കുറ്റിപ്പുറം റയില്‍വേ സ്റ്റേഷന്‍ ഓരോ ദിവസവും ഉണരുന്നത് ആശങ്കയോടെയാണ്. ഇന്നാരാണ് തന്റെ കാമുകനെത്തേടി ട്രെയിനിറങ്ങുന്നത് എന്നാശങ്കപ്പെടാതിരിക്കാന്‍ കുറ്റിപ്പുറംകാര്‍ക്കുമാവില്ല.കാരണം, ഈ മാസം ഇത് മൂന്നാമത്തെ കാമുകിയെ ആണ് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്നു പൊലീസ് വീണ്ടെടുത്ത് കുടുംബത്ത് തിരിച്ചേല്‍പിക്കുന്നത്. എല്ലാ കാമുകിമാരെയും അവിടെത്തിച്ചു മുങ്ങുന്ന കാമുകന്‍ ഒരാളോ അതോ പലരോ ? കാരണം, എല്ലാ പെണ്‍കുട്ടികള്‍ക്കും കാമുകനെ അറിയാവുന്നത് മൊബൈല്‍ ഫോണിലൂടെയാണ്.ഒരു ഘട്ടത്തില്‍ കാമുകന്റെ കോളുകളില്ലാതാകുമ്പോള്‍ അടങ്ങാനാവാത്ത അഭിനിവേശത്തോടെ പാവം സ്ത്രീഹൃദയം കൊച്ചിനെയുമെടുത്ത് ട്രെയിന്‍ കയറുകയാണ്.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കാമുകനെത്തേടിയെത്തിയ സ്ത്രീകളുടെ കണക്കെടുപ്പ് ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും ഈ മാസം മാത്രം മൂന്ന് സ്ത്രീകള്‍ ഒരേ കാരണങ്ങളാല്‍ ഒരേ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു എന്നത് നമ്മള്‍ നിസ്സാരമായി കാണരുത്.മൂവരും വിവിധ ദേശങ്ങളില്‍ നിന്ന്, വിവിധ സംസ്കാരങ്ങളില്‍ നിന്നാണ് തന്റെ കാമുകനെ തേടി വന്നത്.ചിലപ്പോള്‍ കുറ്റിപ്പുറത്തെ ചെറുപ്പക്കാരുടെ പൊതുവായ സവിശേഷതകളില്‍ ആകൃഷ്ടരായി മൊബൈല്‍ ഫോണിലൂടെയുള്ള സംഭാഷണത്തെത്തുടര്‍ന്ന് പുറപ്പെട്ടു പോരുന്നതാവാം. ഇനി, എല്ലാ കാമുകിമാര്‍ക്കുമുള്ളത് ഒരേയൊരു കാമുകനാണെങ്കില്‍ അയാളൊരു സംഭവമാണ്.മൂന്നു പെണ്ണുങ്ങള്‍,കാമുകന്‍,ട്രെയിന്‍,റയില്‍വേ സ്റ്റേഷന്‍…കുട്ടിസ്രാങ്കിനെപ്പോലെ ഒരു റയില്‍വേ സ്രാങ്ക്.
ഈ മാസം ആദ്യം കുറ്റിപ്പുറത്ത് എത്തുന്നത് തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ കൊല്ലംകാരിയാണ്.രാവിലെ തൃശൂരു നിന്നു പുറപ്പെട്ട കുട്ടി ഉച്ചയ്‍ക്ക് കാമുകന്‍ പറഞ്ഞ കടയിലെത്തിയപ്പോള്‍ കാമുകന്റെ പൊടിപോലുമില്ല. തന്റെ പ്രണയം ഊഞ്ഞാലാകുമെന്നു തോന്നിയ പെണ്‍കുട്ടി അവിടെ വച്ച് ആത്മഹത്യാഭീഷണി മുഴക്കിയപ്പോള്‍ പൊലീസെത്തി.വര്‍ഷങ്ങളായുള്ള മൊബൈല്‍ പ്രണയത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് കാമുകന്‍ തൃശൂര് ചെന്ന് പെണ്‍കുട്ടിയെ കണ്ട ശേഷം അങ്ങേരു ഫോണ്‍ എടുത്തിട്ടില്ലത്രേ. എസ്എംഎസുകള്‍ കണ്ട മട്ടില്ല.വിളിച്ചു വിളിച്ചു കൈ കുഴഞ്ഞ കാമുകി കുറ്റിപ്പുറത്ത് ചെന്ന് കാമുകനെ കയ്യോടെ പൊക്കാനിറങ്ങിയതാണ്. വേണോങ്കില്‍ കേസെടുത്ത് പയ്യനെ പൊക്കി അകത്തിടാം എന്നു പൊലീസ് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി സമ്മതിച്ചില്ല.എന്നെങ്കിലും അവന്‍ ഫോണെടുക്കുമെന്ന പ്രതീക്ഷയില്‍ അവള്‍ പൊലീസ് വിളിച്ചുവരുത്തിയ വീട്ടുകാരോടൊപ്പം മടങ്ങി.
തൊട്ടടുത്തയാഴ്ചയിലാണ് അടുത്ത കാമുകിയുടെ വരവ്.ഇത്തവണ വയനാട്ടില്‍ നിന്നാണ്. പശ്ചാത്തലം എല്ലാം സെയിം. മൊബൈല്‍ ഫോണിലൂടെ ഹൃദയങ്ങള്‍ കൈമാറി ഒന്നായ വ്യക്തികള്‍.പക്ഷേ,വീട്ടില്‍ കെട്ടിയോനും കൊച്ചുമുണ്ടെന്നു മാത്രം.ഒരിക്കല്‍ കാമുകന്‍ വിളിച്ചപ്പോള്‍ കെട്ടിയോന്‍ ഫോണെടുത്തു. എടുത്തതേ വല്ല ഉമ്മയോ മറ്റോ കൊടുത്തു കാണും. എന്തായാലും സംഗതി പ്രശ്നമായി.സംഘര്‍ഷം മൂത്തപ്പോള്‍ അവള്‍ കാമുകനെ അങ്ങോട്ടു വിളിച്ചു,താന്‍ എല്ലാം ഉപേക്ഷിച്ച് പ്രാണനാഥന്റെ കുറ്റിപ്പുറത്തേക്ക് വരികയാണെന്നു പ്രഖ്യാപിച്ചു കൊച്ചിനെയുമെടുത്ത് പുറപ്പെട്ടു. കാമുകി അതിരാവിലെ കുറ്റിപ്പുറം സ്റ്റേഷനില്‍ വന്നിറങ്ങിറങ്ങിയപ്പോഴേക്കും കാമുകന്‍ സ്വിച്ച് ഓഫ് ആയി. അവന്‍ സ്വിച്ച് ഓഫാകാന്‍ തീരുമാനിച്ചുറച്ചു തന്നെയായിരുന്നു.
മണിക്കൂറുകള്‍ സ്റ്റേഷനില്‍ കാത്തുനിന്നിട്ടും കാമുകന്റെ സ്വിച്ച് ഓണായില്ല. നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ കാമുകി കാര്യം പറഞ്ഞു. തങ്ങളിതെത്ര കണ്ടതാണെന്ന മട്ടില്‍ അവര്‍ പൊലീസിലറിയിച്ചു. നാട്ടിലെ നിയമവാഴ്ചയില്‍ വിശ്വാസമുണ്ടായിരുന്ന കാമുകിയുടെ ഭര്‍ത്താവ് ഭാര്യയെ കാണാതായെന്നു പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നതുകൊണ്ട് കുറ്റിപ്പുറം പൊലീസിനു പണി എളുപ്പമായി. അവര്‍ ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നുണ്ടാവും എന്നാശ്വസിക്കാം.
ഇതു രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് ഇന്നലെ മൂന്നാമത്തെ കാമുകി കുറ്റിപ്പുറത്ത് ലാന്‍ഡ് ചെയ്തത്.ഭര്‍ത്താവ് വിദേശത്തുള്ള രണ്ടു കുട്ടികളുടെ അമ്മയായ തൃത്താല സ്വദേശിയായ 30കാരിയും മൊബൈല്‍ ഫോണ്‍ കാമുകനെത്തേടിയാണ് രാവിലെ ഏഴരയ്‍ക്ക് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്.ആണായിപ്പിറന്ന നമ്മുടെ കാമുകന്‍ പതിവുപോലെ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തുകൂടെ ആരെയോ തിരയുന്ന കണ്ണുകളുമായി കറങ്ങി നടന്ന സ്ത്രീയെ കണ്ടതോടെ ടാക്‍സി ഡ്രൈവര്‍മാര്‍ക്ക് കാര്യം മനസ്സിലായി.അവര്‍ പൊലീസിലറിയിക്കുകയും സംഗതി ശീലമായ കുറ്റിപ്പുറം പൊലീസ് യുവതിയുടെ വീട്ടില്‍ വിവരമറിയിക്കുകയും ബന്ധുക്കള്‍ വന്ന് ഓളെ കൂട്ടിക്കൊണ്ടു പോവുകേം ചെയ്തു.
ഇന്ന് ഇതുവരെ എത്ര കാമുകിമാര്‍ അവിടെ ട്രെയിനിറങ്ങി എന്നെനിക്കറിയില്ല.നാളെയും മറ്റന്നാളുമൊക്കെ ചിലപ്പോള്‍ കാമുകിമാര്‍ വന്നേക്കും. യാത്രക്കാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനു വേണ്ടി കാറ്ററിങ് തൊഴിലാളികളെ നിരോധിക്കുകയും അവന്മാരെ അറസ്റ്റ് ചെയ്യുകയും പിഴയീടാക്കുകയുമൊക്കെ ചെയ്യുന്ന റയില്‍വേ തമ്പ്രാക്കന്മാര്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ കാമുകനെത്തേടി വരുന്ന വീട്ടമ്മമാര്‍ക്കു സ്വാഗതം എന്നോ മറ്റോ ഒരു ബാനര്‍ വച്ചിരുന്നെങ്കില്‍ അവരുടെ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.സംഗതിയുടെ ട്രാക്ക് പിടികിട്ടിയ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ ബീറ്റ് പൊലീസിനെ കൂടി നിയമിച്ചാല്‍ നാലാളറിയാതെ പ്രശ്നം ഡീല്‍ ചെയ്യാം.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് അണുബോംബിന്റെ ഫ്യൂസ് ഊരുന്നതുപോലെ മഹത്തായ പ്രക്രിയ ആണെന്നു വിശ്വസിക്കുന്ന കാമുകന്മാരോട് രണ്ടു വാക്ക്. ശേഷിക്കുറവ് ഒരു കുറ്റമല്ല. മനോദൗര്‍ബല്യവും ഒരു പാപവുമല്ല. രണ്ടും കൂടി ഒരുമിച്ചു വന്നാല്‍ വീട്ടില്‍ അമ്മച്ചിയോട് പറഞ്ഞ് വല്ല മുള്ളുമുരിക്കും വച്ചുപിടിപ്പിക്കുന്നതാണ് നല്ലത്. വെറുതെ ഡെസ്‍പെരേറ്റ് ഹൗസ്‍വൈവ്‍സിനെ പ്രകോപിപ്പിച്ചിട്ട് അവര്‍ക്കൊരു ജീവിതം കൊടുക്കാനുള്ള ശേഷിയില്ലെങ്കില്‍ ആണുങ്ങളുടെ വില കളയുന്ന പരിപാടിക്കു പോകരുത്, പ്ലീസ്… ( ദേ അവള്‍ വിളിക്കുന്നു, ഒന്നു സ്വിച്ച് ഓഫ് ചെയ്‍തോട്ടെ).
No comments:
Post a Comment