അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തെ വിജയിപ്പിച്ചത് മാധ്യമങ്ങളാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ക്കു പുറമെ ബി.ബി.സി. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ലീഡ് വാര്‍ത്തയായി സമരം മാറി. ഓരോ സമരമുഹൂര്‍ത്തങ്ങളും ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. പല ചാനലുകളും 24 മണിക്കൂറും തത്സമയ സംപ്രേഷണം ആരംഭിച്ചതോടെ നാടിന്റെ നാനാഭാഗങ്ങളില്‍ ജനങ്ങള്‍ സമരത്തിന് പിന്തുണയുമായി തെരുവുകളിലേക്കൊഴുകി.
ഒരു കാലത്ത് ടെലിവിഷനോട് മുഖം തിരിച്ചിരുന്ന ഹസാരെയെ അതേ ടെലിവിഷന്‍ ഏറ്റെടുത്തുവെന്നതായിരുന്നു സമരത്തിന്റെ ആദ്യ വിജയം. ഈ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചതാവട്ടെ ഒരു മലയാളി പെണ്‍കുട്ടിയും. പാലക്കാട്ട് തോലന്നൂരുകാരി അശ്വതി മുരളീധരന്‍ എന്ന 26 കാരിക്കായിരുന്നു സമരത്തിന്റെ മാധ്യമവിഭാഗം ചുമതല. സമരത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച 24 അംഗ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഏക മലയാളി വനിതയും അശ്വതിയായിരുന്നു.
സമരവേദിയില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും വേദിക്കുപുറകില്‍ ഊണും ഉറക്കവും വെടിഞ്ഞ് അശ്വതി ഉണ്ടായിരുന്നു. സമരത്തിന്റെ ഓരോ ചുവടുവെപ്പും പ്രസ്സ് റിലീസുകളാക്കി മാധ്യമങ്ങള്‍ക്ക് എത്തിക്കാന്‍, സമരനേതാക്കളുടെ സൗണ്ട് ബൈറ്റുകള്‍ ഏര്‍പ്പാടുചെയ്യാന്‍, മാധ്യമചര്‍ച്ചയ്ക്കായി നേതാക്കളെ എത്തിക്കാന്‍, മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍, പത്രസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍..... അങ്ങനെയങ്ങനെ ഒരു നൂറ് ഉത്തരവാദിത്വങ്ങളുടെ തിരക്കില്‍. അശ്വതിയും കൂട്ടുകാരും വിശ്രമമറിയാത്ത ദിനങ്ങളായിരുന്നു അത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും തുടര്‍ന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവുമെടുത്ത അശ്വതി വളര്‍ന്നത് ഡല്‍ഹിയില്‍ തന്നെ. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയാവുകയെന്ന സ്വപ്നം ഉപേക്ഷിച്ച് അശ്വതി വഴിമാറി നടന്നത് രണ്ടുവര്‍ഷം മുമ്പാണ്. സൈബര്‍ മീഡിയ എന്ന വാര്‍ത്താവെബ്‌സൈറ്റില്‍ ജീവനക്കാരിയായിരുന്ന അശ്വതി ജോലിയുടെ ഭാഗമായാണ് അരവിന്ദ് കെജ്‌രിവാളിനെ പരിചയപ്പെടുന്നത്. പരിവര്‍ത്തന്‍ എന്ന എന്‍.ജി.ഒ. സംഘടനയിലൂടെ രാജ്യത്ത് മാറ്റം സ്വപ്നംകാണുന്ന കെജ്‌രിവാളിനോട് സംസാരിച്ചപ്പോള്‍ ഇനി ഇതാണ് തന്റെ വഴിയെന്ന് അശ്വതി തീരുമാനിക്കുകയായിരുന്നു. ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം അറിഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തു. എന്നാല്‍ അശ്വതി പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. രണ്ട് വര്‍ഷത്തിനിപ്പുറം മകളുടെ തിരഞ്ഞെടുപ്പില്‍ അഭിമാനം കൊള്ളുന്ന അമ്മ അശ്വതിക്ക് പിന്തുണയുമായി ഹസാരെയുടെ സമരപ്പന്തലിലെത്തിയിരുന്നു.
ഹസാരെയുടെ നിരാഹാരം അവസാനിച്ചെങ്കിലും അശ്വതിക്ക് ഇപ്പോഴും വിശ്രമിക്കാന്‍ നേരമില്ല. ലോക്പാലിനായുള്ള സമരം വിജയിക്കാന്‍ ഇനിയും ഏറെ ദൂരം താണ്ടേണ്ടതുണ്ടെന്ന് പറയുന്ന അശ്വതി തിരക്കില്‍ തന്നെയാണ്. ലോക്പാലിനായുള്ള ക്യാമ്പയിന്‍ ഹസാരെ സംഘം തുടരുമ്പോള്‍ അത് മാധ്യമങ്ങളില്‍ സജീവമായി നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം അശ്വതിയുടേതാണ്. അശ്വതി പറയുന്നതും അതുതന്നെ - ''നിരാഹാരമല്ലേ കഴിഞ്ഞുള്ളൂ, സമരം കഴിഞ്ഞില്ലല്ലോ, പിന്നെയെങ്ങനെ വിശ്രമിക്കും.''
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment