Dear Readers,
From: Jinto P Cherian <jinto512170@yahoo.com>
Sent: Fri, 23 Mar 2012 22:26:01
To: Keralites <Keralites@yahoogroups.com>
Subject: [www.keralites.net] പത്ര ഏജന്റുമാരുടെ സമരം: തോല്‍ക്കുന്നതാര് ?
കേരളത്തിലെ പത്ര ഏജന്റുമാരുടെ സംഘടന വിവിധ ആവശ്യങ്ങളുന്നയിച്ച് തിരഞ്ഞെടുത്ത പത്രങ്ങള്‍ക്കെതിരേ ഏതാനും ദിവസങ്ങളായി സമരത്തിലാണ്. മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ക്കെതിരായതുകൊണ്ട് അത് നേരും നെറിയുമുള്ള വര്‍ഗസമരമാണ് എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. നഴ്‍സുമാരുടെ സമരം പോലെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട ഒരു സമരമാണിതെന്നു ചിലര്‍ വിശേഷിപ്പിക്കുന്നു. പത്ര ഏജന്റുമാര്‍ നല്‍കന്ന സേവനം വിലമതിക്കപ്പെടാനാവാത്തതാണ് എന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷങ്ങളായി പത്രവിതരണരംഗത്ത് പ്രവര്‍ത്തിക്കുന്ന പാവപ്പെട്ട ഏജന്റുമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് പേരിന് നാലഞ്ചു പത്രവുമായി സംഘടനയുണ്ടാക്കി സമരം ചെയ്യുന്നവര്‍ ദ്രോഹിക്കുന്നത് പത്രവിതരണം കൊണ്ട് ഉപജീവനം നടത്തുന്ന സാധാരണക്കാരായ ഏജന്റുമാരെയും വായനക്കാരെയുമാണ്.
കമ്മീഷന്‍ 50 ശതമാനമാക്കുക, അമിതമായി വരുന്ന സപ്ലിമെന്റുകളുടെ വിതരണത്തിന് അധികം കമ്മീഷന്‍ അനുവദിക്കുക, സപ്ലിമെന്റുകള്‍ പത്രത്തിനുള്ളില്‍ അടക്കി വിതരണത്തിനെത്തിക്കുക, അല്ലെങ്കില്‍ അതിന് പ്രത്യേക കൂലി നല്‍കുക, ഏജന്റ് ആവശ്യപ്പെട്ടതില്‍ അധികം പത്രം വിതരണത്തിനയക്കാതിരിക്കുക തുടങ്ങിയവയാണ് ഏജന്റുമാരുടെ ആവശ്യം. നിലവില്‍ വില്‍ക്കുന്ന ഓരോ കോപ്പിക്കും പ്രതിമാസം 32 രൂപ 50 പൈസ വീതമാണ് മലയാളപത്രങ്ങള്‍ ഏജന്റുമാര്‍ക്കു നല്‍കുന്നത്. പത്രങ്ങളുടെ മറ്റു പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുമ്പോള്‍ 25 ശതമാനം വീതവും ട്രേഡ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.
പത്രവിതരണം നഴ്‍സിങ് പോലെയൊരു തൊഴിലാണെന്ന് എന്നു വാദിച്ച് സമരത്തിനു ധാര്‍മികപിന്തുണ നല്‍കുന്നവര്‍ ചോദ്യം ചെയ്യുന്നത് സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനും വായനക്കാരന്റെ അവകാശത്തിനും സാധുത നല്‍കുന്ന മൗലികാവകാശങ്ങളെയാണ്. എന്തുകൊണ്ട് ഇത് നഴ്‍സിങ് പോലെയാകുന്നില്ല എന്നാവും അടുത്ത ചോദ്യം ? ഒന്നാമത് പത്രവിതരണം എന്നത് ഒരു വിദഗ്ധതൊഴില്‍മേഖലയല്ല. പത്രസ്ഥാപനവും ഏജന്റും തമ്മിലുള്ളതു തൊഴിലുടമ- തൊഴിലാളി ബന്ധവുമല്ല. പത്രവിതരണം ഒരു പാര്‍ട്ട് ടൈം ജോലിയാണ്. എന്നാല്‍ വിതരണത്തിന് ആളെ കിട്ടാനില്ല എന്നതാണ് ഏജന്റുമാരും പത്രസ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധി. പത്രവിതരണം സാധ്യമായില്ലെങ്കില്‍ പത്രപ്രവര്‍ത്തനം പൂര്‍ണമാവില്ല. കമ്മിഷന്‍ വ്യവസ്ഥയിലുള്ള കേരളത്തിലെ പത്രവിതരണസംവിധാനം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്ഥാപനങ്ങളും ഏജന്റുമാരുമായി ഒരുമിച്ചിരുന്നുള്ള ആലോചനകളാണ് ആവശ്യം.ഏജന്റുമാരെ വരുതിയിലാക്കി സ്ഥാപനങ്ങള്‍ക്കെതിരേ സമരം ചെയ്യിക്കുന്നതിലൂടെ സംഘടനാനേതാക്കള്‍ വഞ്ചിക്കുന്നത് സാധാരണ ഏജന്റുമാരെയാണ്.
കേരളത്തില്‍ ഏതു ചെകുത്താന്‍ ഹര്‍ത്താല്‍ നടത്തിയാലും പാല്‍ പത്രം തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട് എന്നു പ്രഖ്യാപിക്കാറുണ്ട്. അത്തരത്തിലൊരു അവശ്യസര്‍വീസ് മുടക്കുമ്പോള്‍ അത് തിരഞ്ഞെടുത്ത പത്രങ്ങള്‍ക്കെതിരേ മാത്രമാണ് എന്നുറക്കെ പറയാനുള്ള തൊലിക്കട്ടിയുള്ള സംഘടനയുടെ വര്‍ഗസ്നേഹം സമീപകാലത്തെ ഏറ്റവും വലിയ കോമഡിയാണ്. ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക തുടങ്ങിയ പാര്‍ട്ടി പത്രങ്ങള്‍ വിതരണം ചെയ്യും, എന്നാല്‍, ആ പത്രങ്ങള്‍ നല്‍കുന്നതിനെക്കാള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന, കോപി കൂടുതലുള്ള പത്രങ്ങള്‍ വിതരണം ചെയ്യില്ല എന്ന നിലപാടെടുക്കുന്ന സംഘടന ഏജന്റുമാകെ ഉദ്ധരിക്കുമെന്ന് എനിക്കു പ്രതീക്ഷയില്ല. മനോരമയും മാതൃഭൂമിയുമൊക്കെ കിട്ടാതാവുമ്പോള്‍ ആളുകള്‍ ദേശാഭിമാനി വരുത്തി വായിക്കുമെന്നും സമരം കഴിയുമ്പോഴേക്കും ആളുകള്‍ ദേശാഭിമാനി അഡിക്ടാവുമെന്നും അങ്ങനെ അഭിമാനിക്ക് 35 ലക്ഷം സര്‍ക്കുലേഷനാകുമെന്നും വിശ്വസിക്കുന്നവരാണ് സമരം നയിക്കുന്നതെങ്കില്‍ സ്ഥിതി പരിതാപകരമാണ്.
പാര്‍ട്ടി പത്രങ്ങള്‍ ലാഭം ലക്ഷ്യമാക്കാതെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി മാത്രം നടത്തുന്നതു കൊണ്ടാണ് അവറ്റയെ സമരത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും കൊളളലാഭം ഉണ്ടാക്കുകയും ന്യായമായ കമ്മീഷന്‍ തരാതിരിക്കുകയും ചെയ്യുന്ന മറ്റു പത്രങ്ങള്‍ക്ക് ഈ പരിഗണന നല്‍കാനാവില്ലെന്നുമാണ് സംഘടന വിശദീകരിക്കുന്നത്.വളരെ രസകരമായി തോന്നി ഈ വിശദീകരണം. പാര്‍ട്ടി പത്രങ്ങള്‍ക്ക് ലാഭം കുറവായതുകൊണ്ട് ലാഭം കൂടുതലുള്ള പത്രങ്ങള്‍ മുടക്കണം എന്നു പറയുന്ന സംഘടന വെല്ലുവിളിക്കുന്നത് ആരെയാണ് എന്നത് വളരെ വ്യക്തമാണ്.ഈ കൊള്ളലാഭം എന്താണെന്നും എനിക്കു മനസ്സിലായില്ല. എല്ലാ പത്രങ്ങളും ഒരേ വിലയ്‍ക്ക് വില്‍ക്കുന്ന നാട്ടില്‍ ചില പത്രങ്ങള്‍ കൊള്ളലാഭമുണ്ടാക്കുന്നു എന്നു പറയുന്നതിന്റെ യുക്തി തീരെ പിടികിട്ടുന്നില്ല. മനോരമയ്‍ക്കും മാതൃഭൂമിക്കുമൊക്കെ ധാരാളം പരസ്യം കിട്ടുന്നുണ്ട് അതു കൊണ്ട് അതിന്റെ ഒരോഹരി വേണം എന്നാണോ ഉദ്ദേശിക്കുന്നത് ? അതേ സമയം, പാര്‍ട്ടിക്കാരെ പേടിച്ചിട്ടാണ് പാര്‍ട്ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നത് എന്നു സംഘടനാ നേതാക്കള്‍ തന്നോടു പറഞ്ഞതായി മുഖ്യമന്ത്രി പറയുന്നു. ഇവിടെ അപ്പോള്‍ ആരാണ് വില്ലന്‍ ?
ഏജന്റുമാരുടെ സമരം പൊളിക്കാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നു എന്നാണ് പുതിയ ആരോപണം. ഏജന്റിനു സമരം ചെയ്യാം, പത്രം വിതരണം ചെയ്യാതിരിക്കാം. എന്നാല്‍, ഞാന്‍ വിതരണം ചെയ്യാത്ത പത്രം അത് അച്ചടിക്കുന്നവനും വിതരണം ചെയ്യാന്‍ പാടില്ല, എന്റെ കയ്യില്‍ നിന്നല്ലാതെ ആരും അതു വാങ്ങി വായിക്കാന്‍ പാടില്ല എന്നു പറയുമ്പോള്‍ സംഗതി എവിടേക്കാണ് നീങ്ങുന്നത് എന്നാലോചിക്കണം. ഏജന്റിന്റെ സഹായമില്ലാതെ പത്രമോഫിസില്‍ പോയി പത്രം വാങ്ങുന്ന വായനക്കാരനെതിരേ പ്രതിഷേധിക്കാന്‍ സ്കോപില്ലാത്തതിനാലാവണം ഓഫിസുകളില്‍ നിന്നു പത്രം എടുത്ത് വിതരണം ചെയ്യുന്ന റസിഡന്‍സ് അസോസിയേഷനുകളെയും സമരം തുടങ്ങിയതിനു ശേഷം രൂപം കൊണ്ട വായനക്കാരുടെ കൂട്ടായ്മകളെയും സംഘടനകളെയുമൊക്കെ മൂരാച്ചികളായി മുദ്രകുത്തുന്നത്.
കേരളത്തില്‍ ഏതു പത്രം വേണമെങ്കിലും വരുത്താനും നിറുത്താനും ആളുകള്‍ക്ക് അവകാശമുണ്ട്. ആളുകള്‍ മനോരമയും മാതൃഭൂമിയും വായിക്കുന്നതു തടയാന്‍ ബലപ്രയോഗം ഒരു നല്ല മാര്‍ഗമല്ല. സംഘടന മുന്നോട്ടു വയ്‍ക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പേടേണ്ടതു തന്നെയാണ്, എന്നാല്‍ ആ ആവശ്യങ്ങളുടെ ചൂണ്ടയില്‍ കോര്‍ത്ത് ഏജന്റുമാരെ പാര്‍ട്ടി പത്രങ്ങളുടെ ചുമട്ടുകാരാക്കാനുള്ള ശ്രമം വിജയിക്കാന്‍ സാധ്യത കുറവാണ്. വെളുപ്പാന്‍ കാലത്ത് ഉറക്കമിളച്ച് പത്രക്കെട്ടുകള്‍ ചുമന്ന് കാടും മലയും താണ്ടി പത്രം രാവിലെ തന്നെ വീട്ടിലെത്തിക്കുന്ന ഏജന്റിന് എത്ര കൊടുത്താലും മതിയാവില്ല എന്നു വായനക്കാരന്‍ എന്ന നിലയ്‍ക്ക് എനിക്കും തോന്നാറുണ്ട്. അതേ ഏജന്റ് നീയൊന്നും പത്രം വായിക്കേണ്ടെന്നു പറയുമ്പോള്‍ വായനക്കാരന്‍ പ്രകോപിതനാകുന്നതും അതുകൊണ്ടാവാം.
മനോരമയെയും മാതൃഭൂമിയെയും എതിര്‍ക്കാത്ത ഒരു പോസ്റ്റ് എന്ന നിലയ്‍ക്ക് ഇതിനെ കൂലിയെഴുത്ത് എന്നു വിളിച്ച് എന്നെ നാലു തെറിയും വിളിച്ച് വിപ്ലവകാരികള്‍ക്ക് പോകാം. മനോരമ,മാതൃഭൂമികള്‍ അടച്ചുപൂട്ടുകയും കേരളക്കരയാകെ ദേശാഭിമാനി ജനയുഗങ്ങള്‍ അലയടിക്കുകയും ചെയ്യുന്ന ചൈനക്കാലം ഉടനെയെങ്ങും സംജാതമാകുമെന്നു തോന്നുന്നില്ല.അതിന് എന്നെ തിന്നാന്‍ വന്നിട്ടു കാര്യമില്ല. വായനക്കാര്‍ ചെറ്റകള്‍, അവരാണല്ലോ ഇതൊക്കെ തീരുമാനിക്കുന്നത്. അടുത്ത സമരം അവര്‍ക്കെതിരെയാകട്ടെ
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment