സ്വന്തം വീട്ടിലെ രണ്ടേക്കറില്‍ വിളഞ്ഞ് കിടക്കുന്ന നെല്ലിനുപുറമെ പുതുക്കാട് ഉഴിഞ്ഞാംപാടത്ത് 18 ഏക്കര്‍ പാട്ടത്തിനെടുത്ത് ഞാറ് നട്ടുകഴിഞ്ഞു. വയനാട് ബത്തേരിയില്‍ നമ്പ്യാര്‍കുന്നിലുമുണ്ട് കൃഷി. വീടിനടുത്തുള്ള തൊഴുത്തില്‍ നാടന്‍ പശുവും കിടാവുമുണ്ട്- അതാണ് ഈ കൃഷിയിടങ്ങളിലേക്കുള്ള വളം നല്‍കുന്നത്. പശുവിന്റെ പാല് അതിന്റെ കിടാവിനും ചാണകവും മൂത്രവും മനുഷ്യനും എന്നതാണ് ഈ യുവകര്‍ഷകരുടെ ആശയം.
ടിബിന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ നാട്ടുകാരന്‍ തന്നെയായ രജീഷാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച് ദുബായിയില്‍ മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍ കമ്പനിയില്‍ മൂന്നുവര്‍ഷം ജോലിയെടുത്തു. എങ്കിലും നാട്ടില്‍നിന്ന് അകന്നുള്ള കൃത്രിമ ജീവിതം മടുത്ത് കൃഷിയിലേക്ക് വരികയായിരുന്നു ഈ 25 കാരന്‍. പിന്നെയൊരാള്‍ ജോര്‍ജ്- പ്രകൃതിജീവനത്തില്‍ നേരത്തെ മുതലേയുള്ള താല്പര്യമാണ് ഈ ചെറുപ്പക്കാരനെ ചെലവില്ലാ കൃഷിയിലേക്ക് നയിച്ചത്. പെരിന്തല്‍മണ്ണക്കാരനായ മനോജ് എന്ന ഗ്രാഫിക് ഡിസൈനറും ഇതേ ഇഷ്ടം കൊണ്ട് ഇവര്‍ക്കൊപ്പമുണ്ട്.
മറുനാട്ടിലിരുന്ന് സഹായിക്കുന്ന ചില നാട്ടുകാരുമുണ്ട്- ഗള്‍ഫില്‍ ഐ.ടി. രംഗത്ത് പണിയെടുക്കുന്ന സലീഷ്, ഹെര്‍മിന്ദ്, ഹൈദരാബാദില്‍ മെയില്‍ നഴ്‌സായ സുജിത് കെ. നായര്‍ എന്നിവര്‍. വയനാട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ അരുണ്‍ എന്ന മറ്റൊരു ചെറുപ്പക്കാരന്‍. എല്ലാവരിലും ചെലവില്ലാകൃഷിയോടും സ്വാഭാവിക ജീവിതചര്യകളോടുമുള്ള പ്രണയം വിളയുന്നു.
ജീവിതം ഒരു പശുവിനു ചുറ്റും
നാടന്‍ പശുവാണ് ഈ കൃഷിയിലെ താരം. അതിന്റെ ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി, മണ്ണ് എന്നിവ ചേര്‍ന്ന ജീവാമൃതമാണ് ഇവര്‍ ചേര്‍ക്കുന്ന ഏക വളം. നിശ്ചിത ഇടവേളകളില്‍ ഇവ മണ്ണില്‍ വിതറിക്കൊണ്ടിരിക്കും. എല്ലാ ലക്ഷണങ്ങളും ഉള്ള നാടന്‍ പശുക്കള്‍ സര്‍ക്കാരിന്റെ പശുനയം മൂലം ഇല്ലാതായി. ഹൈറേഞ്ച് ഡ്വാര്‍ഫ് ഇനത്തില്‍പ്പെട്ട ഒരു പശുവിനെ 7000 രൂപയ്ക്കാണ് പാലപ്പിള്ളിയില്‍നിന്ന് ഇവര്‍ വാങ്ങിച്ചത്. ഇതിന്റെ ചാണകവും മറ്റും ഉപയോഗിച്ച് ജീവാമൃതം ഉണ്ടാക്കുന്നതും അത് കൃഷിയിടങ്ങളിലേക്കെത്തിക്കുന്നതടക്കമുള്ള ശാരീരികാധ്വാനം, ആവശ്യമായ ജോലികള്‍ ഈ ചെറുപ്പക്കാര്‍ കൂലിക്കാരെ വെയ്ക്കാതെ ചെയ്യുന്നു. വിതയ്ക്കലിനും കൊയ്ത്തിനും യന്ത്രസഹായം തേടിയിട്ടുണ്ട്.
എന്നാല്‍ യന്ത്രം ഓപ്പറേറ്ററെ ഒഴിച്ചാല്‍ മറ്റ് ജോലികളൊക്കെ സംഘം നേരിട്ട് ചെയ്യും. രാസകൃഷി വഴി നശിച്ചുപോയ മണ്ണിന്റെ രുചികള്‍ ജീവാമൃതം വഴി തിരിച്ചെത്തുമെന്നും പിന്നീട് കീടങ്ങള്‍ അകന്നു നില്‍ക്കുമെന്നാണ് അനുഭവമെന്നും ചെലവില്ലാകൃഷിയുടെ പ്രചാരകനായ കെ.എം. ഹിലാല്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്നുമാസം കൊണ്ട് വിളവും ലാഭവും കിട്ടുന്ന കൃഷിയാണ് നെല്ലെന്നും ഈ യുവാക്കള്‍ പറയും. 50 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഇപ്പോള്‍ പാട്ടത്തിനെടുത്ത് ഞാറ് നട്ട 18 ഏക്കറില്‍ ഏറെക്കാലം തരിശ് ഇട്ടിരുന്ന നിലങ്ങള്‍ പോലുമുണ്ട്.
വേണം പിന്തുണ
തീര്‍ച്ചയായും ഈ ചെറുപ്പക്കാര്‍ സമൂഹത്തിന്റെ പിന്തുണയര്‍ഹിക്കുന്നു. ടിബിന്‍ കഴിഞ്ഞ ജനവരിയില്‍ കൃഷി നടത്തിയപ്പോള്‍ ചുറ്റുമുള്ള പാടശേഖരക്കാരും ചെലവില്ലാകൃഷി സ്വീകരിക്കാന്‍ തയ്യാറായെങ്കിലും കൃഷി ഓഫീസര്‍ വിലക്കി. കുറുവ നെല്ലാണ് ആദ്യം ഇറക്കിയതും മികച്ച വിളവ് കിട്ടിയതും. അത് വിത്തിനായി സൂക്ഷിച്ചു. എന്നാല്‍ കാലം തെറ്റിയതിനാല്‍ ഇത്തവണ മട്ട ത്രിവേണിയാണ് ഇറക്കിയത്. അതിന് കുറുവയുടെയത്ര വിളവ് ഉണ്ടാകില്ല. അടുത്ത വിത കുറുവയുടേതാണ്. ശാസ്ത്രലോകവും ഇവര്‍ക്ക് സഹായം നല്‍കുന്നില്ല. അവര്‍ സംശയത്തിലാണ്. ഇത്രയും കാലം ചെയ്ത കൃഷിരീതികള്‍ മൂലം മണ്ണും വെള്ളവും മലിനമായതായി അവര്‍ സമ്മതിക്കുന്നുണ്ട്. അതിനാലാണ് ജൈവകൃഷിയെ കൃഷിശാസ്ത്രജ്ഞര്‍ പോലും പ്രോത്സാഹിപ്പിക്കുന്നത്. പക്ഷേ, ജൈവകൃഷിയെ രാസകൃഷിയേക്കാള്‍ ചെലവേറിയതാക്കുകയെന്ന വിപണിയുടെ തന്ത്രത്തിന് ശാസ്ത്രലോകം വളമിട്ടുകൊടുക്കുന്നുവെന്ന് നമ്മുടെ ഈ യുവകര്‍ഷകര്‍ പറയുന്നു.
ചെലവില്ലാകൃഷിയിലൂടെ മനുഷ്യനെ പ്രകൃതിയിലേക്കും സ്വാഭാവിക ജീവിതത്തിലേക്കും മടക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന പ്രഖ്യാപനമാണ് ഇവര്‍ കേരളത്തോട് നടത്തുന്നത്- ആ വഴിയില്‍ അവര്‍ മുന്നോട്ടുതന്നെ. അക്കാര്യത്തില്‍ ഒരു കുറ്റിയില്‍ കെട്ടിയ പശുവിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല അവരുടെ ചിന്ത.
ഇ.ജി.രതീഷ്്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment