കരുണ എന്ന ഗുണം ദൈവം നല്‍കുന്ന വലിയ അനുഗ്രങ്ങളിലൊന്നാണ്. ഹൃദയത്തില്‍ കരുണ നിറയുമ്പോഴാണ് ഒരു മനുഷ്യന്റെ ഒരു മനുഷ്യന്റെ ജീവിതം മഹത്തരവും മനോഹരവുമാകുന്നത്. ഒരു കൈതാങ്ങാവാന്‍ സാധിച്ചില്ലെങ്കിലും സഹോദരന്റെ സങ്കടത്തിനുമുന്നിലേക്ക് വിങ്ങുന്ന മനസ്സോടെ നോക്കുവാനെങ്കിലും കഴിയണം, ഒരു ആശ്വാസവാക്ക് ഓതുവാനെങ്കിലുമാകണം. അതില്ലാതായാല്‍ പിന്നെ മനുഷ്യന്‍ മനുഷ്യനല്ല മറ്റേതോ ഭീകരജീവിയായിരിക്കും. ഇത്തരത്തിലുള്ള ചിലജീവികള്‍ക്കുമുന്നിലാണ് പെരുവമ്പ് സ്വദേശി രഘുവെന്ന പാവം ചെറുപ്പക്കാരന് അടിയേറ്റു മരിക്കേണ്ടിവന്നത്. ബാങ്കില്‍ സ്വര്‍ണ്ണം പണയപ്പെടുത്തി പണവുമായി പോകുമ്പോള്‍ ബസ് സ്റ്റാന്റില്‍വെച്ച് ചിലര്‍ രഘുവിനെ അടിച്ചുകൊന്നു. പോക്കറ്റടിച്ച പണമെന്നാരോപിച്ചായിരുന്നുവത്രെ മര്‍ദ്ദനവും കൊലയും. സൗമ്യ എന്ന പെണ്‍കുട്ടിയെ കാമവെറിമൂത്ത ഗോവിന്ദചാമി എന്ന ഭ്രാന്തന്‍ തീവണ്ടിയില്‍ നിന്ന് വലിച്ച് താഴെയിട്ട് പിച്ചചീന്തുമ്പോള്‍ ഉയരാത്ത പൗരബോധമാണ് രഘുവിന്റെ നേര്‍ക്ക് ഉയര്‍ന്നത്. ഗുജറാത്തില്‍ ജോലി ചെയ്യുന്ന രഘു മറ്റൊരാളുടെ ഒരു രൂപ പോലും അന്യായമായി കൈകലാക്കാറില്ലെന്ന് ബന്ധുക്കള്‍ സങ്കടത്തോടെ പറയുന്നു. മാത്രവുമല്ല പാവങ്ങളുടെ ദു:ഖത്തിനുമുന്നില്‍ കരുണയോടെ പാഞ്ഞടുത്ത് സഹായിക്കുന്നതും രഘുവിന് ഏറെ ആവേശമുള്ള കാര്യമായിരുന്നുവത്രെ.
പാവം, എന്നിട്ടും അയാള്‍ക്ക് ഇത്തരത്തില്‍ മരിക്കേണ്ടിവന്നു. ഒരു വര്‍ഷം മുമ്പ് ബീഹാറില്‍ ഒരു ചെറുപ്പക്കാരനെ ഇതേ ആരോപണത്തിന്റെ പേരില്‍ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച് ക്രൂരമായി ശിക്ഷിച്ചിരുന്നു. സാംസ്‌ക്കാരികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യയില്‍ നടന്ന ആ സംഭവത്തെ സംസ്‌ക്കാര സമ്പന്നരായ നമ്മള്‍ ഏറെ വിമര്‍ശിച്ചു. എന്നാലിന്ന് നമ്മുടെ നാട്ടിലും അതേ രംഗം അരങ്ങേറുന്നു, നമ്മള്‍ തന്നെ പ്രതികളാകുന്നു. എന്തൊരു വിരോധാഭാസം. രണ്ടു സംഭവങ്ങളിലും പ്രതിസ്ഥാനത്ത് പൊലീസായിരുന്നുവെന്നതാണ് ശ്രദ്ധേയം. രണ്ടിടത്തും ജനങ്ങള്‍ ഇതു കണ്ട് രസിക്കുകയും മൊബൈല്‍ കാമറയില്‍ പകര്‍ത്തി ആനന്ദനിര്‍വൃതി അടയുകയും ചെയ്തുവെന്നതാണ് മറ്റൊരുഘടകം. ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍നില്‍ക്കേണ്ട വരാണ് പൊലീസുകാര്‍ പക്ഷെ, എന്നിട്ടും അവര്‍ അന്തകരായിമാറുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. ഒരാളെ കുറ്റക്കാരനായി വിധിക്കേണ്ടത് കോടതിയാണ്. കുറ്റംതെളിയുന്നതുവരെ എല്ലാവരും നിരപരാധിയാണ്. ഒരാളെ തെറ്റുകാരനായി ചിത്രീകരിക്കാന്‍ പൊലീസിന് അധികാരമില്ല. പക്ഷെ, എന്നിട്ടും ഇവിടെ സന്തോഷും സതീഷും ഞങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് രഘുവിനെ പട്ടിയെ തല്ലുംപോലെ തല്ലുകയായിരുന്നു.
സന്തോഷിന്റെയും സതീശിന്റെയും ഒരു രൂപപോലും കാണാതായിട്ടില്ല, രഘുവിനെ കണ്ണുരുട്ടി പേടിക്കാന്‍ യാത്രക്കാരില്‍ ആരും ഇവരോട് ആവശ്യപ്പെട്ടിട്ടുമില്ല. പക്ഷെ, അവര്‍ അവിടെ തനി പൊലീസുകാരായി മാറി. രഘുവിന്റെ കയ്യില്‍ പണം കണ്ടതായിരുന്നു തെറ്റ്. ഒരാള്‍ കയ്യില്‍ പണം കരുതാന്‍ പാടില്ല എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. എന്നിട്ടും രഘുവിന് മാത്രം അത് ജീവനോളം വിലയുള്ള കുറ്റമായി മാറുകയായിരുന്നു. കൂലിപണി കഴിഞ്ഞ് വയസ്സായ അമ്മക്ക് കോച്ചിപ്പിടിത്തത്തിനുള്ള കുഴമ്പുമായി വരികയായിരുന്ന ഉദയകുമാറെന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി ഉരുട്ടികൊന്ന അതേ പൊലീസിന്റെ ഭാഗമാണല്ലോ സതീഷും സന്തോഷും. അല്ലെങ്കിലും അവരില്‍ നിന്ന് നാമെന്തിന് നന്മപ്രതീക്ഷിക്കണം. സ്റ്റേഷനിലേക്ക് ചെല്ലുന്ന ഏതൊരാളെയും കുറ്റവാളിയെന്നപോലെ തുറിച്ചുനോക്കുന്ന സ്വഭാവമാണ് നമ്മുടെ പൊലീസിനുള്ളത്. ഈ മനോഭാവം മാറിയില്ലെങ്കില്‍ ഇവിടുത്തെ ഏതൊരു പൗരനും രഘുവിന്റെയും ഉദയകുമാറിന്റെയും പിന്‍ഗാമികളായി മാറേണ്ടിവരും.
പത്തുരൂപയുടെ മത്തിപോലും കൈകൂലിയായി വാങ്ങുന്ന പൊലീസുകാരുതൊട്ട് പൊതുഖജനാവിനെ കട്ടുമുടിക്കുന്ന മന്ത്രിമാര്‍വരെ വരെ നമ്മുടെ നാട്ടിലുണ്ട്. വീടു കയറി വീട്ടുകാരെ കഴുത്തറുത്ത് കൊന്ന് മോഷണം നടത്തുന്ന കള്ളന്മാരുമുണ്ട്. അവര്‍ക്കുനേരെയൊന്നുമുയരാത്ത ആണത്തം എന്തുകൊണ്ട് രഘുവിനേയും ഉദയകുമാറിനെയും പോലുള്ളവര്‍ക്കുനേരെ മാത്രമുണ്ടാകുന്നു. മോഹന്‍ലാലിനെയും സച്ചിന്‍തെണ്ടുല്‍ക്കറേയും കുറ്റപ്പെടുത്തിനടക്കുന്ന സാംസ്‌ക്കാരിക നായകര്‍ക്കെന്തുകൊണ്ട് ഇതൊരു വിഷയമല്ലാതാകുന്നത്. പെണ്‍വാണിഭമെന്ന വിഷയത്തില്‍ മാത്രം കടിച്ചുതൂങ്ങി സമയം കളയുന്ന നേതാക്കളെന്തേ ഇതു മാത്രം കാണുന്നില്ല. ക്രൂരതയെ നമ്മള്‍ മൃഗീയതയോടാണ് ഉപമിക്കാറുള്ളത്. എന്നാല്‍ മൃഗങ്ങള്‍ ഒന്നിനേയും അനാവശ്യമായി ഉപദ്രവിക്കാറില്ല എന്നതാണ് സത്യം. ദ്രോഹിക്കുമ്പോള്‍ മാത്രമേ ഒരു പാമ്പ് കടിക്കുന്നുള്ളു, സിംഹവും പുലിയുമെല്ലാം ക്ഷമയുടെ പര്യായങ്ങളാണ്. എന്നിട്ടും മനുഷ്യര്‍ മാത്രം മൃഗത്തേക്കാള്‍ മൃഗീയമാകുന്നു. ഇരുപതിലേറെ യുവതികളെ ലൈംഗീകമായ ആവശ്യത്തിന് ഉപയോഗിച്ച് കൊന്നുകളഞ്ഞവ്യക്തിയുടെ നാടാണ് നമ്മുടേത്, സ്വന്തം മക്കളെ പിച്ചിചീന്തുന്ന അച്ഛന്മാരും ഇവിടെ ജീവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രഘുവിന്റെ മരണം വലിയ സംഭവമല്ലായിരിക്കാം, പക്ഷെ, ഒരാളെ അടിച്ചുകൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ ഇനിയും കാഴ്ചക്കാര്‍ മാത്രമായി തുടരണമെന്നുതന്നെയാണോ നമ്മുടെ തീരുമാനം. എങ്കില്‍ അത് വലിയ ദുരന്തത്തിലേക്കായിരിക്കും വഴിതുറക്കുക.
പൊലീസുകാരനാണെന്ന് പറഞ്ഞ് അടിച്ചുകൊല്ലാന്‍ എളുപ്പമാണ്. നഷ്ടപ്പെട്ടുപോയ പണം സമ്പാദിച്ചെടുക്കുവാനും കഴിയും. എന്നാല്‍ ഒരു ജീവന്‍ മടക്കികൊടുക്കുവാന്‍ നമുക്കാകുമോ, രഘുവിന്റെ പിഞ്ചുമക്കളുടെ അനാഥത്വത്തിന് ആരാര്‍ക്കാണ് കൈതാങ്ങാവാന്‍ കഴിയുക, അയാളുടെ ഭാര്യയുടെ സങ്കടം ആരും തീര്‍ത്തുകൊടുക്കും, ആയിരം കൈകകളില്‍ കണ്ണീരൊപ്പിയാലും ആ അമ്മയുടെ നൊമ്പരം മാഞ്ഞുപോകുമോ? ദൈവമേ, അടിച്ചുകൊല്ലാനെന്തെളുപ്പമാണ്
Unni
Kodoth
Kasargod
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment