Tuesday, 13 March 2012

[www.keralites.net] ഏഷ്യാനെറ്റില്‍ നടന്നത് മൈലാഞ്ചി കല്യാണമോ?

 

മലയാള  ചാനല്‍ ലോകത്ത് ഇത് ലേലം വിളിയുടെ കാലമാണ്. ക്രിക്കറ്റ്‌  ഐ പീ എല്‍ ലേലം വിളി പോലെ നല്ല 'കളിക്കാരെ' ചാക്കിട്ടും, വള്ളി വെച്ചും വീഴ്ത്തുന്ന തിരക്കിലാണ് നമ്മുടെ ചാനല്‍ മുതലാളിമാര്‍ .ഈ ചാക്കിട്ടുപിടുത്തത്തിന്റെ അന്തര്‍ നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ കൂടി പങ്കു വെക്കാന്‍ വല്ല ലൈവ് ഷോയും ഒരു ചാനലിലും  നാമാരും പ്രതീക്ഷിക്കരുത്...ഒരു ചാനലിന്റെയും പുരപ്പുറത്തു കയറി ഒരു റിപ്പോര്ടരും ഇതൊന്നും വിളിചു കൂവാനും പോകുന്നില്ല, റൗഫിനെ പോലെ,,,  അമ്പ്‌ കൊള്ളാത്തവരില്ലല്ലോ ഗുരുക്കളില്‍...അത് കൊണ്ട് തന്നെ എല്ലാ ചാനല്‍ മുതലാളിമാരും ഇക്കാര്യത്തില്‍ അച്യുതാനന്ദന്‍-സീതാറാംയെച്ചൂരി ബന്ധം പോലെ  പരസ്പര സഹകരണത്തിലാണ്, ഇലക്കും മുള്ളിനും കേടില്ലായെന്നു നമ്മളെ ധരിപ്പിക്കുന്ന ഈ ചാനല്‍ ആള്‍ മാറാട്ടങ്ങള്‍ കാണുമ്പോള്‍ പണ്ടത്തെ മാറ്റകല്യാണങ്ങളെ  ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍ ലദ്ദാണ് ശരിയും..
കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോളാണ് മൈലാഞ്ചികല്യാണം ഓര്‍മ്മയില്‍ വന്നത്, പിറ്റേന്ന് നടക്കാന്‍ പോകുന്ന നിക്കാഹിന്റെ സന്തോഷം നിറഞ്ഞൊഴുകുന്ന കല്യാണരാവാണ് സത്യത്തില്‍ മൈലാഞ്ചികല്യാണം. മാര്‍ച്ച് രണ്ടിന് അബൂദാബി നാഷണല്‍ സ്റ്റെഡിയത്തില്‍ ഇത് പോലെ ഒരു മൈലാഞ്ചികല്യാണം നടന്നു, നമ്മുടെ മര്‍ഡോക്കിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ്‌ വക, കാപ്പാട്ടുകാരന്‍ ആസിഫ്‌ എന്ന പുയ്യാപ്ലചെക്കന്‍ സന്തോഷത്തിന്റെ  മത്താപ്പും, പൂത്തിരിയും കത്തിച്ചു  മൈലാഞ്ചിയും ചോപ്പുമണിഞ്ഞ് അബൂദാബിയില്‍ നിന്നും കാപ്പാട്ടെക്ക് തിരിച്ചു വിമാനം കയറിയതെയുള്ളൂ, അപ്പോഴേക്കും ഏഷ്യാനെറ്റ്‌ ചാനലിനുള്ളില്‍ നടന്നത് നികാഹല്ല, കൂട്ടത്വലാഖാണ് എന്ന് കേള്‍ക്കുമ്പോള്‍ മര്‍ഡോക്കേ..നെഞ്ച് പൊട്ടുന്നു..ബ്രിട്ടാസേ തല തല്ലുന്നു...
ആ ഫാരിഷ ടീച്ചര്‍ 'അകിട് മണക്കുണോരറയില്' എന്നായിരുന്നോ റബ്ബേ മൈലാഞ്ചിയില്‍ പാടിയിരുന്നത്.. ഏഷ്യാനെറ്റിനുള്ളില്‍ ഇപ്പോള്‍ എന്തൊക്കെയോ മണക്കുന്നു എന്ന് കേട്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി. ചാനലിന്റെ അകിടു മാത്രമല്ല ആകെ മൊത്തം എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന് ഓരോ വാര്‍ത്തകളും തെളിയിക്കുന്നു. എന്ത് തന്നെയായാലും സമരം ചെയ്യുന്ന നര്സുമാരുടെ ഗതി നമ്മുടെ ചാനല്‍ ലവന്മാര്‍ക്കുണ്ടായില്ല, ഏഷ്യാനെറ്റില്‍ നിന്നും മൂന്നും ചൊല്ലി പിരിഞ്ഞു പോയവരൊക്കെ പിറ്റേന്ന് തന്നെ  മാറ്റകല്യാണം  നടത്തി മറ്റു ചില ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  അത് പിന്നെ അങ്ങനെയാണല്ലോ, നടുക്കടലില്‍ ചെന്ന് വീണാലും നക്കിയല്ലേ കുടിക്കാനറിയൂ..  ഒരു സിനിമനടനെ  പിടിച്ചു ചാനല്‍ അവതാരകനാക്കാം,  കോടീശ്വരനോ, കോന്‍ ബനേഗ ക്രോര്പതിയോ, സ്റ്റാര്‍ സിംഗറോ, പട്ടുറുമാലോ, മൈലാഞ്ചിയോ ഏതു വേഷവും കെട്ടിക്കാം,പക്ഷെ ഒരു റിപ്പോര്‍ടറെ പിടിച്ചു സിനിമയില്‍ അഭിനയിപ്പിക്കാന്‍, പോകട്ടെ ഒരു ചുമട് പിടിപ്പിക്കാന്‍, പോട്ടെ സ്വന്തം വീട്ടില്‍ ഒരു ബക്കറ്റ്‌ വെള്ളം കോരാനെങ്കിലും ഇവരെ പറ്റുമോ.. ഇല്ലെന്നതാണ് സത്യം. ഒരു കുട്ടി കിണറ്റില്‍ വീഴുന്നത് കണ്ടാല്‍ പോലും, ഇറങ്ങി രക്ഷപ്പെടുത്താനല്ലല്ലോ ഇവരെ പഠിപ്പിച്ചത്..അത് വാര്‍ത്തയാക്കാനല്ലേ. അപ്പൊ പിന്നെ അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍  കെടക്ക്വോ...? ഹലോ നികേഷ്‌ ..കെടക്ക്വോ..? താങ്കളോടാണ് ചോദിച്ചത്..
തിരക്കിനിടയില്‍ മീശ വെട്ടിയത് ലേശം കയറിപ്പോയി..നേരെ പത്രസമ്മേളനത്തിനു  വന്ന സീ എച്ചിനോട് മാധ്യമപ്രവര്‍ത്തകര്‍ അലങ്കോലമായ മീശയെ കുറിച്ച് ചോദിച്ചത്രേ..ഉടന്‍ സീ എച്ചിന്റെ മറുപടി, മുമ്പ് ഇത് ചെയ്തു തന്നിരുന്നവര്‍ ഒക്കെ ഇപ്പോള്‍ മാധ്യമപ്രവര്തകരായി, അത് കൊണ്ട് നാട്ടില്‍ നല്ല ബാര്‍ബര്‍മാരെ കിട്ടാതായി. എല്ലാ ചാനലിലും ഇന്ന്  ബാര്‍ബര്‍ ഷാപ്പിലെ പോലെ കറങ്ങുന്ന കസേര കാണുമ്പോള്‍  സീ എച്ചിനെ ഓര്‍ത്തു പോകുന്നു.. ഇന്നത്തെ ചാനല്‍ ജീവികള്‍ക്ക് ഈ കറങ്ങുന്ന കസേരയില്ലെങ്കില്‍ വാര്‍ത്തയും, ചോദ്യവുമൊക്കെ അണ്ണാക്കില്‍ കുടിങ്ങിപ്പോകും എന്ന തരത്തിലാണ്.   മകരതത്ത പറയുന്ന  പോലെ പറഞ്ഞു പഠിപ്പിച്ചത് അങ്ങനെ പറയുക, ഇടയ്ക്കു ഒരു കൊളിനോസ് ചിരി, വല്ലാതെ ക്ഷീണിക്കുമ്പോള്‍ ന്യൂസ്‌ഡസ്കില്‍ ഒരു കൈതാങ്ങ്..ഒന്നോ രണ്ടോ കോട്ട് മാത്രം മതി..ബാക്കിയൊന്നും ആരും കാണാന്‍ പോകുന്നില്ലല്ലോ, അതു കൊണ്ട് തന്നെ ഒരു കൈലിയോ, ട്രൌസറോ എന്തായാലും മതി. ഇനി വേനല്‍കാലത്ത് ലേശം കാറ്റോട്ടം കിട്ടാന്‍ ഒന്നും ധരിച്ചില്ലേലും ഒരു കുഴപ്പവുമില്ല..ആരറിയാന്‍.
ഒക്കെ ആ എം.കെ മുനീറിനെയും നികേഷ്‌ കുമാറിനെയും  പറഞ്ഞാല്‍ മതി. കണ്ണീര്‍സീരിയലും, കോടീശ്വരമുദ്രയുമായി മുന്നോട്ടു പോയിരുന്ന മലയാളിയെ ലൈവ് വാര്‍ത്ത എന്ന് പറഞ്ഞു വിളിച്ചുണര്‍ത്തിയ ഈ രണ്ടു മഹാന്മാരും അവസാനം രണ്ടു വഴിക്ക് പോയി, ഇതോടെ ചോറില്ലാതായത് അകത്ത് കുടുങ്ങിയ റിപ്പോര്‍ടര്‍മാര്‍ക്കും ചാനലിന് പണം മുടക്കിയ പാവം ഷെയര്‍ധാതാക്കള്‍ക്കും. റിപ്പോര്‍ടര്മാര്‍ക്ക് അകത്തു വായു വിഴുങ്ങാനും, ഷെയര്‍ ഉടമകള്‍ക്ക് പുറത്തു പുറം ചൊറിയാനും ചില ഏര്‍പ്പാടുകള്‍ മുമ്പേ ചെയ്തു വെച്ചത് കൊണ്ട്  സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായമില്ലാതെ തന്നെ ചാനല്‍ മെല്ലെ മെല്ലെ കുത്ത് പാള തന്നെ കണ്ടെത്തിയിട്ടുണ്ട്.. സ്വന്തം ചാനലിലെ കൂലിപ്പണിക്കാരെ മൊത്തം 'യതീംഖാന'യിലാക്കി പടിയിറങ്ങിയ മുനീര്‍ സാഹിബ്  യതീംഖാനയുടെ കൂടി വകുപ്പുള്ള  മന്ത്രിയാണെന്ന് പറഞ്ഞിട്ടെന്താ, ആ അച്ചുതാനന്ദന്റെ വേലിക്കകത്ത് നിന്നാണ് ഇപ്പോഴും ഇവിടേയ്ക്ക്  പയങ്കഞ്ഞി പാര്‍സല്‍ . ഇന്ത്യാവിഷന്‍ എന്ന ചാനല്‍  കഞ്ഞി കുടി മുട്ടാതെ മുടന്തി മുടന്തി നീങ്ങുന്നതും ഇപ്പോള്‍ രണ്ടു പേരെ കൊണ്ടാണ്. അതില്‍ ഒരാള്‍ മക്കാവില്‍ വരെ പോയ മകന്റെ അച്ഛനും, മറ്റെയാള്‍ ആ അച്ഛന്റെ സംരക്ഷകനായി അവതരിക്കാറുള്ള ചാനല്‍ എക്സിയുമാണ്. ഇടയ്ക്കു ഇവര്‍ക്ക് രണ്ടു പേര്‍ക്കും തുണയായി ഒരു വക്കീലും വാരാന്ത്യവുമായി വന്നു പോകുന്നു..ഇതാണ് ഇന്ത്യാ വിഷന്റെ ഇപ്പോഴത്തെ ജീവന്‍. ഈ കൂട്ട് കൃഷി  മുട്ടുന്നത് വരെ എങ്കിലും  ഈ ചാനല്‍ ഉണ്ടാകുമെന്നാണ് മലയാളിയുടെ പ്രതീക്ഷ.
അടിനടക്കുന്നതിനിടയില്‍ ഇതാരുടെതാണ് തോക്ക് എന്ന് ചോദിച്ചു നടക്കുന്ന ഇന്നസെന്റിനെ  പോലെ, റിപ്പോര്‍ടര്‍മാര്‍ ക്യാമറയും തൂക്കി കണ്ട ലാത്തിചാര്‍ജിനും, വെടിവെപ്പിനും ഒക്കെയിടയില്‍ ഓടി നടക്കുന്ന കാഴ്ച ഈ കേരളക്കരക്ക് കാഴ്ച വെച്ചത് ഇന്ത്യാവിഷനാണ്. ഓരോ ദിവസത്തെയും പ്രധാന തലക്കെട്ടുകള്‍ അറിയാന്‍ രാത്രിയിലെ ഒരു മണിക്കൂര്‍ വാര്‍ത്തക്ക് കാത്തിരിക്കേണ്ട അവസ്ഥക്ക് ഇന്ത്യാ വിഷനാണ് മാറ്റമുണ്ടാക്കിയത്. ഒരു സമ്പൂര്‍ണ്ണ വാര്‍ത്ത ചാനല്‍ എന്ന നിലയില്‍ ഓരോ മലയാളിയും ഇന്ത്യ വിഷനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു, പക്ഷെ ഒപ്പം നടന്നവരെ  പോലും ഒപ്പം നിര്‍ത്താന്‍ കഴിയാതെ ചാനല്‍ കടബാധ്യതയിലായതോടെ പ്രമുഖരായ പലരും കൂടൊഴിയാന്‍ തുടങ്ങി. ഏഷ്യാനെറ്റില്‍ നിന്നും കുടുംബ സമേതം വന്നു കുടിയേറിയ ചാനല്‍ എക്സികുട്ടീവ്  കുടുംബസമേതം പടിയിറങ്ങുമ്പോള്‍ ചാനലിന്റെ  പടിയടക്കാന്‍ മറന്നത് മറ്റു പലര്‍ക്കും ഭാഗ്യമായെന്നു വേണം കരുതാന്‍.
രാജുവും, രാധയും ഏതു വഴിയെ പോയാലും അവസാനം മായാവി വന്നു രക്ഷിക്കുമല്ലോ.. ഇവിടെയും അത് തന്നെ സംഭവിച്ചു. തിരുവനന്തപുരത്തു ഇവന്റ് മാനേജ്മെന്റും, കാപിറ്റല്‍ പണിഷ്മെന്റും നടക്കുന്ന സീപിഎം സമ്മേളനത്തിനു നിര്‍ത്താതെ സീ പി ഐയുടെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊല്ലത്തേക്ക് വണ്ടി കയറ്റി വിട്ടതായിരുന്നു എസ് ശ്രീജിത്തിനെ, തൃശൂര്‍പൂരവും, വെടിക്കെട്ടും  നടക്കുന്ന ദിവസം പെരുമ്പിലാവ് ചന്തക്കു പോകാന്‍ പറഞ്ഞാല്‍ പോക്വോ.. ശ്രീജിത്ത്‌ നേരെ വണ്ടി കയറിയത് കൊല്ലത്തെക്കല്ല, നികേഷ്‌ കുമാറിന്റെ അടുത്തെക്കായിരുന്നു. അവിടെ നിന്നും പുതിയ റിപ്പോര്‍ടര്‍കുപ്പായവും ധരിച്ചു, പുതിയ മൈക്കും പിടിച്ചു ശ്രീജിത്ത്‌ തിരിച്ചെത്തി തിരുവനന്തപുരത്തു തന്നെ, ടെ ടെ വെടി പൊട്ടി....സാക്ഷാല്‍ എം പി ബഷീര്‍ അപ്പോള്‍ രാജുവിനെയും രാധയെയും നഷ്ടപ്പെട്ട കുട്ടൂസനെ പോലെ ങ്ങ് ഹേ തരിച്ചു പോയി...
ഇന്ത്യാവിഷനെ ഈ കോലത്തില്‍ എത്തിച്ചത്  മുനീറും, നികേഷും ആണ് എന്ന് പറഞ്ഞാല്‍ എം പി ബഷീറിന് പോലും ചിരി വരും തീര്‍ച്ച.. അത് പോലെ ഏഷ്യാനെറ്റിലെ ഇപ്പോഴത്തെ കൂട്ടത്വലാഖിനു പിന്നില്‍ സിന്ധു സൂര്യകുമാര്‍ , സീ എല്‍ തോമസ്‌ എന്നീ രണ്ടു പേരാണെന്ന് കേള്‍ക്കുമ്പോള്‍  ചാനല്‍ മുതലാളി മര്‍ഡോക്കും, വലിഞ്ഞു കേറി വന്ന ജോണ്ബ്രിട്ടാസുമൊക്കെ   ഊറിചിരിക്കുന്നുണ്ടാവും. ആകാശത്തിനു ചുവട്ടില്‍ ഏഷ്യാനെറ്റ്‌ മുതലാളിമാരുടെ ഉച്ചനീചത്വങ്ങള്‍ ഒഴിച്ചു ബാക്കിയെല്ലാം മുടിനാരിഴ കീറി പരിശോധിച്ച്, അളന്നു മുറിച്ചു അവതരിപ്പിക്കുന്ന ആളാണ്  കവര്‍ സ്റ്റോറിക്കാരി സിന്ധു സൂര്യകുമാര്‍ . പണ്ട് ദേശാഭിമാനിയോട് സലാം പറഞ്ഞു ഏഷ്യാനെറ്റില്‍ എത്തിയതായിരുന്നു  തോമസ്‌,  ചാനലിന്റെ വാര്‍ത്താധിഷ്ടിത പരിപാടികളുടെ പൂര്‍ണ്ണ ചുമതല ഈ രണ്ടു പേരെ ഏല്പ്പിച്ചത് പലര്‍ക്കും അത്ര രുചിച്ചിട്ടില്ല എന്നതാണ് മൈലാഞ്ചികല്യാണം കഴിഞ്ഞ ചാനലിനെ ഇപ്പോള്‍ അടിയന്തിരം നടക്കുന്ന വീട് പോലെയാക്കിയത്.
പ്രമുഖരായ പലരും ചാനലില്‍ നിന്നും പടിയിറങ്ങി മറ്റു ചാനലുകളില്‍ ചേക്കേറികൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഏഷ്യാനെറ്റ്‌ അധികൃതര്‍ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു, മേല്പറഞ്ഞ രണ്ടു പേരെയും കറന്റ് അഫയേര്‍സിന്റെ ചുമതല മാത്രം നല്‍കി ഒതുക്കിയെന്നും വന്നു വാര്‍ത്തകള്‍ . ഏതായാലും ഏഷ്യാനെറ്റ് ന്യൂസില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ആയിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമിയുടെ പുതിയ ചാനലിന്റെ തലപ്പത്ത് അവരോധിതനായി. ഏഷ്യാനെറ്റിലെ പ്രമുഖ വാര്‍ത്താ അവതാരകരായ മഞ്‌ജുഷ്‌ ഗോപാല്‍, ആരതി, കൊച്ചി ബ്യൂറോ ചീഫ്‌ ബിജു പങ്കജ്‌ എന്നിവരും ഉണ്ണിയോടൊപ്പം ഇനി മാതൃഭൂമിക്ക് വേണ്ടി കളിക്കാനിറങ്ങും. ഒന്ന് ചീഞ്ഞാലാണല്ലോ മറ്റൊന്നിനു വളമാവുക.. ഹര്‍ഷന്‍, മഹേഷ് ചന്ദ്രന്‍, ടി വി പ്രസാദ്, വിമല്‍ ജി നാഥ്, സനൂപ് ശശിധരന്‍, സന്ദീപ്, ഷുക്കൂര്‍ തുടങ്ങിയ ചെറുമീനുകളും ഏഷ്യാനെറ്റിന്റെ ആഗോളവലയില്‍ നിന്നും പുറത്തു ചാടിയിട്ടുണ്ട്.. ആസ്ട്രേലിയയില്‍ പോയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ വിക്കറ്റ്‌ പോകുന്ന പോലെയാണ് ഏഷ്യാനെറ്റില്‍ നിന്നും റിപ്പോര്‍ടര്‍മാരുടെ പടിയിറക്കം. കൂട്ടമായുള്ള കൊഴിഞ്ഞു പോക്ക് തടഞ്ഞില്ലെങ്കില്‍  രാത്രി ഒമ്പത് മണിക്കുള്ള ന്യൂസ്‌ ഹവര്‍ കാണാന്‍ ആളെ കിട്ടില്ല പറഞ്ഞേക്കാം. ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് കഴിഞ്ഞു കൂടുന്ന 'ഒ' സഹോദരന്മാരെ ഓര്‍ത്ത്‌ ആ ന്യൂസ്‌ ഹവര്‍ നിങ്ങള്‍ നിറുത്തല്ലേ മര്‍ഡോക്കെ..ഞമ്മളെ മീഡിയ വണ്‍ ഒന്ന് കാലുകുത്തും വരെയെങ്കിലും.
കൊഴിഞ്ഞു പോയ റിപ്പോര്‍ടര്മാരെ തിരിച്ചു കൊണ്ട് വരാം,'തിരിച്ചു വരവുകള്‍ ' എന്ന പരിപാടിയും വെക്കാം,   പക്ഷെ കൊഴിഞ്ഞു പോയ പ്രേക്ഷകരെ തിരിച്ചു കൊണ്ട് വരാന്‍ പറ്റിയില്ലെങ്കില്‍  'വന്‍വീഴ്ചകള്‍ ' എന്ന് വിലപിക്കേണ്ടി വരും. മലയാളിയുടെ കീശ കാലിയാക്കുന്ന എസ് എം എസ് റിയാലിറ്റി ഷോകള്‍ കൊണ്ട് ചാനലിനുള്ളിലെ കൊമ്പന്‍സ്രാവുകളും, ചെറുമീനുകളും ഒക്കെ  അന്നം മുട്ടാതെ കഴിയുന്നുണ്ടാകാം. പണ്ട് വേണു ചെയ്ത പോലെ  തങ്കഭസ്മക്കുറിയിട്ട...എന്ന പാട്ട് പാടിയോ, അതല്ലെങ്കില്‍  പ്രജുല ചെയ്ത പോലെ രാഷ്ട്രീയ നേതാവിന്റെ പേരിലെ ഒരക്ഷരം തെറ്റിച്ചു പച്ചത്തെറി  വിളിച്ചോ  ചാനല്‍റേറ്റ്‌ കൂട്ടാന്‍ സാങ്കേതിക വിദ്യ കൈവശപ്പെടുത്തിയവരാണ് നിങ്ങള്‍ . എത്ര മീനുകളെ കൊമ്പന്‍സ്രാവുകള്‍ വിഴുങ്ങിയാലും, ആ കൊമ്പന്‍ സ്രാവുകളെ ഒന്നാകെ വിഴുങ്ങാനുള്ള ശേഷി നിങ്ങള്‍ക്കുണ്ട്‌ എന്നുമറിയാം. ശക്തരില്‍ ശക്തന്‍ ഡിങ്കന്‍ എന്നാണല്ലോ..അറിയാതെ ബഹുമാനിച്ചതില്‍ സോറി...സാര്‍
ജോണ്‍ ബ്രിടാസിനെ ഏഷ്യാനെറ്റ്‌ റാഞ്ചിയപ്പോള്‍ , ഏഷ്യാനെറ്റില്‍ നിന്നും ശ്രീകണ്ടന്‍ നായരേ മനോരമ റാഞ്ചി. ശ്രീകണ്ടന്‍ നായര്‍ അവതരിപ്പിച്ചിരുന്ന നമ്മള്‍ തമ്മില്‍ അതോടെ ജഗദീഷിന്റെ കയ്യില്‍ കാക്ക തൂറിയ പോലെയായി. പിന്നീട് ദൂരദര്‍ശനില്‍ നിന്നും ചേക്കേറിയ അരുണായിരുന്നു ഈ ടോക് ഷോയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പരിപാടിയുടെ കടിഞ്ഞാണ്‍ ഇപ്പോള്‍  ജോണ്‍ ബ്രിടാസിന്റെ കയ്യിലാണ്..എന്തായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.  മനോരമ ന്യൂസില്‍ നിന്ന് ഏഷ്യാനെറ്റിലെത്തിയ കെ.പി ജയദീപിനെ എക്‌സിക്യുട്ടീവ് എഡിറ്ററായും തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി.ജി സുരേഷ് കുമാറിനെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായും  ഏഷ്യാനെറ്റ്‌ ചില പൊടിക്കൈകള്‍ പ്രയോഗിച്ചു നോക്കുമ്പോള്‍ മനോരമയും റിപ്പോര്‍ടറും ഒക്കെ മികച്ച 'കളിക്കാരെ' ലേലം ഉറപ്പിച്ചു സാന്നിധ്യമറിയിക്കുകയാണ്. ഡല്‍ഹി ഡയര്‍ ഡെവിള്‍സിനും, മുംബൈ ഇന്ത്യന്‍സിനും, ചെന്നൈ സൂപര്‍ കിങ്ങ്സിനും ഇടയില്‍ പെട്ട കൊച്ചിന്‍ ടാസ്കെര്സിനെ പോലെയായി ഇതിനിടയില്‍ ഇന്ത്യാവിഷന്റെ അവസ്ഥ...മായാവീ, ഡിങ്കാ..കപീഷ് എല്ലാരും ഒന്ന് ഓടി വരണെ..രക്ഷിക്കണേ.. വീണാ കേള്‍ക്കുന്നുണ്ടോ.
മലയാളം ചാനല്‍ രംഗം ആപതിച്ച ചെളിക്കുഴിയില്‍ നിന്നും ചില മുസ്ലിം ചാനലുകള്‍ മീനുകളെ തെരഞ്ഞു നടക്കുന്നുണ്ട്, അവരെ കുറിച്ച് എഴുതാന്‍ ഒരു വരവ് കൂടി വരേണ്ടി വരും..
 
 
ശിഷ്ടം: മുസ്ലിം വിഷയങ്ങളില്‍ ഈ മെയിലായും, മാറാടായും, മുടിയായും അങ്ങനെ ഇടയ്ക്കിടയ്ക്ക് അര മണിക്കൂര്‍ രാത്രി ചര്‍ച്ച.  മുസ്ലിം വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  ഷെയര്‍ , പരസ്യം അങ്ങനെ പലതും..പക്ഷെ മുസ്ലിം സമ്മേളനങ്ങള്‍ക്ക്  ലൈവ് മാത്രം കൊടുത്ത് കൂടാ.. ഇനി കൊടുത്താല്‍ തന്നെ അത്  ഇന്ത്യാ മഹാരാജ്യത്ത് മുമ്പ് ശ്വാസം പോലും വിടാന്‍ പാടില്ലെന്ന് പറഞ്ഞു ബലം പിടിച്ചു നടന്ന ജമാഅത്തെ ഇസ്ലാമിയുടെതും...ബെസ്റ്റ്‌ ബഷീറേ ബെസ്റ്റ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment