ദേശീയ ചലച്ചിത്ര അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന് ജഗതി ശ്രീകുമാര്‍ പറഞ്ഞത് തന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു വിശ്വസിച്ച് പാവം സലിംകുമാര്‍ ജഗതിച്ചേട്ടന്റെ മുഖത്തേക്കെന്നു കരുതി മലര്‍ന്നു കിടന്നു തുപ്പുകയാണ്.മലയാളസിനിമയിലെ ഇതിഹാസതാരമായ ജഗതി ശ്രീകുമാര്‍ എവിടെക്കിടക്കുന്നു, സലിം കുമാര്‍ എവിടെക്കിടക്കുന്നു.ജഗതിച്ചേട്ടന് അവാര്‍ഡിനെപ്പറ്റി പറഞ്ഞത് അവാര്ഡ് കിട്ടാത്തതിലുള്ള വിഷമം കൊണ്ടാണെന്ന ശ്രീ സലിം കുമാറിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ പക്വതക്കുറവിന്റെ തെളിവാണ്. അവാര്‍ഡ് ലഭിച്ച സലിംകുമാര്‍ നല്ല നടനാകാം എന്നു കരുതി അവാര്‍ഡ് ലഭിക്കാത്ത ജഗതി ശ്രീകുമാര്‍ മോശം നടനാകണം എന്നര്‍ഥമില്ല.
ആരൊക്കെയോ ചേര്‍ന്നു വിവാദമാക്കിയ ജഗതിച്ചേട്ടന്റെ വാക്കുകള്‍ ഇവയാണ്:"ദേശീയ ചലച്ചിത്ര അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന അവസ്ഥയായി.ഭരത് ഗോപിക്കു നല്‍കിയതുവരെ മാത്രമേ ഇതിനെ ഗൗരവമായി കാണാനാകൂ. അതിനുശേഷം ആര്‍ക്കും കിട്ടുമെന്ന അവസ്ഥയാണ്.അര്‍ഹതയുള്ളവരെയാണോ അംഗീകരിക്കുന്നതെന്നു നല്‍കുന്നവര്‍ക്കുപോലും അറിയില്ല. അതുകൊണ്ടുതന്നെ അവാര്‍ഡു നോക്കി ആരേയും ബഹുമാനിക്കാനാകില്ല. ആരെ വേണമെങ്കിലും പ്രോത്സാഹിപ്പിക്കും എന്ന അവസ്ഥയിലാണു മാധ്യമങ്ങള്‍. അടുത്ത കാലത്തു പ്രോത്സാഹിപ്പിച്ച ഒരാളുടെ പേരു തല്‍ക്കാലം പറയുന്നില്ല. തുണിയുടുക്കാതെ നടന്നാല്‍ അയാളെ കാണാന്‍ എല്ലാവരും റോഡില്‍ നോക്കി നില്‍ക്കും. അത് ഒരു ദിവസമേ ഉണ്ടാകൂ. പ്രതിഭകള്‍ മാത്രമേ ബാക്കിയാകൂ.ഇപ്പോള്‍ തട്ടിക്കൂട്ടു സിനിമയുടെ കാലമാണ് എന്നാല്‍ അഭിനയം തൊഴിലായതിനാല്‍ അതിന് അറിഞ്ഞുകൊണ്ടുതന്നെ നിന്നുകൊടുക്കുകയാണ്."
ഇതില്‍ ജഗതി സലിംകുമാറിനെ ആക്ഷേപിക്കുന്നതോ വെല്ലുവിളിക്കുന്നതോ ആയി എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല.ഭരത് ഗോപിക്കു ശേഷം ഈ വര്‍ഷം വരെ അവാര്‍ഡ് ലഭിച്ചത് സലിംകുമാറിനു മാത്രമായിരുന്നെങ്കില്‍ സലിം ക്രുദ്ധനായതില്‍ കാര്യമുണ്ടെന്നു പറയാമായിരുന്നു.സലിമിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഭരത് ഗോപിക്കു ശേഷം നല്‍കിയിട്ടുള്ള അവാര്‍ഡുകള്‍ ഭരത് അവാര്‍ഡ് അല്ല മികച്ച നടനുള്ള അവാര്‍ഡ് മാത്രമാണെന്നും അതുകൊണ്ട് സലിമിനെ ഭരത് സലിം കുമാര്‍ എന്നു വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും പലരും പറഞ്ഞിരുന്നു.ജഗതിച്ചേട്ടന് അങ്ങനെ തോന്നാല്‍ കാരണമെന്താണെന്നറിയില്ല.എന്തു തന്നെയായാലും ആ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല.എന്നാല്‍ അതിനെ ഏറ്റുപിടിച്ച് ജഗതിച്ചേട്ടനെ വ്യക്തിപരമായി ആക്രമിച്ച് മിടുക്കനാവാന്‍ സലിം നടത്തിയ ശ്രമങ്ങള്‍ അപഹാസ്യമായിപ്പോയി.
ഇതാണ് സലിമിന്റെ മൊഴി: "ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന ജഗതി ശ്രീകുമാറിന്റെ പരാമര്‍ശം പ്രധാന അവാര്‍ഡുകള്‍ കിട്ടാതെ പോയ പ്രായമായ ഒരാളിന്റെ നിരാശയായി കണ്ടാല്‍ മതി.പുതിയ ആളുകളും ചെറുപ്പക്കാരും വന്ന് അംഗീകാരങ്ങള്‍ നേടുമ്പോള്‍ ചിലര്‍ക്ക് ചൊരുക്കുണ്ടാവുക സ്വാഭാവികമാണ്. പഴയ കോടമ്പാക്കം കള്‍ച്ചറിന്റെ അവസാന കണ്ണിയാണ് അദ്ദേഹം. ജയറാമിന് പത്മശ്രീ ലഭിച്ചപ്പോഴും വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് പ്രതികരിച്ച ഒരാളിന് കോടമ്പാക്കം കള്‍ച്ചറിന്റെ അവസാന കണ്ണിയായിരിക്കാനേ കഴിയൂ. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. കഴിഞ്ഞ മേയ് മൂന്നാം വാരത്തില്‍ അമേരിക്കയില്‍ ഷോ നടത്താന്‍ പോയ സംഘത്തില്‍ ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. ഇതേ പോലെയുള്ള പദപ്രയോഗങ്ങള്‍ കൊണ്ട് അന്ന് അദ്ദേഹം അവിടെയുണ്ടാക്കിയ പൊല്ലാപ്പുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതോക്കെ പറഞ്ഞു തീര്‍ക്കാന്‍ പെട്ട പാട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് നന്നായി അറിയാം. പണ്ട് സിനിമയില്‍ വന്നപ്പോഴത്തെ രീതികള്‍ വച്ച് ഇന്ന് ചെറുപ്പക്കാരോടു പെരുമാറുന്നത് ഉചിതമാണോ എന്ന് ആലോചിക്കണം."
പഴയ കോടമ്പാക്കം കള്‍ച്ചര്‍,പ്രായമായ ഒരാളിന്റെ അഭിപ്രായം,പുതിയ ആളുകള്‍, ചെറുപ്പക്കാര്‍ എന്നിങ്ങനെയൊക്കെ പറയുന്നതിലൂടെ തന്നെ സലിം തന്റെ ഈഗോ പ്രകടമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള കോംപ്ലക്സുകളും ഈഗോയും വച്ചുപുലര്‍ത്തുന്ന ഒരു നടനാണ് സലിംകുമാര്‍ എന്നു മുമ്പൊരിക്കലും തോന്നിയിട്ടില്ല. വ്യക്തിപരമായി അദ്ദേഹം എങ്ങനെയായിരുന്നാലും പ്രേക്ഷകനെന്ന നിലയ്‍ക്ക് എനിക്കൊന്നുമില്ല.എനിക്ക് സലിം കുമാറിനെക്കാള്‍ പതിനായിരം ഇരട്ടി ഇഷ്ടമാണ് ജഗതിച്ചേട്ടനെ.കാലഘട്ടങ്ങളെ അതിജീവിച്ച മഹാനടനായ ജഗതി ശ്രീകുമാറിനെ പഴയ ആളെന്നും മറ്റും വിശേഷിപ്പിച്ച സലിം വല്ലാതെ ചെറുതായിപ്പോയി.ദേശീയ അവാര്‍ഡുകള്‍ ഒരു നടന്റെയും അഭിനയശേഷി വര്‍ധിപ്പിക്കുകയോ അവാര്‍ഡ് ലഭിക്കാത്തവരുടെ ശേഷി കുറയ്‍ക്കുകയോ ചെയ്യില്ല.രണ്ട് പ്രധാനപ്പെട്ട അവാര്‍ഡുകള്‍ ലഭിച്ച സലിംകുമാറിനെക്കാള്‍ സലിം പറഞ്ഞതുപോലെ പ്രധാനപ്പെട്ട അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ലാത്ത ജഗതിച്ചേട്ടനെ മലയാളികള്‍ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.ഒരു നടനെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ അവാര്‍ഡ് പ്രേക്ഷകരുടെ അംഗീകാരം തന്നെയാണ്.
ഇന്ത്യയില്‍ ഒരു ചലച്ചിത്രനടന് ലഭിക്കാവുന്ന എല്ലാ അവാര്‍ഡുകള്‍ക്കും അര്‍ഹനായ ആളാണ് ജഗതി ശ്രീകുമാര്‍. സലിം കുമാറിന് ലഭിച്ച അവാര്‍ഡിന് ജനങ്ങള്‍ കയ്യടിച്ചത് അത് ജഗതി,പപ്പു,മാള എന്നിവര്‍ക്കുകൂടിയുള്ള അവാര്‍ഡായി കണ്ടാണ്. അതിനെ ഇത്തരത്തില്‍ വ്യാഖ്യാനിച്ചതിലൂടെ സലിംകുമാര്‍ ആ കയ്യടിയുടെ തിളക്കം നശിപ്പിച്ചു.മലയാള സിനിമയില്‍ സലിംകുമാറിനെപ്പോലെയുള്ള പുതിയ ആളുകള്‍ വന്നു എന്നു കരുതി പഴയ കള്‍ചര്‍ മോശമാണെന്നു സ്ഥാപിക്കുന്നത് വിവരക്കേടാണ്.മലയാള സിനിമയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് പഴയ കോടമ്പാക്കം കള്‍ചര്‍ കൂടിയാണ്.എല്ലാത്തരം സംസ്കാരങ്ങളും സിനിമയില്‍ ഒന്നായിത്തീരും. അല്ലാതെ കൊച്ചിയില്‍ നിന്നു വന്ന മിമിക്രിക്കാര്‍ മാത്രമാണ് സിനിമയെ ഉദ്ധരിക്കുന്നത് എന്നു വിശ്വസിക്കുന്നത് ബുദ്ധിയല്ല.
മലയാള സിനിമയിലെ ഏറ്റവും പ്രൊഫഷനലായ നടനാണ് ജഗതി ശ്രീകുമാര്‍.അവാര്‍ഡ് കിട്ടാത്തതില്‍ വേദനിക്കുന്ന ആളാണ് ജഗതിച്ചേട്ടന്‍ എന്നെനിക്കു തോന്നുന്നില്ല. ഇനി ശരിക്കും ജഗതിച്ചേട്ടന് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമുണ്ടെങ്കില്‍ അതിനു വേണ്ടി മലയാളി പ്രേക്ഷകര്‍ ഒരായിരം അവാര്‍ഡ് കമ്മിറ്റികളുണ്ടാക്കും,പതിനായിരം അവാര്‍ഡുകളെങ്കിലും നല്‍കും.ജഗതി എന്ന പേരു കേട്ടാല്‍ ചുണ്ടില്‍ ചിരി വിരിയുന്ന മൂന്നു തലമുറകള്‍ക്ക് ആ മഹാപ്രതിഭയോടുള്ള കടപ്പാട് അപ്പോഴും ബാക്കിയാവുകയേയുള്ളൂ
No comments:
Post a Comment