സമുദായ'വേലി ചാടിയാല്‍' സദാചാരപോലീസ് വിധിക്കും
കണ്ണൂര്‍ കമ്പിലില്‍ നൗഷാദ്-ഹഫ്‌സത്ത് ദമ്പതികള്‍ ആക്രമിക്കപ്പെട്ടതിനു തലേന്നാണു കാസര്‍ഗോഡ് നഗരത്തില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്‌ഥാപനത്തിലെ ജീവനക്കാരന്‍ മുജീബിനു ക്രൂരമര്‍ദനമേറ്റത്. തൊട്ടടുത്ത കടയിലെ മറ്റൊരു മതത്തില്‍പ്പെട്ട ജീവനക്കാരിയുമായി സംസാരിച്ചു എന്നതായിരുന്നു കുറ്റം! ഇവര്‍ പുറത്തുനിന്നു സംസാരിക്കുന്നതു കണ്ട ഒരാള്‍ മൊബൈല്‍ ഫോണില്‍ വിവരം കൂട്ടാളികളെ അറിയിച്ചു. തുടര്‍ന്ന് 25 പേര്‍ വരുന്ന സംഘം യുവാവിനെ തല്ലിച്ചതച്ച്, കടയും അടിച്ചുതകര്‍ത്തു. അക്രമികള്‍ മടങ്ങുംവഴി സമീപത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെയും മര്‍ദിച്ചു. അതെന്തിനായിരുന്നെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല.
കാസര്‍ഗോഡ് ജില്ലയില്‍ മൂന്നുമാസത്തിനുള്ളില്‍ 50 'സദാചാരപോലീസ്' അക്രമക്കേസുകളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ തൃക്കരിപ്പൂരിലെ രജിലേഷിന്റെ മരണം പരിഷ്‌കൃതസമൂഹത്തെ ഞെട്ടിച്ചു. മറ്റൊരു മതത്തില്‍പ്പെട്ട യുവതിയുമായി രജിലേഷിനുണ്ടായിരുന്ന പ്രണയമാണു മതമൗലികവാദികളായ കപടസദാചാരക്കാരെ പ്രകോപിപ്പിച്ചത്. നിസാറെന്ന യുവാവുമൊത്ത് മൊബൈല്‍ ഫോണ്‍ കട നടത്തിയതാണ് 'അക്ഷന്തവ്യമായ' മറ്റൊരു തെറ്റ്. പ്രണയത്തില്‍നിന്നു പിന്‍വാങ്ങണമെന്നും ഉറ്റസുഹൃത്ത് നിസാറുമൊത്തുള്ള പങ്കുകച്ചവടം നിര്‍ത്തി വിദേശത്തേക്കു പോകണമെന്നും രജിലേഷിനെ ഒരുസംഘം നിരന്തരം നിര്‍ബന്ധിച്ചിരുന്നു. ഇതൊന്നും ചെവിക്കൊള്ളാന്‍ രജിലേഷ് തയാറായില്ല.
കഴിഞ്ഞ ഏപ്രില്‍ 16-ന് ഒരുസംഘം രജിലേഷിനെ വീട്ടിലെത്തി വിളിച്ചിറക്കി. ദേഹമാകെ അടിയേറ്റു മുറിഞ്ഞ പാടുകളുമായി തൃക്കരിപ്പൂരിലെ റെയില്‍വേ ട്രാക്കില്‍ രജിലേഷിന്റെ മൃതദേഹമാണു പിന്നെ കാണപ്പെട്ടത്. വീടിനു തൊട്ടടുത്ത് ബീച്ച് റോഡില്‍ രജിലേഷിനെ വടിയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നു പിന്നീടു തെളിഞ്ഞു. അടുത്തുള്ള ഒരു വീട്ടിലേക്കു ടോര്‍ച്ചടിച്ചു എന്നാരോപിച്ചാണു രജിലേഷിനു കപടസദാചാരക്കാര്‍ വധശിക്ഷ വിധിച്ചത്. യഥാര്‍ഥ കാരണം മതത്തിന്റെ വേലിക്കെട്ടു മറികടന്നുള്ള പ്രണയബന്ധവും. അക്രമികള്‍ക്കെതിരേ നടപടിയൊന്നുമുണ്ടായില്ല. ''അന്നു വിഷു കഴിഞ്ഞതിന്റെ ഒഴിവിലായിരുന്നു മോന്‍. ഒരു മുസ്ലിം പെണ്‍കുട്ടിയെ അവന് ഇഷ്‌ടമാണെന്നു പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും വീട്ടില്‍ പറയുമായിരുന്നു. നിസാറിന്റെ മൊബൈല്‍ കടയിലെ പങ്ക് ഒഴിയണമെന്നു പലരും ആവശ്യപ്പെട്ടതായും പറഞ്ഞു. എന്റെ മകനെ കൊന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആരുമുണ്ടായില്ല. പോലീസ് ഒരു തരത്തിലും സഹകരിക്കുന്നില്ല. മോന്‍ മരിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിലും സമാനമായ അക്രമങ്ങള്‍ തൃക്കരിപ്പൂരില്‍ത്തന്നെ ഉണ്ടായി. എന്തായാലും എനിക്കെന്റെ മോന്‍ പോയി. ഇനി പറഞ്ഞിട്ടെന്ത്...''- രജിലേഷിന്റെ അമ്മ രമണി വിതുമ്പി. ഹിന്ദു, മുസ്ലിം യാഥാസ്‌ഥിതിക മനോഭാവം ശക്‌തമായ പ്രദേശങ്ങളിലാണു സദാചാരപോലീസ് വേരു പടര്‍ത്തുന്നത്. ഈ മേഖലകളില്‍ പുരോഗമനാശയങ്ങള്‍ ഉടലെടുത്തതോടെ ചെറുത്തുനില്‍പ്പുണ്ടായതു മതവാദികള്‍ക്കു പിടിച്ചില്ല. ഇതാണു മലപ്പുറത്തും കോഴിക്കോട്ടും കാസര്‍ഗോട്ടും സദാചാരപോലീസിന്റെ ആദ്യരൂപമായത്.
പുരോഗമന ചിന്താഗതിക്കാര്‍ ഇരുമതങ്ങളില്‍നിന്നും ആളെക്കൂട്ടി കപടവ്യവസ്‌ഥിതിയെ വെല്ലുവിളിച്ചു. അതോടെ പുരോഗമനവാദികളൊന്നടങ്കം വഴിപിഴച്ചവരാണെന്നു വരുത്തിത്തീര്‍ക്കാനായി ഇരുമതങ്ങളിലെയും യാഥാസ്‌ഥിതികരുടെ ശ്രമം. അവര്‍ക്കുമുണ്ടായി അണികള്‍, തല്ലാനും കൊല്ലാനും മടിയില്ലാത്തവര്‍. മലപ്പുറം ജില്ലയില്‍ ബാലികാ വിവാഹങ്ങള്‍ക്കെതിരേ ശബ്‌ദമുയര്‍ത്തിയവരെയാണ് ഇക്കൂട്ടര്‍ ആദ്യം നോട്ടമിട്ടത്. സ്‌കൂളുകള്‍ക്കു മുന്നില്‍ 'പുയ്യാപ്ല'യുമായി കല്യാണമാലോചിക്കാന്‍ വന്ന ദല്ലാള്‍മാരെ പുരോഗമനാശയക്കാര്‍ വിരട്ടാനും നിരുത്സാഹപ്പെടുത്താനും ആരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള കൊടിയത്തൂര്‍ ഗ്രാമം വെളിപ്പെടുത്തിയതു 'സദാചാരപോലീസി'ന്റെ ബീഭത്സമുഖമാണ്. 2011 നവംബര്‍ ഒമ്പതിന് കൊടിയത്തൂര്‍ വില്ലേജ് ഓഫീസിനടുത്ത് ഒരു സ്‌ത്രീയുടെ വീട്ടില്‍ അസമയത്തു കണ്ടു എന്ന കുറ്റമാരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ ചെറുവാടി തേലിയേരി ഷഹീദ് ബാവ(26)യെ തല്ലിക്കൊല്ലുകയായിരുന്നു. വൈദ്യുതി പോസ്‌റ്റില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. ആശുപത്രിയില്‍ കൊണ്ടുപോകാനും അനുവദിച്ചില്ല. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരുക്കുമൂലം 16-ാം തീയതി ഷഹീദ് മരിച്ചു.
ഷഹീദും ഒരു സ്‌ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ കുറച്ചുകാലമായി ഈ പ്രദേശത്ത് അസ്വസ്‌ഥത നിലനിന്നിരുന്നു. ഷഹീദിനെ വീട്ടില്‍ച്ചെന്നുകണ്ട് ഒരുകൂട്ടം യുവാക്കള്‍ സന്ദര്‍ശനം വിലക്കുകയും ചെയ്‌തു. ഇതു വെല്ലുവിളിയായി സ്വീകരിച്ചാണ് ഓട്ടോറിക്ഷയില്‍ സംഭവദിവസം ഷഹീദ്‌ബാവ സ്‌ഥലത്തെത്തിയത്. പ്രദേശവാസികളായ സദാചാരപാലകര്‍ ഷഹീദിനെ മര്‍ദിച്ചുകൊന്ന സംഭവം കേരളമാകെ ചര്‍ച്ചചെയ്യപ്പെട്ടു. കൊല്ലപ്പെട്ടയാളും അക്രമികളും ഒരേ സമുദായത്തില്‍പ്പെട്ടവരായതിനാല്‍ മഹല്ല് കമ്മിറ്റി മുന്‍കൈയെടുത്ത് അനാശാസ്യത്തിനെതിരേയും അക്രമത്തിനെതിരേയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടവും അഭിഭാഷകരും പോലീസുമെല്ലാം മൂന്നുമാസം നീണ്ട ഈ സംരംഭത്തില്‍ പങ്കാളികളായി. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍, യുവതീയുവാക്കള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രത്യേകം ബോധവല്‍ക്കരണം നല്‍കി. നിയമവ്യവസ്‌ഥകള്‍ കൈയിലെടുക്കരുതെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അവസ്‌ഥയിലേക്ക് പോകരുതെന്നും ക്ലാസുകളില്‍ ഉപദേശിച്ചു. മൂല്യസംരക്ഷണത്തിനും സാഹോദര്യത്തിനും ഉദ്‌ബോധനങ്ങളുണ്ടായി.
ഇത്രയൊക്കെയായിട്ടും, ഷഹീദ് വധത്തിനുശേഷം ഇവിടെനിന്നു മൂന്നു കിലോമീറ്റര്‍ അകലെ, പ്രേമലേഖനം കൊടുത്തതിന്റെ പേരില്‍ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു! ചെറുവാടി ചെനങ്ങാപറമ്പില്‍ ക്രൂരമര്‍ദനമേറ്റ് രക്‌തം ഛര്‍ദിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബസ് ജീവനക്കാരായ ഈ യുവാവ്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമരങ്ങള്‍ നടന്നു. കേസ് പോലീസ് അന്വേഷണത്തിലാണ്
No comments:
Post a Comment