ഇടുക്കി: ഇടുക്കിയിലെ സെന്‍ട്രല്‍ പോലീസ് കാന്റീന്റെ ഉദ്‌ഘാടനം മോടിയാക്കാന്‍ വനിതാ പോലീസുകാരോട് സെറ്റുസാരി ഉടുത്തുവരാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. സംഭവത്തില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വനിതാ പോലീസുകാര്‍ രംഗത്ത്. ഇന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണു സെറ്റ് സാരി ഉടുത്തുവരാന്‍ വനിതാ പോലീസുകാരോട് ഉന്നത ഉദ്യോഗസ്‌ഥന്‍ നിര്‍ദേശിച്ചത്. ഇന്ന് ഡ്യൂട്ടിയിലുള്ള രാജാക്കാട്, അടിമാലി, മൂന്നാര്‍ ഡിവിഷനുകളിലെ പത്ത് വനിതാ പോലീസുകാര്‍ ഒഴികെ മറ്റുള്ളവരെല്ലാം സെറ്റ് സാരി ധരിക്കണമെന്നാണു നിര്‍ദേശം. വിവരം പുറത്തറിയാതിരിക്കാന്‍ വയര്‍ലസ്‌സെറ്റ് ഒഴിവാക്കി ഫോണിലൂടെ നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്നലെയാണു സ്‌റ്റേഷനുകളില്‍ ഫോണ്‍-ഇന്‍- ഉത്തരവ് എത്തിയത്. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്‌ഥനാണു സ്‌റ്റേഷനുകളില്‍ വിളിച്ച് ഈ നിര്‍ദേശം കൈമാറിയത്. ഉത്തരവ് കൃത്യമായി പാലിക്കണമെന്നും രാവിലെ ഒന്‍പതിനു മുമ്പായി ചെറുതോണിയില്‍ എത്തണമെന്നും നിര്‍ദേശമുണ്ട്. വനിതാ പോലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും ഇക്കാര്യത്തില്‍ ശക്‌തമായ എതിര്‍പ്പുണ്ട്. ഒരു വിഭാഗം പോലീസുകാര്‍ സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥനെ വിളിച്ച് തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു. തങ്ങള്‍ സാരിയണിഞ്ഞാല്‍ പുരുഷ പോലീസുകാര്‍ മുണ്ടും ജുബ്ബയും ധരിക്കേണ്ടതല്ലേ എന്ന ചോദ്യവും വനിതാ പോലീസുകാര്‍ ഉയര്‍ത്തുന്നു. ഇടുക്കി എ.ആര്‍. ക്യാമ്പ് വളപ്പില്‍ രാവിലെ 10.30 നാണു ചടങ്ങ്. പുതുതായി തുടങ്ങുന്ന സെന്‍ട്രല്‍ ക്യാമ്പ് ഓഫീസില്‍നിന്നു പോലീസുകാര്‍ക്ക് മുഴുവന്‍ സാമഗ്രികളും ലഭ്യമാണ്. ഗൃഹോപകരണങ്ങളും പലചരക്ക് ഉല്‍പന്നങ്ങളുമാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവ വാങ്ങാം. തവണ വ്യവസ്‌ഥയില്‍ ഒരു വര്‍ഷത്തേക്ക് 75,000 രൂപയുടെ ഗൃഹോപകരണങ്ങളും ഒരു മാസത്തേക്ക് 5,000 രൂപയുടെ പലചരക്ക് ഉല്‍പന്നങ്ങളും വാങ്ങാം. |
No comments:
Post a Comment