സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു | | കൊല്ലം: പ്രശസ്‌ത സാഹിത്യകാരന്‍ കാക്കനാടന്‍ (76)അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 8.15 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ. 1935 ലെ ഏപ്രില്‍ 23നു തിരുവല്ലയിലാണു വര്‍ഗീസ് കാക്കനാടന്റെ മകനായി ജോര്‍ജ് വര്‍ഗീസ് കാക്കനാടന്റെ ജനനം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ നില വഷളാകുകയും രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു. ഭാര്യ അമ്മിണിയും ബന്ധുക്കളും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികദ്ദേഹം ആശുപത്രിയില്‍ തന്നെ പൊതുദര്‍ശനത്തിന് വച്ചു. വൈകാതെ വസതിയിലേക്ക് മാറ്റും. നാളെ ഒരുമണിയോടെ കൊല്ലം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂന്നു മണിയോടെ പോളയത്തോട് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. മലയാള സാഹിത്യമേഖലയില്‍ ആധുനികതയുടെ വക്താവായ കാക്കനാടന്‍ ചെറുകഥ, നോവല്‍, യാത്രാവിവരം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചാണ് കടന്നുപോയത്. ഒറോത, ഉഷ്‌ണമേഖല, സാക്ഷി, പ്രളയത്തിനു ശേഷം, ഏഴാംമുദ്ര, വസൂരി, പറങ്കിമല, കോഴി, ബര്‍സാത്തി, കണ്ണാടിവീട്, അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം, ഉച്ചയില്ലാത്ത ഒരു ദിവസം, മഴയുടെ ജ്വാലകള്‍ എന്നിവയാണു പ്രധാനകൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാഗത്വം ലഭിച്ചിട്ടുണ്ട്. 2002-ല്‍ കഥയ്‌ക്കും നോവലിനും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അതേവര്‍ഷംതശന്ന പത്മപ്രഭാ പുരസ്കാരവും ലഭിച്ചു. 2005ല്‍ ചെറുകഥയ്‌ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 2008-ല്‍ ബാലാമണിയമ്മ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2009ല്‍ ബഹ്റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരവും ലഭിച്ചു. കാഞ്ഞിരപ്പള്ളിക്കു സമീപം തമ്പലക്കാടാണ് സ്വന്തം ദേശം. 1955ല്‍ കെമിസ്‌ട്രി (മെയില്‍)യും ഫിസിക്‌സും(സബ്‌സിഡറി) ഐച്‌ഛികവിഷയങ്ങളായെടുത്ത് ബി.എസ്.സി പാസായി. രണ്ട് വര്‍ഷം രണ്ടു പ്രൈവറ്റ് സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. 1957മുതല്‍ നാലു വര്‍ഷം സതേണ്‍ റെയില്‍വേയിലും 1961 മുതല്‍ 1967 വരെ റെയില്‍വേ മന്ത്രാലയത്തിലും ജോലി ചെയ്‌തു. അതിനിടയില്‍ ആഗ്രാ യൂണിവേഴിസിറ്റിയുടെ കീഴിലുള്ള ഘാസിയാബാഗ് എം.എം.എച്ച് കോളജില്‍ എം.എ(ഇക്കണോമിക്‌സ്)യ്‌ക്ക് ഒരു വര്‍ഷം പഠിച്ചു. ഫിസിക്സില്‍ ഗവേഷണത്തിനായി 1967ല്‍ ജര്‍മ്മനിക്കു പോയി. ലൈപ്‌സിഗില്‍ ആറുമാസം ഭാഷ പഠിച്ചു. ഗവേഷണം പൂര്‍ത്തിയാക്കാതെ ആറുമാസം യൂറോപ്പിലാകെ അലഞ്ഞുനടന്നു. 1968 അവസാനം കേരളത്തില്‍ തിരിച്ചെത്തി. കൊല്ലത്ത് സ്‌ഥിര താമസമാക്കി. ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍ എന്ന കഥാസമാഹാരത്തിന് വിശ്വദീപം അവാര്‍ഡും ഏറ്റവും നല്ല ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി. 1996ലെ മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് ഉഷ്‌ണമേഖലയ്‌ക്കു ലഭിച്ചു. 'കച്ചവടമാണ് ആദ്യ കഥാ സമാഹാരം. 1963 നവംബറിലായിരുന്നു 'കച്ചവടം പുറത്തു വന്നത്. 1971 ലെ മലയാളനാട് ചെറുകഥാ അവാര്‍ഡാണു കാക്കനാടനു കിട്ടിയ ആദ്യ ബഹുമതി. വി.കെ. കൃഷ്‌ണമേനോന്റെ കയ്യില്‍ നിന്ന് ആ ബഹുമതി സ്വീകരിക്കാന്‍ കാക്കനാടനെ അര്‍ഹമാക്കിയ കഥയാണു 'യുദ്ധാവസാനം. തൃശൂര്‍ കറന്റ് ബുക്‌സായിരുന്നു 'യുദ്ധാവസാനത്തിന്റെ പ്രസാധകര്‍. 'പറങ്കിമല' എന്ന കഥ സിനിമയായി. 'അടിയറവ്' എന്ന കഥയെ ആസ്‌പദമാക്കി 'പാര്‍വതി' എന്ന ചിത്രവും 'ചിതലുകള്‍' എന്ന കഥ അവലംബിച്ച് 'ഉണ്ണിക്കൃഷ്‌ണന്റെ ആദ്യത്തെ ക്രിസ്‌മസ്' എന്ന സിനിമയും വന്നിട്ടുണ്ട്. ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന 'ക്ഷത്രിയ' എന്ന നോവല്‍ പൂര്‍ത്തിയാക്കാതെയാണ് കാക്കനാടന്‍ മലയാള സാഹിത്യലോകത്തോട് വിടപറഞ്ഞത് |
No comments:
Post a Comment