തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി തമിഴ്‌നാട്ടില്‍ എട്ടുകേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു പോലീസ്. മറ്റൊരു കേസില്‍ വിചാരണ നടക്കുകയുമാണ്. ഇതുസംബന്ധിച്ച വിവരങ്ങളാണു പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷന്‍ തൃശൂര്‍ അതിവേഗ കോടതിയില്‍ ഹാജരാക്കിയത്. മാലപൊട്ടിക്കലും പിടിച്ചുപറിയുമാണു ഗോവിന്ദച്ചാമിക്കെതിരായ കേസുകള്‍. ഇരകളെ ദേഹോപദ്രവമേല്‍പ്പിക്കുന്നതും ഹരമാണ്. ട്രെയിനിലെ മോഷണത്തോടാണ് ഇയാള്‍ക്ക് ഏറെക്കമ്പമെന്ന് അന്വേഷണസംഘത്തിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ. മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. എട്ടുവര്‍ഷം മുമ്പുവരെ ഗോവിന്ദച്ചാമിക്കു രണ്ടു കൈയുമുണ്ടായിരുന്നു. 2003-ല്‍ സ്വന്തം ഗ്രാമത്തിനടുത്തുകൂടി കടന്നുപോകുന്ന ചെന്നൈ ഹൈവേയില്‍വച്ചാണത്രേ പ്രതിക്കു കൈ നഷ്‌ടപ്പെട്ടത്. ബൈക്കില്‍ അമിതവേഗത്തിലെത്തി ഒരു സ്‌ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിയുടെ നിയന്ത്രണംവിട്ടു. ഹൈവേയിലൂടെ വന്ന വലിയ വാഹനത്തിന്റെ അടിയില്‍പ്പെടുമെന്നായപ്പോള്‍ ഗോവിന്ദച്ചാമി സ്വന്തം ഇടതുകൈ കറങ്ങുന്ന ചക്രത്തിനുള്ളിലിട്ട് ബൈക്ക് നിര്‍ത്തി. ചതഞ്ഞ കൈപ്പത്തി ഇങ്ങനെയാണു മുറിച്ചുമാറ്റിയതെന്നു പോലീസ് പറയുന്നു. ഗോവിന്ദച്ചാമി 2003 മുതലാണു പോലീസിന്റെ നോട്ടപ്പുള്ളിയായത്. എട്ടുകേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു. ഒരു കേസില്‍ വിട്ടയച്ചു. മറ്റൊരു കേസ് റദ്ദാക്കി. 2009-ല്‍ സ്‌ത്രീയെ തലയ്‌ക്കടിച്ച് ഒന്‍പതു പവന്‍ മാലപൊട്ടിച്ച സംഭവത്തില്‍ വിചാരണ നടക്കുന്നു. സംശയാസ്‌പദമായി പിടികൂടിയതിനേത്തുടര്‍ന്ന് ആന്ധ്രയിലെ ഗുട്ടിയില്‍ ആറുമാസം തടവനുഭവിച്ചു. അറുമുഖന്‍, രാജേഷ്, കൃഷ്‌ണന്‍ തുടങ്ങിയ പേരുകളില്‍ തമിഴ്‌നാട്ടില്‍ ശിക്ഷിക്കപ്പെട്ട യുവാവാണ് ഇപ്പോള്‍ ഗോവിന്ദച്ചാമിയായി അവതരിച്ചതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. പേരുമാറിയാലും വിരലടയാളം മാറില്ല. അതുകൊണ്ടാണു ചെന്നൈയിലെ വിരലടയാളവിദഗ്‌ദ്ധരുടെ മൊഴി രേഖപ്പെടുത്തുന്നത്. സേലം, പഴനി, ഈറോഡ്, തിരുവള്ളിയൂര്‍, ചെമ്മാപുരം, സേലായൂര്‍ സ്‌റ്റേഷനുകള്‍ക്കുപുറമേ സ്വന്തം നാടായ സമത്വപുരത്തും ഇയാള്‍ക്കെതിരേ കേസുണ്ട്. ഗോവിന്ദച്ചാമിയുടെ പശ്‌ചാത്തലം തിരക്കി തമിഴ്‌നാട്ടിലേക്കു പോയ പോലീസ് എത്തിച്ചേര്‍ന്നതു കടലൂര്‍ ജില്ലയിലെ വിരുതപുരം താലൂക്കിലുള്ള സമത്വപുരത്തായിരുന്നു. പാവങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ നൂറിലധികം കോണ്‍ക്രീറ്റ് കൂരകളുടെ ഗ്രാമം. ഇതിലൊരു വീടാണ് പ്രതിയുടേത്. അച്‌ഛന്‍ അറുമുഖന്‍ സംഭവത്തിന് ഒരുവര്‍ഷം മുമ്പു മരിച്ചു. അമ്മ നേരത്തേ മരിച്ചു. സഹോദരന്‍ സുബ്രഹ്‌മണി കൊലക്കേസില്‍പ്പെട്ട് ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാളെപ്പറ്റി ഇപ്പോള്‍ വിവരമില്ല. മൂന്നുവര്‍ഷംമുമ്പ് ഒരു മലയാളിയും ഗോവിന്ദച്ചാമിയുടെ അക്രമത്തിനിരയായി. ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ യാത്രചെയ്യവേ ഈറോഡിലാണു കൊല്ലം സ്വദേശി രാമലിംഗ(56)ത്തെ ആക്രമിച്ച് പ്രതി ഒന്‍പതു പവന്‍ കവര്‍ന്നത്. ഈ കേസില്‍ എട്ടുമാസം ശിക്ഷയനുഭവിച്ചു. ഗോവിന്ദച്ചാമിക്കായി വക്കാലത്തെടുത്തതിന്റെ രഹസ്യം അഭിഭാഷകര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ക്രിമിനല്‍ സംഘമാണു ഫീസ് നല്‍കുന്നതെന്നു പ്രചാരണമുണ്ട്. |
No comments:
Post a Comment