ആരാണീ സഖാവ് വി എസ്?
വിപ്ലവകേരളത്തിന്റെ വീരപാണ്ഡ്യകട്ടബൊമ്മന്‍, പുകള്‍പെറ്റ സാമ്രാജ്യത്വ വിരോധി, സോഷ്യലിസ്റ്റ് ലോകത്തിന്റെ നിത്യഹരിതപ്രവാചകന്‍, പുന്നപ്രയുടെ സമര നായകന്‍, CPIM ന്റെ തല മുതിര്‍ന്ന നേതാവ്, അഴിമതിക്കെതിരെ പോരാടുന്ന ധീര സഖാവ്, പെണ്‍ വാണിഭക്കാരെ റോഡിലൂടെ കയ്യാമം വെച്ച് നടത്തിക്കുന്നവന്‍, കേരളത്തിലെ വനിതകളുടെ സംരക്ഷകന്‍ എന്നിങ്ങനെ ആണല്ലോ സഖാവ് വി എസ്സിനെ കുറിച്ചുള്ള മാധ്യമ സംസാരം. അതങ്ങിനെ തന്നെ ആവുന്നതിനു എതിരെ അല്ല ഈ ലേഖനം. എന്തായാലും ഇങ്ങനെ ഒക്കെ പറയുന്ന അച്ചുമാമനെ പറ്റിയാണ് നമ്മുടെ മന്ത്രി ഗണേഷ്‌കുമാര്‍ സഭ്യേതരമായ പദപ്രയോഗങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ പിണറായി സഖാവും കോടിയേരി സഖാവും സട കുടഞ്ഞു എഴുന്നേറ്റു. കാരണം വി എസ്സിനിത് ഇത് കേട്ട് ശീലമില്ലല്ലോ, പറഞ്ഞല്ലേ ശീലമുള്ളൂ. ഇതെഴുതുമ്പോ നിങ്ങള്‍ വിചാരിച്ചു കാണും ഈ ലേഖകന്‍ എന്തിനാണ് വി എസ്സിനിട്ടു കൊട്ടുന്നെതെന്നു.
സംഗതി ഇത്രയൊക്കെ ആയ സ്ഥിതിക്ക് വി എസ്സിന്റെ മുന്‍കാല ചരിതം തേടി ഇറങ്ങിയതാണ് ഞാന്‍. ആ പരതലിനിടക്ക് പലരും പലയിടത്തും കുറിച്ച് വെച്ചത് ഞാനൊന്നു ഇവിടെ കുറിക്കുന്നു. അത് പറയുന്നതിന് മുന്‍പ് മന്ത്രി ഗണേഷ് പറഞ്ഞതിനെ പറ്റി രണ്ടു വാക്ക് പറയാം. തല്ലും തടയലും വാക്‌പോരുമെല്ലാം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു സമ്മതിക്കാം. തീ പാറുന്ന പ്രയോഗങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ആക്ഷേപങ്ങളുമെല്ലാം രാഷ്ട്രീയ വേദികളില്‍ സ്വാഭാവികം. കവലപ്രസംഗങ്ങളിലും മൈതാനപ്രസംഗങ്ങളിലും സഭാതലത്തിലുമെല്ലാം വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലുകള്‍ നമുക്കു പരിചിതം. ഭാഷാ വൈഭവവും സരസപ്രയോഗങ്ങളില്‍ പ്രാവീണ്യവുമുള്ള നേതാക്കളെ സഭയ്ക്കകത്തും പുറത്തും ധാരാളം കേട്ടിട്ടുമുണ്ട് ഈ നാട്. ആക്ഷേപവും ആക്ഷേപഹാസ്യവും വിമര്‍ശന വാക്ശരങ്ങളുമെല്ലാം അനുവദനീയം. എന്നാല്‍, നിലവാരം വിട്ട സംഭാഷണങ്ങള്‍ രാഷ്ട്രീയ വൈരിയെ താറടിക്കാന്‍ പ്രയോഗിക്കുന്ന രീതി ഉപേക്ഷിച്ചേ മതിയാകൂ ആദരണീയരെന്നും ബഹുമാന്യരെന്നും ആരാധ്യരെന്നുമൊക്കെ വിശേഷണമുള്ള നമ്മുടെ ജനനേതാക്കള്‍.
ഏത് ഓണംകേറാമൂലയില്‍ നിന്നും ലൈവ് ടെലികാസ്റ്റും റെക്കോഡഡ് സംപ്രേഷണവും സാധ്യമാകുന്ന സാങ്കേതികതയുടെ കാലത്ത് സ്വന്തം നാവിനു സ്വയം നിയന്ത്രണം കല്‍പ്പിക്കുന്നത് നന്നായിരിക്കും എന്ന പാഠമത്രെ ഗണേഷ് കുമാര്‍ സംഭവം നല്‍കുന്നത്. തനിക്കു നാവുപിഴ പറ്റിയതാണെന്നു ഗണേഷ് തുറന്നു സമ്മതിക്കുന്നുവെങ്കിലും ആഭാസച്ചുവയുള്ള പ്രയോഗങ്ങള്‍ അദ്ദേഹത്തിനു സ്വയം അപമാനമായി. രാഷ്ട്രീയവൈരികളെ നാണംകെടുത്താന്‍ എത്രയും ഹീനമായ പദപ്രയോഗങ്ങളും അംഗവിക്ഷേപങ്ങളും വൈഭവമാക്കിയ അച്യുതാനന്ദനെതിരേയായി ഗണേഷിന്റെ ആക്ഷേപമെന്നത് ഇതിലെ വിരോധാഭാസം. കേരള ചരിത്രത്തില്‍ മേല്‍ത്തരം പ്രയോഗങ്ങള്‍ക്ക് അച്യുതാനന്ദനോളം പേരുകേട്ട മറ്റൊരു നേതാവില്ല. വിരുദ്ധ ചേരിയിലുള്ളവരാകട്ടെ സ്വന്തം ചേരിയിലെ ശത്രുപക്ഷത്തുള്ള സഹപ്രവര്‍ത്തകരാവട്ടെ, അച്യുതാനന്ദന്റെ നിലവാരമറ്റ ഭാഷ, ചേഷ്ട, പ്രയോഗങ്ങള്‍ മുറിവേല്‍പ്പിക്കാത്തവര്‍ ഏറെയില്ല.
അച്യുതാനന്ദ ചരിതം
സ്വന്തം മന്ത്രി സഭയിലെ ഒരംഗത്തെ പോഴന്‍ എന്ന് വിളിച്ചാണ് അച്യുതാനന്ദന്‍ 2006ല്‍ ഭരണം തുടങ്ങിയത് തന്നെ. പിന്നീടങ്ങോട്ട് അച്യുതാനന്ദന്‍ നാക്കെടുതാല്‍ 'വല്ലതും' പറഞ്ഞിട്ടേ പൂട്ടിയിരുന്നുള്ളൂ. അപ്പൊ നിങ്ങള്‍ കരുതും ഇങ്ങേരുടെ ഈ പരിപാടി 2006ഇല്‍ തുടങ്ങിയതാണെന്ന്. അല്ലെ അല്ല. 'കര്‍പ്പൂരദീപങ്ങളാകട്ടെ കണ്ണുകള്‍ കസ്തൂരി പോലെ മണക്കട്ടെ വാക്കുകള്‍' എന്ന് കവി പറഞ്ഞ പ്രകാരം ജീവിക്കുന്ന ഒരേയൊരു മനുഷ്യനേ ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പുളളൂ. ആ മനുഷ്യന്റെ നാവില്‍ നിന്നുതിരുന്ന വാക്കുകളില്‍ അറേബ്യന്‍ അത്തറിന്റെ സുഗന്ധമുണ്ട്. സുജനമര്യാദയുടെയും സാംസ്‌ക്കാരിക സമ്പന്നതയുടെയും കാര്യത്തിലാണെങ്കില്‍ പഴയ സീരയല്‍ നടന്‍ മധുമോഹന്റെ കഥാപാത്രങ്ങളേക്കാള്‍ കാതങ്ങള്‍ മുന്നിലാണ് അദ്ദേഹം. ഭൂമുഖത്തിന്നോളം പിറന്ന സകലപ്രവാചകരിലും മുന്തിയ ജനപിന്തുണ, ആയിരം കരുണാകര•ാരെ കടത്തിവെട്ടുന്ന പുത്രവാത്സല്യം. പുകഴ്ത്തലേ കേള്‍ക്കൂ. പുളിച്ചതേ പറയൂ.
മന്ത്രി ഗണേഷ് പറഞ്ഞതിന് മറുപടി പറയാന്‍ തന്റെ സംസ്‌ക്കാരവും ആദര്‍ശക്കഴപ്പും അനുവദിക്കുന്നില്ലെന്നാണ് അച്യുതാനന്ദന്റെ പരാതി. ഗണേഷിന് തീര്‍ത്തും അപരിചിതമായ ആ സംസ്‌ക്കാരത്തിന് കേരളം പല തവണ സാക്ഷിയായിട്ടുണ്ട്. ചില സാമ്പിളുകളിതാ…………
1. തീട്ടക്കണ്ടി
1987ലെ തിരഞ്ഞെടുപ്പു പ്രചരണം. നായനാരുടെ നര്‍മ്മത്തിന് ഇപ്പോഴത്തെ ടിന്റുമോനെ പോലെയും പണ്ടത്തെ സീതി ഹാജിയെ പോലെയും ഫാന്‍സ് ഉള്ള കാലം. എതിരാളികളെക്കുറിച്ച് സ്വന്തം നിഗമനങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് നായനാര്‍ അവതരിപ്പിക്കുമ്പോള്‍ ജനം ചിരിച്ചു മറിയുന്നു, കൈയടിച്ചാര്‍പ്പു വിളിക്കുന്നു. ആക്ഷേപഹാസ്യം പറയാത്തവന്‍ എന്തു നേതാവെന്ന് നമ്മുടെ കഥാനായകനും തോന്നി. ചേര്‍ത്തലയില്‍ സി കെ ചന്ദ്രപ്പന്റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ അച്യുതാനന്ദന്റെ ആക്ഷേപഹാസ്യം ഇടിവെട്ടിപ്പെയ്തു. എതിരാളി വയലാര്‍ രവിയ്ക്ക് സംസ്‌ക്കാര സമ്പന്നന്‍ ആലോചനാമൃതമായൊരു വിശേഷപദം ചാര്‍ത്തി….. തീട്ടക്കണ്ടി…. അതോടെ ചേര്‍ത്തല കാര്‍ത്ത്യായനി നാണിച്ചു നഖം കടിച്ചു നാടു വിട്ടു.
2. അധോവായു
3. തന്തയില്ലാത്തവന്‍ (വായനക്കാര്‍ ദയവായി ക്ഷമിക്കുക)
സോഷ്യലിസ്റ്റ് ലോകത്തിന്റെ നിത്യഹരിതപ്രവാചകന്‍ എന്നും ലോക ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് എന്നും വാഴ്ത്തപ്പെട്ടപ്പോഴാണ് സംസ്‌ക്കാര സമ്പന്നന്‍ എ കെ ആന്റണിയ്ക്കു നേരെ തിരിഞ്ഞത്. ആദര്‍ശത്തിന്റെ കാര്യത്തില്‍ അന്ന് ആന്റണി ക്ക് സമം ആന്റണി മാത്രം. കാന്റീന്‍ ഊണും സൈക്കിള്‍ യാത്രയുമായി പത്രത്തലക്കെട്ടുകളത്രയും ആന്റണി വിലസുന്ന കാലം. സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്ന് പറഞ്ഞ ആന്റണിയ്ക്ക് കിട്ടിയത് ചൂടോടെ. തന്തയില്ലാത്തവരാണ് അങ്ങനെ പറയുന്നതെന്നായി സംസ്‌ക്കാരികശ്രേഷ്ഠന്‍. കേരളത്തിന്റെ മഹാനായ പ്രതിപക്ഷ നേതാവിന്റെ നാവിനെ ഓര്‍ത്തു കേരളം പുളകം കൊണ്ടത് പിറ്റേന്ന് പത്രങ്ങള്‍ ആഘോഷിച്ചു.
4. പഴയ തെറ്റിനുള്ള പ്രായശ്ചിത്തം ഇങ്ങനെ തീട്ടത്തിനു മുകളിലെ ചെറിപ്പഴം
ആന്റണി യെ പറ്റി പറഞ്ഞത് കുറച്ചതികം തനിക്കു നാണക്കേട് ഉണ്ടാക്കിയെന്നു മനസിലായിട്ടാവണം ആദ്യം പറഞ്ഞത് മാറ്റി തരം കിട്ടിയപ്പോള്‍ തീട്ടത്തിനു മുകളിലെ ചെറിപ്പഴം എന്ന അതിസുന്ദരമായ പ്രയോഗം കൊണ്ട് ആന്റണിയെ അദ്ദേഹം പ്രശംസിച്ചത്. ചെറി തിന്നാന്‍ വിപ്ലവ നായകന് ഇട്ടു കൊടുത്തതല്ലാതെ ആന്റണി അണ്ണാ ഹസാരെ മോഡല്‍ മൌനവ്രതം അനുഷ്ടിച്ചു സാക്ഷര കേരളത്തിന്റെ അഭിമാനം കാത്തു.
5. മീന്‍ പിടുത്തക്കാരന്‍
6 .കുടുംബമൊട്ടാകെ മദ്യ മാഫിയ
കാലം 1999 നവംബര്‍. ഭരണക്കസേരയില്‍ നായനാര്‍. സര്‍വാധികാരിയായ ഇടതുമുന്നണി കണ്‍വീനര്‍ അച്യുതാനന്ദന്‍. ഹരിപ്പാട്ട് ഒരു ചെറുപ്പക്കാരനെ മദ്യമാഫിയക്കാര്‍ ചവിട്ടിക്കൊന്നു. മരണവാര്‍ത്തയറിഞ്ഞയുടനെ മുന്നണി കണ്‍വീനര്‍ ഓടിയെത്തി. കുഴിമാടത്തിനരികെ രണ്ടുമിനിട്ട് മൗനം ആചരിച്ചപ്പോള്‍ കാറ്റിലൂടെ ഒരു വെളിപാട് കണ്‍വീനറിലേയ്ക്ക് പകര്‍ന്നു.
കൊന്നവരല്ല, മരിച്ചവനാണ് വ്യാജമദ്യമാഫിയയെന്ന സഖാവ് തിരിച്ചറിഞ്ഞു. വെളിപാടു കിട്ടിയാല്‍ അന്നും ഇന്നും മിണ്ടാതിരിക്കുന്നവനല്ല അച്യുതാനന്ദന്‍. ചത്തവന്‍ മാത്രമല്ല അവന്റെ അച്ഛനും മദ്യമാഫിയയാണെന്നും വ്യാജമദ്യലോബിക്കാര്‍ തമ്മിലുളള തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്നും മരണവീട്ടില്‍ നിന്നിറങ്ങിയുടന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വേറാരു തുറന്നു പറയും? മകന്‍ മരിച്ചതിന്റെ ആഘാതത്തില്‍ നിന്നും മോചിതനാവാത്ത പിതാവ് പിറ്റേദിവസം മറുപത്രസമ്മേളനം നടത്തി. മാന്യനെന്നു കരുതിയാണ് അച്യുതാനന്ദനെ വീട്ടില്‍ കയറ്റിയതെന്നായി അദ്ദേഹം. സര്‍വാധികാരിയെ വെറുമൊരു പുഴു പത്രസമ്മേളനം നടത്തി ആക്ഷേപിക്കുകയോ? ശിവ! ശിവ! കുറേക്കാലം ലോക്കപ്പില്‍ കഴിയേണ്ടി വന്നുവെന്നല്ലാതെ മറ്റു ദുരനുഭവങ്ങളൊന്നുമുണ്ടായില്ല ആ പിതാവിന്.
സോഫ്‌റ്റ്വെയര്‍ വിദഗ്ദനും സര്‍വോപരി മൈക്രോസോഫ്ട്, ആപ്പിള്‍ തുടങ്ങിയവയുടെ തലപ്പതിരിക്കുന്നവനും ങഇഅ ടൗുുഹ്യ അടിച്ചുനടക്കുന്നവനുമായ ഏകമകനെ മുപ്പതാം വയസില്‍ കയര്‍ഫെഡ് എംഡിയായി നിയമിച്ച പ്രഭയില്‍ തെക്കുവടക്കു പായുന്ന കാലം ആണിതെന്നു വായനക്കാര്‍ പ്രത്യേകം ഓര്‍ക്കണം.
7. കുരങ്ങന്‍
ഡാര്‍വിന്‍ ന്റെ പരിണാമ സിദ്ധാന്തത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ആളാണല്ലോ നമ്മുടെ സ്വന്തം അച്ചു മാമന്‍. മനുഷ്യനുണ്ടായത് കുരങ്ങനില്‍ നിന്നാണെന്ന് ഉറക്കെ പറയുന്ന നമ്മുടെ ഇടതു പക്ഷ ചിന്തകന്‍ കെ ഈ എന്‍ കുഞ്ഞഹമെദ് ആയിരുന്നു സഖാവിന്റെ അടുത്ത ഇര. കുരങ്ങന്‍ എന്നാണ് അദ്ധേഹത്തെ ഇദ്ദേഹം വിളിച്ചത്. രണ്ടു പേരും പരിണാമ വാദികള്‍ ആയതു കൊണ്ട് വല്ലാതെ ഒച്ചപ്പടായില്ലെന്നു മാത്രം.
8. പ്രശസ്ത
പ്രശസ്ത എന്നതില്‍ എന്ത് തെറിയാണെന്ന് വായനക്കാര്‍ ചോദിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ ആണ് മലമ്പുഴയിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതിക സുഭാഷ് നെ ഇങ്ങേര്‍ പല രീതിയിലും പ്രശസ്തയാക്കിയത്. ലതിക മാന്യ ആയതു കൊണ്ട് ഇങ്ങേര്‍ രക്ഷപ്പെട്ടു എന്ന് പറയാം. ലതികാ സുഭാഷിനെ പറ്റി സഭ്യേതരമായ രീതിയില്‍ അച്യുതാനന്ദന്‍ നടത്തിയ പദപ്രയോഗങ്ങളും അംഗവിക്ഷേപങ്ങളും കണ്ടാല്‍ സാംസ്‌കാരിക കേരളം തങ്ങളുടെ പ്രിയ പുത്രന്റെ പെര്‍ഫോര്‍മന്‍സ് കണ്ടു കോരി തരിക്കും.
9. പട്ടിപുരാണം [ദേശീയ തെറി]
സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെന്നുണ്ടാക്കിയ പുക്കാറിന്റെ കാലത്ത് വിഎസിലേയ്ക്ക് ദേശീയ ശ്രദ്ധ തിരിഞ്ഞത് പട്ടി പ്രയോഗത്തിലൂടെ ആണ്. സ്വന്തം പുത്രനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരുണങ്ങും മുന്‍പ് അച്യുതാനന്ദന്‍ അവരെ ആക്ഷേപിച്ചതും വീരമൃത്യു വരിച്ച ജവാന്റെ വീടല്ലെങ്കില്‍ ഒരു പട്ടിയും ഇങ്ങോട്ടു തിരിഞ്ഞുകയറില്ല എന്ന ഹൃദയശൂന്യമായ പുലഭ്യം പറഞ്ഞതും ആരും മറന്നിട്ടുണ്ടാവില്ല.
10. പെണ്ണുപിടിയന്മാര്‍
നീലലോഹിത ദാസന്‍ നാടാര്‍ക്ക് സീറ്റുണ്ടോ എന്ന് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന്, പെണ്ണുപിടിയന്മാര്‍ക്കു സീറ്റില്ല എന്നായിരുന്നു അച്യുതാനന്ദന്റെ വാമൊഴിവഴക്കം. സ്ത്രീകള്‍ക് അപമാനകരമായ ഇത്തരം വാക്കുകള്‍ക്കെതിരെ ജനാതിപത്യ മഹിളകലെയൊന്നും അന്ന് കണ്ടിരുന്നില്ല.
11. പായസ പാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കള്ളന്‍
തന്നെക്കാള്‍ പ്രായമുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസ പാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കള്ളന്‍ എന്നാണ് ഈ അടുത്ത കാലത്ത് വിഎസ് പരസ്യമായി അധിക്ഷേപിച്ചത്.
12. വല്യമ്മച്ചി, വല്യമ്മ, ഒരുത്തി
ഇദ്ദേഹം തന്നെയാണ് തിരുവല്ല ഉപ തിരഞ്ഞെടുപ്പ് സമയത്ത് എലിസബത്ത് മാമന്‍ മത്തായിയെ 'വല്യമ്മച്ചി' എന്ന് വിളിച്ചു കളിയാക്കിയത്.പിന്നീട് സോണിയ ഗാന്ധിയെ 'വല്യമ്മ' എന്ന് വിളിച്ചു കളിയാക്കി. മാസങ്ങള്‍ക്ക് മുന്‍പ് സിന്ധു ജോയിയെ 'ഒരുത്തി ' എന്ന് വിളിച്ചു അപമാനിച്ചു. അവസാനം മലമ്പുഴയില്‍ മത്സരിക്കുന്ന ഡഉഎ സ്ഥാനാര്‍ഥി ലതിക സുഭാഷിനെ, ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ത പ്രയോഗത്തിലൂടെ അപമാനിച്ചു. 'സ്ത്രീകളുടെ മൊത്തം രക്ഷകന്‍ ആണെന്ന് ചമയുന്ന' അച്ചുമാമന്റെ ഇത്തരം സാംസ്‌കാരിക ശൂന്യ പ്രയോഗങ്ങളിലൂടെ, മൊത്തം സ്ത്രീത്വത്തെ തന്നെ അപമാനിക്കുകയല്ലേ ചെയ്തത്? സ്ത്രീകളെ അപമാനിക്കുന്ന ഈ ശ്രീമാന് എങ്ങനെ സ്ത്രീ സംരക്ഷകന്‍ ആകാന്‍ കഴിയും?
13. പോഴന്‍
തന്റെ സ്വന്തം മന്ത്രി സഭയിലെ ഒരു മന്ത്രിയെ പോഴന്‍ എന്ന് വിളിച്ചും ഇദ്ദേഹം സ്വയം പോഴനായി. ബിനോയ് വിശ്വം ഇദ്ദേഹത്തിന്റെ ഇര.
14. മലപ്പുറം ജില്ലക്കാര്‍ കോപ്പി അടി വീരന്മാര്‍
ലീഗനോടുള്ള വിധ്വേഷത്തിനു മലപ്പുറം ജില്ലക്കാര്‍ മുഴുവന്‍ കോപ്പി അടിച്ചാണ് ജയിക്കുന്നതെന്ന് വരെ ഈ മഹാന്‍ പറഞ്ഞിട്ടുണ്ട് . ഇതിനു ചുട്ട മറുപടി കൊടുത്താണ് അടുത്ത വര്ഷം മലപ്പുറം ആഘോഷിച്ചത്. ടടഘഇ ഫസ്റ്റ് റാങ്ക് കിട്ടിയത് മലപ്പുറത്തിനു. ഇദ്ദേഹം കേരളം ഭരിച്ചപ്പോള്‍ ടടഘഇ ക്കും ഋിഴഴ ഋിേൃമിരല നും റാങ്ക് വാങ്ങിയും മലപ്പുറം അത് ആഘോഷിച്ചു.
15. മേല്‍പ്പോട്ടു വാണം വിടുന്നവന്‍!!!
മേല്പറഞ്ഞ തെറിയൊന്നും തെറിയല്ലെന്നു തോന്നും സഖാവിന്റെ ഈ തെറി കേട്ടാല്‍. ലോകാരാധ്യനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ മേല്‍പ്പോട്ടു വാണം വിടുന്നവന്‍ എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. വായനക്കാരെ, ഇദ്ദേഹത്തിന്റെ ബെസ്റ്റ് തെറിയായി തിരഞ്ഞെടുക്കാം നമുക്കിതിനെ. കാരണം ഈ ലേഖകന്‍ വ്യക്തമാക്കുന്നില്ല. ലേഖകന്റെ മാന്യത അതിനു സമ്മതിക്കുന്നില്ല എന്നും പറയാം. അറിയാത്തവര്‍ ചോദിച്ചു മനസ്സിലാക്കുക അതെ മാര്‍ഗമുള്ളൂ. ഒന്ന് പറയാം, ഇത്രമാത്രം അശ്ലീലം പറയാന്‍ മാത്രം അധപതിച്ചോ വി എസ്സേ താങ്കള്‍? കഷ്ടമല്ലാതിതെന്തു പറയാന്‍ ജനങ്ങളെ.
ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'മേല്‍പ്പോട്ടു വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നു വിളിച്ച വി എസ്സിന്, സോണിയ ഗാന്ധിയെ 'വല്യമ്മ' എന്ന് വിളിച്ച വി എസ്സിന്, എലിസബത്ത് മാമന്‍ മത്തായിയെ 'വല്യമ്മച്ചി' എന്ന് വിളിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വി എസ്സിന്, ലതികയെ മ്ലേച്ചമായ ശൈലിയില്‍ 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, മലപ്പുറത്തെ കുട്ടികളെ മുഴുവന്‍ കോപ്പി അടിക്കാരാക്കിയ വി എസ്സിന്, വയലാര്‍ രവിയെ തീട്ടക്കണ്ടി ആകിയ വി എസ്സിന്, ബഹുമാന്യനായ ആന്റണി യെ തീട്ടത്തിനു മുകളിലെ ചെറി പഴം ആക്കിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്‌കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്‍കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.
ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചേക്കാം, ചാനല്‍ മുറിയില്‍ വലിയ വായില്‍ നിലവിളിച്ചേക്കാം. അപദാനങ്ങളുടെ മലവെളളപ്പാച്ചില്‍ മാധ്യമങ്ങളിലാകെ നിറഞ്ഞേക്കാം.. ഒക്കെ സഹിക്കാം… എന്നാലും ഈ കുരിശൊന്ന് ചുമന്നു മാറ്റരുതോ പിണറായി സഖാവേ
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment