സിനിമ കിളവന്‍മാരുടെ കലയാണെന്ന് പ്രമുഖ ചവിട്ടുനാടക കലാകാരന്‍ ജോര്‍ജ്ജൂട്ടി പറഞ്ഞു. ഉപ്പുതറയില്‍ ആരംഭിക്കുന്ന ചവിട്ടുനാടക ഫെസ്റ്റിവലിന്റെ സംഭാവന കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്ജൂട്ടി. ചവിട്ടുനാടകമാണ് സത്യസന്ധമായ കലാരൂപം. കുട്ടികള്‍ ചെറുപ്പത്തില്‍ പലതും പഠിക്കുന്നത് ചവിട്ടില്‍ നിന്നാണ്. ആ ചവിട്ടില്‍ നിന്നുണ്ടായ കലാരൂപമെന്ന നിലയ്ക്ക് ചവിട്ടുനാടകത്തിന് ചരിത്രവുമായും പ്രകൃതിയുമായും ബന്ധമുണ്ട്. എന്നാല്‍, അടുത്ത കാലത്തായി എന്തുകൊണ്ടോ കേരളത്തിലെ ജനങ്ങള്‍ക്ക് കിളവന്മാരുടെ കലയായ സിനിമയോടാണ് താല്‍പര്യം. ഏജ് ഓവറായ കിളവന്‍മാര്‍ ചെറുപ്പക്കാരായി അഭിനയിക്കുന്ന സിനിമകള്‍ കാണുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. ഇത് ചെറുക്കപ്പെടേണ്ടതാണെന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു.
സിനിമ പുരോഗമനം പ്രാപിച്ച കലയാണെന്നാണ് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നത്. എന്നാല്‍ വാതവും മറ്റും മൂലം കയ്യും കാലും പൊങ്ങാത്ത കിളവന്‍മാരെ ക്രെയിനില്‍ തൂക്കിയെടുത്താണ് സ്റ്റണ്ട് രംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.യാതൊരു ശാരീരിക അധ്വാനവുമില്ലാത്ത കലാരൂപമാണ് സിനിമ. കിളവന്‍മാര്‍ മേക്കപ്പിട്ട് എസി കാരവാനിനുള്ളില്‍ വെടിപറഞ്ഞിരിക്കുകയും സാര്‍ ഷോട്ട് റെഡി എന്നു പറയുുമ്പോള്‍ പോയി എന്തെങ്കിലും ഗോഷ്ഠി കാണിച്ചിട്ട് തിരികെ വന്നിരുന്ന് കോടികള്‍ വാങ്ങിച്ചുകൊണ്ടുപോവുകയാണ്. ഇത്തരത്തില്‍ എല്ലാ കലാരൂപങ്ങളോടുമുള്ള വെല്ലുവിളിയാണ് സിനിമയിലൂടെ ഈ കിളവന്‍മാര്‍ നടത്തുന്നത്. നടിമാരുമായും മറ്റും കെട്ടിമറിയുന്നതിനാണ് ഈ കിളവന്‍മാര്‍ കാശു വാങ്ങുന്നത്. എന്നാല്‍, സാധാരണക്കാരന് ഏതെങ്കിലും നടിയുമായി കെട്ടിമറിയണമെങ്കില്‍ കാശ് അങ്ങോട്ടു കൊടുക്കേണ്ട സ്ഥിതിയാണ്- ജോര്‍ജ്ജൂട്ടി പറഞ്ഞു.
ചവിട്ടുനാടകമാണ് കേരളത്തിന് അനുയോജ്യമായ കലാരൂപം. ശാരീരിക അധ്വാനമുള്ള ഒരേയൊരു കലാരൂപമാണിത്. ഓരോ ചവിട്ടിലും ചെലുത്തുന്ന ശക്തി മിക്കവാറും രോഗങ്ങളെയും അകറ്റിനിര്‍ത്തും. താന്‍ കഴിഞ്ഞ അറുപത് വര്‍ഷമായി ചവിട്ടുനാടകം കളിക്കുന്നുണ്ടെന്നും തന്റെ ചിലഭാഗത്തെയൊഴിച്ചുള്ള ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകേയില്ല എന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു. അറിയപ്പെടുന്ന ചവിട്ടുകാരനായതുകൊണ്ടാണ് തന്നെ ചവിട്ടുനാടകം ഫെസ്റ്റിവലിന്റെ സംഭാവനകൂപ്പണ്‍ വില്‍ക്കാന്‍ ക്ഷണിച്ചതെന്നും സിനിമയോടുള്ള ആക്രാന്തം കുറച്ച് ആളുകള്‍ ചവിട്ടുനാടകത്തെ സ്‌നേഹിച്ചു തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപ്പുതറയില്‍ നിന്നും ചവിട്ടുനാടകം കേരളത്തിലെ എല്ലായിടത്തേക്കും വ്യാപിക്കുന്നതാണ് തന്റെ സ്വപ്നം. സിനിമയ്ക്കു കൊടുക്കുന്നതുപോലെ സംസ്ഥാന ചവിട്ടുനാടക അവാര്‍ഡുകള്‍ നല്‍കുകയും സിനിമക്കാര്‍ അമ്മ സംഘടന രൂപീകരിച്ചതുപോലെ ചവിട്ടുനാടക കലാകാരന്മാര്‍ക്കു വേണ്ടി ചന്ത എന്ന പേരില്‍ സംഘടന രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത കാലത്തിറങ്ങിയ തയ്യല്‍ക്കാരി എന്ന സിനിമയില്‍ തയ്യല്‍മെഷീനില്‍ കാല്‍ കുടുങ്ങിയ നായികയുടെ തുട മെഷീനില്‍ നിന്നും രക്ഷിക്കുന്ന സീനില്‍ ജോര്ജ്ജൂട്ടി അഭിനയിച്ചിരുന്നു. സിനിമയ്‌ക്കെതിരേ സംസാരിക്കുന്ന ജോര്‍ജ്ജൂട്ടി എങ്ങനെ അതിനെ ന്യായീകരിക്കും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഒരു ചവിട്ടുനാടകക്കാരനു മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന വേഷമായതിനാലാണ് താന്‍ തുടസീനില്‍ അഭിനയിച്ചതെന്നും ആ സീനിലൂടെ ചവിട്ടുനാടകരംഗം സിനിമയുടെ മുകളിലുള്ള വിജയം പ്രഖ്യാപിക്കുകയായിരുന്നെന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു. ചവിട്ടുനാടകകം ജനങ്ങളിലേക്കെത്തിക്കാന്‍ പഴയ രീതികളെ കൈവിട്ട് ചവിട്ടുനാടകം ഷൂട്ട് ചെയ്ത് സിനിമയായി തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അത്തരത്തില്‍ തിരുവനന്തപുരം കൈരളിയിലും എറണാകുളം ഷേണായീസിലും കോഴിക്കോട് അപ്‌സരയിലും നാലും അഞ്ചും ഷോ ചവിട്ടുനാടകം കളിക്കുന്ന കാലമാണ് തന്റെ സ്വപ്നമെന്നും വികാരാധീനനായി വിതുമ്പവേ ജോര്‍ജ്ജൂട്ടി ഒരുവിധം പറഞ്ഞൊപ്പിച്ചു.
കുറിപ്പ്: ക്രിക്കറ്റ് മടിയന്‍മാരുടെ കളിയാണെന്നും ശരീരം അനങ്ങി കളിക്കുന്ന ഒരേയൊരു കളി ഫുട്‌ബോളാണെന്നും കോഴിക്കോട്ട് ഇ.കെ.നായനാര്‍ സ്മാരക ഫഉട്‌ബോളിന്റെ ടിക്കറ്റ് വില്‍പനാവേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതുമായി ഇതിന് ജീവിച്ചിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കും.
No comments:
Post a Comment