തിരുവനന്തപുരം: ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തിറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ബ്രേക്കിംഗ് സംവിധാനം തകരാറിലായെങ്കിലും സുരക്ഷിതമായി നിലത്തിറങ്ങി. നാലു ടയറുകള്‍ ഉരുകിയമര്‍ന്നപ്പോള്‍ വിമാനം റണ്‍വെയില്‍ കുടുങ്ങി. പിന്നീട് കെട്ടിവലിച്ച് പാര്‍ക്കിംഗ് ബേയിലെത്തിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് കുഴപ്പമൊന്നും പറ്റിയില്ല. തിങ്കളാഴ്‌ച രാത്രിയുണ്ടായ സംഭവം എയര്‍ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 27 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡു ചെയ്യുമ്പോഴാണ് ബ്രേക്കിംഗ് സംവിധാനം തകരാറിലായതും പിന്‍ഭാഗത്ത് ഇടതുവശത്തെ ചക്രങ്ങള്‍ ഉരുകി റണ്‍വെയില്‍ കുടുങ്ങിയതും. എന്താണ് നടന്നതെന്ന് യാത്രക്കാരും അറിഞ്ഞില്ല. ബേയില്‍ ഇറങ്ങി ലൗഞ്ചിലേക്കു കൊണ്ടുവരികയായിരുന്നു ചെയ്‌തത്.
ഈ വിമാനം രാത്രി ഒന്‍പതിന് 90ല്‍പ്പരം യാത്രക്കാരുമായി ഷാര്‍ജയിലേക്കു പോകേണ്ടതായിരുന്നു. വിമാനത്തിന്റെ ടയറുകള്‍ കേടായതിനെതുടര്‍ന്ന് ഷാര്‍ജയിലേക്കുളള യാത്ര റദ്ദാക്കി. യാത്രക്കാര്‍ ബഹളംവച്ചതിനെതുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അബുദാബിയിലേക്കുളള ഐ.എക്‌സ്.537 ല്‍ അവരെ ഷാര്‍ജയിലേക്ക് കയറ്റിവിടാമെന്ന് അറിയിച്ചു. എന്നാല്‍ പൈലറ്റ് ഇല്ലാത്തതിനെതുടര്‍ന്ന് ആ വിമാനം റദ്ദാക്കി.
രണ്ടാമതായി എ.ഐ. 967 വിമാനത്തില്‍ കയറ്റിവിടാമെന്ന് അധികൃതര്‍ വീണ്ടുമറിയിച്ചു. എന്നാല്‍ ആ വിമാനവും തകരാറിലായതിനാല്‍ യാത്ര റദ്ദാക്കിയെന്ന അറിയിപ്പിനെ തുടര്‍ന്ന് യാത്രക്കാര്‍ എയര്‍ ഇന്ത്യാ ഡ്യൂട്ടി മാനേജരെ തടഞ്ഞുവച്ചു. ഗത്യന്തരമില്ലാതെ എ.ഐ. 967-എ എന്ന വിമാനം തകരാര്‍ മാറ്റി ഉടന്‍ എത്തുമെന്നും അതില്‍ യാത്രക്കാരെ കയറ്റി വിടാമെന്നും പറഞ്ഞു. ഒടുവില്‍ മുംബൈയില്‍നിന്ന് വിമാനങ്ങള്‍ യാത്ര റദ്ദാക്കുന്നുവെന്ന അറിയിപ്പ് അധികൃതര്‍ക്ക് ലഭിച്ചു. യാത്രക്കാര്‍ ഇതേതുടര്‍ന്ന് മാനേജരെ ഘൊരാവോ ചെയ്‌തു.
തുടര്‍ന്ന് എയര്‍പോര്‍ട്ട് മാനേജര്‍ അടക്കമുളള ഉന്നതോദ്യോഗസ്‌ഥരും എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്‌ഥരുമെത്തി ഇന്നലെ രാവിലെയുളള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറ്റിവിടാമെന്ന ഉറപ്പു നല്‍കി യാത്രക്കാരെ തിരിച്ചയച്ചു. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തും. വിമാനം തിരുവനന്തപുരത്തേക്ക് പോകുന്നതിനു മുന്‍പ് ചെന്നൈയില്‍ ക്ലീയറന്‍സ് നല്‍കിയ എയര്‍ ഇന്ത്യാ എന്‍ജിനീയര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വേണ്ടത്ര പരിശോധന നടത്താതെയാണോ വിമാനത്തിന് യാത്രാനുമതി നല്‍കിയതെന്നാണ് അന്വേഷിക്കുന്നത്.
No comments:
Post a Comment