Tuesday, 13 March 2012

[www.keralites.net] ഒരു ഗള്‍ഫ്‌ പീഡനം

 

ഒരു ഗള്‍ഫ്‌ പീഡനം

ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ ഒളിഞ്ഞുനോക്കി. സത്യം പറയാല്ലോ. അവ്യക്‌തമായ ചില നിറങ്ങളും മണങ്ങളും എവിടെ നിന്നൊക്കെയോ മനസില്‍ വന്ന്‌ മുട്ടുന്നു. പൊതുവെ കുട്ടിക്കാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഒരാളാണ്‌ ഞാന്‍.സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ എന്റെ ബാല്യം എനിക്ക്‌ നല്‍കിയിട്ടില്ല. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നാലും തടകെട്ടി നിര്‍ത്തുന്നതാണ്‌ എന്റെ ശീലം. പൊതുവെ വളരെ സെന്‍സിറ്റീവായ പെണ്‍കുട്ടിയാണ്‌ ഞാന്‍. എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എന്നെ വന്നു തൊടും. അച്‌ഛന്‍ മരിച്ച കാര്യം ഓര്‍ത്താല്‍ ഞാന്‍ ഇപ്പോഴും കരയും. അതേ വികാരവിക്ഷുബ്‌ധതയോടെ കുഞ്ഞുന്നാളില്‍ മരിച്ചു പോയ എന്റെ നായ്‌ക്കുട്ടിയെ ഓര്‍ത്തും കരയും. കരയാന്‍ ഇഷ്‌ടപ്പെടുന്നയാളല്ല ഞാന്‍. വളരെ ബോള്‍ഡായ ഒരു പെണ്‍കുട്ടി എന്നാണ്‌ എന്നെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. എന്നിരുന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഓര്‍മ്മകളും കണ്ണുനീരും എല്ലാം മാറ്റിനിര്‍ത്തി ഒരു ജീവിതമുണ്ടോ? ഓര്‍മ്മകള്‍ അതിന്റെ ക്രമത്തില്‍ അടുക്കി വയ്‌ക്കാനൊന്നും എനിക്കറിയില്ല. എന്റെ മലയാളം പോലെയാണ്‌ എന്റെ ജീവിതവും. ഇന്നലെകളെക്കുറിച്ച്‌ പറയുമ്പോള്‍ പെട്ടെന്ന്‌ ഇന്ന്‌ കയറി വരും. ഇന്നിന്റെ സന്തോഷങ്ങളില്‍ മനസ്‌ തുള്ളിക്കളിക്കുമ്പോള്‍ ഇന്നലെകള്‍ ഓര്‍ത്ത്‌ വിതുമ്പും. ഞാന്‍ എന്തും നേരിടാന്‍ കെല്‍പ്പുള്ള പുതിയ കാലത്തിന്റെ പ്രതിനിധിയാണെന്ന്‌ വാഴ്‌ത്തുന്നവരുണ്ട്‌. മാതൃഭാഷപോലും നേരെചൊവ്വേ പറയാനറിയാത്ത താന്തോന്നിയെന്ന്‌ പരിഹസിക്കുന്നവരുമുണ്ട്‌. സത്യത്തില്‍ ഇത്‌ രണ്ടുമല്ല ഞാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണെന്ന്‌ എനിക്കുപോലും അറിയില്ല. അതാത്‌ സമയത്തെ തോന്നലുകളില്‍ നിന്നാണ്‌ എന്റെ പ്രവൃത്തിയും പ്രതികരണങ്ങളും. ഇവിടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും ഓര്‍മ്മകളുടെ ഒരു കൊളാഷാണ്‌. എല്ലാ കുറവുകള്‍ക്കും പരിമിതികള്‍ക്കുമിടയിലും രഞ്‌ജിനി ഹരിദാസ്‌ എന്ന എന്നെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക്‌

ഈ കുറിപ്പുകള്‍ സ്‌നേഹപൂര്‍വം സമര്‍പ്പിക്കുന്നു.

