ബ്രിട്ടനിലേക്കെത്തുന്ന പ്രവാസികളെ തുരുത്തിയോടിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് ഇപ്പോള്‍ ഗവണ്‍മെന്റുകള്‍. എന്നാല്‍ പ്രവാസികളില്ലാതെ മുന്നോട്ടുപോകാന്‍ വയ്യെന്ന അവസ്ഥയിലാണ് ഇവിടുത്തെ കമ്പനികള്‍. യോഗ്യതയുള്ള തദ്ദേശിയരില്ലാത്തതിനാല്‍ പ്രവാസികളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് അവര്‍ക്ക്. ബിരുദവും ബിരുദാനന്തര ബിരുദവും മികച്ച കഴിവുമുള്ള ഇക്കൂട്ടരെ അവഗണിക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ലത്രെ.
സാക്ഷരതയോ, സംഖ്യാബോധമോ, ആശയവിനിമയ പാടവമോ ഇല്ലാത്ത ഒരു തലമുറയാണ് ഇപ്പോള്‍ ബ്രിട്ടനിലുള്ളതെന്നും ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. വിദേശത്ത് നിന്നുള്ളവര്‍ പംക്ച്വലും കഠിനാധ്വാനികളും ശുഭപ്രതീക്ഷയുള്ളവരുമാണെന്നും അതിനാല്‍ തന്നെ ഇത്തരക്കാരെ ജോലിക്കാരാക്കാന്‍ കമ്പനികള്‍ ഏറെ താത്പര്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോവര്‍ സ്‌കില്‍ഡ് ജോലികളില്‍ മാത്രമല്ല ഈ സ്ഥിതിവിശേഷമുള്ളത് എല്ലാ മേഖലയിലും എല്ലാ വിഭാഗത്തിലുമുള്ള ജോലികളില്‍ വിദേശത്ത് നിന്നുള്ളവരോട് താത്പര്യമുള്ളതായി കാണുന്നുവെന്നും റിപ്പോര്‍ട്ട് തയാറാക്കിയ ഗെര്‍വിന്‍ ഡേവിസ് പറയുന്നു. 16 മുതല്‍ 24 വരെ പ്രായമുള്ള 10 ലക്ഷത്തോളം ബ്രിട്ടിഷുകാരാണ് തങ്ങളുടെ യോഗ്യതയില്ലായ്മ മൂലം ജോലി ലഭിക്കാതെ നട്ടം തിരിയുന്നതത്രെ. ഓരോ ദിവസവും പുറത്ത് നിന്നുള്ള 500 പേര്‍ക്ക് വീതം ബ്രിട്ടനില്‍ ജോലി ലഭിക്കുന്നു. അതേ സമയം ജോലി ലഭിക്കുന്ന തദ്ദേശീയരുടെ എണ്ണം 850ലേക്ക് താഴ്ന്നിരിക്കുന്നു.
ബ്രിട്ടനിലെ ഇന്നത്തെ വിദ്യാഭ്യാസ മേഖല ലക്ഷ്യബോധമുള്ളതല്ലെന്ന ധാരണയും കമ്പനികള്‍ക്കുണ്ട്. ടെസ്റ്റ്, പരീക്ഷ എന്നിവ മാത്രമാണ് വിദ്യാഭ്യാസ മേഖല അടിസ്ഥാനമാക്കുന്നത് അതിനാല്‍ തന്നെ ആശയ വിനിമയ പാടവും ഏറെ പിന്നിലാക്കപ്പെടുന്നു. കൂടാതെ നല്ല പരിചയ സമ്പത്തുള്ള പ്രവാസികള്‍ എത്തുമ്പോള്‍ ബ്രിട്ടനില്‍ ഒന്നുമറിയാതെ നട്ടംതിരിയുന്ന യുവാക്കള്‍ക്ക് ജോലി നല്‍കുന്നത് കമ്പനികളെ സംബന്ധിച്ച് തീര്‍ത്തും നഷ്ടം. 1000 കമ്പനികളില്‍ 12 ശതമാനം മാത്രമേ പഠിച്ച് പുറത്തിറങ്ങിയ ഒരാള്‍ക്ക് ഉടന്‍ തന്നെ ജോലി നല്‍കാന്‍ തയാറാണെന്ന് പറയുന്നുള്ളു.
സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളില്‍ പകുതിപ്പേര്‍ക്കേ മികച്ച സാക്ഷരതയുള്ളൂ, 42 ശതമാനം പേര്‍ക്കേ സംഖ്യാശാസ്ത്രവും കണക്കുകള്‍ കൂട്ടാനും മറ്റും അറിയൂ, 40 ശതമാനത്തിന് മാത്രമേ ആശയ വിനിമയ പാടവും സര്‍വീസ് സ്‌കില്ലുമുള്ളു. ഉപഭോക്താക്കളോട് മാന്യമായി ഇടപഴകാനും മറ്റും പ്രവാസികള്‍ക്കാണ് ഏറെ എളുപ്പം കഴിയുന്നത്. നിരവധി കമ്പനികള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, പക്ഷേ ഇതിന് യോജിച്ച ജോലിക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പരാതി അവര്‍ ഉന്നയിക്കുന്നുവെന്നും കണ്‍സെര്‍വേറ്റീവ് എംപി കരോളിന്‍ നോക്‌സ്.
യോഗ്യതയുണ്ടെങ്കിലും ഇന്റര്‍വ്യൂവിന് വരുമ്പോള്‍ മുട്ടുകൂട്ടിയിടിക്കുന്നവര്‍ ഏറെ. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ഫിനാന്‍സ് പ്രൊഫഷണലുകള്‍ തുടങ്ങി ഹൈലി സ്‌കില്‍ഡ് ജോലികള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള ബ്രിട്ടിഷുകാരുടെ എണ്ണവും ഏറെക്കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നു. ലാ ടാസ്‌കയെന്ന സ്പാനിഷ് റെസ്റ്റോറന്റ് ചെയ്‌നില്‍ 25 സ്റ്റാഫുകളില്‍ ഒരാള്‍ മാത്രമാണ് ബ്രിട്ടനില്‍ നിന്നുള്ള തദ്ദേശവാസി. നന്‍ഡൊ റെസ്റ്റോറന്റിലെ 26സ്റ്റാഫുകളില്‍ ഏഴ് പേര്‍ മാത്രമാണ് ബ്രിട്ടനില്‍ നിന്നുള്ളത്.
വര്‍ഷം 12000 പൗണ്ട് വരെ ശമ്പളം നല്‍കുന്ന അതായത് ഒരു മാസം 1000 പൗണ്ട് ശമ്പളം നല്‍കുന്ന റസ്റ്റോറന്റുകളാണ് ഇവ. ഈ റെസ്‌റ്റോറന്റുകളില്‍ വേക്കന്‍സി വന്നാല്‍ ബ്രിട്ടിഷുകാര്‍ അപ്ലേ ചെയ്യാറുപോലുമില്ലത്രെ. ജോലി ലഭിച്ചാല്‍ പിന്നെ കുഴിമടിയന്മാരായി മാറുന്നവരാണ് ഭൂരിഭാഗം ബ്രിട്ടിഷുകാരെന്നവെളിപ്പെടുത്തലും ചില കമ്പനി ഉടമകള്‍ നടത്തി.
No comments:
Post a Comment