സ്വകാര്യ ബില്ലിന്റെ കരട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വി.ടി.ബല്‍റാം എം.എല്‍.എയുടെ നടപടിയില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബല്‍റാം സഭയിലെ നവാഗത എം.എല്‍.എ ആയതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ബല്‍റാമിന്റെ നടപടി ചട്ടവിരുദ്ധവും അവകാശ ലംഘനവുമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അവതരണാനുമതി തേടിയിട്ടില്ലാത്ത കരട് ബില്ലാണ് പൊതുജനാഭിപ്രായം തേടാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യത പ്രയോജനപ്പെടുത്തി എം.എല്‍.എ പുറത്തുവിട്ടത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണു ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കരട് ബില്‍. ഇതിനകം നൂറ് കണക്കിന് കമന്റുകള്‍ ഇതിനു കിട്ടുകയും ചെയ്തു. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നതാണു കരട് മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദേശം. നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചാണ് സ്വകാര്യ ബില്ലിന്റെ കരട് ഫേസ് ബുക്കില്‍ വി.ടി. ബല്‍റാം എംഎല്‍എ പ്രസിദ്ധപ്പെടുത്തിയതെന്നു പറഞ്ഞ് ചില പ്രമുഖ മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സ്വകാര്യ ബില്‍ പൊതുജനാഭിപ്രായം തേടാന്‍ വിടണമെങ്കില്‍ നിയമം അനുശാസിക്കുന്ന ചില നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെയാണു ബല്‍റാം സ്വകാര്യ ബില്ലിന്റെ കരട് ഫേസ് ബുക്കില്‍ ചര്‍ച്ചയ്ക്കായി പ്രസിദ്ധപ്പെടുത്തിയതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. സഭയില്‍ സ്വകാര്യ ബില്ലിന്റെ കരട് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി അവതരണാനുമതി പ്രമേയം അവതരിപ്പിച്ചു പാസാക്കണം. അങ്ങനെ അനുമതി കിട്ടിയാല്‍ പ്രമേയം അവതരിപ്പിച്ചു സംസാരിക്കാന്‍ സ്പീക്കര്‍ സമയം നല്‍കും. സ്വകാര്യ ബില്‍ പാസാക്കുന്നതു പൊതുവെ ഭരണപക്ഷം അനുകൂലിക്കാറില്ല. അവതരിപ്പിച്ച ആള്‍ തന്നെ പ്രമേയം പിന്‍വലിക്കുകയോ, സഭ വോട്ടിനിട്ടു തള്ളുകയോ ആണു പതിവ്. ചിലപ്പോള്‍ ഔദ്യോഗിക ബില്ലായി പിന്നീടു പരിഗണിക്കാമെന്ന് ഉറപ്പു നല്‍കുകയും അങ്ങനെ ചെയ്യുകയും ചെയ്യും. ഈ നപടികള്‍ക്കൊക്കെ ശേഷമാണു ബില്‍ സബ്ജക്ട് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്‌ക്കോ പൊതുജനാഭിപ്രായം തേടാനോ വിടുന്നത്. സഭയുടെ ചരിത്രത്തില്‍ ഇതുവരെ അഞ്ചു ബില്ലുകളാണു പൊതുജനാഭിപ്രായം തേടാന്‍ വിട്ടിട്ടുള്ളത്. അഞ്ചും ഔദ്യോഗിക ബില്ലുകളായിരുന്നു. സഭയുടെ ചരിത്രത്തില്‍ ഒരു സ്വകാര്യ ബില്‍ മാത്രമാണു നിയമമായത്. 1957ല്‍ എംഎല്‍എമാരുടെ വേതനം സംബന്ധിച്ച് ഉമേഷ് റാവു അവതരിപ്പിച്ച സ്വകാര്യ ബില്ലായിരുന്നു അത്. വി.ടി. ബല്‍റാം സ്വകാര്യ ബില്ലിനു നോട്ടീസ് നല്‍കുക മാത്രമാണു ചെയ്തത്. നിയമസഭാ അംഗങ്ങള്‍ക്കു കരട് അച്ചടിച്ചു വിതരണം ചെയ്തിട്ടില്ല. അതുപോലും പൂര്‍ത്തിയാക്കുംമുന്‍പു പൊതുജനാഭിപ്രായ രൂപീകരണത്തിനു കരട് ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയതു ഗുരുതരമായ ചട്ടലംഘനമാണെന്നാണു ആരോപിച്ചായിരുന്നു മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ ജനങ്ങള്‍ എം.എല്‍.എയ്ക്ക് അനുകൂലമായാണ് പ്രതികരിക്കുന്നത്. വി.ടി. ബല്‍റാം ചെയ്തത് പൂര്‍ണ്ണമായും ശരിയാണെന്നും പൊതുജനങ്ങളോട് അഭിപ്രായം ആരായുന്നതില്‍ തെറ്റില്ലെന്നുമാണ് ബഹുഭൂരിപക്ഷം ആളുകളും പറയുന്നത്. നമ്മള്‍ ജീവിക്കുന്നത് പഴയ കാലഘട്ടത്തിലല്ലെന്നും ഈ 21ം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയുന്നതിനും അഭിപ്രായം പറയുന്നതിനും അവസരം ഉണ്ടാകണമെന്നും ആളുകള്‍ പറയുന്നു |
No comments:
Post a Comment