വിളഞ്ഞുപാകമായ തേങ്ങകള്‍ നില്‍ക്കുന്ന തെങ്ങിന്റെ മുകളിലേക്കു നോക്കി തെങ്ങുകയറ്റക്കാരുടെ ക്ഷാമത്തെക്കുറിച്ചും അവയ്‍ലബിളായിട്ടുള്ള തെങ്ങുകയറ്റക്കാരുടെ ജാഡയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് ഇനി ഒരു തേങ്ങയും പറയാനുണ്ടാവില്ല.പരിഭവിക്കുന്ന തെങ്ങമുതലാളിമാര്‍ക്കും വേണമെങ്കില്‍ പഠിക്കാം തെങ്ങുകയറ്റം.ഡ്രൈവിങ് സ്കൂള്‍ പോലെ സര്‍ക്കാര്‍ തന്നെ ഒരുക്കിയിരിക്കുന്ന ക്ലൈംബിങ് സ്കൂളില്‍പ്പോയി നാളികേരവികസനബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (Friends of Coconut Tree)പദ്ധതിയില്‍ അംഗമാവുക കൂടി ചെയ്താല്‍ വരുമാനവുമുണ്ടാക്കാം.നാട്ടിലെങ്ങനെയാ ജോലി ചെയ്യുന്നത് ഗള്‍ഫിലായിരുന്നെങ്കില്‍ നോക്കാമായിരുന്നു എന്നു പറഞ്ഞൊഴിയാന്‍ സ്കോപില്ല, കാരണം ഗള്‍ഫില്‍ തെങ്ങില്ല.
പറമ്പില്‍ പത്തു തെങ്ങുള്ള എല്ലാവരും പത്തുവര്‍ഷത്തിലധികമായി പറഞ്ഞ് ബോറടിപ്പിച്ചിട്ടുളള കാര്യമാണ് തെങ്ങുകയറ്റക്കാരുടെ ക്ഷാമം.ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ഒപ്പം മാന്യമായ ഒരു തൊഴില്‍ ചെറുപ്പക്കാരെ പഠിപ്പിക്കുന്നതിനും വേണ്ടി കേരള സംസ്ഥാന നാളികേരവികസന ബോര്‍ഡ് തുടക്കമിട്ട പദ്ധതിയാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം.പദ്ധതിപ്രകാരം 5000 യുവാക്കളെ തെങ്ങുകയറ്റം പഠിപ്പിക്കുകയും അവരെ ഒരു ചങ്ങാതിക്കൂട്ടമാക്കി മാറ്റുകയും അവരിലൂടെ നാട്ടിലെ തെങ്ങുകയറ്റക്കാരുടെ ക്ഷാമം പരിഹരിക്കുകയുമായിരുന്നു ലക്ഷ്യം.നിലവിലുള്ള തെങ്ങുകയറ്റക്കാര്‍ കൂടി പണി നിര്‍ത്തി ക്ലൈംബിങ് സ്കൂളില്‍ പ്രൊഫസറാകാന്‍ പോകുമെന്നല്ലാതെ ഇതുകൊണ്ടൊക്കെ വല്ല പ്രയോജനവും ഉണ്ടാകുമോ എന്ന് അന്ന് പലരും ചോദിച്ചിരുന്നു.
ഇന്ന് കേരളത്തില്‍ അടുത്തകാലത്ത് നടന്നിട്ടുള്ള നിശബ്ദവിപ്ലവങ്ങളിലൊന്നായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം മാറിയിരിക്കുന്നു.5000 തെങ്ങുകയറ്റക്കാര്‍ എന്ന ലക്ഷ്യം അതിദൂരത്തല്ല എന്നു തെളിയിച്ചുകൊണ്ട് ആണായും പെണ്ണായും യുവാക്കള്‍ തെങ്ങുകയറ്റം പഠിക്കാനെത്തുന്നു.തെങ്ങുകയറ്റക്കാരെ പ്രയോജനപ്പെടുത്തുന്നതിനായിതെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഓണ്‍ലൈന്‍ ഡയറക്ടറിയുണ്ടാക്കി അതില്‍ ജില്ല തിരിച്ച് തെങ്ങുകയറ്റക്കാരുടെ വിലാസവും വയസും മൊബൈല്‍ നമ്പരും നല്‍കിയിരിക്കുകയാണ്.
നവംബര്‍ എട്ടു വരെയുള്ള കണക്കനുസരിച്ച് വിവിധ ജില്ലകളിലായുള്ള തെങ്ങിന്റെ ചങ്ങാതിമാര്‍ 1532 പേരാണ്.പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ -243. കണ്ണൂര് 208 പേരും കോഴിക്കോട്ട് 182 പേരും തിരുവനന്തപുരത്ത് 172 പേരുമാണുള്ളത്. തൃശൂര്‍(161),കൊല്ലം(158),എറണാകുളം (117),കാസര്‍കോട് (97),കോട്ടയം(61),ആലപ്പുഴ (61),ലക്ഷദ്വീപ് (60),മലപ്പുറം (52),പത്തനംതിട്ട (20) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഡയറക്ടറി പരിശോധിച്ചാല്‍ എല്ലാവരുടെയും വിവരങ്ങളും ലഭിക്കും.മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ തെങ്ങിന്റെ ചങ്ങാതിമാര്‍ യൂണിഫോം ധരിച്ച് തെങ്ങിന്‍ചുവട്ടിലെത്തും.
ഇനി പറമ്പിലെ തെങ്ങില്‍ സ്വയം കയറി തേങ്ങയിടാന്‍ ധൈര്യമുണ്ടെങ്കില്‍ അടുത്ത ബാച്ചില്‍ തന്നെ ചേര്‍ന്ന് പണി പഠിക്കാം.18 വയസ് മുതല്‍ 40 വയസുവരെ പ്രായമുള്ള, പൂര്‍ണ ആരോഗ്യവാന്‍മാരായ, അംഗവൈകല്യമില്ലാത്ത യുവജനങ്ങളായിരിക്കണം അപേക്ഷകര്‍. കുറഞ്ഞത് ഏഴാംക്ലാസ് വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം. ഒരു ബാച്ചില്‍ 20 പേര്‍ക്ക് താമസിച്ചുള്ള പരിശീലനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറ് ദിവസം നീളുന്നതാണ് പരിശീലന പരിപാടി. താമസസൗകര്യവും 150 രൂപ വീതം പ്രതിദിന സ്റ്റൈപ്പന്‍ഡും നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളായ കെയ്‌ക്കോയും റെയ്ഡ്‌കോയും വഴിയാണ് തെങ്ങുകയറ്റയന്ത്രം വിതരണം ചെയ്യുന്നത്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഓരോ കേരചങ്ങാതിക്കും 600 രൂപയെങ്കിലും ദിവസവേതനം ലഭിക്കാനും വര്‍ഷത്തില്‍ കുറഞ്ഞത് 300 ദിനങ്ങളില്‍ തൊഴിലുറപ്പ് വരുത്തുവാനുമാണ് ലക്ഷ്യം. ഒരു ദിവസം 60 മുതല്‍ 90 വരെ തെങ്ങുകളില്‍ കയറുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലനമാണ് നല്‍കുന്നത്. ചങ്ങാതിക്കൂട്ടത്തില്‍ 30 ശതമാനം വനിതകളെക്കൂടി ഉള്‍പ്പെടുത്തും. 'ഫ്രണ്ട്‌സ് ഓഫ് കോക്കനട്ട് ട്രീ' എന്ന് മുദ്രണം ചെയ്ത ജേഴ്‌സിയും ട്രാക്ക്‌സ്യൂട്ടും ക്യാപ്പുമണിഞ്ഞ് ടൂള്‍ബാഗില്‍ തെങ്ങുകയറ്റ യന്ത്രവുമായി ടൂവീലറിലാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എത്തുക. പരിശീലനത്തിനുശേഷം ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് ടൂവീലര്‍, മൊബൈല്‍ തുടങ്ങിയ സൗകര്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനും പെന്‍ഷന്‍, പിഎഫ് തുടങ്ങിയവ നടപ്പിലാക്കാനും നാളികേര ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തില്‍ അംഗങ്ങളാവുന്നതിനായി അപേക്ഷകള്‍ അയക്കേണ്ട വിലാസം: ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, കൊച്ചി-11. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ശ്രീകുമാര്‍ പൊതുവാള്‍, പ്രോസസ്സിംഗ് എന്‍ജിനീയര്‍, ഫോണ്‍: 9895816291.നന്ദി,നമസ്‍കാരം
No comments:
Post a Comment