പാര്‍ട്ടിക്കാരാണ് എനിക്ക് ചന്ദ്രശേഖരന്റെ വിവാഹാലോചന കൊണ്ടുവരുന്നത്. അങ്ങേയറ്റം സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്. ഞാന്‍ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന രാഷ്ട്രീയനേതാവിനെത്തന്നെ ജീവിതസഖാവായി കിട്ടുകയല്ലേ.ഞങ്ങള്‍ തമ്മില്‍ നല്ല പൊരുത്തമായിരുന്നു. ചന്ദ്രശേഖരന്റെ ഇഷ്ടമായിരുന്നു എന്റേതും. 1994 ഒക്ടോബര്‍ 14 നായിരുന്നു വിവാഹം.അതിനുമുമ്പേ എനിക്ക് ടി.പിയെ അറിയാം. എസ്.എഫ്.ഐ.യില്‍ ആയിരുന്ന സമയത്ത് ഞാന്‍ ടി.പിയുടെ വീട്ടില്‍ വന്നിട്ടുണ്ട്. ആശയപരമായി സഖാവിനോട് മുമ്പേതന്നെ അടുപ്പം തോന്നിയിരുന്നു. ആ വ്യക്തിത്വം,മറ്റുള്ളവരോടുള്ള കര്‍ക്കശ നിലപാട് ഒക്കെ കാണുമ്പോള്‍ എനിക്ക് വല്ലാത്തൊരു ആരാധനയായിരുന്നു. അധികം ആരോടും സംസാരിക്കില്ലായിരുന്നു സഖാവ്. പക്ഷേ ഒരു വാചകം സംസാരിക്കുമ്പോള്‍ അതിന് നൂറ് അര്‍ത്ഥങ്ങളുണ്ടാവും.
രാഷ്ട്രിയപാഠങ്ങള്‍
ചെറുപ്പത്തിലേ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട് ഞാന്‍. പാര്‍ട്ടി നേതാവായ അച്ഛന് (കെ.കെ.മാധവന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു)മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതൊക്കെ വലിയ താത്പര്യമായിരുന്നു.പക്ഷേ അമ്മയ്ക്കും രണ്ടാമത്തെ ചേച്ചിക്കുമൊക്കെ കടുത്ത എതിര്‍പ്പുണ്ട്.മൂത്തചേച്ചിയ്ക്കും എനിക്കുമാണ് രാഷ്ട്രീയം തലയ്ക്കുപിടിച്ചത്.ഞങ്ങള്‍ വിദ്യാഭ്യാസത്തിനേക്കാളും രാഷ്ട്രീയത്തിനാണ് പ്രാധാന്യം കൊടുത്തത്. ക്ലാസിന്റെ സമയത്ത് സംഘടനാപ്രവര്‍ത്തനം നടത്തി. ഞാന്‍ ഗുരുവായൂരപ്പന്‍ കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. അതുകഴിഞ്ഞ് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. അപ്പോഴാണ് കുറച്ചുകൂടെ ആക്ടീവായി എസ്.എഫ്.ഐ.യിലേക്ക് വരുന്നത്. ഒരു വര്‍ഷം യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു. എസ്.എഫ്.ഐ.സംസ്ഥാന കമ്മിറ്റിയിലൊക്കെ എത്തിയപ്പോള്‍ എല്ലാഭാഗങ്ങളിലേക്കും സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കാനായി. കുറച്ചുകൂടി ശക്തമായി രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി.
അന്നൊക്കെ പാര്‍ട്ടി എന്നാല്‍ വല്ലാത്തൊരു വികാരമാണ്. മാര്‍ക്‌സിസമാണ് അടിസ്ഥാനപരമായ ആശയമെന്നും മനുഷ്യസമൂഹത്തിന് അത് നന്മ കൊണ്ടുവരുമെന്നും ഞാന്‍ അടിയുറച്ച് വിശ്വസിച്ചു. അന്യന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ലോകത്തിനുവേണ്ടി പാടിനടക്കുന്ന കാലമായിരുന്നു അത്. നമുക്ക് വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കേണ്ട എന്ന രൂപത്തിലാണ് അന്നൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇന്നത്തെ തലമുറയ്ക്ക് ആ ഒരു ബോധം ഉണ്ടെന്ന് തോന്നുന്നില്ല.ആരും അതൊന്നും പഠിപ്പിക്കുന്നുമില്ല. അന്നൊക്കെ ചന്ദ്രശേഖരന്‍ സഖാവാണ് ഞങ്ങള്‍ക്ക് ഇക്കാര്യങ്ങളൊക്കെ പഠിപ്പിച്ചുതരുന്നത്. നിരന്തരമായുള്ള പഠനക്ലാസുകളിലൂടെ വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ചും എന്താണ് നമ്മുടെ ലക്ഷ്യമെന്നും സഖാവ് നിരന്തരം പഠിപ്പിച്ചുകൊണ്ടിരുന്നു.
വിശ്വാസത്തെക്കുറിച്ചുള്ള സഖാവിന്റെ ക്ലാസുകളൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഓരോ ഉദാഹരണങ്ങള്‍ പറഞ്ഞുകൊണ്ടാവും സഖാവ് സംസാരിക്കുക. അന്നും കണ്ണൂരിലൊക്കെ പാര്‍ട്ടി ചില ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഞങ്ങള്‍ അതിനോടുള്ള എതിര്‍പ്പൊക്കെ പാര്‍ട്ടിവേദികളില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.നമുക്കൊരു ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുണ്ടല്ലോ. ഉള്ളിലിരുന്നാണ് നമ്മള്‍ ഇക്കാര്യങ്ങളൊക്കെ ശക്തമായി ചര്‍ച്ച ചെയ്യുക. പുറത്തുവന്നാല്‍ പിന്നെ സംഘടനാമഹത്വം പറയും.
വിവാഹശേഷം ഞാന്‍ രാഷ്ട്രീയത്തില്‍ അത്ര സജീവമായില്ല. ഒരാള്‍ രാഷ്ട്രീയത്തിനിറങ്ങുകയും മറ്റേ ആള്‍ കുടുംബം നോക്കുകയും ചെയ്യുക എന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. എന്റെ സ്വാതന്ത്ര്യത്തിന് അദ്ദേഹം ഒരിക്കലും വിലങ്ങ് തടിയായില്ല.അപ്പോഴും ഈ പ്രദേശത്ത് ഒതുങ്ങിനില്‍ക്കുന്ന സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു.
ഒഞ്ചിയത്തിന്റെ ഒരു പാരമ്പര്യമാണ് ചന്ദ്രശേഖരനെ രാഷ്ട്രീയക്കാരനാക്കിയത്. മണ്ടോടി കണ്ണന്റെ ചരിത്രം എപ്പോഴും പറയും'കണ്ണന്‍ ധീരനായ സഖാവ്.അതാണ് നമ്മുടെ പാര്‍ട്ടിയുടെ പാരമ്പര്യം.' ആ ഒരു ധീരത ചന്ദ്രശേഖരനിലും ഉണ്ടായിരുന്നു.
ഒഞ്ചിയത്തേക്ക് വിവാഹം ചെയ്തുവരുമ്പോള്‍ എനിക്ക് വലിയ അഭിമാനമായിരുന്നു. കല്യാണം കഴിഞ്ഞ് പിറ്റേദിവസം പുറത്തിറങ്ങി നടക്കുമ്പോള്‍ ആളുകള്‍ക്കൊക്കെ എന്തൊരു സ്‌നേഹമായിരുന്നെന്നോ. കല്യാണദിവസത്തെ ഒരു തമാശ ഓര്‍മ വരുന്നു, എനിക്ക് പണ്ടേ സ്വര്‍ണാഭരണങ്ങളോട് താത്പര്യമുണ്ടായിരുന്നില്ല. ലളിതവസ്ത്രങ്ങളായിരുന്നു ഇഷ്ടം. നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നാണ് ഞാന്‍ ചിന്തിച്ചത്. വിവാഹദിവസമാണ് ഞാന്‍ ആദ്യമായി ആഭരണം ധരിക്കുന്നത്.വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അന്നൊരു പട്ടുസാരിയുമുടുത്തു. കല്യാണം കഴിഞ്ഞ് കാറില്‍ക്കയറിയ ഉടന്‍ സഖാവ് ചോദിക്കുകയാണ്.'ഇതെന്താ ഈ ഉടുത്തുവന്നിരിക്കുന്നേ. സഖാവിന്റെ ആദര്‍ശമൊക്കെ പോയോ എന്ന്്' പിന്നീട് ഞാന്‍ ചോദിച്ചു, ചന്ദ്രശേഖരന് അത് പ്രശ്‌നമായോ. ഉടന്‍ വന്നുമറുപടി. 'ഏയ് കുഴപ്പമില്ല എന്നാലും അത് വേണ്ടിയിരുന്നില്ല.'
പാര്‍ട്ടി നിറയെ ശത്രുക്കള്‍
സംഘടന ചന്ദ്രശേഖരനെതിരെ അടിസ്ഥാനമില്ലാത്ത സാമ്പത്തികാരോപണങ്ങള്‍ ഉന്നയിച്ചു. അതിന്റെ പേരില്‍ ഒരു വര്‍ഷത്തോളം സഖാവിനെ സംഘടനാപ്രവര്‍ത്തനത്തില്‍നിന്ന് മാറ്റിനിര്‍ത്തി. ആരോപണങ്ങള്‍ വന്ന ദിവസം ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്ന് പാര്‍ട്ടിയോഗം കഴിഞ്ഞ് നേരെ ഏറാമല ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വന്ന് ഒരു ബെഞ്ചില്‍ മലര്‍ന്നുകിടക്കുകയായിരുന്നു സഖാവ്.രാവിലെ തൊട്ട് വൈകുന്നേരം വരെ ആരോടും മിണ്ടാട്ടമില്ലാതെ,ഒന്നും കഴിക്കാതെ ഒരേ കിടത്തമാണ്. വീട്ടിലേക്ക് പോലും വന്നില്ല. അത്രയ്ക്കും മാനസികസംഘര്‍ഷമാണ് പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ ചേര്‍ന്ന് എന്റെ സഖാവിന് സമ്മാനിച്ചത്. പക്ഷേ ഒഞ്ചിയത്തെ ജനങ്ങള്‍ ശക്തമായി എതിര്‍ത്ത് അത് ശരിയല്ലെന്ന് നേതാക്കന്‍മാരെ ബോധ്യപ്പെടുത്തിക്കൊടുത്തു. അതോടെ ഞങ്ങള്‍ക്ക് കുറച്ചുകൂടെ ഊര്‍ജം കിട്ടി.ആത്യന്തികമായി ജനങ്ങളല്ലേ എല്ലാം തീരുമാനിക്കുന്നത്.അവര്‍ക്കറിയാമല്ലോ ചന്ദ്രശേഖരന്‍ തെറ്റ് ചെയ്തില്ലെന്ന്.''
രമ ഇത്തിരിനേരം നിശ്ശബ്ദയായി ഇരുന്നു. കണ്ണട എടുത്ത് ഒന്നു കണ്ണുതുടച്ചു.അപ്പോള്‍ ചന്ദ്രശേഖരന്റെ അനിയന്‍ പഴയൊരു സംഭവം ഓര്‍ത്തെടുത്തു.''ചന്ദ്രേട്ടന്റെ വിവാഹദിവസം.രാത്രി കുറെ വൈകി അതിഥികളൊക്കെ പോവാന്‍.അതുകഴിഞ്ഞ് ഏട്ടന്‍ ഓരോരുത്തരും സമ്മാനമായി നല്‍കിയ പണം കണക്കുകൂട്ടാന്‍ തുടങ്ങി.നവവധു അകത്ത് കാത്തിരിക്കുകയാണ്.'ഇതിന്റെ കണക്ക് പാര്‍ട്ടിയെ അറിയിക്കാതെ എനിക്ക് സമാധാനമായി ഉറങ്ങാനാവില്ല' ചോദിച്ചപ്പോള്‍ ഏട്ടന്റെ മറുപടി. എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കണക്ക് പുസ്തകവുമായി അര്‍ധരാത്രി പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്ക് പോയി. കിട്ടിയ പണത്തിന്റെ മുഴുവന്‍ കണക്കുകളും സെക്രട്ടറിയെ ബോധ്യപ്പെടുത്തി.തിരിച്ചുവന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണിയായിരുന്നു.അതായിരുന്നു പാര്‍ട്ടിക്കുമുന്നില്‍ ഞങ്ങളുടെ ചന്ദ്രേട്ടന്‍.'' അനിയന്റെ വാക്കുകള്‍ ഇടറി. രമ വീണ്ടും സംസാരിച്ചുതുടങ്ങി.
'പലപ്പോഴും പാര്‍ട്ടി ഏരിയാ സമ്മേളനം നടക്കുമ്പോള്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയിട്ട് ചന്ദ്രശേഖരനെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ട്.ഏരിയാനേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ നില്‍ക്കുന്നത് ഇവര്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. തെറ്റുകളെ നിശിതമായി വിമര്‍ശിച്ചതുകൊണ്ടുതന്നെ സഖാവ് രംഗത്തുണ്ടാവുന്നത് തങ്ങള്‍ക്ക് ഗുണമല്ലെന്ന് അവര്‍ മനസ്സിലാക്കി.
അതൊക്കെ ഒരു പ്രയാസവുംകൂടാതെ അദ്ദേഹം നേരിട്ടു. മനസ്സ് പിടഞ്ഞപ്പോഴും അദ്ദേഹം ധൈര്യം കൈവിട്ടില്ല.ഓര്‍ക്കാട്ടേരിയില്‍ നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനം ഓര്‍മ വരുന്നു,സമ്മേളനത്തിന്റെ സംഘാടകസമിതി കണ്‍വീനറായിരുന്നു ചന്ദ്രശേഖരന്‍.ആ സമ്മേളനത്തില്‍വെച്ച് സഖാവിനെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചു. ഒഞ്ചിയത്തുള്ള പി.രാജന്‍ എന്നൊരു സഖാവിനെ തിരഞ്ഞെടുപ്പ് നടത്തി പകരം കൊണ്ടുവന്നു. എന്നിട്ടും അന്നത്തെ പൊതുസമ്മേളനം വിജയിപ്പിക്കാന്‍ ഏറ്റവും മുന്നില്‍ ഓടിനടന്നത് ചന്ദ്രേട്ടനാണ്. ഉള്ളിലുള്ള വിഷമങ്ങള്‍ പുറത്തുകാണിക്കാതെ. ഏറാമല ലോക്കല്‍ സെക്രട്ടറി പിറ്റേ ദിവസം വീട്ടില്‍ വന്ന് എന്നെ വാനോളം പുകഴ്ത്തി.'ചന്ദ്രശേഖരനെപ്പോലെ ധീരനായൊരു സഖാവിനെ എനിക്കൊരിക്കലും മറക്കാനാവില്ലെന്ന്'പറഞ്ഞ് അദ്ദേഹം കണ്ണീരൊഴുക്കി. അങ്ങനെ മുതലക്കണ്ണീരുപൊഴിച്ച ആ നേതൃത്വം തന്നെയാണ് ചന്ദ്രശേഖരനെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം നടത്തിയതും.
പുറത്തേക്കുള്ള വഴി
പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനത്തില്‍ മനംനൊന്ത് കുറെക്കാലം വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു ചന്ദ്രശേഖരന്‍.പാര്‍ട്ടി വിടുന്ന ഘട്ടത്തില്‍ കുറെ ദിവസങ്ങള്‍ ഉറങ്ങാന്‍ പോലുമാവാതെ കിടന്നിട്ടുണ്ട് ഞങ്ങള്‍. എന്ത് തീരുമാനമെടുക്കണമെന്ന് ഒരുപാട് ചര്‍ച്ച ചെയ്തു. അതുവരെ നെഞ്ചേറ്റിയ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരാന്‍ തീരുമാനിക്കുമ്പോള്‍ സഖാവ് കുറെ വിഷമിച്ചിരുന്നു.ആ തീരുമാനത്തോട് എനിക്ക് എതിര്‍പ്പായിരുന്നു.ഇത്രയും വലിയൊരു പ്രസ്ഥാനത്തോട് ഏറ്റുമുട്ടുമ്പോള്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ കഴിയുമെന്നൊരു ആശങ്കയിലായിരുന്നു അത്.
ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയുടെ രീതി എനിക്കറിയാം. ഏതുരൂപത്തില്‍ അവരിത് നേരിടുമെന്നും നന്നായി ബോധ്യമുണ്ട്. ഏതുവിധത്തിലും ഒരു കടന്നാക്രമണവുമായി എപ്പോഴും അവരെത്താം. നമ്മളെ താറടിക്കാനും തരംതാഴ്ത്താനുമുള്ള പ്രവര്‍ത്തനം ആ ഭാഗത്തുനിന്നുണ്ടാവും.പക്ഷേ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ സഖാവ് ആ തീരുമാനമെടുത്തു.പിന്നീട് ഞാന്‍ അറിഞ്ഞു, അതായിരുന്നു ശരിയെന്ന്.
ഈ സമയംതൊട്ടേ ചന്ദ്രശേഖരനുനേരെ ഭീഷണി തുടങ്ങിയിരുന്നു. പക്ഷേ ജീവന് ഭീഷണി ഉണ്ടെന്ന് ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ല.ഞാന്‍ പേടിക്കും എന്നതുകൊണ്ടാവും. പുറത്തുനിന്നാണ് ഞാനത് മനസ്സിലാക്കിയത്. ചോദിച്ചാല്‍ 'ഏയ് ഒരു പ്രശ്‌നവുമുണ്ടാവില്ല, അതിനൊന്നുമുള്ള ധൈര്യം അവര്‍ക്കുണ്ടാവില്ല' എന്നുപറയും. പക്ഷേ അപ്പോഴും ചന്ദ്രശേഖരന്റെ മനസ്സില്‍ ഉറപ്പുണ്ടായിരുന്നു, താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി,ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുമെന്ന്.അതുകൊണ്ട് ഒരുപേടിയും കൂടാതെയാണ് സഖാവ് പുറത്തിറങ്ങിയത്. വേറെ ഒരാളും അതിന് ഇരയാവരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് രാത്രി ഒറ്റയ്ക്കായിരുന്നു യാത്രകള്‍.
എന്റെ പ്രിയ സഖാവ്
സമത്വത്തെ സംബന്ധിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ പ്രസംഗിച്ചു നടക്കുന്ന ഒരുപാട് നേതാക്കളുണ്ട്. വീട്ടിലെത്തിയാല്‍ അവര്‍ എല്ലാം മറക്കും. തികച്ചും ഫാസിസ്റ്റുകളായി മാറും. ചന്ദ്രശേഖരന്‍ വ്യത്യസ്തനായിരുന്നു. എന്റെ ഒപ്പം വീട്ടുകാര്യങ്ങള്‍ നടത്താന്‍, അടു ക്കളയില്‍ വന്ന് പാചകത്തിന് സഹായിക്കാന്‍, രാവിലെ മോന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ ഒക്കെ സമയം കണ്ടെത്തിയിരുന്നു എന്റെ സഖാവ്.
ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കമോ വിട്ടുനില്‍ക്കലോ ഒന്നുമുണ്ടായിട്ടില്ല. എന്റെ മോന്‍ വലിയ ഭാഗ്യവാനാണെന്ന് തോന്നിയിട്ടുണ്ട്. ഇതുപോലെ ഒരച്ഛനെ വേറെ ആര്‍ക്ക് കിട്ടും. കഴിഞ്ഞ ദിവസം രാവിലെ ചന്ദ്രേട്ടന് എന്തോ മധ്യസ്ഥത്തിന് പോവണം, ഭയങ്കര തിരക്കിലാണ്. മോന്‍ എണീറ്റ് വന്ന് പറഞ്ഞു,'എന്റെ ബ്രഷ് പോയി'. ഏട്ടന്‍ ഉടനെ വണ്ടിയെടുത്ത് പോയി ബ്രഷ് വാങ്ങിക്കൊണ്ടുവന്നു. അതു കഴിഞ്ഞ് കുളിച്ച് ചായ പോലും കുടിക്കാതെ പോയി.
അന്ന് രാവിലെ ചോമ്പാല്‍ ഹാര്‍ബറില്‍ പോയി നല്ല മീന്‍ വാങ്ങിക്കൊണ്ടുവന്നു. മാന്തയാണ്. അതിന്റെ തൊലി കളയാന്‍ എനിക്ക് അറിയില്ല. അടുത്ത് വിളിച്ചിരുത്തി എങ്ങനെയാണ് അത് ചെയ്യുകയെന്ന് പഠിപ്പിച്ചുതന്നു. അന്ന് ഒരുപാട് നേരം എന്നോട് സംസാരിച്ചിരുന്നു. വീടിന്റെ പണിയെക്കുറിച്ചും പലയിടത്തുനിന്നും വാങ്ങിയ കടങ്ങളെക്കുറിച്ചുമൊക്കെ. അപ്പോള്‍ ചന്ദ്രശേഖരന്റെ മനസ്സില്‍ എന്തൊക്കെയോ തോന്നലുകളുണ്ടായിരുന്നോ എന്തോ. ഒന്നും പറഞ്ഞിട്ടില്ല എന്നോട്. പിന്നെ നാട്ടിലാണെങ്കില്‍ കാര്യങ്ങളെല്ലാം ശാന്തമായിരുന്നു. അങ്ങനെ പ്രശ്‌നങ്ങളുണ്ടാവുന്ന അന്തരീക്ഷം എവിടെയും ഉണ്ടായിരുന്നില്ല.
വീടിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഏട്ടന്‍ ആഗ്രഹിച്ചിരുന്നു.തീരെ വയ്യാതായ അമ്മയെ രണ്ടുദിവസമെങ്കിലും അവിടെ താമസിപ്പിക്കണമെന്ന് എപ്പോഴും പറയും. ഉച്ചവരെ എന്റെ കൂടെനിന്ന ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്.ബാങ്കില്‍ ലോണ്‍ അടയ്ക്കാനും ഒന്നുരണ്ടു പഴയ പ്രവര്‍ത്തകരെ കാണാനുമുണ്ടായിരുന്നു. പോയ ശേഷവും രണ്ടുമൂന്നുതവണ വിളിച്ചു. അങ്ങനെ വിളിക്കുന്ന പതിവൊന്നുമില്ല. ഞാനതിലൊന്നും പരിഭവിച്ചിട്ടുമില്ല.
ചന്ദ്രേട്ടന്‍ എത്ര വൈകിയാലും വീട്ടില്‍ വന്നേ ഭക്ഷണം കഴിക്കാറുള്ളു.രാത്രി ഏട്ടനുള്ള ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്തുവെച്ചിട്ട് കിടന്നുറങ്ങും ഞാന്‍.പാതിരാത്രി വന്ന് വിളിക്കുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കും.ഏട്ടന്‍ വരുന്നത് വരെ കാത്തിരുന്നാല്‍ നടക്കില്ല,പിറ്റേന്ന് രാവിലെ എനിക്ക് ബാങ്കില്‍ ജോലിക്ക് പോവണമല്ലോ. അന്നും ഭക്ഷണമുണ്ടാക്കി വെച്ച് ഞാന്‍ കിടന്നതാണ്.
രാത്രി കുറെ വൈകിയപ്പോഴാണ് ഒരു ഫോണ്‍ വരുന്നത്.അങ്ങേത്തലയ്ക്കല്‍ നിന്ന് ഒരാള്‍ ഏട്ടന്റെ വണ്ടിയുടെ നമ്പര്‍ ചോദിക്കുന്നു. ഉറക്കപ്പിച്ചില്‍ നമ്പര്‍ പറഞ്ഞുകൊടുത്ത് ഞാന്‍ കിടന്നു.അപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ആധി കയറിവന്നത്. എന്തിനാണ് അവര്‍ വണ്ടിയുടെ നമ്പര്‍ ചോദിച്ചത്. ഞാനുടനെ ചന്ദ്രേട്ടനെ ഫോണ്‍ ചെയ്തു. എന്‍ഗേജ്ഡ് ശബ്ദമാണ് കേള്‍ക്കുന്നത്. എത്ര തിരക്കുണ്ടെങ്കിലും എന്റെ നമ്പര്‍ കണ്ടാല്‍ ഉടന്‍ തിരിച്ചുവിളിക്കുന്ന ആളാണ്.എത്രയായിട്ടും തിരിച്ചുവിളിക്കുന്നില്ല. ചന്ദ്രേട്ടന്റെ സുഹൃത്തുക്കളെയൊക്കെ വിളിച്ചുനോക്കി .ആരും ഫോണ്‍ എടുക്കുന്നില്ല.അപ്പോഴാണ് അടുത്ത വീട്ടില്‍നിന്നൊരു നിലവിളി കേള്‍ക്കുന്നത്.ഞാനും മോനും അവിടേക്ക് ഓടിപ്പോയി. അപ്പോഴാണ് ചന്ദ്രേട്ടന് എന്തോ അപകടം പറ്റിയെന്ന് അറിയുന്നത്.സഖാവിനെ ആരോ വെട്ടിയെന്നേ പറയുന്നുള്ളു.അപ്പോളും കരുതുന്നത് പരിക്കേറ്റ് ഏതോ ആസ്പത്രിയിലായിരിക്കും എന്നാണ്.എന്റെ വീട്ടില്‍നിന്ന് ആളുകള്‍ വന്നപ്പോളാ സഖാവ് പോയെന്ന് ഞാന്‍ അറിയുന്നത്.
കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല
ചന്ദ്രശേഖരന്‍ തന്ന ഒരു ഊര്‍ജം,ആ ധൈര്യം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. എന്നിലിപ്പോഴും ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഉ ള്ളിലിരുന്ന് പറയുകയാണ്, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ലെന്ന്.വല്ലാത്തൊരു കരുത്തായിരുന്നു ചന്ദ്രശേഖരന്‍ പകര്‍ന്നുതന്നത്.'സ്ത്രീകള്‍ എല്ലാത്തിനെയും അതിജീവിക്കണം, ഏതുപ്രതിസന്ധിയെയും നേരിടണം, തളരരുത്...' എപ്പോഴും അങ്ങനെ പറഞ്ഞുതരുന്ന ആളാണ്. വെറുതെ നിസ്സാരരായ പെണ്ണുങ്ങളെപ്പോലെ ജീവിക്കരുതെന്ന് ഇടയ്ക്കിടെ ഓര്‍മപ്പെടുത്തും.
എല്ലാ രക്തസാക്ഷികളും ധീരരായാണ് മരിക്കുന്നത്.അതുകൊണ്ടുതന്നെ തളര്‍ന്നിരിക്കരുതെന്ന് എനിക്കും തോന്നുന്നു.ഒരുപാട് സ്ത്രീകള്‍ ഇവിടെ വന്ന്,'ഞങ്ങളുണ്ട് കൂടെ, തളരരുത്' എന്ന് പറയുമ്പോള്‍ വല്ലാത്തൊരു കരുത്തുതോന്നുന്നു. എന്റെ സുഹൃത്തുക്കള്‍, പഴയ എസ്.എഫ്.ഐ.ക്കാര്‍, ചന്ദ്രശേഖരന്റെ കൂടെയുള്ളവര്‍ എന്നിവരൊക്കെ വന്ന് ഒപ്പമുണ്ട് എന്നുപറയുമ്പോള്‍ എനിക്ക് കരഞ്ഞിരിക്കാന്‍ തോന്നുന്നില്ല. മത്തായി ചാക്കോയുടെ ഭാര്യ മേഴ്‌സി എല്ലാദിവസവും എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. ചന്ദ്രശേഖരനെ 'ധീരനായൊരു കമ്യൂണിസ്റ്റ് ' എന്ന് വി.എസ്. വിളിച്ചപ്പോള്‍ വല്ലാത്തൊരു ആവേശമാണ് എന്നില്‍ നിറഞ്ഞത്.അദ്ദേഹവും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഇതിനോടൊക്കെ ഇപ്പോഴും ഫൈറ്റ് ചെയ്യുകയാണല്ലോ.
മോനുണ്ട്, അമ്മയുണ്ട്, വീടുണ്ട്. അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ എന്നെ ഏല്‍പ്പിച്ചിട്ടാണ് ചന്ദ്രശേഖരന്‍ പോയത്. അതൊക്കെ എനിക്ക് നിറവേറ്റണം. ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ആശയമുണ്ടല്ലോ, അതിന്റെ കൂടെനില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'നമ്മളൊരു ദൗത്യത്തിനിറങ്ങിയതാണ്. അത് നമുക്ക് വിജയിപ്പിച്ചെടുക്കണം' സഖാവ് എപ്പോഴും പറയുമായിരുന്നു. ആ ഒരു ദൗത്യം പൂര്‍ത്തീകരിക്കാനുള്ളതാണ് ഇനിയുള്ള എന്റെ ജീവിതം.
Mathrubhumi
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment