ഇന്ത്യയിലും ആവേശമായി മാറിയ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലെ താരം എല്ലാറ്റിലുമുപരി കാര്‍ തന്നെയാണ്. സാങ്കേതികത്തികവില്‍ ഒരു കണികപോലും കുറയാതെ വാര്‍ത്തെടുക്കുന്ന ഈ സ്വപ്നവാഹനം മിന്നല്‍വേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചുപായുമ്പോള്‍ അതിനുവേണ്ടി കോടികള്‍ മുടക്കിയ കമ്പനികളുടെ കീശയിലും ആ കിലുക്കമുണ്ടാകുന്നു. പണത്തിന്റെ ചെലവിനുപരി പ്രസ്റ്റീജിനാണ് ഇവിടെ വില. അതുകൊണ്ടുതന്നെ കോടികളാണ് വര്‍ഷംതോറും കമ്പനികള്‍ വാരിയെറിയുന്നത്. സാങ്കേതികതയിലെ ഒരു പിഴവുപോലും വന്‍ ദുരന്തമായി കലാശിച്ചേക്കാമെന്ന് അവര്‍ക്ക് നന്നായറിയാം. അതിനാല്‍ത്തന്നെ അതിന് വഴിവെക്കാതിരിക്കാനാണ് ഇതിനുപിന്നിലെ കരങ്ങള്‍ ശ്രമിക്കുന്നതും.
ഒരു ജെറ്റ് യുദ്ധവിമാനത്തിന്റെ സാങ്കേതികത തന്നെയാണ് ഈ ഫോര്‍മുല വണ്‍ കാറുകളിലേതും. അവയുടെ രൂപകല്പനയില്‍ എയ്‌റോ ഡൈനാമിക് രൂപത്തിനാണ് പ്രാധാന്യം. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗത്തില്‍ കുതിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഈ രൂപം സഹായിക്കുന്നു. സാധാരണ കാറുകളിലും ഇതേ എയ്‌റോ ഡൈനാമിക് ഡിസൈന്‍ തന്നെയാണ് പിന്തുടരുന്നത്. വേഗം കൂടുന്തോറും വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന കാറ്റിന്റെ സമ്മര്‍ദം പരമാവധി കുറയ്ക്കാനും കാറ്റിനെ കീറിമുറിച്ച് മുന്നോട്ട് കുതിക്കുവാന്‍ ഉതകുംവിധമായിരിക്കും ഇതിന്റെ ഡിസൈന്‍. അതുകൊണ്ട് കമ്പനികള്‍ പ്രധാനമായും പണം ചെലവിടുന്നതും രൂപകല്‍പ്പനയിലാണ്.
സിംഗിള്‍ സീറ്റര്‍ ഓട്ടോ റേസിങ് എന്നറിയപ്പെടുന്ന ഈ മത്‌സരം 1920-കളിലാണ് ആദ്യം ആരംഭിക്കുന്നത്. അന്ന് യൂറോപ്യന്‍ ഗ്രാന്‍ പ്രീ മോട്ടോര്‍ റേസിങ് എന്നായിരുന്നു പേര്. പിന്നീട് നിയമങ്ങളില്‍ ഭേദഗതി വന്നപ്പോഴായിരുന്നു ഫോര്‍മുല എന്നതുകൂടി ഇതിനോട് ചേര്‍ന്നത്. ആദ്യത്തെ ഫോര്‍മുല വണ്‍ റേസിങ് 1950-ലായിരുന്നു. ഇപ്പോഴത്തെ ഫോര്‍മുല വണ്‍ കാറുകളില്‍ എന്‍ജിന്‍ നടുക്കായിരിക്കും. ഓപ്പണ്‍ കോക്ക്പിറ്റ്, ഓപ്പണ്‍ വീല്‍ സിംഗിള്‍ സീറ്ററായിരിക്കും ഇവ. ചേസിസ് പ്രധാനമായും കാര്‍ബണ്‍ ഫൈബര്‍ ഉത്പ്പന്നങ്ങളെക്കൊണ്ടായിരിക്കും നിര്‍മിക്കുക. ഇവയ്ക്ക് ഭാരം കുറവാണെങ്കിലും കരുത്ത് ഇരട്ടിയിലധികമായിരിക്കും. നിയമാവലി അനുസരിച്ച് ഇവ 640 കിലോ ഗ്രാമില്‍ അധികമായിരിക്കാന്‍ പാടില്ല. ഇതിന്റെ നിയന്ത്രണം വിമാനങ്ങളിലേതിന് സമമായ ചിറകുകളായിരിക്കും. വേഗം കൂടുമ്പോള്‍ നിയന്ത്രണംവിട്ടുപോകാതെ ട്രാക്കില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുകയാണ് ഈ ചിറകുകളുടെ ലക്ഷ്യം. മറ്റൊന്ന് വളവുകളില്‍ നിയന്ത്രണം പോകാതെ നിര്‍ത്തുക എന്നതും.
1960കളില്‍ പുറത്തിറക്കിയ കാറുകളില്‍ വിമാനങ്ങളുടേതിന് സമാനമായിരുന്നു ഈ വിങ്ങുകളുടെ പ്രവര്‍ത്തനം. ആദ്യമിറങ്ങിയ കാറുകളില്‍ ചിറകുകള്‍ എടുത്ത് മാറ്റാന്‍ കഴിയുന്നവയായിരുന്നു. എന്നാല്‍, ഇത് അപകടത്തിന് കാരണമാവുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചേസിസില്‍ ഉറപ്പിച്ച ചിറകുകള്‍ നിര്‍ബന്ധമാക്കുകയായിരുന്നു. 1970 മുതലാണ് ഈ നിര്‍ദേശം നടപ്പിലായത്. എന്നാല്‍, ട്രാക്കുകളുടെ വ്യത്യാസം കണക്കിലെടുത്ത് ചിറകുകളില്‍ ചില്ലറ മാറ്റങ്ങള്‍ക്ക് പിന്നീട് അനുമതി നല്‍കി. എന്നാലും, വായുസമ്മര്‍ദം കുറയ്ക്കാനായി കമ്പനികള്‍ കാറുകളില്‍ വളരെയധികം വ്യത്യാസങ്ങള്‍ വരുത്തുകയുണ്ടായി. പിന്‍വശം ചെത്തിക്കൂര്‍പ്പിച്ച പോലെയാക്കിയും, സസ്‌പെന്‍ഷന്‍പോയന്റുകളില്‍ മാറ്റംവരുത്തിയും മറ്റും പ്രധാന പ്രശ്‌നം പരിഹരിക്കാനായി അവര്‍ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ വര്‍ഷം നടപ്പിലാക്കിയ ഡ്രാഗ് റിഡക്ഷന്‍ സിസ്റ്റമാണ് ഏറ്റവും പുതിയത്. പിന്നിലെ ചിറകുകള്‍ ഡ്രൈവര്‍ക്ക് ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണിത്.
സ്റ്റിയറിങ് വീല്‍
എല്ലാ നിയന്ത്രണങ്ങളും കൈയിലാക്കുന്നതാണ് ഫോര്‍മുല വണ്ണിലെ സ്റ്റിയറിങ് വീല്‍. ഓണ്‍, ഓഫ്, പിറ്റ് ലൈന്‍ സ്പീഡ് ചെക്കിങ് ഫങ്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്യൂയല്‍ മിക്ചര്‍, ബ്രേക്കിങ്, ബൂസ്റ്റ് ബട്ടണ്‍, ഗിയര്‍ ഷിഫ്റ്റിങ്, എല്‍.സി.ഡി. ഡിസ്‌പ്ലെ, ജി.പി.എസ്. എന്നിങ്ങനെ എല്ലാം ഈ സ്റ്റിയറിങ് വീലിലായിരിക്കും.
ബ്രേക്കുകള്‍
ബ്രേക്കിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. ഇക്കാര്യത്തില്‍ സാദാ റോഡിലോടുന്ന തങ്ങളുടെ സഹോദരന്‍മാരുടെ രീതി തന്നെയാണിവിടെയും. എന്നാല്‍, എ.ബി.എസ് ആന്റി സ്‌കിഡ് സിസ്റ്റം ഘടിപ്പിച്ച ബ്രേക്കുകള്‍ ഫോര്‍മുലവണ്ണില്‍ അനുവദിക്കപ്പെട്ടിട്ടില്ല. ഇവയിലിപ്പോഴും ഉപയോഗിക്കുന്നത് പഴയ ഡിസ്‌ക്ക് ബ്രേക്കുകള്‍ തന്നെയാണ്. ചക്രങ്ങളുമായി ഘടിപ്പിച്ചിട്ടുള്ള, തിരിയുന്ന ഡിസ്‌ക്കുകള്‍ റിമ്മുകളുമായി ഉരയുന്ന ആ പഴയ രീതി. വളരെവേഗത്തില്‍ കുതിക്കുന്ന വാഹനത്തില്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോള്‍ തീയും പുകയും ഉണ്ടാവുന്നത് സാധാരണംമാത്രം. അതാണ് ഇടയ്ക്ക് ട്രാക്കുകളിലെ പുക. അതുകൊണ്ടുതന്നെ ഇവയിലെ ബ്രേക്ക് ഡിസ്‌ക്കുകള്‍ എപ്പോഴും പഴുത്ത് ചുവന്നായിരിക്കും ഇരിക്കുക. വല്ലാതെ ബ്രേക്ക് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ ടയര്‍ ലോക്ക് ആയിപ്പോകാനും സാധ്യതയുണ്ട്. ബ്രേക്ക് വളരെക്കുറവ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന തത്ത്വമാണ് ഇവിടെ. ഡ്രൈവറുടെ കഴിവ് പ്രകടിപ്പിക്കപ്പെടുന്നത് ഈ അവസ്ഥയിലാണ്. പിന്നിലും മുന്നിലുമായി രണ്ട് ഹൈഡ്രോളിക് ബ്രേക്കിങ് സിസ്റ്റമുണ്ടായിരിക്കും. ഇതിലെ ഒരു ബ്രേക്ക് ഡിസ്‌ക്കിന് ഒന്നര കിലോയായിരിക്കും ഏകദേശ ഭാരം. 750 ഡിഗ്രി സെല്‍ഷ്യസ് വരെ താങ്ങാനുള്ള ശേഷിയും ഇവയ്ക്കുണ്ടായിരിക്കും.
ഇന്ധനം
പണ്ട് ഗ്രാന്‍ പ്രീകളില്‍ പെട്രോളിന് പുറമെ വിവിധ തരം കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, നിയമഭേദഗതികളിലൂടെ ശുദ്ധമായ പെട്രോളാണ് ഉപയോഗിക്കുന്നത്. സാധാരണവാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നേര്‍ത്തതാണിത്. ഇപ്പോള്‍ നോണ്‍ കാര്‍ബണ്‍ കോംപൗണ്ട്‌സ് മാത്രമേ ഇന്ധനത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്ധനം ആദ്യംതന്നെ പരിശോധനയ്ക്ക് അയയ്ക്കുകയും വേണം. ഒരു മത്സര സീസണില്‍ രണ്ടുലക്ഷം ലിറ്റര്‍ ഇന്ധനമാണ് ചെലവാക്കപ്പെടുക.
ടയറുകള്‍
ഫോര്‍മുല വണ്‍ കാര്‍ ടയറുകള്‍ വെറും 200 കിലോമീറ്ററുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. നൈലോണും പോളിയസ്റ്ററും നിശ്ചിത അളവില്‍ ചേര്‍ത്താണ് ഈ ടയറുകള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സോഫ്റ്റ് റബ്ബറാണിതിന്റെ മുഖ്യപങ്കും. വാഹനം കുതിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും മര്‍ദവും താങ്ങാന്‍ ശേഷിയുള്ളവയായിരിക്കും ഇവ. അതിനാല്‍, നൂറ് ഡിഗ്രി സെല്‍ഷ്യസിലും ഒന്നും പറ്റാത്തവയായിരിക്കും ഈ ടയറുകള്‍. 1960-കളില്‍ സ്ലിക്ക് ടയറുകള്‍ എന്ന പേരിലായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. അവയില്‍ ത്രെഡ് പാറ്റേണ്‍ പിന്നീട് ഒഴിവാക്കപ്പെട്ടു. വീതി കൂട്ടി റോഡും ടയറുമായുള്ള ബന്ധം ദൃഢമാക്കി. ഇതുവരെ എഫ് വണ്‍ റേസുകള്‍ക്ക് ജപ്പാനിലെ ബ്രിഡ്ജ് സ്റ്റോണ്‍ കമ്പനിയായിരുന്നു ടയറുകള്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ ഫ്രഞ്ച് കമ്പനിയായ പൈറേലിയാണ് ടയറുകള്‍ നല്‍കുന്നത്. വിവിധ റേസ് ട്രാക്കുകള്‍ക്ക് അനുയോജ്യമായ നാല് തരം ടയറുകളാണ് നല്‍കപ്പെടുന്നത്. ഇതില്‍ സൂപ്പര്‍ സോഫ്റ്റ്, സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്നിങ്ങനെയാണിവ.
എന്‍ജിന്‍, ഗിയര്‍ബോക്‌സ്
ഫെര്‍ഡിനന്റ് പോഷെ എന്ന മഹാനായ ഓട്ടോമോട്ടീവ് എന്‍ജിനീയറുടെ കണ്ടെത്തലാണ് ഫോര്‍മുല വണ്‍ കാറുകളുടെ ഹൃദയം. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ ഒരു ഘടകമായിട്ടാണ് ഇതിനെ വാഴ്ത്തപ്പെടുന്നത്. കാര്‍ റേസിങ്ങുകള്‍ തുടങ്ങിയ കാലത്ത് നൂറ് ബി.എച്ച്.പി. തരുന്നവയായിരുന്നു ഇവയില്‍ പലതും. പിന്നീട്, 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുകള്‍ വന്നതോടെ മറ്റൊരു യുഗത്തിന് ആരംഭമായി. ഇത് 750 ബി.എച്ച്.പി. വരെ തരുന്നവയായിരുന്നു. എന്നാല്‍, പിന്നീട് ഇവ 1000 ബി.എച്ച്.പി. വരെ തരുന്നവയായി മാറി. അതായത് മൂന്ന് ലിറ്റര്‍ വി 10 എന്‍ജിനുകള്‍ വന്നതോടെയായിരുന്നു വേഗതയ്ക്ക് പുതിയ പര്യായമായത്. 18000 ആര്‍.പി.എമ്മായിരുന്നു ഇവ നല്‍കിയിരുന്നത്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment