ധവളശോഭ മാഞ്ഞു ഡോ.വര്‍ഗീസ് കുര്യന് പ്രണാമം
ആനന്ദ് (ഗുജറാത്ത്): ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവെന്ന പേരില്‍ വിഖ്യാതനായ ഡോ.വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു.
ഗുജറാത്തിലെ ആനന്ദിനടുത്ത് നന്ദേഡിലെ മുല്‍ജിഭായ് പട്ടേല്‍ യൂറോളജിക്കല്‍ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പാല്‍ക്ഷാമത്തിന്റെ പിടിയിലായിരുന്ന ഇന്ത്യയെ 'ഓപ്പറേഷന്‍ ഫ്ലഡ്' എന്ന ധവളവിപ്ലവപദ്ധതിയിലൂടെ ലോകത്തെ ഏറ്റവുംവലിയ പാലുത്പാദകരാഷ്ട്രമാക്കിയത് 'അമുല്‍' കുര്യന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ അക്ഷീണപ്രയത്‌നമാണ്. അങ്ങനെ അദ്ദേഹം കേരളം രാജ്യത്തിന് സമ്മാനിച്ച മഹാപുരുഷന്മാരിലൊരാളായി.
നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സ്ഥാപകചെയര്‍മാനാണ് ഡോ. കുര്യന്‍. കര്‍ഷകരെ സഹകരണപ്രസ്ഥാനങ്ങളിലൂടെ ശാക്തീകരിക്കുന്നതിനായിട്ടാണ് ഔദ്യോഗികജീവിതത്തില്‍ വലിയപങ്കും വിനിയോഗിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ 'അമുല്‍' ലോകത്തുതന്നെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പുതിയ മാതൃക തീര്‍ത്തു.
'ഇന്ത്യയുടെ പാല്‍ക്കാരന്‍' എന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ കീര്‍ത്തി നേടിയ കുര്യനെത്തേടി ഒട്ടേറെ പുരസ്‌കാരങ്ങളുമെത്തി. രാജ്യം 1965-ല്‍ പദ്മശ്രീയും 1966-ല്‍ പദ്മഭൂഷണും 99-ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ലോകഭക്ഷ്യപുരസ്‌കാരം, സാമൂഹിക നേതൃത്വത്തിനുള്ള മഗ്‌സസെ പുരസ്‌കാരം, കര്‍ണേജി വാട്ട്‌ലര്‍ ലോകസമാധാന പുരസ്‌കാരം തുടങ്ങിയവ ബഹുമതികള്‍ ചിലതുമാത്രം. രാജ്യത്തെ ക്ഷീരവിപ്ലവത്തിന് ചുക്കാന്‍ പിടിക്കുമ്പോഴും കുര്യന്‍ തന്നെ താനാക്കി മാറ്റിയ ഗുജറാത്തിലെ ആനന്ദ് എന്ന ചെറുപട്ടണത്തില്‍ വേരുറപ്പിച്ചുനിന്നു.
ഡോ. കുര്യന്റെ നിര്യാണത്തിലൂടെ രാജ്യത്തെ കാര്‍ഷിക, ഗ്രാമീണവികസന, പാലുത്പാദന മേഖലകള്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ സഹകരണപ്രസ്ഥാനത്തിന്റെയും പാലുത്പാദനരംഗത്തെയും വളര്‍ച്ചയ്ക്ക് ഡോ. കുര്യന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുസ്മരിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, നരേന്ദ്രമോഡി, നിതീഷ്‌കുമാര്‍, ജഗദീഷ് ഷെട്ടാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കള്‍ അനുശോചനമറിയിച്ചു.
ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആനന്ദിലെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. പിന്നീട് അമുല്‍ ഡെയറിയിലെ സര്‍ദാര്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ കേന്ദ്ര ഖനിസഹമന്ത്രി ദിന്‍ഷ പട്ടേല്‍, കേരള ജലസേചനമന്ത്രി പി.ജെ. ജോസഫ് എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വൈകിട്ട് അഞ്ചിന് വിലാപയാത്രയായാണ് മൃതദേഹം നഡിയാടിയിലെ കൈലാസഭൂമി പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കനത്ത മഴയെ വകവെക്കാതെ ആയിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. ആനന്ദില്‍ ഗുജറാത്തി ശൈലിയില്‍ ജീവിച്ച ഡോ.കുര്യന്റെ ശവസംസ്‌കാരച്ചടങ്ങുകളും ഗുജറാത്തി ആചാരങ്ങളോടെയായിരുന്നു.
മോളി കുര്യനാണ് ഭാര്യ. നിര്‍മല (ചെന്നൈ) ഏകമകള്‍.
1921 നവംബര്‍ 26ന് കോഴിക്കോട്ടാണ് വര്‍ഗീസ് കുര്യന്‍ ജനിച്ചത്. മദ്രാസ് ലയോള കോളേജില്‍നിന്ന് ഫിസിക്‌സിലും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദം നേടി. അമേരിക്കയില്‍ ഉപരിപഠനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ആനന്ദിലെ സര്‍ക്കാര്‍ പാല്‍പ്പൊടി ഫാക്ടറിയില്‍ ഡെയറി എന്‍ജിനീയറായി ചേര്‍ന്നു. പിന്നീട് സര്‍ക്കാറുദ്യോഗം ഉപേക്ഷിച്ച് കൈര ജില്ലയില്‍ രൂപംകൊടുത്ത പാലുത്പാദക സഹകരണസംരംഭത്തിന്റെ അമരക്കാരനായി. ഈ സംരംഭമാണ് പിന്നീട് അമുലിന് തുടക്കംകുറിച്ചത്.
പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍കേന്ദ്ര ധനമന്ത്രിയുമായ ജോണ്‍ മത്തായിയുടെ മരുമകനാണ് ഡോ. വര്‍ഗീസ് കുര്യന്‍.
പാല്‍മണമൂറുന്ന വിജയഗാഥ
ഗുജറാത്തിലെ ആനന്ദില്‍ 247 ലിറ്റര്‍ പാല്‍ സംഭരിച്ചുകൊണ്ട് തുടക്കമിട്ട രണ്ട് ഗ്രാമീണ പാല്‍ സൊസൈറ്റികളെയാണ് ഡോ.വര്‍ഗീസ് കുര്യന്‍ പടര്‍ന്നു പന്തലിച്ച വടവൃക്ഷമാക്കി വളര്‍ത്തിയത്. അസൂയാവഹമായ പ്രവര്‍ത്തനവൈഭവം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. കുര്യന്‍ തുടക്കമിട്ട ഫ്രഅമുല്‍യ്ത്ത പിന്നീട് രാജ്യത്തെ ഏറ്റവും പ്രമുഖമായ വ്യാപാരനാമങ്ങളിലൊന്നായി മാറി. ഈ വിജയഗാഥ ദേശീയതലത്തില്‍ അനുകരിക്കപ്പെട്ടു.
ഇന്ന് അമുലിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് മൊത്തം 10000 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഗുജറാത്തിലെ 15 ജില്ലാ യൂണികള്‍ക്കു കീഴില്‍ 16000 ഗ്രാമങ്ങളിലെ 30 ലക്ഷം ക്ഷീരകര്‍ഷകര്‍ ഇതില്‍ അംഗങ്ങളാണ്. ഇവരിലേറെയും സ്ത്രീകള്‍.
ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ അമുല്‍ മാതൃക ഏറ്റവും ഫലപ്രദമായതാണെന്ന് ലോകബാങ്ക് വിലയിരുത്തിയിരുന്നു. മാതൃഭൂമി ദിനപത്രം ഡോക്ടര്‍ കുരിയന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന "മന്ഥന്‍" എന്ന ജനപ്രീതി നേടിയ ഹിന്ദി ചലച്ചിത്രം ഞാന്‍ അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു . ആ മഹത് വ്യക്തിക്ക് ആദരാഞ്ജലികള്‍ ചലച്ചിത്രം കാണുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=iawxPKx3_7w
Copy & paste the URL if the link does not open നന്ദകുമാര്‍
|
No comments:
Post a Comment