Tuesday, 3 January 2012

[www.keralites.net] നായരവധി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

 

നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകന്‍ മന്നത്ത് പത്മനാഭ പിള്ളയുടെ ജന്മദിനമായ ജനുവരി രണ്ടിന് നായന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധി നല്‍കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. 'നിയന്ത്രിത അവധി' എന്ന ഓമനപ്പേരിലാണ് ഈ അശ്ലീലം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഇതുപോലെ മുസ്ലിംങ്ങള്‍ക്ക് നിയന്ത്രിത അവധി നല്‍കുകയുണ്ടായി. പലജാതിക്കാരുടെയും ഉപജാതികളുടെയും മതത്തിന്റെയും പേരില്‍ ഇനിയും നിയന്ത്രിത അവധികള്‍ വരാനിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്.
കേരളത്തിലേത് ഒരു മത ഭരണകൂടമാണോ എന്ന് സംശയിക്കും വിധമാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. കേരളീയ സമൂഹത്തെ പുറകോട്ടു വലിക്കുന്ന തീരുമാനമെന്നാണ് ചിലരെങ്കിലും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പഴമയിലേക്കുള്ള ഒരു പിന്‍മടക്കമായി ഇതിനെ കാണാനാവില്ല. കേരളീയ സമൂഹത്തിന്റെ നവീനമായ രൂപപ്പെടലാണിത്. നമ്മള്‍ കൊട്ടിഘോഷിച്ച, നമ്മളെ തന്നെ രൂപപ്പെടുത്തിയ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഇടര്‍ച്ചകളും പ്രതിബലങ്ങളും വ്യക്തമാക്കുന്ന നവീനമായ രൂപപ്പെടല്‍. ഇത്തരം തീരുമാനങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് കേരളീയ നവേത്ഥാനത്തിലും ആധുനികതയിലുമാണ്.
കേരളീയ നവോത്ഥാനം അടിസ്ഥാനപരമായി ജാതി പരിഷ്‌കരണങ്ങളുടേതായിരുന്നു. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും, യോഗക്ഷേമ സഭയുമൊക്കെ ജാതി പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട സമുദായ സംഘടനകളാണ്. ഇതില്‍ എസ്.എന്‍.ഡി.പിയും അയ്യങ്കാളി പ്രസ്ഥാനവും അടിച്ചമര്‍ത്തപ്പെട്ടവരുടെ നീതിക്കു വേണ്ടി പോരാടുക കൂടി ചെയ്തു. ജാതി വിരുദ്ധ മുന്നേറ്റമായി വികസിക്കാന്‍ ഈ സമുദായ സംഘടനകള്‍ക്ക് കഴിയാതെ പോയി. അവ ജാതികളെയും ഉപജാതികളെയും ഏകീകരിച്ച് സമുദായമാക്കി മാറ്റി. ജാതിയില്‍ നിന്ന് സമുദായ രൂപീകരണത്തിലേക്കുള്ള മാറ്റമാണ് ഇവയുണ്ടാക്കിയത്. സഹോദരന്‍ അയ്യപ്പന്റെ സഹോദര സംഘമായിരുന്നു അതിന്റെ അടുത്ത ഘട്ടം. അതിനാവട്ടെ കേരളത്തെ മാറ്റിമറിക്കുന്ന ഒരു പ്രസ്ഥാനമായി വളരാന്‍ കഴിഞ്ഞില്ല.
Fun & Info @ Keralites.netസഹോദര സംഘത്തിലൂടെയും യുക്തിവാദ പ്രസ്ഥാനത്തിലൂടെയും തുടര്‍ന്നു വന്ന കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളിലൂടെയുമാണ് കേരളത്തിലെ ജാതി വിരുദ്ധ മുന്നേറ്റങ്ങള്‍ വളര്‍ന്നതും വികസിച്ചതും. എന്നാല്‍ പലരും നേരത്തെ നിരീക്ഷിച്ചതു പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതി, മത വിമര്‍ശനാത്മകമായ ഉള്ളടക്കത്തെ വിമോചന സമരം ഗുരുതരമായി ബാധിച്ചു. സ്വന്തം പ്രസ്ഥാനത്തിലെയും കേരളീയ സമൂഹത്തിലെയും സൂക്ഷമ അടരുകളിലേക്ക് വളര്‍ന്നു വികസിക്കേണ്ട ജാതി വിരുദ്ധതയുടെ വിമര്‍ശന തലം ഒത്തുതീര്‍പ്പുകളില്‍ തടഞ്ഞു നിന്നു. അത് സ്വയം നവീകരിക്കാത്ത ജാതി മത ബോധങ്ങളില്‍ തളയ്ക്കപ്പെടുകയായിരുന്നു. എങ്കിലും പൊതുമണ്ഡലത്തിലെ ആശയ രൂപീകരണത്തില്‍ നിലനിന്ന ഇടതു പ്രതിബോധങ്ങളുടെ മേല്‍ക്കൈ ജാതി സംഘടനകള്‍ക്ക് പ്രത്യക്ഷത്തില്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കാനും സമൂഹത്തില്‍ പരസ്യമായി, വ്യക്തികള്‍ക്ക് ജാതിമത നിലപാടെടുക്കാനും എളുപ്പമല്ലെന്ന സാഹചര്യം സൃഷ്ടിച്ചു. എന്നാല്‍ ഇതിന്റെ മറുവശത്ത് സ്വകാര്യ കുടുംബ ജീവിതങ്ങളില്‍ ജാതീയവും മതപരവുമായ നിഷേധാത്മകതകളെ ജനങ്ങള്‍ കൂടെ കൊണ്ടുനടന്നു. സംഘടനാ പ്രവര്‍ത്തകരെയോ ഇടതു അനുഭാവി ജനസഞ്ചയത്തെയോ വിമര്‍ശനാത്മകമായി പരിവര്‍ത്തിപ്പിക്കാന്‍ കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന് കഴിയാതെ പോയി. പ്രായോഗിക തിരഞെടുപ്പ് രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറത്തേക്ക് വിമര്‍ശനാത്മക സാംസ്‌കാരിക രാഷ്ട്രീയത്തെ വളര്‍ത്തുന്നതില്‍ അത് പരാജയപ്പെട്ടു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ ജാതിമത സംഘടനകള്‍ പുതിയ മൂലധന നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുകയും വിജയിക്കുകയും ചെയ്തു. അതാവട്ടെ വിദ്യാഭ്യാസം പോലെ പ്രത്യയശാസ്ത്രത്തെ പുനരുല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള മേഖലകളിലായിരുന്നു. ഒപ്പം അധികാര രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദ ശക്തിയായി മാറ്റുന്നതിലും അവര്‍ വിജയിച്ചു. ഇത്തരം വലതുപക്ഷവല്‍ക്കരണ പ്രക്രിയയില്‍ ആദിവാസി ദലിത് വിഭാഗങ്ങളും പുറംതള്ളപ്പെട്ടു. ആഗോളവത്കരണാനന്തരകാലം കേരളത്തിലെ മുതലാളിത്തവത്കരണ
പ്രക്രിയയുടെ ഒരു ഭാഗം സജീവമായത് ജാതി മത ശക്തികളുടെ മൂലധന ചലനാത്മകതയിലാണ്. സ്വാശ്രയ കോളേജുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ഷോപ്പിംഗ് കോംപ്ലക്‌സുകളും ഒക്കെയായി അത് ശക്തി പ്രാപിച്ചു. സമുദായങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സ്ഥാപനങ്ങളും ഒപ്പം ആശയോല്‍പ്പാദനങ്ങളുടെ കേന്ദ്രങ്ങളുമായി അവ മാറി. ജാതിമത സ്ഥാപനങ്ങള്‍ വീതിച്ചെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു മണ്ഡലമെന്ന നിലക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ദുര്‍ബലമാക്കുകയൊ ഇല്ലാതാക്കുകയോ തന്നെ ചെയ്തു. ക്രിസ്ത്യാനിക്കുട്ടികളെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ചേര്‍ക്കണമെന്ന് മാര്‍ പവ്വത്തിലിന്റെ പ്രസ്താവന ഇതിലെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു.
Fun & Info @ Keralites.netകേരളത്തിന്റെ ദീര്‍ഘകാല ഭാവിയെ മുന്‍നിര്‍ത്തി ജാതി മത താല്‍പര്യങ്ങളോട് കണിശമായി ഇടയാന്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവമായ ഒരു സംഘടനയ്ക്കും സാധിച്ചില്ല. ഇടഞ്ഞവരാവട്ടെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ സന്ധിചെയ്ത് പിന്‍മടങ്ങി. വിമോചന രാഷ്ട്രീയത്തിലെ വലതുപക്ഷധാര രാഷ്ട്രീയ നേതൃ പദവികളിലെത്തി നയരൂപീകരണ ശക്തികളായി മാറിയതും മേല്‍ വിവരിച്ച പ്രക്രിയകളുടെ അതേ കാലത്തു തന്നെയാണ്. ഇങ്ങനെ രൂപപ്പെട്ട ചരിത്രപരമായ ഒരു ഘട്ടത്തിലാണ് മന്നത്തിന്റെ ജന്മദിനം കേരളത്തിലെ സര്‍ക്കാര്‍ സംവിധാനമെന്ന പൊതുമണ്ഡലത്തെ ജാതീയമായി വിഭജിച്ചു കൊണ്ട് നിയന്ത്രിത അവധിയായി മാറുന്നത്. സര്‍ക്കാര്‍ ജീവനക്കാരിലെ നായന്മാര്‍ക്ക് ഒരു ദിവസം അവധി നല്‍കുന്നതോടെ പൊതുസ്ഥാപനമെന്ന അതിന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കുകയാണ്.
ഇതുവരെയുള്ള അവധികള്‍ ജനതയുടെ ഉത്സവങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ നല്‍കിയ പൊതു അവധികളാണ്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമോ പൂജ അവധി ഹിന്ദുക്കള്‍ക്ക് മാത്രമോ അല്ല അവധി നല്‍കുന്നത്. അത് ജാതി മത വ്യത്യാസമില്ലാതെ നല്‍കുന്ന പൊതു അവധികളാണ്. ഭരണഘടനയില്‍ പ്രഖ്യാപിച്ച മതേതര സംവിധാനം മതവിശ്വാസികളെ അവരുടെ സംസ്‌കാരത്തെ പരിഗണിച്ചു കൊണ്ട് നല്‍കുന്ന ആനുകൂല്യമാണത്. അല്ലാതെ ജാതീയമായി മതപരമായി ഭിന്നിപ്പിച്ച് നേതൃത്വ പദവികളിലെത്തി കേരളത്തിലെ സര്‍ക്കാര്‍ സംവിധാനമെന്ന പൊതുവിടങ്ങളെ ഇല്ലാതാക്കാന്‍ സംവിധാനമില്ല.
ഒരു മതേതര സര്‍ക്കാര്‍ തന്നെ ഇത്തരമൊരു അവസ്ഥയ്ക്ക് തുടക്കമിട്ടിരിക്കുന്നു എന്നത് അത്യന്തം അപകടകരമായ ഒരു പ്രവണതയ്ക്ക് തുടക്കം കുറിക്കുകയാണ്. വിവിധ ജാതി സംഘടനകളുടെ ഒരു കൂട്ടുഭരണം എന്ന മട്ടിലാണ് സംസ്ഥാന ഭരണം പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ ഭൂരിപക്ഷത്തില്‍ തൂങ്ങിയാടുന്ന സര്‍ക്കാര്‍ ജാതിമത സംഘടനകള്‍ക്ക് വഴിപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ ഒരേ സമയം അപകടകരവും ആധുനിക സമൂഹത്തിന് ചേരാത്തതുമാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം വരെ മതസംഘടനകള്‍ തീരുമാനിക്കുകയാണ്. സമുദായ മത ശക്തികള്‍ രൂപപ്പെടുത്തുന്നതും അവരുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സമന്വയിക്കുന്നതുമായ ഒരു നവീന സാമൂഹിക പ്രക്രിയ പക്വമായി വരുന്നു എന്നതാണ് ശ്രദ്ധേയം. അത് വിവിധ വര്‍ഗ്ഗീയതകളെ ഒരേ സമയം ഉത്പാദിപ്പിക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ജനങ്ങളെ ഒന്നിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മന്നം ജയന്തിക്ക് എന്‍.ജി.ഒ യൂണിയന്‍ നേതാവിനും എന്‍.ജി.ഒ സംഘിന്റെ നേതാവിനും അവധിയെടുക്കാന്‍ ബുദ്ധിമുട്ടില്ല.
Fun & Info @ Keralites.netപ്രകടനങ്ങളില്‍ ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും നായരായി ഹിന്ദുവായി അവര്‍ ഐക്യപ്പെടുന്നത് നമ്മള്‍ കാണാതിരുന്നുകൂടാ. ഈ ഐക്യത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രാഷ്ട്രീയ ഉള്ളടക്കം നഷ്ടപ്പെട്ടതുകൊണ്ടാണ് ഒരു സര്‍വ്വീസ് സംഘടനയും ഈ നായരവധിയില്‍ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്നത്. ഇടത് രാഷ്ട്രീയ സംഘടനകളാരും പൊതു മണ്ഡലത്തെ ഇല്ലാതാക്കുന്ന ഈ നിലപാടിനോട് പ്രതികരിച്ചില്ല. വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതികരിച്ചില്ല. അത്യന്തം ഭീതിദമായ ഒരു കേരളം വളര്‍ന്നു വരുന്നതിന്റെ പൊള്ളല്‍ രാഷ്ട്രീയമുള്ള ഓരോ മലയാളിയും അനുഭവിക്കുകയാണ് ഈ നിമിഷത്തില്‍.
ആരാണീ മന്നം? അദ്ദേഹം നവകേരളത്തിന് എന്ത് സംഭാവനയാണ് ചെയ്തത്? ചിതറിയ നായരുപജാതികളെ ഏകീകരിച്ച് നായര്‍ സമുദായമാക്കിയതോ? അത് കേരളത്തിന് ഏത് മട്ടിലാണ് സംഭാവന ചെയ്തത്? ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണച്ച് സവര്‍ണ്ണ ജാഥ നടത്തിയതല്ലാതെ മറ്റൊന്നും കേരളത്തിന്റെ പൊതുജീവിതത്തിന് മന്നത്ത് പത്മനാഭ പിള്ള സംഭാവന ചെയ്തിട്ടില്ല. നാരായണ ഗുരുവിനെയും മന്നത്തിനെയും താരതമ്യം ചെയ്യാനുമാവില്ല. അതുകൊണ്ട് തന്നെ ഭരണഘടനാ വിരുദ്ധമാണ് ഈ നായരവധി. ഇത് പിന്‍വലിക്കേണ്ടതാണ്.
മത്രവുമല്ല, വ്യക്തികളുടെ ജനന മരണ ദിനങ്ങളില്‍ നല്‍കുന്ന പൊതു അവധികളെല്ലാം തന്നെ നിര്‍ത്തലാക്കേണ്ടതാണ്. പകരം ആധുനിക സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറിയ സംഭവ ദിനങ്ങള്‍ക്ക് പ്രതീകാത്മക പ്രാധാന്യം നല്‍കി പൊതു അവധികള്‍ നല്‍കാവുന്നതുമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment