Tuesday, 26 June 2012

[www.keralites.net] ടി.പി.യെ കൊല്ലുമെന്ന കാര്യം അറിയാമായിരുന്നെന്ന് കുഞ്ഞനന്തന്‍

 

ടി.പി.യെ കൊല്ലുമെന്ന കാര്യം അറിയാമായിരുന്നെന്ന് കുഞ്ഞനന്തന്‍

കോഴിക്കോട്/ വടകര: ടി.പി. ചന്ദ്രശേഖരനെ കൊല്ലുമെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.കെ. കുഞ്ഞനന്തന്‍ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തി. കൊലപാതകസംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.എസ്. അനൂപ് എന്നിവരെ മുന്നില്‍നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞനന്തന്‍ മുന്‍നിലപാട് മാറ്റിയത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ നയം. സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമാണ് കുഞ്ഞനന്തന്‍. 'ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. എന്നാല്‍, അതിന് പിന്നില്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. കുറ്റകൃത്യങ്ങള്‍ നടത്തി കൈയറപ്പ് തീര്‍ന്ന ഒരു കൂട്ടം മറ്റെന്തോ കാരണത്തിനായിരിക്കണം കൊന്നത്. കൊടി സുനി, കിര്‍മാണി മനോജ്, എം.എസ്. അനൂപ്, രജികാന്ത്, റഫീഖ് എന്നിവരെയെല്ലാം നേരത്തേ അറിയാം. ഇതില്‍ സുനിയും കിര്‍മാണിയും അനൂപും വീട്ടില്‍ വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്കും പലരും വരുന്നതുപോലെ മാത്രം. ഇതില്‍ ചിലരെയെല്ലാം മറ്റു പല കേസുകളില്‍ ജാമ്യത്തിലെടുക്കാനും മറ്റും പണ്ട് ഇടപെട്ടിട്ടുണ്ട്. അതെല്ലാം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രം. ചിലപ്പോള്‍ ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ മുഖേനയാവും ഇവര്‍ സഹായം തേടിയെത്തുക. അങ്ങനെ സഹായം തേടിയെത്തുന്നവരുടെ പാര്‍ട്ടി നോക്കാറില്ല. സുനിയെ നേരത്തേ അറിയാം. നാട്ടില്‍ ചുമടെടുക്കുന്ന കൂട്ടത്തിലുള്ളവനാണ്. ടി.പി.യെ കൊല്ലാന്‍ ആലോചിക്കുന്നതിനെക്കുറിച്ച് ഇവരില്‍ ചിലര്‍തന്നെ എപ്പോഴോ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍, അവരെ ആര് ഇതിന് ഏല്പിച്ചുവെന്ന് അറിയില്ല'. കുഞ്ഞനന്തന്‍ പറഞ്ഞു. കൊലപാതകസംഘത്തിലെ അംഗങ്ങളെ മുന്നില്‍ നിര്‍ത്തി തുടര്‍ച്ചയായി ചോദ്യം ചെയ്തതുകൊണ്ട് മാത്രമാണ് അനൂപ് കുരുവിള ജോണ്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഇത്തരമൊരു മൊഴി ലഭിച്ചത്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ മിക്ക ചോദ്യങ്ങള്‍ക്കും 'അറിയില്ല, ഓര്‍മയില്ല' എന്ന മറുപടിയാണ് കുഞ്ഞനന്തന്‍ നല്‍കുന്നത്. തെളിവായി ഏതെങ്കിലും ഒരു വരി പറഞ്ഞാല്‍ പിന്നീട് അതുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നത്. ക്ഷമ പരീക്ഷിക്കുന്ന രീതിയിലുള്ള ഉത്തരങ്ങളാണ് ലഭിക്കുന്നതെങ്കിലും തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ കൊണ്ട് ബുധനാഴ്ചയാകുമ്പോഴേക്കും നിര്‍ണായകവിവരങ്ങള്‍ ശേഖരിക്കാമെന്ന വിലയിരുത്തലിലാണ് പോലീസ്. ഇതിനിടെ രജീഷിനെ ചോദ്യം ചെയ്യുമ്പോള്‍ ലഭിച്ച മൊഴി വീഡിയോയില്‍ പകര്‍ത്തിയതും ഒരു ഘട്ടത്തില്‍ അന്വേഷണസംഘത്തിന് കുഞ്ഞനന്തന്‍ മുമ്പാകെ കാണിക്കേണ്ടി വന്നു. ഈ മൊഴികളെ നിരാകരിക്കാന്‍ കുഞ്ഞന്തന്‍ ഏറെ നേരം പാടുപെടുകയും ചെയ്തു. ഒളിവില്‍ക്കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് എങ്ങനെ വഴുതിമാറാമെന്ന് ആരോ പഠിപ്പിച്ചിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് കോഴിക്കോട് ജയിലില്‍ കിട്ടുന്നതെന്ന് ഇടതുപക്ഷ ഏകോപനസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. ഇക്കാര്യം ജയില്‍ സൂപ്രണ്ടും ആഭ്യന്തരവകുപ്പും അന്വേഷിക്കണം. വധക്കേസില്‍ അറസ്റ്റിലായ കൊടി സുനി അടക്കമുള്ളവരെ കഴിഞ്ഞദിവസം സി.പി.എം. നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രത്യേകപരിഗണനയ്ക്ക് ഉദാഹരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. ഇങ്ങനെ പരസ്യമായി തള്ളിപ്പറഞ്ഞവരെ രഹസ്യമായി ജയിലില്‍ ചെന്നുകണ്ട് ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയുമാണ് സി.പി.എം. നേതാക്കള്‍ ചെയ്യുന്നത്. മുന്‍ എം.പി. അടക്കമുള്ള നേതാക്കളാണ് പ്രതികളെ ജയിലില്‍ ചെന്നുകണ്ട് ആശ്വസിപ്പിക്കാന്‍ വെപ്രാളം കാണിക്കുന്നത്-ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment