| | സ്വര്‍ഗമെന്ന് കേള്‍ക്കാത്തവര്‍ ആരും കാണില്ല. എന്നാല്‍ ആരെങ്കിലും അവിടെ പോയിട്ടുളളതായി അറിവുണ്ടോ? നാല് തവണ സ്വര്‍ഗത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്ന അവകാശവാദവുമായി ഇതാ ഒരാള്‍ രംഗത്ത് എത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നതാല്‍ സ്വദേശിയായ സിബസിസോ എംതേബു എന്നയാളാണ് നാല് തവണ സ്വര്‍ഗത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുളളത്! താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുളളവര്‍ക്ക് വ്യക്‌തമായി മനസ്സിലാവാന്‍ വേണ്ടി എംതേബു സ്വര്‍ഗത്തിന്റെ ഭൂപടവും വരച്ചു തുടങ്ങി! 1993 ല്‍ ഒരു മാലാഖ തന്നെ സന്ദര്‍ശിച്ചതാണ് തന്റെ സ്വര്‍ഗ സന്ദര്‍ശനത്തിന് കാരണമാവുന്നത് എന്ന് എംതേബു പറയുന്നു. ആദ്യത്തെ സന്ദര്‍ശനം 1998 ല്‍ ആയിരുന്നു. പിന്നീട്, 2004, 2006, 2008 എന്നീ വര്‍ഷങ്ങളിലും എംതേബു സ്വര്‍ഗത്തില്‍ പോയത്രെ! മൊത്തം 11 സ്വര്‍ഗങ്ങളാണ് ഉളളത്. അഞ്ചാം സ്വര്‍ഗമായ 'ക്രിസ്‌റ്റ'യിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത് എന്നും അവിടെ 'ഷാര്‍മണി' എന്ന നഗരത്തില്‍ വച്ച് ജീസസിനെ കണ്ടു എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ശാലേം എന്ന പ്രധാന നഗരത്തിലാണത്രെ ദൈവത്തിന്റെ ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്. ദൈവം യുവാവാണ് എന്നും താരതമ്യേന വെളുത്ത നിറമാണ് എന്നും എംതേബു വിശദീകരിക്കുന്നു. മെയില്‍ ലോകാവസാനം സംഭവിക്കും എന്ന പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് എംതേബു പറയുന്നത്. സ്വര്‍ഗ സന്ദര്‍ശനത്തിനിടെ താന്‍ പങ്കെടുത്ത ഒരു കൂടിക്കാഴ്‌ചയില്‍ സാത്താനെതിരെയുളള യുദ്ധം മെയ് 23 ന് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍, അന്ത്യദിനത്തിന്റെ കൗണ്ട് ഡൗണ്‍ ആ ദിവസം ആരംഭിക്കുമെന്ന് കണക്കാക്കാം എന്നും 'സ്വര്‍ഗ സഞ്ചാരി' അഭിപ്രായപ്പെടുന്നു. എന്നാല്‍, താന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ഗത്തിന്റെ ഭൂപടത്തെ കുറിച്ച് എംതേബുവിന് അടക്കാനാവാത്ത ഉത്‌കണ്‌ഠയുണ്ട്. തന്റെ സൃഷ്‌ടി മറ്റുരാജ്യക്കാര്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ആദ്യമായി സ്വര്‍ഗത്തിന്റെ ഭൂപടം പ്രസിദ്ധീകരിച്ചത് എന്ന കാര്യം വിസ്‌മരിക്കപ്പെടും എന്നതാണ് ഇദ്ദേഹത്തിന്റെ ഭയം. അതിനാല്‍, സ്വര്‍ഗത്തിന്റെ ഭൂപടത്തിന് പേറ്റന്റ് നേടാനും എംതേബു തീരുമാനിച്ചു! |
No comments:
Post a Comment