Thursday, 21 June 2012

[www.keralites.net] Onjiyum

 

മടങ്ങിവരാതെ പറ്റില്ലല്ലോ എനിക്ക്‌
Fun & Info @ Keralites.net


കേരളീയ ജനതയ്‌ക്കു മുന്നില്‍ ടി.പി. ചന്ദ്രശേഖറിന്റെ ഭാര്യ രമ തുറന്നുപറയുന്ന ജീവിതം

ഒഞ്ചിയത്തെ പ്രധാന റോഡില്‍നിന്ന്‌ ഇടറോഡിലേക്കു വഴിതിരിയുമ്പോള്‍ ടി.പി. ചന്ദ്രശേഖറുടെ ഓര്‍മ്മപ്പെടുത്തലുണ്ട്‌ വഴിയിലെങ്ങും. പോസ്‌റ്ററുകളിലൊക്കെയും ടി.പി. ചന്ദ്രശേഖറിന്റെ ചിത്രം... ആദരാഞ്‌ജലിക്കുറിപ്പുകള്‍, പ്രകൃതിയില്‍പോലുമുണ്ട്‌ ഒരു മൂകത. ഇടറോഡിലൂടെ പോയി മറ്റൊരു ഇടവഴിയിലൂടെ. കഷ്‌ടിച്ച്‌ ഒരു ഓട്ടോറിക്ഷയ്‌ക്കു മാത്രം പോകാവുന്ന വഴിയില്‍ ആദ്യം കാണുക തകൃതിയായി പണിനടക്കുന്ന അദ്ദേഹത്തിന്റെ പുതിയ വീടാണ്‌. അതിനോടു ചേര്‍ന്നാണ്‌ അദ്ദേഹത്തെ അടക്കിയിരിക്കുന്നത്‌. ഈ വീടിന്റെ മുറ്റത്തോടു ചേര്‍ന്നു പഴയ ഓടിട്ട വീട്‌. തൈവച്ചപറമ്പില്‍. ഈ മേല്‍വിലാസം തേടി എത്രയോ പേര്‍ എത്തുന്നു.

കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ എത്തുന്നവര്‍ക്കു മുന്നില്‍ ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കാതെ അദ്ദേഹത്തിന്റെ ഭാര്യ രമയും അമ്മയും മകനും. മരണമറിഞ്ഞ നിമിഷം 'ഭര്‍ത്താവിനെ കൊല്ലാനേ കഴിയൂ തോല്‍പിക്കാനാവില്ല' എന്നു ധീരമായി പ്രതികരിച്ച രമ ഒരിടത്തും പതറുന്നില്ല... സംസാരത്തിനിടയില്‍ വീടുപണിയുടെ ആവശ്യത്തിനായുള്ള പണം എടുത്തുകൊടുക്കുന്നു. ഏതോ കല്യാണത്തിനു പോയി മടങ്ങുംവഴി വീട്ടിലെത്തിയവരടക്കം പലര്‍ക്കുമൊപ്പം അല്‍പസമയം. ശേഷം സംസാരിച്ചുതുടങ്ങുമ്പോള്‍ അത്ഭുതം മറച്ചുവച്ചില്ല. സാധാരണ മരണം നടക്കുന്ന വീട്ടില്‍ വീടുപണി അടക്കം എന്തും തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്‌ക്കുന്ന പതിവില്‍നിന്നു വ്യത്യസ്‌തമാണ്‌ ഇവിടെ കണ്ട കാഴ്‌ച.

''അതെന്റെ വാശിയാണ്‌. ആ വീട്ടില്‍ അദ്ദേഹത്തെ താമസിപ്പിക്കില്ലെന്നു ചിലര്‍ നിശ്‌ചയിച്ചിരുന്നെന്ന്‌ അദ്ദേഹത്തിന്റെ മരണശേഷമാണു ഞാനറിഞ്ഞത്‌. അതവര്‍ നടപ്പിലാക്കി. എങ്കിലും ജൂണില്‍ പുതിയ വീട്ടില്‍ താമസിക്കണമെന്നത്‌ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതു ഞാന്‍ നിറവേറ്റും. ''

18 വര്‍ഷംമുമ്പ്‌ 20-ാം വയസില്‍ രമ ടി.പിയുടെ ജീവിതത്തിലേക്കു കടന്നുവന്നു. ആ ജീവിതത്തിലെ സുന്ദരവും അതിലേറെ ധൈര്യവും നിറഞ്ഞ അനുഭവങ്ങള്‍.

''പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു എന്റെ അച്‌ഛന്‍. ഞാനും ചേച്ചിയും ആ വഴി തുടര്‍ന്നു. ചേച്ചിക്കൊപ്പം എസ്‌.എഫ്‌.ഐയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നതാണ്‌ ടി.പി. ആ സൗഹൃദത്തിനുപുറത്ത്‌ ഇടയ്‌ക്കു വീട്ടില്‍ വരും. രാഷ്‌ട്രീയത്തിലുള്ള ടി.പിയുടെ ആദര്‍ശവും വ്യക്‌തിത്വവും ഇഷ്‌ടമായിരുന്നു. ധീരനായ നേതാവിനോടുള്ള ഇഷ്‌ടം. അല്ലാതൊരു ഇഷ്‌ടം ഉണ്ടായതു പാര്‍ട്ടിയില്‍നിന്നു വിവാഹാലോചന വരുമ്പോഴാണ്‌. അതിനുശേഷമാണ്‌ ഞങ്ങള്‍ തുറന്നു സംസാരിച്ചത്‌. ഞങ്ങള്‍ക്ക്‌ ഒരേ ആശയങ്ങളിലായിരുന്നു വിശ്വാസം. കമ്മ്യൂണിസ്‌റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടൊരു കുടുംബജീവിതമാണ്‌ സ്വപ്‌നം കണ്ടതും.

അന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. രാഷ്‌ട്രീയപ്രവര്‍ത്തകന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍ അറിയാവുന്നതുകൊണ്ടാണ്‌ വിവാഹത്തില്‍നിന്ന്‌ അകന്നുനിന്നതെന്ന്‌. വടകര ടൗണ്‍ഹാളില്‍വച്ച്‌ തീര്‍ത്തും ലളിത രീതിയിലായിരുന്നു വിവാഹം. അന്ന്‌ ചെറിയ ഒരു കമ്പനിയില്‍ എനിക്ക്‌ ജോലിയുണ്ട്‌. അതുമാത്രമായിരുന്നു വരുമാനം. നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ്‌ വടകര റൂറല്‍ കോ ഓപ്പറേറ്റീവ്‌ ബാങ്കില്‍ എനിക്കു ജോലി കിട്ടുന്നത്‌. കുറേ സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്‌. എങ്കിലും സന്തോഷമില്ലാത്ത ഒരു ദിനംപോലുമുണ്ടായിരുന്നില്ല. മുഴുവന്‍സമയ രാഷ്‌ട്രീയപ്രവര്‍ത്തകരില്‍ പലരും കുടുംബം നോക്കാറില്ലെന്നു ഭാര്യമാര്‍ പരാതിപ്പെട്ടുകേട്ടിട്ടാണ്‌. പക്ഷേ ചന്ദ്രേട്ടന്‍ അങ്ങനെയായിരുന്നില്ല. എല്ലാക്കാര്യത്തിലും എന്നെ സപ്പോര്‍ട്ടുചെയ്‌തു. സ്‌ത്രീ- പുരുഷസമത്വം പുറത്തു പ്രസംഗിച്ചല്ല പകരം ജീവിതത്തില്‍ പ്രവര്‍ത്തികമാക്കിയ ആളാണ്‌. എല്ലാ ദിവസവും അടുക്കളയില്‍വരെ സഹായിച്ചുതരും. മീന്‍ മുറിക്കലും ചിക്കന്‍കറി ഉണ്ടാക്കലും പായസം തയാറാക്കുന്നതുമൊക്കെ മൂപ്പരുടെ ഡിപ്പാര്‍ട്ടുമെന്റായിരുന്നു. പാല്‍പായസം തയാറാക്കുന്നത്‌ വളരെ കഷ്‌ടപ്പെട്ടിട്ടാണ്‌. പാലൊഴിച്ചു മൂന്നുമണിക്കൂറെങ്കിലും ഇളക്കും. പായസം ഉണ്ടാക്കിയാല്‍ അടുത്ത വീട്ടിലെ കുട്ടികള്‍ക്കുവരെ കൊടുക്കും. അങ്ങനെ കൊടുത്താലേ പായസമുണ്ടാക്കിയതിന്റെ സുഖമുള്ളൂവെന്നാണു പറയുക. മരിക്കുന്ന ദിവസം ഉച്ചയ്‌ക്കേ ഞാന്‍ ബാങ്കില്‍ പോയുള്ളൂ. അതിനുമുമ്പ്‌ ചന്ദ്രേട്ടന്‍ മീന്‍ മുറിച്ചുതന്നു. എല്ലാദിവസവും മീന്‍ മുറിക്കാറുണ്ടെങ്കിലും അന്ന്‌ ''ദേ ഇങ്ങനെയാണ്‌ മുറിക്കേണ്ടത്‌... കണ്ടുപഠിക്ക്‌...'' എന്നുപറഞ്ഞ്‌ എന്നെ കൂടെനിര്‍ത്തി പഠിപ്പിച്ചുതന്നു.

കാഴ്‌ചയില്‍ ഒരു സിനിമാനടന്റെ സൗന്ദര്യമുണ്ട്‌...?

(അപ്പോള്‍ മാത്രം നേരിയ പുഞ്ചിരി മുഖത്ത്‌)

സുഹൃത്തുക്കളൊക്കെ ഇങ്ങനെ തമാശയായി പറയാറുണ്ട്‌. ഡ്രസിലൊക്കെ വളരെ നിര്‍ബന്ധമാണ്‌. മുണ്ടിന്റെ കരയ്‌ക്കു ചേരുന്ന നിറമുള്ള ഷര്‍ട്ടേ ഇടൂ.

വീട്ടിലെ ആഘോഷം?

ഓണം, വിഷു ഒക്കെ ആഘോഷിക്കും. മോന്റെ പിറന്നാള്‍ദിനമായ ഒക്‌ടോബര്‍ 16-നും ഞങ്ങളുടെ വെഡിംഗ്‌ ആനിവേഴ്‌സറി ദിവസവും ഉറപ്പായും സിനിമ കാണാന്‍ പോകും. അന്നു ഹോട്ടലില്‍നിന്ന്‌ ആഹാരം കഴിക്കും.

തികച്ചും ഒരു സാധാരണക്കാരന്‍...?

അടുത്ത വീട്ടില്‍ കുട്ടികള്‍ ക്രിക്കറ്റു കളിക്കുമ്പോള്‍ അവര്‍ക്കൊപ്പം കൂടും. വോളിബോള്‍, ക്രിക്കറ്റൊക്കെ ഭയങ്കര ഇഷ്‌ടമാണ്‌. ടി.വിയില്‍ ക്രിക്കറ്റുണ്ടെങ്കില്‍ അതു കണ്ടിട്ടേ ഉറങ്ങൂ. കോമഡി പരിപാടികളും മുടക്കില്ല. നന്നായി വായിക്കും. ഓരോ തലക്കെട്ടും ഓര്‍ത്തുവയ്‌ക്കും.

ചന്ദ്രശേഖരനെന്ന മകന്‍?

അമ്മയ്‌ക്ക് അഞ്ച്‌ ആണ്‍മക്കളാണ്‌. അമ്മയ്‌ക്ക് അവരില്‍ ഏറ്റവുമിഷ്‌ടം ചന്ദ്രേട്ടനെയായിരുന്നു. അത്ര കാര്യമായിരുന്നു ചന്ദ്രേട്ടനും. അമ്മയ്‌ക്ക് മരുന്നുകൊടുക്കാനും ആശുപത്രിയില്‍ കൊണ്ടുപോകാനുമൊക്കെ ചന്ദ്രേട്ടന്‍ ഉണ്ടാകും. കഴിഞ്ഞവര്‍ഷം അമ്മയ്‌ക്കു വളരെ സീരിയസായി കോഴിക്കോട്ട്‌ മിംമ്‌സ് ആശുപത്രിയിലായി. അഞ്ചുദിവസവും ചന്ദ്രേട്ടന്‍ ഐ.സിയുവിനു മുന്നിലുണ്ടായിരുന്നു. ഒരിക്കല്‍ കോയമ്പത്തൂരിലെ അരവിന്ദ്‌ ആശുപത്രിയില്‍ അമ്മയുടെ കണ്ണിന്റെ ഓപ്പറേഷന്‍ നടത്തി. പിന്നീടുള്ള ചെക്കപ്പ്‌ നാട്ടിലെ ആശുപത്രിയില്‍ മതിയെന്നു പറഞ്ഞതാണ്‌ ഡോക്‌ടര്‍മാര്‍. പക്ഷേ അമ്മയ്‌ക്ക് അവിടെ പോയാലേ തൃപ്‌തിയുള്ളൂവെന്നു പറഞ്ഞ്‌ അവിടെത്തന്നെ കൊണ്ടുപോയി ചന്ദ്രേട്ടന്‍. അമ്പലത്തില്‍ പോകില്ലെങ്കിലും അമ്മയ്‌ക്കു ശബരിമലയില്‍ പോകാനുള്ള ഒരുക്കമൊക്കെ അടുപ്പിച്ചുകൊടുക്കും. കെട്ടു നിറയ്‌ക്കുമ്പോള്‍ അരിയിട്ടുകൊടുക്കുന്ന ചടങ്ങും ചെയ്‌തുകൊടുക്കും. അത്ര സ്‌നേഹമുള്ള മകനെയാണ്‌ അമ്മയ്‌ക്ക് നഷ്‌ടമായത്‌. എന്റെ ഒരു മകനെയല്ലേ കൊന്നൊള്ളൂ. ബാക്കി മക്കളെയും കൊന്നുതിന്നോളാന്‍ പറഞ്ഞാണ്‌ അമ്മ സങ്കടപ്പെടുന്നത്‌. ഇപ്പോള്‍ അമ്മയ്‌ക്കു ഒരാശയേയുള്ളൂ. ചന്ദ്രേട്ടന്റെ ആഗ്രഹംപോലെ ജൂണില്‍ വീടുപണി തീര്‍ക്കണം.

വീടിനെക്കുറിച്ച്‌ എന്തായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം?

ഒരു കമ്മ്യൂണിസ്‌റ്റുകാരന്‌ എന്തിനു വീട്‌ എന്ന ചിന്തയായിരുന്നു ആള്‍ക്ക്‌. ഞാന്‍ വീടു വേണമെന്നു പറയുമ്പോള്‍ തമാശയായിട്ടു ചിരിച്ചുതള്ളും. പക്ഷേ മൂന്നുവര്‍ഷം മുമ്പ്‌ വീടുപണി തുടങ്ങിയപ്പോള്‍ മുതല്‍ വല്ലാത്ത ആവേശമായിരുന്നു. എല്ലാ ദിവസവും എത്ര രാത്രിയില്‍ വന്നാലും ടോര്‍ച്ചുമടിച്ച്‌ എല്ലാം നോക്കിയിട്ടേ കിടക്കൂ. മോനൊരു മുറി വേണമെന്നതു നിര്‍ബന്ധമായിരുന്നു. സാമ്പത്തികമില്ലാത്തതുകൊണ്ട്‌ രണ്ടുനില വേണ്ടെന്നായിരുന്നു. പക്ഷേ മോനുവേണ്ടി മുകളില്‍ ഒരു മുറികൂടി എടുത്തു.

എങ്ങനെ കിട്ടി രമയ്‌ക്ക് ഇത്ര ധൈര്യം... ഭര്‍ത്താവിന്റെ മരണത്തില്‍പോലും പതറാതെ...?

പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടും അതിലുപരി ചന്ദ്രശേഖരന്റെ കൂടെ ജീവിച്ചതുകൊണ്ടുമാവാം. ചന്ദ്രേട്ടന്‍ എപ്പോഴും പറയും പെണ്ണിന്റെ ജീവിതം കരഞ്ഞുതീര്‍ക്കാനുള്ളതല്ലെന്ന്‌. ഒരു പ്രതിസന്ധിയിലും തളരരുതെന്നു പറയുന്ന ചന്ദ്രശേഖരന്റെ ഭാര്യ അക്കാര്യത്തില്‍ മാതൃകയാകണമെന്ന്‌ എനിക്കു നിര്‍ബന്ധമാണ്‌.

എന്തൊക്കെ പറഞ്ഞാലും ഒരു ഭാര്യയും അമ്മയുമാണ്‌... ഇപ്പോള്‍ അകാല വൈധവ്യം...?

ചന്ദ്രേട്ടനു മാത്രമല്ല എനിക്ക്‌ ഉള്‍പ്പെടെ പലവട്ടം ഭീഷണി വന്നിട്ടുണ്ട്‌. അപ്പോഴും ഭയം തോന്നിയില്ല. കാരണം രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ ഇറങ്ങിയ ആള്‍ ഭീഷണിക്കുപുറത്തു പിന്നോട്ടുപോകുന്നതില്‍ രണ്ടാള്‍ക്കും യോജിപ്പില്ലായിരുന്നു. എങ്കിലും ഭാര്യയെന്നനിലയില്‍ ഈ പ്രശ്‌നം ഭയപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ ശ്രദ്ധിക്കണമെന്നു പറയും. അല്ലാതെ രാഷ്‌ട്രീയപ്രവര്‍ത്തനം പാടേ ഉപേക്ഷിക്കാന്‍ പറഞ്ഞില്ല. ചന്ദ്രശേഖരനെ അറിയാവുന്ന ഒരാളും അങ്ങനെ പറയില്ല.

പക്ഷേ ഏതു സ്‌ത്രീയും ഈ ഘട്ടത്തില്‍ മകനെക്കുറിച്ച്‌ ആകുലപ്പെടാം. ഭീഷണികളില്‍ ഭയമില്ലേ?

പിടിച്ചുനില്‍ക്കണമെന്നാണ്‌ ഇപ്പോള്‍ നടക്കുന്ന ഓരോ സംഭവവികാസവും എന്നെ ഓര്‍മ്മപ്പെടുത്തുന്നത്‌. ഇത്തരം സംഭവത്തിനെതിരെ ആളുകള്‍ കൂട്ടായി നില്‍ക്കണം. ഇക്കാര്യത്തില്‍ ഒന്നും എന്നെ ഭയപ്പെടുത്തുന്നില്ല.

എത്രയൊക്കെ ധൈര്യമുണ്ടെങ്കിലും ഒറ്റയ്‌ക്കാവുന്ന രാത്രിനേരമെങ്കിലും കരഞ്ഞുപോകുന്ന നിമിഷങ്ങള്‍...?

ഒരുപാട്‌ പാര്‍ട്ടിസുഹൃത്തുക്കള്‍ തരുന്ന ധൈര്യം വലുതാണ്‌. പിന്നെ ആകുലതകളില്ലാതെ വരില്ലല്ലോ. ഞാനുമൊരു മനുഷ്യസ്‌ത്രീയല്ലേ. പക്ഷേ അതൊന്നും കരഞ്ഞു മറ്റുള്ളവരെ കാണിക്കേണ്ടതല്ലല്ലോ. ആ സങ്കടം എന്റെ ജീവിതാവസാനംവരെയുണ്ടാകും. പക്ഷേ ഇപ്പോള്‍ എന്റെ മനസില്‍ മറ്റൊരു വികാരമാണ്‌. എന്നെ ഈ വിധത്തില്‍ കൊണ്ടെത്തിച്ച ആളുകള്‍ ആരെന്നു പുറത്തു കൊണ്ടുവരണം. അതുവരെ ആശ്വാസമുണ്ടാകില്ല.

ഇന്നും ആശ്വാസവുമായെത്തുന്നു പലരും... മഹാശ്വേതാദേവി അടക്കം എത്രയോ പേര്‍...? ജ്‌ഞാപീഠനേതാവായ ആ അമ്മ ഈ വീട്ടിലെത്തി ചേര്‍ത്തുപിടിച്ചപ്പോഴുണ്ടായ ആശ്വാസം വളരെ വലുതാണ്‌. ചന്ദ്രശേഖരന്‍ ധീരനായ നേതാവാണെന്നറിഞ്ഞെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ അഭിമാനം തോന്നി.

വി.എസ്‌. അച്യുതാനന്ദനും പറഞ്ഞു: ''ടി.പി. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്‌റ്റുകാരനാണെന്ന്‌? ''

അതുകേട്ടപ്പോഴും അഭിമാനം തോന്നി. വി.എസ്‌. ഉയര്‍ത്തിയ നിലപാടുകള്‍ക്കൊപ്പമാണ്‌ ചന്ദ്രേട്ടന്‍ ജീവിച്ചത്‌. അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന പോരാട്ടത്തില്‍ ചന്ദ്രേട്ടന്‍ വിശ്വസിച്ചു. അത്തരം വിശ്വാസമാണ്‌ ചന്ദ്രേട്ടനോട്‌ ഔദ്യോഗിനേതൃത്വത്തിന്‌ അതൃപ്‌തിയുണ്ടാക്കിയത്‌.

പാര്‍ട്ടി അദ്ദേഹത്തെ അംഗീകരിച്ചില്ലേ?

40 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ജീവിച്ച ആളാണ്‌. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടുമാത്രം അദ്ദേഹത്തെ ഒതുക്കി. നല്ലൊരു സംഘാടകനായിരുന്നു ചന്ദ്രേട്ടന്‍. പക്ഷേ അതൊന്നും പാര്‍ട്ടി ഗൗനിച്ചില്ല.

പിണറായി വിജയനെപ്പോലെയുള്ള വലിയ നേതാക്കന്മാരുമായുള്ള ബന്ധം?

പണ്ടൊക്കെ ചന്ദ്രേട്ടനു നല്ല സ്‌നേഹമായിരുന്നു. പിന്നീട്‌ വിജയനിലുണ്ടായ മാറ്റം ചന്ദ്രേട്ടനെ വിഷമിപ്പിച്ചു. അയാള്‍ പാര്‍ട്ടിയെ കോര്‍പറേറ്റ്‌ സ്‌ഥാപനമാക്കി മാറ്റുന്നുവെന്നതായിരുന്നു പരാതി. പാര്‍ട്ടിയിലെ പലരീതികളോടും പൊരുത്തപ്പെടാന്‍ കഴിയാത്തപ്പോഴാണ്‌ പാര്‍ട്ടി വിടുന്നത്‌. അങ്ങനെയാണ്‌് റെവലൂഷനറി മാര്‍ക്‌സിസ്‌റ്റുപാര്‍ട്ടിക്കു രൂപംകൊടുത്തത്‌. ഒരു സാംസ്‌കാരികസംഘടനയായിട്ടേ ആദ്യം കരുതിയുള്ളൂ. പക്ഷേ അപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കളും സ്‌നേഹിതന്മാരും ഉപദേശിച്ചു.

''ചന്ദ്രശേഖരാ ഒരു കമ്മ്യൂണിസ്‌റ്റായി ജീവിച്ചു മരിക്കാന്‍ നമുക്കൊരു പാര്‍ട്ടി വേണ്ടേ.''

അങ്ങനെയാണ്‌ അതൊരു പാര്‍ട്ടിയാകുന്നത്‌. ഇത്രയും വലിയ പ്രസ്‌ഥാനത്തോട്‌ ഏറ്റുമുട്ടുമ്പോള്‍ എന്താവുമെന്നു ആശങ്കയുണ്ടായിരുന്നു. എനിക്ക്‌. അദ്ദേഹത്തിനു പ്രതീക്ഷയുണ്ടായിരുന്നു.

അദ്ദേഹം തികഞ്ഞ കമ്മ്യൂണിസ്‌റ്റുകാരനായിരുന്നു. സി.പി.എം. വലതുപക്ഷവല്‍ക്കരിക്കപ്പെടുന്നതുകൊണ്ട്‌ രൂപംകൊടുത്ത ബദല്‍പാര്‍ട്ടി. പുതിയ പാര്‍ട്ടിയിലൂടെ ശക്‌തമായ കമ്മ്യൂണിസ്‌റ്റ് ബദല്‍ സംവിധാനമായിരുന്നു ചന്ദ്രേട്ടന്റെ ലക്ഷ്യം. വിപ്ലവം സ്വപ്‌നംകണ്ട സാധാരണ മനുഷ്യരുടെ സ്വപ്‌നം സാക്ഷാത്‌കരിക്കുക.

കൊല്ലപ്പെടുമെന്നു തോന്നിയിരുന്നോ?

സി.പി.എം. ഒരാളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ കൊന്നിരിക്കുമെന്നു ചന്ദ്രേട്ടന്‍ പലരോടും പറയുമായിരുന്നു. ഒഞ്ചിയം രക്‌തസാക്ഷിദിനത്തില്‍ നമ്മളില്‍ ഒരാള്‍ ബലികഴിക്കപ്പെടും എന്നു ചന്ദ്രേട്ടന്‍ പ്രസംഗിച്ചെങ്കിലും അതു ചന്ദ്രേട്ടനാകുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല. ഒരുപക്ഷേ ചന്ദ്രേട്ടന്‍ അങ്ങനെ കരുതിയിരുന്നിരിക്കണം. അതുകൊണ്ടാവണം ഒന്നിച്ചു പോകേണ്ട പല ചടങ്ങുകളിലും അദ്ദേഹം എന്നെ മാത്രം അയച്ചു. രാത്രിയില്‍ ബൈക്കിനു പിന്നില്‍ ഒരാളെപ്പോലും യാത്രചെയ്യിക്കില്ല. ഒരിക്കല്‍ എന്നെ കണ്ണൂര്‍ അശോക്‌ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. ഈ ആശുപത്രിവാസം ആരെയും അറിയിക്കണ്ടെന്നു പറഞ്ഞിട്ടാണ്‌ എന്നെയും മോനെയും കൂട്ടി പോയത്‌. എല്ലാമാസവും ചെക്കപ്പിനുപോകുമ്പോള്‍ ചന്ദ്രേട്ടന്‍ വരില്ല. പകരം മകനെ കൂട്ടിവിട്ടു. എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ ഒപ്പം കാണരുതെന്ന്‌ ആഗ്രഹിച്ചിട്ടുണ്ടാവും.

രാഷ്‌ട്രീയത്തില്‍പോലും ഒപ്പം പ്രവര്‍ത്തിച്ചവരാണ്‌ നിങ്ങള്‍?

വിവാഹശേഷം ഞാന്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നില്ല. ഒരാള്‍ കുടുംബത്തില്‍ വേണമെന്നത്‌ ഞങ്ങളുടെ തീരുമാനമായിരുന്നു. ഒന്നിച്ചു സമരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്‌. കോട്ടയത്തെ 'മ' പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ പാര്‍ട്ടി ആഹ്വാനംചെയ്‌ത സമരത്തില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. അങ്ങനെ ചെയ്‌തതില്‍ ഇന്നു കുണ്‌ഠിതംതോന്നുന്നു. എത്രയോ ഭീകരമായ കാര്യങ്ങളാണ്‌ ചുറ്റും നടക്കുന്നത്‌. വായിക്കുന്നതും വായിപ്പിക്കുന്നതിലും എന്തായിരുന്നു തെറ്റ്‌ എന്ന്‌ ആലോചിച്ചുപോകുന്നു ഇപ്പോള്‍.

ഇനി എന്താണ്‌ രമയുടെ രാഷ്‌ട്രീയജീവിതം?

അദ്ദേഹം തുടങ്ങിവച്ച പ്രസ്‌ഥാനത്തിന്റെ ഭാഗമായിട്ടുണ്ടാവും. എങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. കുറേ ഉത്തരവാദിത്വങ്ങള്‍ തന്നിട്ടാണു പോയിരിക്കുന്നത്‌. വീട്‌, അമ്മ, മകന്‍... അതെല്ലാം നോക്കണം.

ഒപ്പം ചന്ദ്രശേഖരനില്ല എന്ന തിരിച്ചറിഞ്ഞ ആ നിമിഷം ഓര്‍ത്തെടുക്കുമ്പോള്‍ മാത്രം രമയില്‍ വിഷാദം വന്നു തൊടുന്നുവോ. മരണം അറിഞ്ഞ ആ നിമിഷം ഓര്‍ത്തെടുത്താല്‍?

എന്നും രാത്രിയില്‍ വൈകിയാണ്‌ എത്തുന്നത്‌. ഒന്നും തോന്നിയില്ല. രാത്രിയില്‍ ഒരു ഫോണ്‍ വന്നു. ചന്ദ്രേട്ടന്റെ വണ്ടിയുടെ നമ്പര്‍ ഏതാണെന്നാണ്‌ ആള്‍ ചോദിക്കുന്നത്‌.

അതുകേട്ടപ്പോഴേ ആധി തോന്നി. തിരിച്ചു ഞാന്‍ ചന്ദ്രേട്ടന്റെ ഫോണിലേക്കു വിളിച്ചു. പക്ഷേ എന്‍ഗേജ്‌ഡ് ടോണ്‍. സുഹൃത്തുക്കളെ വിളിച്ചിട്ട്‌ ആരും എടുക്കുന്നില്ല. അപ്പോഴേക്കും അടുത്തവീട്ടില്‍നിന്നു നിലവിളി കേട്ടു. ചന്ദ്രേട്ടന്‌ എന്തോ അപകടംപറ്റി... ആശുപത്രിയിലായിരിക്കും. എന്നേ അപ്പോഴും കരുതിയുള്ളൂ... അധികം കഴിയുംമുമ്പ്‌ എന്റെ വീട്ടില്‍നിന്ന്‌ എല്ലാവരും വന്നു. അപ്പോഴാണ്‌ ഞാനറിഞ്ഞത്‌ ചന്ദ്രേട്ടന്‍ പോയി. എന്നെയും, അമ്മയേയും മോനെയും ഒക്കെ വിട്ട്‌... ഏറെ മോഹിച്ചുവച്ച വീട്ടില്‍ ഒരുദിവസംപോലും താമസിക്കാന്‍ പറ്റാതെ.

വിഷാദം വന്നുതൊടുന്നെങ്കിലും വാക്കുകളിലെ ദൃഢത നഷ്‌ടമാകുന്നില്ല. ചഞ്ചലപ്പെടാന്‍ പറ്റില്ലല്ലോ രമയ്‌്ക്ക്‌.

രശ്‌മി രഘുനാഥ്‌

ഫോട്ടോ: രാജേഷ്‌ മേനോന്‍

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment