ഒരു ഭരണഘടനാപരമായ തെറ്റിദ്ധാരണയും നീങ്ങിക്കിട്ടി. കോടതി, ജുഡീഷ്യറി എന്നെല്ലാം പറയുന്നത് വലിയ മീശയുള്ള അപ്പൂപ്പനായിരിക്കാം. പക്ഷേ, മീശ കണ്ട് പേടിക്കേണ്ട, വെപ്പുമീശയാണ്. ശിക്ഷ വിധിക്കാനേ കോടതിക്ക് സാധിക്കൂ. വിധിച്ച ശിക്ഷ അനുഭവിക്കുന്നുണ്ടോ എന്നു നോക്കേണ്ട ചുമതലയൊന്നും കോടതിക്കില്ല. ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു എന്ന് പത്രത്തില്‍ വായിച്ച് തെറ്റിദ്ധരിക്കരുതാരും. മലയാളം നിഘണ്ടുവില്‍ നോക്കിയാല്‍ ജീവപര്യന്തം എന്ന വാക്കിന് മണ്ടന്‍ അര്‍ഥം എഴുതിവെച്ചത് കാണാം. കാലം മാറിയതൊന്നും മലയാളം മുന്‍ഷിമാര്‍ അറിയുന്നില്ല. ജീവിതാന്ത്യം വരെ തടവ് എന്നാവും അതില്‍ അര്‍ഥം കൊടുത്തിരിക്കുക. ശുദ്ധ അബദ്ധം. ഏറിവന്നാല്‍ അഞ്ചോ ആറോ കൊല്ലം ജയിലില്‍ കിടന്നാല്‍ മതി. ഇല്ല, കിടക്കണമെന്നുതന്നെയില്ല. കിടന്നു എന്ന് തോന്നിപ്പിക്കുകയേ വേണ്ടൂ, നിന്നാലും മതി. ജീവിതം അന്തമില്ലാതെ പിന്നെയും നീണ്ടുനില്‍ക്കും. ഒരു കൊല്ലം പരോള്‍, രണ്ടു കൊല്ലം ആസ്പത്രിവാസം, പിന്നെ ഇളവുകള്‍... നല്ലനടപ്പിന് ഇളവുണ്ട്. നടന്നുകാട്ടിയാല്‍ മതി.
കഠിനതടവ് എന്ന വാക്കിന്റെ അര്‍ഥം എന്താണ് മലയാളം സാറേ ? കേട്ട് പേടിച്ചുപോയതുകൊണ്ട് ചോദിക്കുവാ... സാറ് പഠിപ്പിച്ചത് അപ്പടി തെറ്റാണ്. കഠിനമായിട്ട് തടവണം എന്നേ അര്‍ഥമുള്ളൂ. ജയില്‍ സൂപ്രണ്ട് മുതല്‍ ജയില്‍മന്ത്രി വരെയുള്ളവരാണ് കുറ്റവാളിയെ തടവേണ്ടത്. ആളുടെ ക്ലാസ് അനുസരിച്ചുള്ള എണ്ണ ഉപയോഗിക്കാം. അറുപത് കഴിഞ്ഞ രാഷ്ട്രീയത്തടവുകാര്‍ക്ക് നല്ല കുഴമ്പുകൊണ്ടുതന്നെ വേണം തടവല്‍. നമ്മള്‍ കേള്‍ക്കുന്ന പല സംഗതികളുടെയും ആന്തരാര്‍ഥം ഇതുപോലെയാണ്. പെട്ടന്ന് മനസ്സിലാവില്ല. ആര്‍. ബാലകൃഷ്ണപിള്ളയെ അഴിമതി നടത്തിയതിന് ജയിലിലിട്ടു എന്നല്ലേ നിങ്ങള്‍ ധരിച്ചിട്ടുണ്ടാവുക ? അല്ല. അഴിമതിയുടെ കാര്യമേ കോടതി പറഞ്ഞിട്ടില്ല. ഇടമലയാര്‍ പദ്ധതി നടപ്പാക്കി കേരളത്തിന്റെ വൈദ്യതി, ജലസേചന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനുള്ള പുരസ്‌കാരമായിരുന്നു അത്. അതുകൊണ്ട് കോടതി പറഞ്ഞ അത്ര ദിവസമൊന്നും ജയിലില്‍ കഴിയേണ്ട കാര്യമില്ല. പഞ്ചനക്ഷത്ര ആസ്പത്രിയിലല്ലേ കിടന്നുള്ളൂ, ഹോട്ടലിലും കിടക്കാമായിരുന്നു.
യു.ഡി.എഫ്. സര്‍ക്കാര്‍ തെറ്റ് ചെയ്തു എന്ന് ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു സംഗതിയുണ്ട്. തോന്നുമ്പോഴൊക്കെ തെറ്റ് ചെയ്യുന്ന ഒരു സര്‍ക്കാറല്ല യു.ഡി.എഫിന്റേത്. മുമ്പ് ഈ തെറ്റ് എത്ര തവണ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തിരുന്നു എന്ന് പുരാവസ്തുഫയലുകളില്‍ ഗവേഷണം നടത്തി വിവരം ശേഖരിച്ചശേഷമേ ആ തെറ്റ് യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്യുകയുള്ളൂ. തെറ്റ് ചെയ്യുന്നതില്‍ ഞാനോ നീയോ മുമ്പന്‍ എന്ന തര്‍ക്കത്തില്‍ വലിയ കാര്യമില്ല. ആരും മോശക്കാരല്ല എന്ന് നമുക്കറിയില്ലേ.
ജയിലില്‍ പോയവര്‍ക്കുള്ള ശിക്ഷ ഇളവ് ചെയ്യുന്നഭാരിച്ച ചുമതല പണ്ടേ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നതാണ്. ആദ്യമന്ത്രിസഭയുടെ കാലം മുതലുണ്ടത്രെ ഈ ആചാരം. കര്‍മം ചെയ്യുക, ഫലം നോക്കാതിരിക്കുക എന്ന സിദ്ധാന്തത്തില്‍ ഉറച്ചുവിശ്വസിക്കുന്ന സ്ഥാപനമാണ് കോടതി. ശിക്ഷിക്കും. ശിക്ഷിക്കപ്പെട്ട ആള്‍ വീട്ടിലാണോ ആസ്പത്രിയിലാണോ ജയിലിലാണോ കിടക്കുന്നത് എന്നുനോക്കാനൊന്നും വയ്യ. ജയില്‍വകുപ്പ് കോടതിയുടെ കീഴിലല്ല; മന്ത്രിയുടെ കീഴിലാണ്. കൊലപാതകത്തിന് ജയിലില്‍ പോയവര്‍ക്കും കിട്ടും ഇളവ്. ജയിലില്‍ കൊല നടത്തിയവര്‍ക്കും കിട്ടിയിട്ടുണ്ട് നല്ലനടപ്പിനുള്ള ഇളവ്. അതിലേറെ വരില്ലല്ലോ ബാലകൃഷ്ണപിള്ളയുടെ ഇളവ്. ഇക്കാര്യത്തില്‍ ഒട്ടും വിവേചനം കാട്ടാറില്ല എന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സഖാവ് കോടിയേരി നിയമസഭയില്‍ പറഞ്ഞുവല്ലോ. സി.പി.എമ്മുകാരനെ കൊന്ന ആര്‍.എസ്.എസ്സുകാര്‍ക്കും പിന്നെ കോണ്‍ഗ്രസ്സുകാര്‍ക്കും കൊടുത്തിട്ടുണ്ട് ഇളവ്. സ്ഥിതിവിവരക്കണക്ക് നോക്കിയാല്‍ കൂടുതല്‍ സി.പി.എമ്മുകാര്‍ പരോളിലിറങ്ങിയതായി കണ്ടേക്കും. അതവരുടെ കുറ്റമല്ല. ജയില്‍ നിയോജകമണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം സി.പി.എമ്മിനാണ്.
ഇതിനിടെ വേറൊരു തെറ്റിദ്ധാരണ കേരളീയര്‍ക്കുണ്ടായിട്ടുണ്ട്. ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് വിട്ടയച്ചത് കേരളപ്പിറവി ദിനത്തിലാണെന്നല്ലേ വിചാരം ? അല്ല. അദ്ദേഹത്തെ ആസ്പത്രിയിലേക്ക് മാറ്റിയ ദിവസം മുതല്‍ അദ്ദേഹം ജയില്‍മോചിതനാണ്. പ്രായോഗികമായി മാത്രമല്ല, നിയമപരമായും. അച്യുതാനന്ദന്‍സഖാവ് പറഞ്ഞപ്പോഴേ ഇക്കാര്യം നാട്ടുകാര്‍ അറിഞ്ഞുള്ളൂ. അദ്ദേഹംതന്നെ അപ്പോള്‍ അതറിഞ്ഞിരുന്നില്ല. തടവുപുള്ളിയെ ആസ്പത്രിയിലാക്കുമ്പോള്, നിയമമനുസരിച്ച് ആസ്പത്രിമുറി ജയില്‍മുറിയായി വിജ്ഞാപനം ചെയ്യണമത്രെ. നോക്കണേ പൊല്ലാപ്പ്. കൃത്യാന്തരബാഹുല്യം കാരണം സര്‍ക്കാര്‍ അത് ചെയ്യാന്‍ വിട്ടുപോയി. ആസ്പത്രിയില്‍ കിടന്ന നാള്‍മുതല്‍ പിള്ളയെ ജയില്‍മോചിതനായി കണക്കാക്കണമെന്നാണ് അച്യുതാനന്ദന്‍ കോടതിയില്‍ അപേക്ഷിച്ചിരിക്കുന്നത്. ഇനി അത്രയും നാള്‍കൂടി ജയിലില്‍ കിടക്കാന്‍ കോടതി കല്പിക്കുമോ എന്നറിയില്ല. എന്തായാലും ആസ്പത്രിയില്‍ കിടന്ന് ഫോണ്‍ വിളിച്ചത് വലിയ കുറ്റമാണെന്ന് ഇനിയാരും പറഞ്ഞുനടക്കരുത്.
* * * *
പരേതനായ ടി.എം. ജേക്കബ്ബ് അസാധാരണ വൈഭവമുള്ള നിയമസഭാ സാമാജികനായിരുന്നു എന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുത്രന്‍ അനൂപ് നിയമസഭയിലെത്തണമെന്ന് അവരുടെ പാര്‍ട്ടി ആഗ്രഹിക്കുന്നതില്‍ തെറ്റുപറഞ്ഞുകൂടാ. ഇനി ഒളിച്ചുവെക്കാതെ ഒരു കാര്യം കൂടി അവര്‍ സമ്മതിക്കും. ജയം ഉറപ്പിക്കലാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ഏക മാനദണ്ഡം. അനൂപിനെ നിര്‍ത്തിയാല്‍ ചെറിയ മട്ടിലുള്ള ഒരു സഹതാപതരംഗം വന്നുകൂടെന്നുമില്ല. എങ്കില്‍ വേറൊന്നും നോക്കാനില്ല.
അപ്പോഴാണ് വേറൊരു ഡിമാന്‍ഡ് പുറത്തുവന്നത്. ജേക്കബ്ബിന്റെ മകന്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. ഉടനെ അദ്ദേഹത്തെ മന്ത്രിയാക്കണമത്രെ. ഇതുകേട്ടപ്പോള്‍ ഇപ്പോള്‍ നിയമസഭയില്‍ നിശ്ശബ്ദനായി ഇരിക്കുന്ന കെ. മുരളീധരന്‍ ഞെട്ടിയിരിക്കണം. ജയിക്കുംമുമ്പ് മന്ത്രിയാകേണ്ട മോനേ അനൂപേ എന്ന് കമ്പിയടിച്ചിട്ടുമുണ്ടാകണം മുരളീധരന്‍. കേരളീയര്‍ വലിയ അസൂയക്കാരാണ്. ജനം ജയിപ്പിച്ചവരാണ് മന്ത്രിയാകേണ്ടത്. മന്ത്രിയായശേഷം പോയി ജനത്തോട് എന്നെ ജയിപ്പിച്ചാട്ടെ എന്ന് പറഞ്ഞാല്‍ ജനം അത് സഹിക്കില്ല. ക്രൂരമായി തോല്‍പ്പിച്ചുകളയും. കേരളം മുഴുവന്‍ തപ്പിനോക്കി ഏറ്റവും ജയസാധ്യതയുള്ള മണ്ഡലം കണ്ടെത്തി മത്സരിച്ച് വൃത്തിയായി തോറ്റ ആളാണ് കെ. മുരളീധരന്‍. അനൂപിനെ മുരളിയാക്കല്ലേ...
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment