Tuesday 6 September 2011

[www.keralites.net] സ്ത്രീകള്‍ ഉറങ്ങരുത്, ഒരിക്കലും....

 

മലയാളിപുരുഷന്‍ ഇരതേടുന്ന വഴികള്‍

സിന്ധു ഷെല്ലി

ആണിനുവേണ്ടി ആണിനാല്‍ ഒരുക്കപ്പെട്ട വഴിയില്‍ വഴി തെറ്റിയിറങ്ങുന്നവരാണോ പുറത്തിറങ്ങുന്ന പെണ്ണുങ്ങള്‍?
ടിസി മറിയം തോമസ് എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'പെണ്ണിര' എന്ന അനുഭവങ്ങളുടെ സമാഹാരം വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലുയര്‍ന്ന ചോദ്യം ഇതാണ്. പുറത്തിറങ്ങുന്ന പെണ്ണുങ്ങളുടെ അനുഭവങ്ങള്‍ക്കെല്ലാം ഏകതാനമായ സ്വഭാവമുണ്ട്. ഞാനും എത്രയോ പഴികേട്ടിരിക്കുന്നു, പുറത്തുപോയി വരാന്‍ വൈകിയാല്‍, ആരോടെങ്കിലും മിണ്ടിയാല്‍, ബസില്‍ ഇടത്തോ വലത്തോ നോക്കിയാല്‍. എത്രയോ സഹിച്ചിരിക്കുന്നു, ഉടുത്തിരിക്കുന്ന സാരിയുടെ വശദര്‍ശന സാധ്യതകള്‍ ആണ്‍സുഹൃത്തുക്കളുടെ ചര്‍ച്ചാവിഷയമാകുന്നത്, ഒന്ന് ഉറക്കെ ചിരിച്ചാല്‍ ''അവളുടെ ചിരി കേട്ടാലറിയില്ളേ'' എന്ന് ദുരര്‍ഥം കാണുന്നത്. എന്നാല്‍, പെണ്ണും ജീവിക്കാന്‍ തന്നെയായിരിക്കുമല്ളോ ഭൂമിയില്‍ ജനിച്ചിട്ടുണ്ടാവുക എന്ന ലളിതമായ യുക്തിയില്‍ ഞാനും ജീവിക്കാന്‍ പഠിച്ചു. 'പെണ്ണാ'യപ്പോഴേക്കും പെണ്‍പള്ളിക്കൂടത്തിലെത്തിയ എനിക്ക് പെണ്‍വര്‍ത്തമാനങ്ങളുടെ ശക്തിയും പെണ്ണോട്ടങ്ങളുടെ വേഗവുമറിയാം. തളരാതെ ഓടാന്‍ പെണ്ണിനുമാകും എന്നറിയാം.
ഈ ധൈര്യവും തന്‍േറടവും നിലനില്‍ക്കുമ്പോള്‍തന്നെ വൈകുന്നേരം ആറുമണി കഴിഞ്ഞ് ബസിലിരിക്കാന്‍, തനിച്ച് ഒരു തട്ടുകടയില്‍ കയറി എനിക്കിഷ്ടപ്പെട്ട മസാലദോശ കഴിക്കാന്‍, യാത്രക്കിടെ ഒന്നുറങ്ങാന്‍ സമ്മതിക്കാത്ത നാടാണ് എന്‍െറ കേരളം.  'പെണ്ണിര'പോലെ പീഡാനുഭവങ്ങളുടെ ഒരു ആന്തോളജി തന്നെ ഇവിടെ എഴുതപ്പെട്ടില്ളെങ്കിലേ അദ്ഭുതമുള്ളൂ. ദൃശ്യമാധ്യമങ്ങളിലെ പീഡന പരമ്പരകള്‍, പീഡനവാര്‍ത്തകള്‍ക്കായുള്ള പത്രങ്ങളിലെ  പ്രത്യേക പേജുകള്‍,  തിരിച്ചറിയല്‍ പരേഡു നാടകങ്ങള്‍, ഒരച്ചന്‍ മകള്‍ക്കായി വിരിച്ച വലകള്‍. വേറെ എവിടെയുണ്ടാകും ഇത്രയും രൂക്ഷമായ പെണ്ണാക്രമണങ്ങള്‍, അതിന്‍െറ നഗ്നമായ ആഘോഷങ്ങള്‍!

'പെണ്ണിര'യുടെ പുറംചട്ടയില്‍ സാറാ ജോസഫ് പറയുന്നു: ''...കൃത്യമായ പേരും മേല്‍വിലാസവും വെളിപ്പെടുത്തിക്കൊണ്ട് കുറച്ചുപേര്‍ എഴുതിയ അനുഭവങ്ങള്‍ കേരളത്തിലെ 97 ശതമാനം സ്ത്രീകളുടെയും അനുഭവങ്ങളെ പ്രതിനിധാനംചെയ്യുന്നു. ഇനി എന്തു വേണം? കേരളസമൂഹം, ആണും പെണ്ണും ഉറക്കെ ചിന്തിക്കട്ടെ.'' ഉറക്കെ ചിന്തിച്ച തസ്നി ബാനുവിനും കൂട്ടുകാരനും ഈ പുസ്തകമിറങ്ങി മാസങ്ങള്‍ക്കുള്ളില്‍തന്നെ കിട്ടി പ്രബുദ്ധ കേരളത്തിന്‍െറ പ്രതിനിധികളുടെ ലഹരിയില്‍ കുഴഞ്ഞ പ്രതികരണങ്ങള്‍!
'പെണ്ണിര' സൗമ്യക്ക് സമര്‍പ്പിച്ചിരിക്കുന്നു. സൗമ്യയുടെ കണ്ണുനീരില്‍ മനംനൊന്തുതന്നെ പറയട്ടെ, ഈ പുസ്തകം മുന്നേ എഴുതപ്പെട്ടിരുന്നെങ്കിലും സൗമ്യയുടെ വിധിയില്‍ മാറ്റമുണ്ടാവില്ലായിരുന്നു. ഇതിനും കാരണം ''നമ്മള്‍ പെണ്ണുങ്ങളല്ളേ'' എന്ന് ലജ്ജിക്കുന്ന നമ്മുടെ പെണ്ണുങ്ങളും, ''അവര് പെണ്ണുങ്ങളല്ളേ'' എന്ന് പുച്ഛിക്കുന്ന ആണുങ്ങളുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൂരമായി അവഹേളിക്കപ്പെട്ട് കുരിശേന്തിയ പി.ഇ. ഉഷയുടെ 'ഇനിയും അടങ്ങിയിരിക്കരുത്' എന്ന അവതാരികയും ഇതിന് അടിവരയിടുന്നു.

രജിത ബിയുടെ അനുഭവസാക്ഷ്യം കേരളത്തിലെ സ്ത്രീകളുടെ ബയോഡാറ്റയിലെ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ പറഞ്ഞുതരുന്നു.
പേര്: ജാഗരൂക
ജോലി: സ്വന്തം അവയവങ്ങളുടെ കാവലാള്‍.

രജിത വിവരിക്കുന്ന കോട്ടയത്തെ ഇടവഴിയനുഭവം അതിന്‍െറ മറ്റൊരു രൂപത്തില്‍ കോഴിക്കോട് എന്‍.എസ്.എസ് ഹോസ്റ്റലില്‍ താമസിച്ച എനിക്കും കൂട്ടുകാരികള്‍ക്കും പരിചയമുണ്ട്. രജിതയുടെ അനുഭവത്തില്‍ ചെറിയൊരു ടിന്നിലെ 'പശ'യായി വന്ന പദാര്‍ഥം, ഞങ്ങളുടെ മുറിയിലേക്ക് ലേസര്‍ ലൈറ്റടിച്ച് ശ്രദ്ധ ക്ഷണിച്ച് തൊട്ടപ്പുറത്തെ ടെറസില്‍ വെച്ച് തൊട്ടടുത്ത ബെല്ളോടുകൂടി തുടങ്ങുന്ന പരിപാടിക്കുശേഷം അവിടത്തന്നെ ഉപേക്ഷിച്ചു പോകാനുള്ള ദാക്ഷിണ്യം അയാള്‍ തന്‍െറ 'ക്രിയയെത്തുടര്‍ന്ന്' കാണിച്ചു! പരാതിപ്പെട്ട് കുറെ രാത്രികള്‍ കഴിഞ്ഞപ്പോള്‍, ''അവനെ പൊലീസ് പൊക്കി'' എന്ന് ആരോ പറയുന്നത് കേട്ടു. (ഒരിക്കല്‍, ഒരു തിയറ്ററില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട നടിയെ ഒരുത്തന്‍ ലേസര്‍ ലൈറ്റുപയോഗിച്ചു ഉഴിയുന്നത് കണ്ടു. എന്നിട്ട്, കുടുംബങ്ങളും കുട്ടികളും നിറയെയുള്ള ആ തിയറ്ററിലിരുന്ന് അവന്‍ കൂവിവിളിച്ചു: ''വീട്ടിലേക്കു ചെല്ളെട്ടെടീ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.'') കോലില്‍ തുണിചുറ്റിയതിലും കാമക്കണ്ണുകളുമായി കയറിപ്പിടിക്കാന്‍ നില്‍ക്കുന്ന കേരളത്തിലെ മാനസിക വളര്‍ച്ചയില്ലാത്ത ആണുങ്ങളെ ന്യായീകരിക്കാതെ ചങ്കുറപ്പോടെ തള്ളിപ്പറയാന്‍ തയാറാവുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും സ്വപ്നം കണ്ടുകൊണ്ട് രജിത തന്‍െറ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ ഞാനും കാണുന്നു, അതേ സ്വപ്നം.
സുചിത്ര പ്രിയദര്‍ശിനിയുടെ വഴിയനുഭവത്തില്‍ കണ്ടുനിന്നവരുടെ അനങ്ങാപ്പാറനയമാണ് എന്നെ ചിന്തിപ്പിച്ചത്. ഒരുതരം നിര്‍വികാരത! ''എന്തിനാ വെറുതെ'' എന്ന മുന്നനുഭവങ്ങളില്‍നിന്നാകാം ഈ നിസ്സംഗത. വീട്ടിലുള്ള പെണ്‍ജീവിതങ്ങള്‍ക്കാണിതെങ്കിലോ?
നാലര രൂപക്കുപകരം പത്തുരൂപ കൊടുത്തതിന് അമ്മയുടെ പ്രായമുള്ള സ്ത്രീയെ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ അപമാനിച്ച ബസ് ജീവനക്കാരെക്കുറിച്ച് സുചിത്ര എഴുതിയത് വായിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ഓടുന്ന ഒരു അതിവേഗ ബസില്‍ അഞ്ചു രൂപക്കു പകരം ഇരുപതു രൂപ കൊടുത്ത എന്നോട് കണ്ണു തുറിച്ച്, പല്ല് ഞെരിച്ച് ''അഞ്ചില്ളെങ്കില്‍ വേണ്ട'' എന്ന് കണ്ടക്ടര്‍ ഒൗദാര്യം കാണിച്ചത്. ഇറങ്ങുമ്പോള്‍ അയാള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ മറന്നില്ല.

രശ്മി ആര്‍. വിവരിക്കുന്ന യാത്രാനുഭവത്തിന്‍െറ ഭയപ്പെടുത്തുന്ന തണുപ്പ് തീവണ്ടി യാത്രക്കാരികള്‍, പ്രത്യേകിച്ച് രാത്രി യാത്ര ചെയ്യുന്നവര്‍ പതിവായി അനുഭവിക്കുന്നതാണ്. തീവണ്ടിയിലെ 'പെണ്‍മുറിയില്‍' ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. എങ്കിലും, ഈ സംഭവങ്ങളെ ഭയന്ന് ഞങ്ങളുടെ ജോലികള്‍ ഉപേക്ഷിക്കാന്‍ പറ്റില്ലല്ളോ എന്ന രശ്മിയുടെ ചോദ്യം ജീവിക്കാന്‍ തീരുമാനിച്ച ഓരോ പെണ്ണിന്‍െറയും ചോദ്യമാണ്. അജിത് എന്ന ഫോട്ടോഗ്രാഫറുടെ കാമറ പകര്‍ത്തിയതുകൊണ്ട് സറീന എന്ന മുപ്പതുകാരി പ്രതികരിക്കുന്ന പെണ്ണിന്‍െറ അടയാളമായി. അരികിലൂടെ നടന്നുപോയ പെണ്ണിനെ തരപ്പെട്ട നിമിഷാര്‍ധംകൊണ്ട് ക്രൂരമായി വേദനിപ്പിച്ച്, തിരിഞ്ഞുനോക്കിയ നിമിഷം ''നീ പോടീ'' എന്ന് ഇളിച്ചുകൊണ്ട് വിളിച്ചുപറഞ്ഞ്, പിടിക്കപ്പെട്ടപ്പോള്‍ അവളെ തല്ലിച്ചതച്ച് പിന്നെയും പിന്നെയും മുറുമുറുത്തു അയാള്‍. ''ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കലഹമാണെന്നു കരുതിയാണ് ഇടപെടാതിരുന്നതെന്ന് മുതിര്‍ന്ന ഒരാള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം അടക്കാനായില്ല. സ്വന്തം ഭാര്യയെ നടുറോഡില്‍ തല്ലിച്ചതക്കാന്‍ പുരുഷന് അവകാശമുണ്ടോ?'' സറീന പൊട്ടിത്തെറിക്കുന്നു. ഈ യുക്തി സറീനയെപ്പോലെ, എനിക്കും മനസ്സിലാവുന്നില്ല- ആരെയും തല്ലിച്ചതക്കാന്‍ ആര്‍ക്കും അവകാശമില്ളെന്നിരിക്കെ.
''കേസുമായി മുന്നോട്ടുനീങ്ങുന്നത് പെണ്‍കുട്ടിയുടെ ഭാവിക്ക് ദോഷം ചെയ്യും'' എന്ന പഴകിപ്പതിഞ്ഞ കണ്ടുപിടിത്തമാണ് പൊലീസിന്‍േറത് എന്ന് പ്രിയദര്‍ശിനി തന്‍െറ പൊലീസ്സ്റ്റേഷന്‍ അനുഭവങ്ങളില്‍ പറയുന്നു. കെട്ടാന്‍ ഒരുത്തനും വരില്ല എന്ന ഭാവിക്കുള്ള ഈ ദോഷം ചൂണ്ടിക്കാട്ടി പെണ്‍പക്ഷത്തുനില്‍ക്കാന്‍ നിയമപാലകരും വിമുഖത കാട്ടുന്നു.
റോസമ്മ ജോണ്‍ എഴുതിയ 'നിസ്സഹായതയുടെ ചൂഷകന്മാര്‍' അക്ഷരാര്‍ഥത്തില്‍ കണ്ണുനനച്ചു. സ്വസ്ഥമായ കുടുംബജീവിതം ഉറപ്പാക്കാന്‍ നിവൃത്തികേടുകൊണ്ട് കടലുകടന്ന് ദുരിതം തിന്ന് തീ ചവിട്ടി തിരിച്ചെത്തിയ മലയാളിയായ ഭാസ്കരനെയും റോസമ്മ ജോണിനെയും അനാശാസ്യപ്രവര്‍ത്തകരായി ചിത്രീകരിച്ച് ഉപയോഗം കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിങ്ങു വിട്ടുതാ എന്നുവരെ പറഞ്ഞ് അടക്കിച്ചിരിച്ച്, അമറിക്കിതച്ച് ഒരുപറ്റം പുരുഷന്മാര്‍. ബസിറങ്ങിക്കഴിഞ്ഞ് അതിലൊരുത്തനെ നോക്കി റോസമ്മ വിളിച്ചു. ''പോടാ പട്ടീ തെണ്ടീ നാറീ...'' ആ സ്ത്രീ അവിടെ അനുഭവിച്ച അപമാനവും നിസ്സഹായതയും ഓര്‍ത്തപ്പോള്‍ അവരുടെ ഈ പ്രതികരണം അതേപടി ഇവിടെ പകര്‍ത്തണമെന്നുതോന്നി. അത്രയും ആശ്വാസം കിട്ടുമല്ളോ. പറയാത്ത തെറിവാക്കുകള്‍ കെട്ടിക്കിടന്ന് എത്ര പെണ്ണുങ്ങളുടെ നാവു കയ്ക്കുന്നുണ്ടാവും?

സ്വന്തം ഭര്‍ത്താവിന്‍െറ കൂടെ നടന്നപ്പോഴുണ്ടായ നെസി ഹാരിസിന്‍െറ അനുഭവത്തില്‍ ''ഇവിടൊരു കളിയും നടക്കില്ല'' എന്ന ഭീഷണിയുടെ നടുക്കുന്ന ഓര്‍മയുണ്ട്. എവിടെയും കളി നടത്താനല്ലല്ളോ ഭാര്യയും ഭര്‍ത്താവും യാദൃച്ഛികമായി മുടങ്ങിയ ട്രെയിന്‍യാത്രക്കുപകരം, ബസുണ്ടെന്നറിഞ്ഞ ആശ്വാസത്തില്‍ രാത്രി പത്തുമണിക്ക് സ്റ്റാന്‍ഡിലേക്കു നടക്കുന്നത്. ''ഞങ്ങള്‍ക്കും ഇതൊക്കെ ചെയ്യാനറിയാമെടീ'' എന്ന് നെസിയോടു പറഞ്ഞ ഓട്ടോ ഡ്രൈവര്‍ക്ക് സുരക്ഷിതമായി അവരെ വീട്ടില്‍ കൊണ്ടുപോവാന്‍ അറിയുമോ? രാത്രി യാത്രചെയ്യാന്‍ പെണ്ണിനും അവകാശമുണ്ടെന്ന് അറിയുമോ? അയാളുടെ കുടുംബവും രാത്രി യാത്രചെയ്യേണ്ടി വന്നേക്കാം എന്ന് അറിയുമോ? ഇതൊന്നുമറിയാതെ അയാള്‍ക്ക് ചെയ്യാനറിയാവുന്ന ആ 'ഇതാ'ണ് ഇക്കൂട്ടര്‍ക്ക് ആകെ അറിയുന്നത് എന്നതാണ് ഈ പെണ്ണിരതേടലിന്‍െറ കാരണം.

ഒച്ചയിട്ടാല്‍ തലതാഴ്ത്തിപ്പോവുന്ന ഭീരുക്കളുണ്ടെന്ന നെസിയുടെ സാക്ഷ്യമാണ് ഇക്കാര്യത്തില്‍ കേരളത്തിലെ പെണ്‍സുഹൃത്തുക്കളുടെ വിജയത്തിനുള്ള ഏക സാധ്യത. ഡോ. ബേബി ഷാരിയുടെ അനുഭവത്തില്‍ ഏറ്റവും രസകരമായി തോന്നിയത് ''സീനത്തിന്‍െറ വീടേതാ'' എന്ന സഹോദരന്‍െറ ചോദ്യത്തിന് ഒരു മധ്യവയസ്കന്‍ നല്‍കിയ മറുപടിയാണ്. ''ഞങ്ങളൊക്കെ ഒരിടത്തുചെന്നാല്‍ പെണ്ണിന്‍െറ പേരു പറയാറില്ല, അന്വേഷിക്കാറുമില്ല'' എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ട് അയാള്‍ പതുക്കെ പറഞ്ഞു: ''പെണ്ണോടിക്കുന്ന വണ്ടിയില്‍ പിറകിലിരുന്നു വന്നിട്ട് പെണ്ണിന്‍െറ പേരു ചോദിക്കുന്നു, ഛെ!...''
തസ്നി ബാനു തന്‍െറ അനുഭവക്കുറിപ്പില്‍ പറഞ്ഞ ''മുഖമൊഴികെയുള്ളിടങ്ങളിലേക്കുള്ള നോട്ടം'' അടുത്ത ബന്ധുക്കളില്‍നിന്നുപോലും സ്ത്രീകള്‍ നേരിടേണ്ടിവരുന്നു. ''നീയങ്ങു വളര്‍ന്നുപോയല്ളോ'' എന്ന പറച്ചിലിനകത്ത് ചവച്ചിറക്കുന്നത് എന്താണെന്ന് എത്രതവണ മനസ്സിലായിട്ടുണ്ടാവും ഓരോ പെണ്ണിനും. 'ചരക്കെ'ന്നും 'സാധന'മെന്നും കേട്ട് തലതാഴ്ത്തി നടന്നുപോകുന്ന ഓരോ പെണ്ണിന്‍െറയും അഭിമാനത്തിലിഴയുന്ന പുഴുക്കള്‍ എത്രയായിരിക്കും?

ഗായത്രി മുരളീധരന്‍െറ 'അബോധഭയങ്ങളെക്കുറിച്ചുള്ള സാക്ഷ്യം' എന്നെ വിറങ്ങലിപ്പിച്ചുകളഞ്ഞു. പേടിക്കാനൊന്നുമില്ലാത്തപ്പോഴും പേടിച്ചുവിറക്കേണ്ടിവരുന്ന പെണ്ണിന് ശകലങ്ങളായി കിട്ടിയ ലൈംഗികാതിക്രമഭീഷണികളും അനുഭവങ്ങളും ഈ അബോധഭയത്തിനു കാരണമാവുന്നു. നെല്ലിയാമ്പതിയിലെ പ്രകൃതിഭംഗിയിലിറങ്ങിയ ജോളി ചിറയത്തിനും സുഹൃത്തുക്കള്‍ക്കും അനുഭവിക്കേണ്ടിവന്ന കാക്കിയിടപെടലുകള്‍ വായിച്ചപ്പോള്‍ അമര്‍ഷം അടക്കാനായില്ല. നെല്ലിയാമ്പതിയുടെ സൗന്ദര്യം കാണാനെത്തിയ സംഘത്തിലെ സഗീറില്‍ പൊലീസ് ആരോപിച്ച സദാചാരലംഘനത്തിന്‍െറ പര്യായം ''പൂശാന്‍ വന്നതാണല്ളേ'' എന്നാണ്. അര്‍ഥം മനസ്സിലായില്ളെന്ന് അറിയിച്ച സഗീറിനോട് ''അറിയാത്ത വാക്കുകളുടെ അര്‍ഥം അറിയാന്‍ ഇതിനകത്തിട്ട് രണ്ടുപൊട്ടിക്കുക എന്ന മാര്‍ഗമാണ് ഉള്ളതെ''ന്നും നിയമപാലകര്‍ വ്യക്തമാക്കി. മര്യാദയുള്ളവരെ അര്‍ഥമറിയിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍! അടയാളരഹിതമായ ഏതു ബന്ധത്തില്‍പെട്ടവര്‍ക്കും കാവലാളുകള്‍ എത്തുന്നു. മങ്ങിക്കാണുന്ന മഞ്ഞക്കണ്ണടയും വെച്ച്.
ബേബി സിലിയ പടിയത്ത് അദ്ഭുതകരമാംവിധം കൗമാരക്കാരിയുടെ അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും വരച്ചുകാണിച്ചിരിക്കുന്നു. ഒന്നു ഫോണ്‍ ചെയ്താല്‍, നല്ല ഒരു ഡ്രസിട്ടാല്‍, ക്ളാസില്‍ എഴുന്നേറ്റുനിന്ന് ന്യായമായി ഒരു ചോദ്യം ചോദിച്ചാല്‍ ആളു ശരിയല്ളെന്നു വിലയിരുത്തപ്പെടുന്നതിന്‍െറ വേദന, ചീന്തുള്ള ചുരിദാര്‍ ഇടേണ്ട എന്ന തീരുമാനം, ഷാള്‍ വീതി കൂട്ടിയിടണം എന്ന ഉപദേശം. ഇതൊക്കെ തങ്ങള്‍ തുറിച്ചുനോക്കപ്പെടുന്ന വസ്തുക്കള്‍ മാത്രമാണെന്ന തിരിച്ചറിവ് കുട്ടികള്‍ക്കു കൊടുക്കുമെന്ന് സിലിയ സാക്ഷ്യപ്പെടുത്തുന്നു. ഒരൊറ്റ ദിവസത്തെ മനോരമ പത്രത്തില്‍ വന്ന ലൈംഗികാതിക്രമങ്ങളും ലൈംഗികാഭാസങ്ങളും മ്യൂസ്മേരി ജോര്‍ജ് ശ്രദ്ധയില്‍ പെടുത്തിയത് കണ്ട് അദ്ഭുതപ്പെട്ടുപോയി. കേരളത്തിലെ ലൈംഗിക ദേശീയതയുടെ സ്വഭാവം തിരിച്ചറിയാന്‍ ഓരോ പെണ്ണിനെയും മ്യൂസ് മേരി ആഹ്വാനം ചെയ്യുന്നു.

ജെ. ദേവിക പറയുന്നത് സൗമ്യയുടെ മരണത്തെയും മരണാനന്തരം നടന്ന മാധ്യമഘോഷങ്ങളെയും കുറിച്ചാണ്. വ്യഥക്കുമപ്പുറത്തുള്ള കഠിനമായ ഒരുതരം വേദനയാണ് സ്ത്രീകള്‍ ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അനുഭവിക്കുന്നത് എന്ന ദേവികയുടെ വാക്കുകള്‍ പെണ്‍നൊമ്പരത്തിന്‍െറ കടലാഴം വെളിവാക്കുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ സുരക്ഷയെ ഏറ്റെടുക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സമാശ്വാസങ്ങളില്‍ ദേവിക പ്രതീക്ഷ വെക്കുന്നു. അവളങ്ങനെ ചെയ്തതുകൊണ്ടല്ളേ എന്ന് മറുചോദ്യം ചോദിച്ച് ഇരയായവള്‍, ഇരയാക്കപ്പെടേണ്ടവള്‍ തന്നെയാണെന്ന ആണ്‍-പെണ്‍ പൊതുബോധത്തിന് എതിരായ ആക്ഷേപമാണ് 'സ്ത്രീകള്‍ ഉറങ്ങരുത്, ഒരിക്കലും' എന്ന ആര്‍. പാര്‍വതീദേവിയുടെ ചിന്തകള്‍. പെണ്ണുങ്ങളാണെന്ന ഓര്‍മയോടെ ഒഴിഞ്ഞ വഴിയില്‍ നടക്കാതെ, ഒറ്റക്ക് എവിടെയും പോകാതെ, സന്ധ്യമയങ്ങും മുമ്പേ വീടണഞ്ഞ് വെറും പെണ്ണായി ജീവിക്കാന്‍ പറയുന്ന കപടസദാചാരത്തെ നോക്കി കൊഞ്ഞനംകുത്തുന്നു പാര്‍വതീദേവിയുടെ എഴുത്ത്.

വാല്‍ക്കഷണം
'പെണ്ണിര' എന്ന പുസ്തകത്തെക്കുറിച്ച് ഒരു വെബ് പോര്‍ട്ടലില്‍ ഞാനെഴുതിയ അഭിപ്രായത്തിനു കിട്ടിയ ആദ്യപ്രതികരണം അട്ടഹാസം ഗ്രാഫിക് രൂപത്തില്‍ ആവിഷ്കരിച്ച് അതിനു താഴെ, ''ഈ പുസ്തകം ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ വിഡ്ഢിപ്പുസ്തകം'' എന്ന കമന്‍റാണ്. ഇതിലെഴുതിയിരിക്കുന്നതെല്ലാം സാങ്കല്‍പികമാണ് എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഈ പുസ്തകത്തിന്‍െറ രണ്ടാംപതിപ്പല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. ഈ പുസ്തകം തുറന്നുപോലും നോക്കാതെ ഇത്ര ഭീരുത്വത്തോടെ അബദ്ധവിലയിരുത്തലുകള്‍ നടത്തുന്ന അതേരീതി സ്ത്രീകളോടുള്ള എല്ലാവിധ ഇടപെടലുകളിലും കാണിക്കുന്ന കേരളീയ സമൂഹത്തിന്‍െറ സമഗ്രമായ പരിവര്‍ത്തനമാണ്.


With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

A bad score is 579. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment