അലമ്പും അടിപിടിയും കല്ലേറും കളരിയുമായി നടന്ന കക്ഷികളെ വോട്ട് ചെയ്ത് നിയമസഭയിലേക്ക് അയച്ചിട്ട് അവിടെച്ചെന്ന് അവര്‍ മാര്‍ക്കറ്റിങ് എക്‍സിക്യട്ടീവുകളെപ്പോലെ പെരുമാറണം എന്നു പറഞ്ഞിട്ടു കാര്യമില്ല.അതൊക്കെ വോട്ടു ചെയ്യാന്‍ നേരം ആലോചിക്കണമായിരുന്നു.ഇതൊക്കെ വലിയ സംഭവമാണെന്നു പറയുമ്പോള്‍ തന്നെ ഒരു ചുക്കുമല്ല എന്നു തെളിയിച്ചുകൊണ്ട് നടപടി എടുക്കുകയും എടുത്തങ്ങു വയ്‍ക്കും മുമ്പ് പിന്‍വലിക്കുകയുമൊക്കെയാണ് നേതാക്കന്മാര്‍.
നീ എവിടത്തെ സ്പീക്കറാടാ ? എന്ന് ഇന്നലെ ജയിംസ് മാത്യു സ്പീക്കറോട് ചോദിക്കുന്നത് കേട്ടു എന്നാണ് പി.സി.ജോര്‍ജ് പറയുന്നത്.രാജേഷും ജയിംസും സ്പീക്കറോട് ആക്രോശിച്ചതുകൊണ്ട് അവരെ ഇന്നലെ സസ്‍പെന്‍ഡ് ചെയ്യുകയും തുടര്‍ന്നാരംഭിച്ച സത്യഗ്രഹം തുടരുമ്പോള്‍ സസ്‍പെന്‍ഷന്‍ സമയം തീരും മുമ്പേ അത് പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്.ഇതിനിടെ കൃഷിമന്ത്രി മോഹനന്‍ സഭയില്‍ കളരിച്ചുവടുകള്‍ വച്ചെന്നോ മേശമേല്‍ കാലെടുത്തു വച്ച് ചാടിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ മുണ്ടിനിടയിലൂടെ ആരോ ചില കാര്‍ഷികവിളകളുടെ മാതൃകകള്‍ കണ്ടെന്നോ ഒക്കെ അഭ്യഹമുണ്ട്.കുഞ്ഞാലിക്കുട്ടി സാഹിബ് അങ്ങേരെ തണുപ്പിച്ചില്ലായിരുന്നെങ്കില്‍ മേശ ചാടിക്കടന്ന് അപ്പുറത്ത് പോയി പ്രതിപക്ഷത്തെ ഒന്നാകെ പുള്ളി ചുരികത്തുമ്പില്‍ കോര്‍ത്തേനെ എന്നാണ് ദേശാഭിമാനി പറയുന്നത്. വാച്ച് വാര്‍ഡ് ആക്രമണത്തെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ സംഭവം എന്നു വിശേഷിപ്പിച്ചതിനു മറുപടിയായി നിയമസഭാ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു മന്ത്രി സഭയുടെ മേശപ്പുറത്ത് ചാടിക്കയറിയത് എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി നേതാവ് സഭയില്‍ കയറിയത് വേറൊരു പ്രശ്നം.ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയതുപോലെ ചെറിയൊരു കണ്‍ഫ്യൂഷന്‍ കൊണ്ടാണ് സഭയ്‍ക്കുള്ളില്‍ കയറിപ്പോടത് എന്നാണ് നേതാവ് പിന്നീട് വിശദീകരിച്ചത്. നേതാവും കളരി മോഹന്‍ജിയും ഖേദം പ്രകടിപ്പിച്ചതോടെ ആ ഏരിയ അങ്ങു വിട്ടു കളഞ്ഞ് ഖേദം പ്രകടിപ്പിക്കാത്ത യുനേതാക്കളെ സസ്‍പെന്‍ഡ് ചെയ്യുകയായിരുന്നു. എന്തു പോക്രിത്തരം വേണമെങ്കിലും കാണിക്കാം,ഒടുവില്‍ ഖേദം പ്രകടിപ്പിച്ചാല്‍ മതി എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
ടി.വി.രാജേഷും ജയിംസ് മാത്യുവും കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് കൊല്ലാതെ വിടുന്നു എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സംഭവത്തില്‍ വിഷമമുണ്ടെന്നേ പറഞ്ഞിട്ടുള്ളൂ എന്നും പറഞ്ഞ് പ്രതിരോധിക്കുകയായിരുന്നത്രേ.വിഷമമുണ്ട് പക്ഷെ ഖേദമില്ല. എനിക്കു നിന്നെ ഇഷ്ടമാണ് പക്ഷെ സ്നേഹമില്ല എന്നു പറഞ്ഞാല്‍ ചില പെണ്ണുങ്ങള്‍ക്കു മനസ്സിലാവാത്തതുപോലെ വിഷമവും ഖേദവും തമ്മിലുള്ള ഈ അന്തര്‍ധാര നമുക്കും പിടികിട്ടില്ല.കേരളത്തിലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചങ്കുപൊട്ടി കരഞ്ഞ ടി.വി.രാജേഷിനു ഖേദമില്ല എന്നു ടി.വി.രാജേഷ് തന്നെ പറഞ്ഞാലും സമ്മതിച്ചുകൊടുക്കാന്‍ പറ്റുമോ ?
ഇതിനു മാത്രം അടിയും ബഹളവുമൊക്കെ നടന്നിട്ടുള്ള കേരളനിയമസഭയില്‍ ഇതുവരെ 10 തവണ മാത്രമാണ് അംഗങ്ങള്‍ക്കെതിരേ നടപടിയെടുത്തിട്ടുള്ളു എന്നതും ആകെ 26 അംഗങ്ങള്‍ മാത്രമാണ് നടപടിക്കു വിധേയായിട്ടുള്ളൂ എന്നതും ഗൗരവമുള്ള കാര്യമാണ്.അങ്ങനെ നോക്കുമ്പോള്‍ നീ എവിടുത്തെ സ്പീക്കറാടാ ?എന്നു ചോദിക്കുന്നതും ആക്രോശിക്കുന്നതും സസ്‍പെന്‍ഡ് ചെയ്യപ്പെടാന്‍ മാത്രം വലിയ സംഭവമാണോ എന്നത് പ്രസക്തമായ ചോദ്യമാണ്.ഇങ്ങനെ സസ്‍പെന്‍ഡ് ചെയ്യപ്പെടും എന്നുറപ്പുണ്ടായിരുന്നെങ്കില്‍ സ്പീക്കറെ ഒന്നു കൈകാര്യം ചെയ്യാമായിരുന്നു എന്നിപ്പോ അവര്‍ക്കു തോന്നുന്നുണ്ടാവും. കാരണം, ചരിത്രത്തിലെ ആദ്യത്തെ സസ്‍പെന്‍ഷന്‍ സ്പീക്കറെ ചെരിപ്പറിഞ്ഞതിനാണ്. 1970ല്‍ സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റിക്ക് നേരെ ചെരിപ്പേറും സഭയില്‍ കൂട്ടയടിയുമുണ്ടായി. ഇതേ തുടര്‍ന്ന് ഇടത് അംഗങ്ങളായ സി.ബി.സി വാര്യര്‍, എ.വി. ആര്യന്‍, ഇ.എം. ജോര്‍ജ്, എന്‍. പ്രഭാകര തണ്ടാര്‍, ടി.എം മേതിയാന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സഭയിലെ ബഹളം കേട്ടെത്തിയ എസ്.ഐ. ശങ്കരനാരായണനെ അംഗങ്ങള്‍ അകത്തിട്ട് കൈകാര്യം ചെയ്തു. ഇതിനെതുടര്‍ന്നാണ് സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഏര്‍പ്പെടുത്തിയത്.
1983 മാര്‍ച്ച് 28ന് എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ സഭ അലങ്കോലമാക്കിയതിന് കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെ സസ്‍പെന്‍ഡ് ചെയ്യുകയും ഇവര്‍ പിറ്റേന്ന് സഭയില്‍ കടന്നതിനെ തുടര്‍ന്നുണ്ടായ സംഘടര്‍ഷത്തില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും പിന്നെയും മൂന്നു പേരെക്കൂടി സസ്‍പെന്‍ഡ് ചെയ്യുകയുമുണ്ടായി.1987ല്‍ പിന്നെയും എം.വി.രാഘവന്‍,1988 മാര്‍ച്ചില്‍ കോണ്‍ഗ്രസ് അംഗങ്ങളായ എം.എ. കുട്ടപ്പനും സി.എം. സുന്ദരവും,1991ല്‍ ഇ.പി. ജയരാജന്‍, എ. കണാരന്‍, കെ.പി. മമ്മുമാസ്റ്റര്‍, വി. കേശവന്‍,1997ല്‍ സി.പി.എം അംഗങ്ങളായ എ. പത്മകുമാര്‍, എ. കണാരന്‍,2001ല്‍ എം.വി. ജയരാജന്‍, രാജുഎബ്രഹാം, പി.എസ് .സുപാല്‍ എന്നിവരുമാണ് മുമ്പ് നടപടിക്കു വിധേയരായിട്ടുള്ളത്.അന്നൊന്നും സഭയില്‍ ക്യാമറ ഉണ്ടായിരുന്നില്ല എന്നതും മറക്കരുത്.
നിലവിലുള്ള വാച്ച് ആന്‍ഡ് വാര്‍ഡിനെക്കൂടി ഒഴിവാക്കി നിരീക്ഷണം പൂര്‍ണമായും ക്യാമറ വഴിയാക്കാന്‍ ആലോചനയുണ്ടെന്നു കേള്‍ക്കുന്നു. എന്തു നടക്കുന്നു എന്നതിനെക്കാള്‍,എന്തു നടന്നാലും അത് ജനങ്ങളെ കാണിക്കണം എന്നാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ വാശി.സുതാര്യതയ്‍ക്കും എക്സിബിഷണലിസത്തിനുമിടയിലെ നേര്‍ത്ത നൂല്‍പ്പാലത്തില്‍ വച്ച് ഇനിയും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കട്ടെ എന്നു ചുമ്മാ പ്രതീക്ഷിക്കാം.ക്രിയേറ്റീവായിട്ട് ഒന്നും നടക്കുന്നില്ലാത്ത സ്ഥിതിക്ക് അംഗങ്ങള്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നതിനെക്കാള്‍ എനിക്കിഷ്ടം ഇങ്ങനെ എന്നും അടിയും പിടിയും മുണ്ടുപൊക്കലുമൊക്കെയായി അങ്ങ് പോകുന്നതാണ്.സ്നേഹമുള്ളിടത്തെ പിണക്കമുള്ളൂ എന്നാണല്ലോ.
No comments:
Post a Comment