കാക്കനാടനുമായി നാരായണന് കാവുമ്പായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
മലയാളത്തില്‍ പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ട എഴുത്തകാരില്‍ പ്രമുഖനാണ് കാക്കനാടന് .
വായന എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
വായന എന്നും ലഹരിയായിരുന്നു. കുട്ടിക്കാലം മുതലുള്ള ശീലമാണത്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നാണ് വായനയോടുള്ള താല്പര്യം ജനിച്ചത്. അച്ഛന് സുവിശേഷകനായിരുന്നു. അദ്ദേഹത്തിന് വലിയൊരു ഗ്രന്ഥശേഖരമുണ്ട്. നന്നായി വായിക്കുകയും ഞങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു അച്ഛന് .
എഴുതിത്തുടങ്ങിയതിന് പ്രത്യേകിച്ചെന്തെങ്കിലും നിമിത്തം?
അനുജന് രാജന് കാക്കനാടനാണ് എഴുത്തിന് നിമിത്തമെന്ന് പറയാം. രാജന് ആറേഴ് വയസായപ്പോള്‍ കഥകേള്‍ക്കാന്‍ വലിയ താല്പര്യമായിരുന്നു. ഞാന്‍ വായിച്ച കഥകള്‍ അവന് പറഞ്ഞുകൊടുത്തു. വായിച്ച കഥകളുടെ കലവറ കാലിയായപ്പോള്‍ അവയുടെ ചുവടുപിടിച്ച് ഞാന്‍ പുതിയ കള്ളക്കഥകള്‍ പടച്ചുണ്ടാക്കി.
എന്റെ രചനകളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. അതിനെ സ്വയംവിമര്‍ശനരീതിയില്‍ വിലയിരുത്താറുമുണ്ട്. എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും തുടക്കക്കാരനാണ്. എനിക്കു തോന്നിയ കാര്യങ്ങളാണ് ഞാനെഴുതിയത്. മറ്റുള്ളവര്‍ക്കുവേണ്ടി എഴുതിയിട്ടില്ല. "മണ്ണിന്റെ മണമുള്ള എഴുത്ത്" എന്നൊക്കെ ചിലര്‍ പറയുന്നതുകേള്‍ക്കാം. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. മണ്ണിന്റെ മണമൊക്കെ സ്വാഭാവികമായി വന്നുകൊള്ളും. ജീവിതത്തോടുള്ള എഴുത്തുകാരന്റെ പ്രതികരണമാണ് അയാളുടെ എഴുത്ത്. ജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമാണ് എഴുത്ത്.
ആധുനികതയുടെ കാലത്തെ മറ്റ് എഴുത്തുകാരെല്ലാം തന്നെ കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് എഴുത്തിന്റെ ശൈലി നവീകരിച്ചിട്ടുണ്ട്. ആധുനികത പുതിയ കാലത്തെ എഴുത്തിന് തടസ്സമാകുന്നുണ്ടോ?
ഞാന്‍ ആധുനികനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അങ്ങനെ എഴുത്തുകാരനെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമാക്കി ബ്രാക്കറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എഴുത്ത് തുടര്‍ച്ചയാണ്. ഓരോ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് എഴുത്തിന്റെ രീതിശാസ്ത്രം മാറുന്നുവെന്നേയുള്ളൂ.
"സാക്ഷി" എന്ന നോവലില്‍ നാരായണന്‍കുട്ടി എന്ന കഥാപാത്രത്തിന് ഏതെങ്കിലും പ്രോട്ടോടൈപ്പുമായി ബന്ധമുണ്ടോ?
ഡല്‍ഹിയില്‍നിന്ന് കണ്ടെത്തിയതാണ് നാരായണന്‍കുട്ടിയുടെ മാതൃക. കെ എസ് നായര്‍ . ഒരുപാട് സ്വഭാവങ്ങള്‍ നാരായണന്‍കുട്ടിയും നായരും പങ്കിടുന്നുണ്ട്. അച്ഛനെ കൃഷ്ണപിള്ളച്ചേട്ടന്‍ എന്നേ നായര്‍ വിളിക്കാറുള്ളൂ. "ചേട്ടനാ എന്റെ തന്തപ്പടി" എന്നേ പറയാറുള്ളൂ.
ഉഷ്ണമേഖലയിലെ ശിവന് കാക്കനാടന്റെ ആത്മാംശം കലര്‍ന്ന കഥാപാത്രമാണെന്ന് കേട്ടിട്ടുണ്ട്?
അതെ. കൊട്ടാരക്കരയിലെ ഞങ്ങളുടെ വാടകവീട് കമ്യൂണിസ്റ്റ്നേതാക്കളുടെ ഷെല്‍ട്ടറായിരുന്നു. ചെറുപ്പം മുതല്‍തന്നെ കമ്യൂണിസ്റ്റ്കാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. അന്ന് അവര്‍ എന്റെ ഹീറോമാരായിരുന്നു. ഇതിനിടയില്‍ പാര്‍ടി പിളര്‍ന്നു. ആ ദുഃഖത്തില്‍ നിന്നാണ് "ഉഷ്ണമേഖല" ഉണ്ടാകുന്നത്.
ഒറോത കുടിയേറ്റത്തിന്റെ കഥയാണല്ലോ പറയുന്നത്. ഒറോതയുടെ പശ്ചാത്തലമെന്തായിരുന്നു?
അനിയന്‍ തമ്പി വിവാഹം ചെയ്തത് ചെമ്പേരിയില്‍ നിന്നാണ്. കല്യാണത്തിനുമുമ്പേ അമ്മാവന്‍ അവിടേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. അമ്മാവന്റെ ബന്ധുവിനെയാണ് തമ്പി കല്യാണം കഴിച്ചത്. ഒറോതയുടെ തുടക്കം പാലായിലാണ്. "99ലെ വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറിലൂടെ ഒഴുകി വന്നതാണ് ഒറോത. ഒരു വീടങ്ങനെ ഒഴുകിവരികയാണ്. ഏതോ ഒരു വര്‍ക്കിച്ചേട്ടന്‍ നോക്കുമ്പോള്‍ ആ വീടിനകത്ത് ഒരു കൊച്ച്. ആ കുട്ടിയെ വര്‍ക്കിച്ചേട്ടന്‍ പിന്നീട് വളര്‍ത്തുന്നു. വെള്ളത്തിലൊഴുകി വന്ന, വെള്ളമന്വേഷിച്ച് പോയി അപ്രത്യക്ഷയായ ഒറോത. ഞങ്ങളുടെ അമ്മയുടെ പേരും ഒറോതയെന്നാണ്.
നാടോടിജീവിതം നയിച്ച് അലഞ്ഞുനടന്ന കാക്കനാടന് കൊല്ലം നഗരവുമായി ഒരാത്മബന്ധം തന്നെയുണ്ട്. വിശദീകരിക്കാമോ?
ശരിയാണ്. കൊട്ടാരക്കരയും കൊല്ലവും എന്നെ വളര്‍ത്തി വലുതാക്കിയ, വളര്‍ത്തി വഷളാക്കിയ എന്റെ നാടാണെന്ന് പറയാം. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്കൂളും കൊല്ലം ശ്രീനാരായണ കോളേജുമായിരുന്നു എന്റെ വിദ്യാകേന്ദ്രങ്ങള്‍ . കൊട്ടാരക്കരയ്ക്കടുത്ത് മൈലം എന്ന ഗ്രാമത്തിലാണ് ഞങ്ങള്‍ താവളമുറപ്പിച്ചത്. ഓലമേഞ്ഞ ഒരു ചെറിയ വീടും 40 സെന്റ് സ്ഥലവുമായിരുന്നു ഞങ്ങളുടെ ഭൂസ്വത്ത്. ആ പ്രദേശവും അവിടെ ജീവിച്ച മനുഷ്യരും മനസ്സില്‍നിന്ന് ഒരുനാളും പറിച്ചുകളയാന്‍ വയ്യാത്ത ആത്മാംശങ്ങളായി. 1955-ഒരു ഡിഗ്രിയുമായി ഞാന്‍ കൊല്ലം വിട്ടതാണ്. ഇരുമ്പനങ്ങാട്, നൂറനാട് പടനിലം, തിരുച്ചി, മദ്രാസ്, ദില്ലി, ലൈപ്സിഗ് അങ്ങനെ പലേടങ്ങളിലും ചേക്കേറി. എല്ലാം കൊല്ലത്തേക്ക് തിരിച്ചുവരാന്‍ വേണ്ടി മാത്രം. 68ല്‍ ഞാന്‍ വീണ്ടും കൊല്ലം നിവാസിയായി.
"കമ്പോളം" സ്വന്തം നഗരമായ കൊല്ലത്തെക്കുറിച്ചുള്ള രചനയാണല്ലോ. അതിന്റെ തുടര്‍ച്ചയും പിന്നീട് പുറത്തുവന്നില്ല
"കമ്പോളം" എന്റെ വലിയൊരു ആഗ്രഹമായിരുന്നു. കൊല്ലം എന്റെ നഗരമാണ്. ചിരപുരാതനമായ ചരിത്രവും സംസ്കാരവുമുള്ള കൊല്ലത്തിന്റെ വ്യാപാരശൃംഖല ബാബിലോണിയ വരെ നീണ്ടുപോകുന്നതാണ്. വായിച്ചും കണ്ടും കേട്ടുമറിഞ്ഞും സ്വന്തമാക്കിയ വലിയൊരു അനുഭവം മനസ്സിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചരിത്രം പ്രമേയമാക്കി രണ്ടു സൃഷ്ടികള്‍ മുമ്പ് നടത്തിയിരുന്നു. അതിനുശേഷമാണ് "കമ്പോള"ത്തിന്റെ രചന തുടങ്ങിയത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "ക്ഷത്രിയന്" പുറത്തിറങ്ങിയതുമില്ല. എന്താണ് എഴുത്തിന് തടസ്സമായത്?
ഈ പറഞ്ഞ പ്രമേയങ്ങളെല്ലാം കുറേക്കൂടി വിശദമായ രചനകള്‍ക്ക് വിധേയമാക്കണമെന്ന് കരുതിയതുതന്നെയാണ്. പല കാരണങ്ങളാല്‍ നടന്നില്ല. പിന്നെ, പിശുക്കിയെഴുതുന്നത് എനിക്ക് ഇഷ്ടമല്ല. വലിയ രചനകള്‍ക്ക് സാവകാശം കിട്ടിയതുമില്ല.
സാഹിത്യത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഏതിനോടെങ്കിലും പ്രത്യേക ആഭിമുഖ്യം തോന്നിയിട്ടുണ്ടോ?
ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് മാര്‍ക്സിസമാണ്. കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം അതിന് പ്രേരിപ്പിച്ചിരിക്കാം. കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവിടങ്ങളിലൊന്നായിരുന്നു കൊട്ടാരക്കരയിലെ ഞങ്ങളുടെ വീട്. എം എന്‍ ഗോവിന്ദന്‍നായര്‍ നാഗര്‍കോവില്‍ ജയില്‍ചാടി വന്നത് കൊട്ടാരക്കരയിലെ വാടകവീട്ടിലേക്കായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ പാര്‍ക്കുന്നവരെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. കാരണം അപ്പന്‍ സുവിശേഷപ്രവര്‍ത്തകനാണല്ലോ.
കമ്യൂണിസ്റ്റുകാര്‍ നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള ഈടുറ്റ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ . അങ്ങനെയാണ് മാര്‍ക്സിനെ വായിക്കാന്‍ അവസരമുണ്ടായത്. മിച്ചമൂല്യസിദ്ധാന്തത്തെ മൗലികമായി വിശദീകരിച്ച് എന്നെപ്പോലുള്ളവര്‍ക്ക് അധ്വാനത്തിന്റെ വിലയെന്തെന്ന് ബോധ്യപ്പെടുത്തിയത് മാര്‍ക്സാണ്. വര്‍ഗവിഘടിത സമൂഹത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിന് പകരംവെക്കാന്‍ മറ്റൊന്നില്ല.
പുതിയ ലോകസാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ വിലയിരുത്തുന്നു?
കമ്യൂണിസം തകര്‍ന്നുവെന്നോ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല. 1917ലെ ഒക്ടോബര്‍ വിപ്ലവം ലോകത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. അന്നുമുതല്‍തന്നെ അതിനെ തകര്‍ക്കാനുള്ള മുതലാളിത്ത ശ്രമങ്ങളുമുണ്ടായി. അതില്‍നിന്നെല്ലാം സോഷ്യലിസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ലെനിനും സ്റ്റാലിനുമെല്ലാം നടത്തിയത്. ഇക്കാര്യത്തില്‍ സ്റ്റാലിന്‍ ന്യായീകരിക്കപ്പെടാവുന്ന ഭരണാധികാരിയാണ്. ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച പ്രതിവിപ്ലവകാരികളാണ് പില്‍ക്കാലത്ത് സോവിയറ്റ് യൂണിയനെ തകര്‍ത്തത്. മാര്‍ക്സിസം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ല. അതിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റിയെന്നുവരാം
No comments:
Post a Comment