സഖാവേ... കരയേണ്ടത് ഞങ്ങളല്ലേ!
കരച്ചില്‍ മുമ്പും കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ശോഭനാ ജോര്‍ജും രാമചന്ദ്രന്‍ മാഷും ചെന്നിത്തലയുമൊക്കെ വാവിട്ടു കരഞ്ഞത് ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ഹാസ്യവല്‍ക്കരിച്ചപ്പോള്‍ കേരളത്തിലെ പ്രബുദ്ധ ജനതയോടൊപ്പം തലതല്ലി ചിരിച്ച കമ്മ്യൂണിസ്റ്റ് സഖാക്കള്‍ അവയൊക്കെയും ആസ്വദിക്കുകയായിരുന്നു. കാലം രണ്ടായിരത്തി പതിനൊന്നാമാണ്ടിന്റെ അവസാനമെത്തിയപ്പോള്‍ കഥയാകെ മാറി. ഇക്കാലമത്രയും രോഷയും പ്രതിഷേധവും മാത്രം പൊട്ടിവിരിഞ്ഞ ടി.വി. രാജേഷ് എന്ന യുവസഖാവിന്റെ മുഖത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതും പിന്നെയത് പേമാരിയായി വര്‍ഷിക്കുന്നതും കണ്ട് സീരിയല്‍ കാഴ്ചകള്‍ മരുഭൂമികളാക്കിയ കണ്ണുകള്‍ പോലും തുളുമ്പിപ്പോയി എന്നത് സത്യം. ഒരു ചെറുപ്പക്കാരന്‍ പത്തിരുപത് ചാനല്‍ ക്യാമറകളുടെ മുമ്പില്‍ വാവിട്ടു കരയുന്നത് കണ്ടാല്‍ ഏതു കഠോരഹൃദയമാണ് പെയ്യാതിരിക്കുക! അതും ന്യൂസ് ഹവറിലും കൗണ്ടര്‍ പോയിന്റിലും ഉണ്ട ഇട്ടും ഇല്ലാതെയും വെടിയുതിര്‍ക്കുന്ന ഒരു യുവതുര്‍ക്കിയുടെ നിലവിളി കണ്ടാല്‍!
ടി.വി. രാജേഷിന്റെ കരച്ചില്‍ നേച്വറലോ അഭിനയമോ എന്നതാവരുത് നമ്മുടെ ചര്‍ച്ച. അതിന്‍റെ ഗ്രേഡിംഗ് നിര്‍ണയിക്കുന്ന ജോലി അഡ്വ. ജയശങ്കര്‍ തന്നെ നിര്‍വഹിക്കട്ടെ. പഴയൊരു നാടകനടനായ അദ്ധേഹത്തിന് ആ ജോലി വലിയ പ്രയാസമുള്ളതാകില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ തല്ലിയോ തള്ളിയോ എന്നതുമല്ല പരമപ്രധാന ചര്‍ച്ച. തല്ലിയാലും തല്ലാന്‍ ഓങ്ങിയാലും അതിലൂടെ വ്യക്തമാകുന്ന നമ്മുടെ ജനപ്രതിധികളുടെ നിലവാരത്തകര്‍ച്ചയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. തടിമിടുക്കുള്ള ഫയല്‍മാന്‍മാരായത് കൊണ്ടാണോ നാമിവരെ നിയമസഭയിലേക്ക് പറഞ്ഞയക്കുന്നത്? അതല്ല, നാടിന്റെ വികസനത്തിന്‍റെ പാതയില്‍ വഴിമുടക്കികളാവുന്ന ഫയലുകളിലെ നൂലാമാലകള്‍ അഴിച്ചെടുക്കാന്‍ കഴിവുള്ളവരായത് കൊണ്ടോ? എസ് എഫ് ഐ നടത്തിയ സമരത്തിന്റെ ന്യായത്തെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ, അവിടെ നടന്ന അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. വിദ്യാര്‍ഥി സമരമെന്നാല്‍ അടിച്ചു പൊളിക്കലും കല്ലെറിയലും മാത്രമാണെന്ന് ഇതുപോലൊരു കാലത്തും എസ് എഫ് ഐയെ പോലുള്ള പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം വിശ്വസിക്കുന്നുവെന്നതാണ് കഷ്ടം. ഈ പൊളിഞ്ഞു വീഴുന്നതൊക്കൊയും നമ്മുടെ തന്നെ നികുതി പണമാണെന്ന് ഇവരെ പറഞ്ഞു പഠിപ്പിക്കാന്‍ ഇനിയേതെങ്കിലും കാറല്‍ മാര്‍ക്സ് ആവതാരമേടുക്കേണ്ടതുണ്ടോ? 'ഒരു ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സഖാക്കളെ' എന്നെ അതെക്കുറിച്ച് പറയാനുള്ളൂ. ഒരു സര്‍ഗാത്മക വിദ്യാര്‍ഥി മുന്നേറ്റത്തിന് ചെങ്കൊടിയേന്താന്‍ നിങ്ങള്‍ക്ക് കഴിയാത്തിടത്തോളം കാലം നിങ്ങള്‍ നയിക്കുന്ന ഒരു സമരത്തിനും ജനപിന്തുണ ലഭിച്ചുകൊള്ളണമെന്നില്ല എന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.
ഇനിയുള്ളത് പിള്ളയാണ്; ചന്തപ്പറമ്പിലെ കളിത്തോക്ക് പോലെ സര്‍വീസ് റിവോള്‍വറിനെ മനസ്സിലാക്കിയ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള. ഇതിലും എത്രയോ അക്രമാസക്ത സമരങ്ങള്‍ കേരളം കണ്ടതാണ്. അന്നൊന്നും ഇത്ര ലാഘവത്തോടെ സമരക്കാരുടെ തലയ്ക്കു നേരെ ഒരു പോലീസുകാരനും വെടി പൊട്ടിച്ചത് നാം കണ്ടിട്ടില്ല; കൂത്തുപറമ്പും കാസര്‍ഗോഡും ബീമാപള്ളിയുമൊന്നും മറന്നു കൊണ്ടല്ല ഇത് പറയുന്നത്. അവയൊക്കെയും വാദത്തിനു വേണ്ടി ന്യായീകരിച്ചാല്‍ പോലും അതിന്‍റെ അടുത്തുപോലും എത്തില്ല കോഴിക്കോട് സംഭവം. പിള്ളയ്ക്ക് ഉന്നം പിഴച്ചത് ഭാഗ്യമെന്നേ പറയേണ്ടൂ. മുമ്പേതോ പുലിയെ ഉന്നം തെറ്റാതെ വെടിവെച്ചു കൊന്ന ചരിത്രമുള്ള പിള്ളയുടെ 'കഴിവ്' കോഴിക്കോട് നാലുവട്ടം കാഞ്ചി വലിച്ചിട്ടും തെളിയിക്കാനാവാതെ പോയതിന് ദൈവത്തെ സ്തുതിക്കാം. ഇവിടെയും എനിക്ക് രണ്ടഭിപ്രായമില്ല. പിള്ള തന്നെയാണ് പുള്ളി. യു ഡി എഫിനെ ഇനിയുമൊരു പിള്ളയെ താങ്ങാനാവാത്ത വിധം പ്രതിരോധത്തിലേക്ക് നീക്കിയ ഈ സംഭവത്തില്‍ കൃത്യതയോടെയും അവധാനതയോടെയുമുള്ള നീക്കങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയിരുന്നതെങ്കില്‍ വാദി ഭാഗത്ത് നിന്നും പ്രതിപ്പട്ടികയിലേക്ക് പേര് മാറ്റിയെഴുതെണ്ടി വരുമായിരുന്നില്ല. രണ്ടു ദിവസത്തേക്കായാല്‍ പോലും രണ്ടു എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യേണ്ടി വരുമായിരുന്നില്ല.
പ്രതിഷേധങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് നിയമസഭയിലെങ്കിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. ജസ്റ്റിസ് രാജേന്ദ്ര ബാബു നല്‍കിയ ശമ്പള വര്‍ധന റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേരളം കാണാന്‍ പോകുന്ന ഒരുമയൊന്നും എല്ലാ കാര്യത്തിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിയമസഭയെന്നാല്‍ തല്ലാനും ചവിട്ടാനും ചവിട്ടു നാടകമാടാനും ഒടുവില്‍ പൊട്ടിക്കരയാനും ഒരു റിയാലിറ്റി ഷോ വേദിയല്ല എന്നെങ്കിലും ബഹുമാനപ്പെട്ട സ്പീക്കര്‍ ഒരു റൂളിംഗ് നല്‍കണം. എലിപ്പനിയും ഡങ്കിപ്പനിയും വന്നു തളര്‍ന്നു പോയവരെ കൈപിടിച്ചുയര്‍ത്താതെ, നമ്മുടെ ചികില്‍സാ കേന്ദ്രങ്ങളിലെ അസൗകര്യങ്ങളും അഴിമതികളും തുടച്ചു മാറ്റാതെ, കേരളത്തെ പുനര്‍ സൃഷ്ടിക്കാനുള്ള വഴി തേടാതെ ഇനിയും നിയമസഭയുടെ അകത്തളത്ത് മാമാങ്കം നടത്താനാണ് പുറപ്പാടെങ്കില്‍ പ്രിയ ഭരണക്കാരെ, സഖാക്കളേ... പൊട്ടിക്കരയുന്നത് ഞങ്ങള്‍ കേരളീയരാവും. നിഷേധ വോട്ട് ചെയ്യാനും പ്രതിനിധികളെ തിരിച്ചുവിളിക്കാനും വഴിയില്ലാത്ത കാലത്തോളം ഈ ജനാധിപത്യ രാഷ്ട്രത്തില്‍ ഞങ്ങള്‍ക്കതിനല്ലേ കഴിയൂ!
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment