം കൊടുക്കണമെന്ന ഹൈക്കോടതിവിധി സ്വാഗതാര്‍ഹം തന്നെ. ആ നഷ്‌ടരിഹാരത്തുക ആരുടെ കീശയില്‍നിന്നാണു കൊടുക്കുക? ഈ സംസ്‌ഥാനത്തെ നികുതിദായകരായ ജനങ്ങളുടെ കീശയില്‍നിന്നുതന്നെ. കള്ളക്കേസുണ്ടാക്കിയ പോലീസ് ഉദ്യോഗസ്‌ഥന്മാരുടെ കൈയില്‍നിന്നല്ലേ ആ തുക ഈടാക്കേണ്ടത്? അതിനുള്ള നിയമയുദ്ധം നടത്തേണ്ടത് ഇനി ആരുടെ ചുമതലയാണ്? |
No comments:
Post a Comment