അമ്മയാവുക എന്ന കല
ഇന്ന് പുലര്‍ച്ച ഉണ്ണിയെ മുലയൂട്ടുമ്പോഴാണ് ഞാന്‍ പലതുമോര്‍ത്തത്. ക്ഷമയുടെ നീണ്ട ഒരു കാലത്തില്‍ നിശ്ശബ്ദമായി പ്രാര്‍ഥിച്ച് ഞാന്‍ ഒരു ഉണ്ണിക്കായി കാത്തിരുന്നത്, മാതൃത്വത്തിന് മുമ്പും പിമ്പും കാത്തിരിപ്പുകള്‍തന്നെ. ക്ഷമ- അത് ഒരു ഉണ്ണിയില്‍നിന്ന് ഏതൊരമ്മയും പഠിക്കുന്ന ആദ്യപാഠമാണ്. അമ്മയാവുക എന്നത് ഒരു കല സ്വായത്തമാക്കുന്നതുപോലെയാണ്. നമ്മെ സ്വയം പരിപോഷിപ്പിക്കുന്നത്, പലരെയും കണ്ടുപഠിക്കുന്നത്, ഒരുവനെ ഉള്ളില്‍ പോറ്റിവളര്‍ത്തുന്നത്, പത്തുമാസക്കാലം ഒരു ജീവന്‍െറ പകുതിയും മറ്റൊന്നിന്‍െറ മറുപകുതിയും പകുത്തുകൊടുത്ത് ചോരയില്‍നിന്നു ഉയിരെടുക്കുന്ന ഒരു ഭ്രൂണം നമുക്ക് പ്രിയപ്പെട്ട ഉണ്ണിയാവുന്നത്...
നീണ്ട ആ കാത്തിരിപ്പില്‍ ഇതുവരെ ജനിച്ചിട്ടില്ലാത്ത കണ്‍മണിയോട് ഞാന്‍ സംസാരിച്ചു. ഉണ്ണീ, നീ ജനിക്കാന്‍ വൈകുന്നതെന്താണ്? കല്യാണം കഴിഞ്ഞപാടെതന്നെ നാട്ടുകാരും വീട്ടുകാരും നിന്നെക്കുറിച്ചാണ് എന്നോടാരായുന്നത്. ക്ഷമയില്ലാത്ത ഒരു ലോകം നിന്നെപ്പറ്റി മാത്രം എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നു.
ദൈവത്തിന്‍െറ വലംതുടയിലിരുന്നു നീ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി മോണകാട്ടി ചിരിച്ചിട്ടുണ്ടാവും. അതുകൊണ്ടാവണം എന്‍െറ നരച്ച ആകാശംകണ്ട ദൈവം ഒരു കുഞ്ഞു സൂര്യാംശമായി നിന്നെ എന്‍െറ ഗര്‍ഭാകാശത്തിലെടുത്തുവെച്ചത്. അതിന്‍െറ വീര്യത്തില്‍ ഞാന്‍ ക്ഷീണിച്ചു. ഉപ്പു നെല്ലിക്കകള്‍ക്കുവേണ്ടി ഞാന്‍ അടുക്കളയില്‍ പരതിനടന്നു. ഒരു പുലര്‍ച്ചയില്‍ പ്രെഗ്നന്‍സി കിറ്റില്‍ ഞാന്‍ ഇരട്ടവരകള്‍ കണ്ടപ്പോള്‍, ദൈവ സാമീപ്യം അറിയിച്ചുകൊണ്ട് കാതില്‍ വന്നുപതിച്ചത് പള്ളിയില്‍നിന്നു ഉയര്‍ന്നുകേട്ട ബാങ്കു വിളി ആയിരുന്നു. ജൂണ്‍ മാസത്തേക്കായി ഞാന്‍ കരുതിവെച്ച നാപ്കിനുകള്‍ എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല. ഞാന്‍ സന്തോഷവതിയായി, എനിക്ക് പ്രിയമുള്ളവരും. പ്രളയാരംഭത്തിലെന്നപോലെ, ഒരു ആലിലക്കണ്ണനായി ഏതൊരു ഉണ്ണിയെയുംപോലെ, എന്‍െറ ഉണ്ണിയും വിരലുണ്ടു വളര്‍ന്നുതുടങ്ങി, എന്‍െറ ഗര്‍ഭത്തില്‍.
ക്രമേണ ഒരു ഗര്‍ഭിണിയുടെ എല്ലാ അസ്വസ്ഥതകളും എന്നില്‍ വന്നുതുടങ്ങി. ഉള്ളിലെ കുഞ്ഞുസൂര്യന്‍െറ താപത്തില്‍ എന്‍െറ വയര്‍ ചുട്ടുപൊള്ളാന്‍ തുടങ്ങി. ജെലുസില്‍ സിറപ്പുകളൊന്നിനും എന്‍െറയുള്ളിലെ എരിച്ചിലകറ്റാന്‍ കഴിഞ്ഞില്ല. പിറക്കും മുമ്പേ എന്നെ തീയില്‍ നീറ്റിയ അവന്‍ അലസിയെങ്കില്‍ എന്നുവരെ ഞാന്‍ പ്രാര്‍ഥിച്ചു. എന്‍െറ മറുപകുതിയെ താല്‍ക്കാലികമായെങ്കിലും ഞാന്‍ വെറുത്തു. തൊട്ടാല്‍പൊട്ടുന്ന ദേഷ്യക്കാരിയായി ഞാന്‍ വേറിട്ട ഒരു ഗര്‍ഭിണിയായി.
മുന്നീര്‍കുടത്തില്‍ മയങ്ങിക്കിടന്ന അവനെ ഒരു നാള്‍ ഡോക്ടര്‍ എനിക്ക് കാണിച്ചുതന്നു, നന്മയിലേക്കുണരാന്‍ കുഞ്ഞിക്കാലുകള്‍ വളച്ചുവെച്ച് കുഞ്ഞുവിരലുകളുണ്ടു സുഖമുള്ള നിദ്രയിലാണവന്‍. മയില്‍പ്പീലിയില്ലാത്ത ഉണ്ണിക്കണ്ണനെ കണ്ട് ആദ്യമായി ഞാന്‍ ദേഷ്യമില്ലാത്തവളായി. പൊക്കിള്‍ക്കൊടിയിലൂടെ ഞാന്‍ അവന്‍െറ സ്പര്‍ശമറിഞ്ഞു. ഉയര്‍ന്നുവരുന്ന വയറുതൊട്ടുഴിഞ്ഞ് ഞാന്‍ അവനെ സ്നേഹിക്കാന്‍ തുടങ്ങി. മറുപടിയെന്നോണം അവന്‍ എന്‍െറ അടിവയറ്റില്‍ ഓടിനടന്നു. കാലുകള്‍ കൊണ്ടെന്നെ ഇക്കിളിപ്പെടുത്തി. ചിലനേരങ്ങളില്‍ മൗനമായിരുന്നെന്നെ ഭയപ്പെടുത്തി. അര്‍ധമയക്കത്തിലും അവന്‍ വെളിച്ചത്തിലേക്കുവരുന്നതോര്‍ത്ത് ഞാന്‍ ആനന്ദംകൊണ്ടു.
പന്ത്രണ്ടാമത്തെ ആഴ്ചയിലെ സ്കാനിങ്ങില്‍ ഡോക്ടര്‍ എന്നോടു പറഞ്ഞു, കുഞ്ഞിലേക്കുള്ള രക്തധമനികള്‍ വളരെ നേരിയതാണെന്നും അതുകൊണ്ട്, രക്തയോട്ടം തടസ്സപ്പെടാനുള്ള സാധ്യത കാണുന്നുവെന്നും അത് കുഞ്ഞിന്‍െറ വളര്‍ച്ചയെ ബാധിക്കുമെന്നും ഒരു പക്ഷേ, കുഞ്ഞുതന്നെ നഷ്ടപ്പെട്ടേക്കാമെന്നും. എനിക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ആ വാര്‍ത്ത. ഗര്‍ഭാരംഭത്തില്‍ ഒരു നിമിഷത്തേക്ക് അവന്‍ അലസിയെങ്കില്‍ എന്നു ചിന്തിച്ച ഞാന്‍ അവന്‍ നഷ്ടപ്പെട്ടേക്കുമെന്നറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി. അനുദിനം അവന്‍െറ വളര്‍ച്ചയെക്കുറിച്ചുള്ള ഭയം എന്നെ മാനസികമായി തളര്‍ത്തി. എനിക്ക് ആ ഭയത്തെ അടക്കാന്‍ കഴിഞ്ഞില്ല. എന്നിലത് വിഷാദത്തിന്‍െറ വിത്തുകള്‍ വിതറി. അതിന്‍െറ പീഡനം കഠിനമായിരുന്നു. ഒച്ചയനങ്ങാതെ കടന്നുവന്നെന്നെ അത് കീഴ്പ്പെടുത്തുകയും ചെയ്തു. എണീക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഇരട്ടി വേഗതയില്‍ തളര്‍ന്നുവീഴുകയായിരുന്നു. പേക്കിനാവുകള്‍ എന്നെ വാരിപ്പൊതിഞ്ഞു. വേദനയില്‍ വെന്തുനീറി, ഉറക്കത്തില്‍ ഞെട്ടിയെഴുന്നേറ്റ്, പേടിയില്‍ വിറച്ചുവിറച്ച്, ഇരുട്ടില്‍ പുലരാന്‍ കൊതിച്ച്, പുലരിയില്‍ ഇരുട്ടാന്‍ പ്രാര്‍ഥിച്ച് ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കി.
പ്രെഗ്നന്‍സി ലേഖനങ്ങള്‍ കാണുമ്പോള്‍തന്നെ എന്‍െറ നെഞ്ചിടിപ്പുകള്‍ കൂടിവന്നു. ആരുടെ ആശ്വാസവാക്കുകളിലും ഉപദേശങ്ങളിലും എനിക്ക് സമാധാനം കണ്ടെത്താനായില്ല. എങ്കിലും എന്‍െറ പ്രിയപ്പെട്ടവരുടെ സാന്നിധ്യം എന്നെ ഒരു പരിധി വരെ സഹായിച്ചിരുന്നു. ഏതുനേരവും കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി ഞാന്‍ ശാന്തിതേടി അലഞ്ഞു. ഞാന്‍ ഭയക്കുംതോറും എന്‍െറ ഉണ്ണിയെ അത് സാരമായി ബാധിക്കുമെന്ന് എന്നെ എല്ലാരും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. ഏതുനേരവും കരഞ്ഞും നൊന്തുമിരിക്കുന്ന, ഉത്സാഹം നഷ്ടപ്പെട്ട ഒരു അമ്മയുടെ വയറില്‍ പിറക്കേണ്ടിവന്ന എന്‍െറ ഉണ്ണിയെക്കുറിച്ചോര്‍ത്ത് ഞാന്‍ സ്വയം ശപിച്ചു.ഇരുട്ടില്‍ ഞാന്‍ അവനോടു ക്ഷമചോദിച്ചുകൊണ്ടിരുന്നു.
സര്‍വശക്തനായ നാരായണനെ ഞാന്‍ എല്ലാനേരത്തും വിളിച്ചുകൊണ്ടിരുന്നു. നാരായണീയം പകര്‍ത്തിയെഴുതി ഞാന്‍ ഭഗവാനോട് കൂടുതല്‍ അടുത്തുനില്‍ക്കാന്‍ ശ്രമിച്ചു. തുളസിമാലകള്‍ കോര്‍ത്ത് ഭഗവാനുചാര്‍ത്തി. അടഞ്ഞുകിടന്ന ക്ഷേത്രവാതിലിനിപ്പുറംനിന്ന് ഞാന്‍ വാവിട്ടു കരഞ്ഞു. ഈ വേദന എനിക്കു താങ്ങാവുന്നതിനപ്പുറമാണ്. എന്‍െറ ആത്മാവ് പറിച്ചെടുത്ത് എന്നെ മോചിതയാക്കൂ..എന്‍െറ വേദനകള്‍ അങ്ങേറ്റെടുക്കൂ...ഭഗവാന്‍ എനിക്കൊരു വഴി തുറന്നുകാട്ടി. പകല്‍നേരം ചെലവഴിക്കാന്‍ ഒരു ആശ്രമത്തിന്‍െറ കീഴിലുള്ള ഒരു സ്ഥാപനത്തെപറ്റി ഞാനറിഞ്ഞു...അവിടത്തെ മഠാധിപതി എനിക്ക് ഒരു വഴി തുറന്നുകാണിച്ചുതന്നു. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ഒരു കഥാപുസ്തകത്തില്‍ രേഖാചിത്രങ്ങള്‍ വരക്കുന്നതില്‍ ഞാന്‍ മുഴുകി. ആ അന്തരീക്ഷം എന്നെ സന്തോഷിപ്പിച്ചു. എന്‍െറ പേടി പാടെയകന്നു. ഞാന്‍ വരച്ച ഓരോ ചിത്രങ്ങളിലെ കുഞ്ഞിനും എന്‍െറ ഉണ്ണിയുടെ മുഖമായിരുന്നു. കഥകളിലെ ശകുന്തപക്ഷികള്‍ അവനെ ലാളിക്കുന്നതും ഇലകളും കായ്കളും പൂക്കളുംകെട്ടി അവര്‍ അവനെ കളിപ്പിക്കുന്നതും ഞാന്‍ വരച്ചുവെച്ചിരുന്നു. അവനായി അവര്‍ താരാട്ടുപാടുന്നതും അതുകേട്ട് ഉണ്ണി ഉറങ്ങുന്നതുംകണ്ട് ഞാന്‍ ഉറങ്ങാതിരുന്നു.
പത്തൊമ്പതാമത്തെ ആഴ്ചയിലെ സ്കാനിങ്ങില്‍ എല്ലാം തൃപ്തികരമെന്ന് ഡോക്ടര്‍. ഞാന്‍ പതിവിലേറേ സന്തോഷവതിയായി. ആരും കേള്‍ക്കാതെ ഞാന്‍ ഉണ്ണിയുമായി സ്വകാര്യമായി സംസാരിച്ചുകൊണ്ടിരുന്നു. ''ഇത് അമ്മയാണുണ്ണീ. നിനക്കു ചൂട് തട്ടാതിരിക്കാന്‍ പൊള്ളുന്ന വെയില്‍കൊണ്ടവള്‍, നീ നനയാതിരിക്കാന്‍ ഇക്കണ്ട നാളുകളില്‍ നിനക്ക് കുടപിടിച്ചവള്‍...''
ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. അണ്‍സേഫ് സോണായ 27 ആഴ്ചകള്‍ കഴിഞ്ഞ്, ഇരുപത്തിയെട്ടാമത്തെ ആഴ്ച എത്തി. ഉള്ളില്‍ അവനെയുമേന്തി അനുദിനം വര്‍ധിച്ചുവന്ന ഊര്‍ജവുമായി പൊയ്ക്കൊണ്ടിരുന്ന ഞാന്‍ പെട്ടെന്നൊരുനാള്‍ രാവിലെ കിടന്നിടത്തുനിന്ന് എണീക്കാതെ ഉച്ചവരെ പുതച്ചുമൂടി കിടന്നു. നെറ്റിയില്‍ കൈവെച്ചു നോക്കിയ എന്‍െറ കെട്ടിയവന്‍''ഇതൊരു സാധാരണ ജലദോഷപ്പനി''യെന്നതിനെ നിസ്സാരമാക്കിയെങ്കിലും അതവിടെ നിന്നില്ല. രണ്ടു ദിവസത്തെ കിടപ്പിനൊടുവില്‍ അസഹ്യമായ നടുവേദനയെപ്പറ്റി പറഞ്ഞുകരഞ്ഞ എന്നെ, അദ്ദേഹം ''ഇത്തിരി വേദനിക്കുമ്പോഴേക്കും കുട്ട്യോളെപ്പോലെ ഇരുന്നു കരഞ്ഞോളൂ '' എന്ന് പറഞ്ഞു ചൊടിപ്പിച്ചു. രാത്രി വൈകി ഒടുവില്‍ ആശുപത്രിയില്‍ചെന്ന എന്നെ അവര്‍ നേരെ പിടിച്ചിട്ടത് ഐ.സി.യുവിനുള്ളിലും. രണ്ടു ദിവസം നീണ്ടുപോയ പരിശോധനകള്‍ക്കൊടുവില്‍ എന്നെ ബാധിച്ചത് ഡെങ്കിപ്പനി ആണെന്നവര്‍ സ്ഥിരീകരിച്ചു. അങ്ങനെ കുറച്ചു നാള്‍, മരിക്കാന്‍ പോകുന്നവര്‍ക്കും പാതിമരിച്ചവര്‍ക്കുമിടയില്‍ കഴിച്ചുകൂട്ടിയിട്ടാണെങ്കിലും ഞാന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. ഉള്ളില്‍ എന്‍െറ ഉണ്ണി സുരക്ഷിതനാണെന്ന അറിവ് എന്നെ സന്തോഷിപ്പിച്ചു.
അങ്ങനെ ഒടുവില്‍ അവന്‍െറ പിറവിയും വന്നെത്തി; എന്‍െറ കാത്തിരിപ്പിന്‍െറ അവസാനവും... പ്രസവനോവെടുത്ത് ഞാന്‍ അതിരാവിലെ പിടഞ്ഞെണീറ്റപ്പോള്‍ വീണ്ടും എന്‍െറ കാതില്‍ വീണത്, അതേ ബാങ്കു വിളി... ദൈവസാമീപ്യമെന്നു പിന്നെയും ഞാന്‍ മനസ്സിലോര്‍ത്തു...പൊക്കിള്‍ക്കൊടി അടര്‍ത്തിമാറ്റി, മുന്നീര്‍കുടത്തില്‍നിന്നു ഡോക്ടര്‍ അവനെ പുറത്തെടുത്തപ്പോള്‍. ഒന്നു രണ്ടായി എന്നുപറഞ്ഞ്, ചുറ്റുമുള്ളവര്‍ സമാശ്വസിച്ചപ്പോള്‍ സ്വകാര്യമായ ഒരു നോവ് ഉള്ളില്‍ നിറഞ്ഞു, ''ഉണ്ണീ, നമ്മള്‍ രണ്ടാവേണ്ടിയിരുന്നില്ല...''
വെളിപാട് ലഭിച്ചവനെന്നര്‍ഥത്തില്‍ ഞങ്ങള്‍ അവനു ബോധി എന്നു പേരിട്ടു. ഞാന്‍ ഇപ്പോള്‍ സ്വപ്നം കാണുന്നു...ലോകം കണ്ട് പകച്ച് അവനെന്‍െറ മാറിലേക്കോടിവരുന്നത്...എന്‍െറ മടിയിലിരുന്ന് അവന്‍ ഉണ്‍മയുടെ ഉണ്ണിയാവുന്നത്, നേരിന്‍െറ സമവാക്യമറിയുന്നത്... അറിവിന്‍െറ മുള്‍മുടികയറുന്നത്...ലോകത്തിന്‍െറ പൊരുളറിഞ്ഞ് അവന്‍ ജിതേന്ദ്രനാവുന്നത്, കാലത്തെ ജയിക്കുന്നത്, എല്ലാം എല്ലാം ഞാന്‍ കാണുന്നു... ഇപ്പോള്‍ നിന്നെയൂട്ടുമ്പോള്‍, നിന്‍െറ ചിരിക്കുന്ന കണ്ണുകള്‍ കാണുമ്പോള്‍, അമ്മക്കുള്ളില്‍ നിറവാണ്...ഉണ്ണീ, നീയൊരു ഇന്ദ്രജാലക്കാരനാണ്... എന്‍െറ ഇരവുകളെ വെളിച്ചമാക്കിയ മഹേന്ദ്രജാലന്‍...
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment