മലയാളിയുടെ കഴുത്തില്‍ മുറിവേല്‍പിച്ച് 81,000 റിയാല്‍ തട്ടിയെടുത്തു; മറ്റൊരാളെ തട്ടി വീഴ്ത്തി 8000 കവര്‍ന്നു
സാജിദ് ആറാട്ടുപുഴ
ദമ്മാം: ദമ്മാമില്‍ നിന്ന് പച്ചക്കറികള്‍ മൊത്തമായെടുത്ത് ബഹ്റൈനിലെ കടകളില്‍ വിതരണം ചെയ്യുന്ന മലയാളിയെ കഴുത്തിലും കൈയിലും കുത്തി മുറിവേല്‍പിച്ച് 81,000 റ ിയാല്‍ തട്ടിയെടുത്തു. ബഹ്റൈനിലെ മനാമയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍, ചാല സ്വദേശി കുഞ്ഞിവീട്ടില്‍ അശ്റഫ് ആണ് അക്രമത്തിന് ഇരയായത്. ഞായറാഴ്ച രാത്രി 11ഓടെ ദമ്മാം ഇബ്നു ഖല്‍ദൂന്‍ സ്ട്രീറ്റില്‍ അല്‍ മുഅ്ജില്‍ കെട്ടിടത്തിന് സമീപമായിരുന്നു സംഭവം. ഒന്നിടവിട്ട ദിവസങ്ങളില്‍ ദമ്മാമില്‍ എത്താറുള്ള ഇദ്ദേഹം ഭാര്യാസഹോദരന്റെ മുറിയില്‍ വിശ്രമിച്ചതിനു ശേഷമാണ് പച്ചക്കറികള്‍ വാങ്ങി മടങ്ങാറ്.
ഞായറാഴ്ച രാത്രി എട്ടോടെ രണ്ട് വാഹനങ്ങളിലായി എത്തിയ അശ്റഫും സഹോദരന്‍ നൗഫലും ടയോട്ട പച്ചക്കറി മാര്‍ക്കറ്റിലെത്തി ഓര്‍ഡര്‍ നല്‍കിയ ശേഷം ഭാര്യാ സഹോദരന്‍ സലീമിന്റെ വീട്ടില്‍ വിശ്രമിക്കാന്‍ ചെന്നതായിരുന്നു. അശ്റഫ് വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങിയ ഉടന്‍ തന്നെ സ്വദേശികളെന്ന് തോന്നിപ്പിക്കുന്ന രണ്ടുയുവാക്കള്‍ കത്തിയുമായി വളയുകയായിരുന്നുവെന്ന് പറയുന്നു. തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കഴുത്തിനും കൈക്കും മുറിവേല്‍പിച്ചത്. കഴുത്തിലെ മുറിവിന് ആഴമുണ്ട്. നിമിഷങ്ങള്‍ക്കകം കൈയില്‍ സൂക്ഷിച്ചിരുന്ന 81000 റിയാല്‍ തട്ടിയെടുത്ത് അക്രമികള്‍ ഓടി മറയുകയായിരുന്നു. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 50000 റിയാല്‍ അക്രമികളുടെ ശ്രദ്ധയില്‍ പെടാതിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല. ബഹളം കേട്ട് ഭാര്യാ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ചോരവാര്‍ന്നു നില്‍ക്കുന്ന അശ്റഫ് അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അതുകൊണ്ട് അക്രമികളെ തിരയാനോ പൊലീസില്‍ പരാതിപ്പെടാനോ നില്‍ക്കാതെ ഓടിക്കൂടിയവര്‍ അശ്റഫിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടുത്താനായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെ കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അശ്റഫും സഹോദരനും ബഹ്റൈനിലേക്ക് മടങ്ങി.
അതിനിടെ, ദമ്മാം സീക്കോ ബിള്‍ഡിങിന് സമീപം നാട്ടില്‍ പോകാനായി സാധനങ്ങള്‍ വാങ്ങാനെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കല്ലടി മുഹമ്മദലിയില്‍ നിന്ന് മറ്റൊരു അക്രമി 8000 റിയാല്‍ കവര്‍ന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുന്നുവെന്ന വ്യാജേന എതിരെ വന്ന യുവാവ് അശ്രദ്ധമായി മുഹമ്മദലിയുടെ കാലില്‍ തട്ടി. വീഴാന്‍ ഒരുങ്ങിയ മുഹമ്മദലിയെ സ്നേഹപൂര്‍വം പിടിച്ചെഴുന്നേല്‍പിച്ച് ക്ഷമ ചോദിച്ച് യുവാവ് പോയി. എത്ര നല്ല ചെറുപ്പക്കാരന്‍ എന്നു ചിന്തിച്ച് കടയില്‍ എത്തി സാധനങ്ങള്‍ വാങ്ങി കാശ് നല്‍കാനായി പഴ്സ് തപ്പുമ്പോഴാണ് പണം നഷ്ടമായത് അറിയുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് 'ഗള്‍ഫ് മാധ്യമം' നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
No comments:
Post a Comment