ദൃശ്യമാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ എനിക്ക്‌ മോശമായ അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.ഒന്നാമത്‌ ഞാന്‍ വളരെ രൂക്ഷമായി പ്രതികരിക്കുന്ന ആളാണെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഒരുമാതിരിപ്പെട്ട ആരും തന്നെ തമാശയുമായി എന്നോട്‌ അടുക്കാറില്ല.വളരെ ചെറുപ്രായത്തില്‍ സിനിമാ ഓഫറുകളെന്നും പറഞ്ഞ്‌ ചിലര്‍ എന്നെ വിളിച്ചിരുന്നു. ഒട്ടും വിശ്വാസ്യതയില്ലാത്ത ഹോട്ടലുകളില്‍ വച്ച്‌ ഓഡീഷന്‍. ഒന്നിച്ച്‌ പുറത്തു പോകാമെന്ന്‌ ക്ഷണങ്ങള്‍.ഒന്നിനും ഞാന്‍ വഴിപ്പെട്ടില്ല.കൂടുതല്‍ കളിച്ചാല്‍ ഞാന്‍ നേരെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടു പോകുമെന്ന്‌ അവര്‍ക്കും മനസിലായിട്ടുണ്ടാവണം. പക്ഷേ എത്ര കരുത്തുള്ള പെണ്‍കുട്ടിയും മനസറിയാതെ ചില കുരുക്കുകളില്‍ ചെന്നു പെടാം.രക്ഷിക്കാന്‍ ആരുമില്ലാത്ത അപകടകരമായ സന്ദര്‍ഭങ്ങളില്‍ എത്തിപ്പെട്ടെന്നും വരാം.അത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്‌. ഒരു ഗള്‍ഫ്‌ഷോയ്‌ക്ക് ഇടയിലാണ്‌ സംഭവം.ഞാന്‍, ജ്യോതിര്‍മയി, ജ്യോത്സ്‌ന, നൃത്തസംഘത്തിലെ കുറെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കൊപ്പം ജ്യോത്സ്‌നയുടെ അച്‌ഛനുമുണ്ട്‌.രാമു എന്നൊരാളാണ്‌ ഷോയുടെ സംഘാടകന്‍. പത്ത്‌ ഷോകളില്‍ ഞങ്ങള്‍ പങ്കെടുക്കണം. അതിനുളള പ്രതിഫലം ഒക്കെ തീരുമാനിച്ചു.വളരെ മാന്യമായാണ്‌ രാമു ഇടപെട്ടത്‌.ആ ഒരു വിശ്വാസത്തില്‍ ഞങ്ങള്‍ ദോഹയിലെത്തി. അജ്‌മാനിലാണ്‌ ഞങ്ങള്‍ക്ക്‌ താമസസൗകര്യം ഒരുക്കിയിരുന്നത്‌.ഷോയ്‌ക്കിടയില്‍ ചില തരികിടകള്‍ പതിവാണ്‌. സ്‌പോണ്‍സേഴ്‌സിനെ സുഖിപ്പിക്കേണ്ടി വരും. അങ്ങനെ ചില കലാപരിപാടികള്‍. എന്നെ അതിനൊന്നും കിട്ടില്ല. അജ്‌മാനിലാണ്‌ താമസം എന്ന്‌ പറഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു.

''
ഞാന്‍ എന്റെ ഫ്രണ്ട്‌സിനൊപ്പം താമസിച്ചു കൊള്ളാം''

എന്റെ കാര്യം സേഫായെങ്കിലും മൊത്തത്തില്‍ ചില താളപ്പിഴകള്‍ തുടക്കത്തിലേ കണ്ടു തുടങ്ങി.സംഘാടകര്‍ ആണ്‍കുട്ടികളെയെല്ലാം ഒരു ഹോട്ടലിലും പെണ്‍കുട്ടികളെ മറ്റൊരു ഹോട്ടലിലുമാണ്‌ താമസിപ്പിച്ചിരുന്നത്‌. രാത്രി ചില പെണ്‍കുട്ടികളുടെ റൂമിന്‌ മുന്നില്‍ മുട്ടലും തട്ടലും പതിവായി.ചില കുട്ടികളുടെ റൂമിലേക്ക്‌ കൂഴപ്പം പിടിച്ച ചില ഫോണ്‍ കോള്‍സ്‌ വരും.ഇതെല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു.

ഒരു ദിവസം രാമു എന്റെ അടുത്തു വന്ന്‌ പറഞ്ഞു.

''
രഞ്‌ജിനി, ഒരു സ്‌പോണ്‍സറുണ്ട്‌. അദ്ദേഹം രഞ്‌ജിനിയുടെ വലിയ ആരാധകനാണ്‌. വലിയ ബിസിനസുകാരനാണ്‌. രഞ്‌ജിനിക്ക്‌ ഒരു ഗിഫ്‌റ്റ് തന്നാല്‍ കൊള്ളാമെന്ന്‌ പറയുന്നു. എന്തു ചെയ്യണം''

അതില്‍ അപകടകരമായി ഒന്നും എനിക്ക്‌ തോന്നിയില്ല. വളരെ നിഷ്‌കളങ്കമായി ഞാന്‍ പറഞ്ഞു.

''
അതിനെന്താ എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക്‌ എന്നെ കാണാല്ലോ? ഞാന്‍ ഇവിടുണ്ടല്ലോ''

പക്ഷേ ഒപ്പമുള്ളവര്‍ക്ക്‌ ആ സമ്മാനദാനം അത്ര പന്തിയായി തോന്നിയില്ല.എന്നിട്ടും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു. അയാള്‍ വന്ന്‌ എന്നെ കണ്ടു. ഒരുമിച്ച്‌ ഒരു ഡ്രൈവ്‌ പോവുന്ന കാര്യം സൂചിപ്പിച്ചു.എന്റെ ഉള്ളില്‍ ദുരുദ്ദേശങ്ങളില്ലാത്തതു കൊണ്ട്‌ ഞാന്‍ സമ്മതിച്ചു.ദോഹയിലെ നഗരവീഥികളിലൂടെ കുറച്ച്‌ ദൂരം ഞങ്ങള്‍ യാത്ര ചെയ്‌തു. കാര്‍ ഏസിയായതു കൊണ്ട്‌ ഗ്‌ളാസ്‌ ഉയര്‍ത്തിയിട്ടാണ്‌ പോയത്‌. അതിലും അസ്വാഭാവികമായി ഒന്നും എനിക്ക്‌ തോന്നിയില്ല.അല്‍പ്പസമയം കഴിഞ്ഞ്‌ അയാള്‍ വല്ലാതെ പരിഭ്രമിക്കും പോലെ.എന്തോ കള്ളം കാണിക്കാന്‍ പോകുന്ന ഭാവം മുഖത്ത്‌.പെട്ടെന്ന്‌ അയാള്‍ ചോദിച്ചു.

''
ദൈവമേ എന്റെ ഭാര്യ ഇതു കണ്ടാല്‍ എന്തു വിചാരിക്കും?''

ആ ചോദ്യവും ഭാവവും കണ്ടപ്പോള്‍ കൂട്ടുകാരികള്‍ സൂചിപ്പിച്ചതു പോലെ എന്തോ കുഴപ്പം ഇതിലുണ്ടെന്നു തോന്നി.ഞാന്‍ ചോദിച്ചു.

''
ഭാര്യ കണ്ടാല്‍ എന്തു വിചാരിക്കാന്‍. നമ്മള്‍ തെറ്റൊന്നും ചെയ്യാന്‍ പോകുന്നില്ലല്ലോ?''

പെട്ടെന്ന്‌ അയാള്‍ ഒരു വഷളന്‍ ചിരി ചിരിച്ചു.ഞാന്‍ ശബ്‌ദം ഉയര്‍ത്തി പറഞ്ഞു.

''
ഗ്‌ളാസ്‌ താഴ്‌ത്തിയിടെടോ''

അയാള്‍ക്ക്‌ വീണ്ടും നൂറായിരം ആഗ്രഹങ്ങള്‍. എനിക്ക്‌ മൊബൈല്‍ വാങ്ങിത്തരണം.മറ്റ്‌ പലതും വാങ്ങിതരണം.ഒന്നും വേണ്ടെന്ന്‌ ഞാന്‍. നിര്‍ബന്ധം സഹിക്കവയ്യാതെ ഞാന്‍ പറഞ്ഞു.

''
ശരി, എങ്കില്‍ ലഞ്ച്‌ കഴിച്ചിട്ട്‌ പോകാം''

അങ്ങനെ ഭക്ഷണം കഴിഞ്ഞ്‌ ഞാന്‍ ഒരു ടാക്‌സിയെടുത്ത്‌ റൂമിലേക്ക്‌ തിരിച്ചു പോയി.

ഷോ കഴിയുമ്പോള്‍ രാത്രി 11-12 മണിയാവും.ഒരു ദിവസം ഷോ കഴിഞ്ഞ്‌ ബോട്ടിംഗിന്‌ പോകാമെന്ന്‌ രാമു പറഞ്ഞു.എല്ലാവരും ഉള്ളതുകൊണ്ട്‌ ഞാന്‍ സമ്മതിച്ചു.താമസസ്‌ഥലത്തു നിന്നും ഒന്നര മണിക്കൂര്‍ യാത്ര ചെയ്‌തു വേണം ബോട്ടിംഗ്‌ സ്‌ഥലത്ത്‌ എത്താന്‍.ജ്യോത്സ്‌നയുടെ അച്‌ഛനാണ്‌ ആകെയുള്ള ആണ്‍പ്രജ. ആ ധൈര്യം കൂടി കണക്കിലെടുത്താണ്‌ അസമയത്തും പോകാന്‍ ഞാന്‍ തയ്യാറായത്‌.പിന്നെ എന്ത്‌ വന്നാലും നേരിടാം, അതിജീവിക്കാം എന്ന സഹജമായ ധൈര്യം.

ഞങ്ങള്‍ ബോട്ടില്‍ കയറി കുറെദൂരം യാത്ര ചെയ്‌തു. കായലിന്‌ ഒത്തനടുവില്‍ എത്തിയപ്പോള്‍ എവിടെ നിന്ന്‌ എന്നില്ലാതെ കുറെ ആണുങ്ങള്‍ ബോട്ടിനുള്ളില്‍.അവരുടെ സംസാരവും രീതികളും അത്ര പന്തിയായി തോന്നിയില്ല.കൂട്ടുകാരികള്‍ ആകെ പരിഭ്രാന്തരായി.ജ്യോതിര്‍മയി ഭര്‍ത്താവ്‌ നിഷാന്തിനെ വിളിച്ചു കൊണ്ടേയിരിക്കുന്നു.ജ്യോത്സ്‌ന അച്‌ഛന്റെ അടുത്ത്‌ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാന്‍ രാമുവിനെ വിളിച്ചു പറഞ്ഞു.

''
ഞങ്ങള്‍ക്ക്‌ ഇറങ്ങണം''

രാമു ഉടന്‍ ടോണ്‍ മാറ്റി.

''
ഇവിടെ നിന്നാല്‍ എന്താണ്‌ പ്രശ്‌നം.ഇപ്പോള്‍ ഇറങ്ങാന്‍ പറ്റില്ല''

എനിക്ക്‌ പിന്നെ ദേഷ്യം പിടിച്ചാല്‍ കിട്ടാത്ത അവസ്‌ഥയായി.ഞാന്‍ എന്തൊക്കെയാണ്‌ പറഞ്ഞതെന്ന്‌ എനിക്കു തന്നെ അറിയില്ല.അവസാനം അടിക്കാന്‍ ഒരുങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ ജ്യോത്സ്‌നയും ജ്യോതിയും എന്നെ പിടിച്ചു നിര്‍ത്തി.എന്നിട്ടും എന്റെ ദേഷ്യം അടങ്ങിയില്ല.രാമുവിന്‌ മറുപടിയില്ലായിരുന്നു.അസമയത്ത്‌ ആരുമില്ലാത്ത സ്‌ഥലത്ത്‌ പെണ്‍കുട്ടികളെ കൊണ്ടു പോവുക, ഒരു പരിചവുമില്ലാത്ത ചിലര്‍ കള്ളും ഡാന്‍സുമായി ഒപ്പം വട്ടമിടുക. ഞാന്‍ അപ്പോള്‍ തന്നെ ബോട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയി.തിരിച്ച്‌ റൂമില്‍ വന്ന്‌ നാട്ടിലേക്ക്‌ തിരിക്കാന്‍ ഒരുങ്ങുമ്പോള്‍ അനുനയവുമായി രാമു ഒപ്പം കൂടി.ദേഷ്യം അടങ്ങിയെങ്കിലും വളരെ ദൃഢമായി ഞാന്‍ പറഞ്ഞു.

''
രാമു, നിങ്ങള്‍ ജീവിതത്തില്‍ പല പെണ്‍കുട്ടികളെ കണ്ടിട്ടുണ്ടാവും. അതില്‍ നിങ്ങളുടെ രീതികളുമായി യോജിക്കുന്നവരുണ്ടാകും. എല്ലാവരെയും അങ്ങനെ കാണരുത്‌.എന്നെ ഒട്ടും കാണരുത്‌''


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment