Monday, 21 March 2016

[www.keralites.net] അനുരാഗ ഗാനം പോലെ....

 

പാട്ടായും കവിതയായും ഒഴുകുകയായിരുന്നു കേച്ചരിപ്പുഴ- യൂസഫലിയിലൂടെ. ആ പ്രവാഹം നിലച്ചിട്ട് മാര്‍ച്ച് 21 ന് ഒരുവര്‍ഷമാവുകയാണ്.

Fun & Info @ Keralites.net

പാട്ടായും കവിതയായും ഒഴുകുകയായിരുന്നു കേച്ചരിപ്പുഴ- യൂസഫലിയിലൂടെ. ആ പ്രവാഹം നിലച്ചിട്ട് മാര്‍ച്ച് 21 ന് ഒരുവര്‍ഷമാവുകയാണ്. 

പേരറിയാത്ത നൊമ്പരത്തെ പ്രേമമെന്നും മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ കണ്ണുനീരെന്നും വിളിച്ചാണ് യൂസഫലി പാട്ടുകളുടെ ലോകത്തു നിന്ന് യാത്രയായത്. 'സഹ്യസാനുശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം' എന്നു മലയാളക്കാരയെ കുറിച്ച് പാടി, അതിന്റെ തന്ത്രിയില്‍ ഗാനസാഗരം ഉണര്‍ത്തിവിട്ട് മടങ്ങിപ്പോവുകയും ചെയ്തു അദ്ദേഹം. വേദനയെ പോലും വേദാന്തമാക്കിയ ആ പാട്ടുകള്‍ ഇന്നും മലയാളികളുടെ ഉള്ളുണര്‍ത്തി അനുശ്വരമായി നില്‍ക്കുന്നു.

നൂറ്റി അമ്പതോളം ചിത്രങ്ങളിലായി അറന്നൂറോളം പാട്ടുകളേ അദ്ദേഹം എഴുതിയിട്ടുള്ളു. എണ്ണം നോക്കിയാല്‍ അദ്ദേഹം മുന്നിലല്ലെന്നും കാണാം. പക്ഷെ കാവ്യഗുണത്തില്‍ യൂസഫലി എന്നും മുന്നില്‍ തന്നെ. അതു മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതും. പദഭംഗിയും ഉദാത്തമായ കാവ്യകല്‍പ്പനകളും മലയാളത്തിന്റെ സാംസ്‌കാരികബിംബങ്ങളുമൊക്കെ നിറഞ്ഞൊഴുകയായിരുന്നു ആ ഗാനങ്ങള്‍.

ഓരോ പാട്ടും ഓരോ ഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. 'നാടോടിക്കാറ്റി'ലെ ദാസനും വിജയനും അറബിനാട്ടില്‍ ചെന്ന് പൊന്നു പണവും വാരുന്നത് കിനാവു കാണുമ്പോള്‍ അവര്‍ക്ക് 'കരകാണാക്കടലല മേലെ മോഹപ്പൂങ്കുരുവി'യായി പറക്കാന്‍ പാട്ടിന്റെ ചിറകു നല്‍കിയ യൂസഫലി ആ പാട്ട് മലയാളികളെ കൊണ്ട് ഏറ്റുപാടിച്ചു.

ഇതേ കവി തന്നെ, എം ടിയുടെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയില്‍ കവയിത്രിയായ നായികയുടെ മനസ്സില്‍ കവിത വിരിയുന്ന മുഹൂര്‍ത്തത്തില്‍
'വിശ്വമഹാക്ഷേത്ര സന്നിധിയില്‍ വിഭാതചന്ദന തളികയുമായ്' എന്നെഴുതി അന്തരംഗമുണര്‍ത്തിവിട്ടു.

ഉള്ളില്‍ വേദനയുടെ കനലെരിയുമ്പോള്‍ കാണികളെ ചിരിപ്പിക്കേണ്ടവരാണ് സര്‍ക്കസ് കോമാളികള്‍. 'ജോക്കറി'ല്‍ കോമാളിയായ സര്‍ക്കസ്സുകാരന്റെ ദൈന്യമായ ഈ അവസ്ഥ ലോഹിതദാസ് ചിത്രീകരിച്ചപ്പോള്‍
കണ്ണീര്‍ മഴയത്ത് ഞാനൊരു 
ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി
മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി
മാറിലണിഞ്ഞു ഞാന്‍... എന്ന് ആ കോമാളിയെകൊണ്ട് കരള്‍വീണ മീട്ടി പാടിച്ചിട്ടുണ്ട് യൂസഫലി. 
ഉള്ളില്‍ കവിത വേണം, സംഗീത ബോധവും-ഒരു ഗാനരചയിതാവ് ആരായിരിക്കണം എന്നതിനെ കുറിച്ച് യൂസഫലി ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. പാട്ട് കവിത തന്നെയാണ്, എന്നാല്‍ കവിതയെഴുത്തിലെ സ്വാതന്ത്ര്യം പാട്ടെഴുത്തിലില്ല, കാരണം പാട്ട് അപ്ലൈഡ് പോയട്രി (പ്രയുക്ത കവിത)യാണ്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളും കഥാസന്ദര്‍ഭങ്ങളും ഭാവനാ പരിസരമാക്കി വരികള്‍ കറിയ്ക്കുകയാണ് പാട്ടെഴുത്തില്‍ കവിയുടെ നിയോഗം. ആ വരികള്‍ സംഗീതത്തിന്റെ ചിറകു പിടിപ്പിക്കാന്‍ കഴിയുന്നതുമാവണം. അദ്ദേഹം പറയുമായിരുന്നു.  

പ്രണയമധുരത്തേന്‍ തുളുമ്പിയ പാട്ടുകള്‍ 
മലയാളിയുടെ മനസ്സില്‍ അഴകിന്റെ അല പോലെ ഒഴുകുകയായിരുന്നു യൂസഫലിയുടെ പ്രണയഗാനങ്ങളെല്ലാം.  ഖദീജയിലെ 'സുറുമയെഴുതിയ മിഴികളെ' എന്ന  ഒറ്റ ഗാനം മതിയാവും അത് തെളിയിക്കാന്‍.  
ജാലകത്തിരശീല നീക്കി 
ജാലമെറിയുവതെന്തിനോ 
തേന്‍ പുരട്ടിയ മുള്ളുകള്‍ 
കരളിലെറിയുവതെന്തിനോ എന്ന പ്രണയാര്‍ദ്രമായ ചോദ്യം എം.എസ് ബാബുരാജിന്റെ ഈണത്തില്‍ നാം കേട്ടു. ബാബുരാജ് തന്നെയാണ് യൂസഫലിയുടെ മറ്റൊരു അനശ്വര പ്രണയഗാനമായ 'അനുരാഗ ഗാനം പോലെ...' (ഉദ്യോഗസ്ഥ) ചിട്ടപ്പെടുത്തിയതും.  
മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍ 
മധുമാസം വിരിയിച്ച മലരാണോ.. തുടങ്ങിയ ഈരടികള്‍ അഴകിന്റെ അലയായി ആ അനുരാഗാനത്തില്‍ ഒഴുകിനടക്കുന്നു. കടലേ നീലക്കടേല നിന്നാത്മാവിലും നീറുന്ന ചിന്തുകളുണ്ടോ... (ദ്വീപ്) എന്ന് കാമുകന്റെ തപ്ത ഹൃദയം ഈ കവിയിലൂടെ ചോദിക്കുന്നതും പാട്ടിലൂടെ കേട്ടു. ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍ 
താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍ എന്ന പാട്ടില്‍ പ്രണയാര്‍ദ്രമായ മനസ്സ് കിനാവില്‍ തന്റെ ഓമലാളെ കണ്ടുമുട്ടുന്നതിന്റെ ഹൃദ്യമായ ചിത്രമാണ് വരച്ചിടുന്നത്. 
കളവാണി നീയാദ്യം 
കണ്‍മുന്നില്‍ നിന്നപ്പോള്‍ 
പല ജന്മം മുമ്പേ നമ്മള്‍, 
പരിചിതരാണെന്നു തോന്നി എന്ന് വളരെ ലളിതസുന്ദരമായി പറയുന്ന കാമുകനെയും അദ്ദേഹം വരച്ചിട്ടു.  
ഇക്കരെയാണെന്റെ താമസം, എഴുതിയതാരാണു സുജാത, പാവാടപ്രായത്തില്‍, ആടാനുമറിയാം, അക്കരെയിക്കരെ നിന്നാല്‍, പതിനാലാം രാവുദിച്ചത് മാനത്തോ, മറഞ്ഞിരുന്നാലും, വെശാഖ സന്ധ്യേ, അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍, നിന്റെ കണ്ണില്‍ വിരുന്നുവന്നു തുടങ്ങി പ്രണയസുരഭില ഗാനങ്ങള്‍ ഇനിയും ഒരുപാടുണ്ട്.
പ്രണയത്തിന്റെ മധുരാലസ്യത്തെ കുറിച്ച് ഒരു പാട്ടിന്റെ പല്ലവിയില്‍ 'എന്തോ ഏതോ എങ്ങിനെയോ എന്റെ മനസ്സിനൊരാലസ്യം' എന്ന് യൂസഫലി എടുത്തുചേര്‍ക്കുക പോലും ചെയ്തു. 

ഭക്തിസാഗരം
ഭക്തിഗാനങ്ങളുടെ രചനയില്‍ സ്വന്തമായൊരു വ്യക്തിമുദ്ര ചാര്‍ത്തിയിട്ടുണ്ട് യൂസഫലി കേച്ചേരി.   മതവും ജാതിയും വര്‍ഗവുമൊക്കെ തീര്‍ത്തുവെച്ച അതിരുകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലേണ്ടവരാണ് കവികളും കലാകാരന്മാരും.  ആ നിയോഗം പാട്ടെഴുത്തില്‍ യൂസഫലി ഏറ്റെടുത്തപ്പോള്‍ മികച്ച ഗാനങ്ങള്‍ പലതും പിറന്നുവീണു. 
മുസ്ലീമായി ജനിച്ച യൂസഫലി സംസ്‌കൃതത്തില്‍ ഗാനങ്ങളെഴുതുകയോ, അതു കൃഷ്ണന്റെ സ്തുതിഗീതം?- പലരും ആശ്ചര്യത്തോടെ ചോദിച്ചിട്ടുണ്ട് ഈ ചോദ്യം. അപ്പോഴൊക്കെ ശാന്തനായി പുഞ്ചിരിച്ചുകൊണ്ട് യൂസഫലി പറയും-നൗഷാദ് എന്ന മഹാസംഗീതകാരനെയും റഫി എന്ന മഹാഗായകനെയും കുറിച്ച്, അവര്‍ ഒരുമിച്ച് ഒരുക്കിയ ഭജനുകളെ  കുറിച്ച്. സംഗീതത്തിന് എവിടെയാണ് മതം, എവിടെയാണ് ജാതി-ആ ചോദ്യം  ഒരു ഉത്തരമായി കിട്ടുന്നതോടെ ആശ്ചര്യമൊക്കെ ഒഴിയും. 
മനം നിറയെ അല്ലാഹുവിനെ പ്രതിഷ്ഠിച്ച യൂസഫലിക്ക് കൃഷ്ണനെയും കൃസ്തുവിനെയും കുറിച്ച് ഭക്ത്യാദരങ്ങളോടെ കവിത കുറിയ്ക്കാനായി. റസൂലേ നിന്‍ കനിവാലേ എന്നെഴുതിയ കവിയ്ക്ക്
കൃഷ്ണകൃപാ സാഗരം എന്നും കാലിത്തൊഴുത്തില്‍ പിറന്നവനേ എന്നും എഴുതാന്‍ കഴിഞ്ഞത് അതുകൊണ്ടാകാം.
 
കൃഷ്ണസങ്കല്‍പ്പം സകല സൗന്ദര്യത്തോടും പീലി വിടര്‍ത്തിയാടുന്നുണ്ട് യൂസഫലിയുടെ ചില പാട്ടുകളില്‍. സര്‍ഗത്തിലെ 'ആന്ദോളനം..ദോളനം' എന്ന ഗാനത്തില്‍ അതിന്റെ ഒരു ചിത്രം കാണാം.
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ പാല്‍ മുത്തിക്കുടിച്ചും കളിക്കുന്ന നേരം അമ്പാടിമുറ്റത്തെ പാഴ്മണ്ണു തിന്നുമൊക്കെ കളിച്ചും ചിരിച്ചും കേളകളാടി നടക്കുന്ന ഉണ്ണികൃഷ്ണന്റെ ചിത്രം മനോഹരമായി വരച്ചിടുന്നു യൂസഫലി. കണ്ണിനു കണ്ണായ കണ്ണാ, ഗുരുവായൂര്‍ വാഴും താമരക്കണ്ണാ തുടങ്ങി കൃഷ്ണഗീതികളായ പാട്ടുകള്‍ വേറെയുമുണ്ട്. ഭക്തിസാന്ദ്രമായ സാഹചര്യത്തിലല്ലാതെയും ഈ കവിയുടെ പാട്ടില്‍ കൃഷ്ണന്‍ ഒരു ബിംബമായി കടന്നുവന്നിട്ടുണ്ട്. 
ആലിലക്കണ്ണാ നിന്റെ 
മുരളിക കേള്‍ക്കുമ്പോള്‍ 
എന്‍ മനസ്സില്‍ പാട്ടുണരും എന്ന് അന്ധഗായകനിലൂടെ പാടുന്നത് യൂസഫലിയിലെ കൃഷ്ണഭക്തനായ കവി തന്നെയാവണം.

ദേവഭാഷയിലെ ഗാനങ്ങള്‍
യൂസഫലി കേച്ചേരിക്കു മാത്രം അവകാശപ്പെട്ട ഒന്നുണ്ട് മലയാള സിനിമാപാട്ടിന്റെ ചരിത്രത്തില്‍. സംസ്‌കൃതത്തില്‍  പേലും ഗാനങ്ങള്‍ രചിച്ച് ജനകീയമാക്കിയ ആള്‍ എന്ന ബഹുമതിയാണത്. കല്യാണപ്പന്തലിലെ ചഞ്ചല ചഞ്ചല നയനം, 'ധ്വനിയിലെ' ജാനകീജാനേ രാമ,' സര്‍ഗത്തിലെ''കൃഷ്ണകൃപാസാഗരം,'' 'ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ മാമവമാധവ മധുമാഥി'എന്നിവ യൂസഫലി സംസ്‌കൃത ഭാഷയില്‍ രചിച്ച ഗാനങ്ങളാണ്. അക്കൂട്ടത്തില്‍ പെടുന്ന ഒരു ഗാനമാണ് യൂസഫലിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തതും. മഴ എന്ന ചിത്രത്തിലെ ഗേയം ഹരിനാമധേയം എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പുരസ്‌കൃതനായത്. യൂസഫലിക്കു മുമ്പ് വയലാര്‍ രാമവര്‍മ, ഒ.എന്‍.വി.കുറുപ്പ് എന്നിവര്‍ക്കു മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ദേശിയ പുരസ്‌കാരം ലഭിച്ചത്.  

വേദനയെ പോലും വേദാന്തമാക്കിയ വരികള്‍
സര്‍ഗം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍  പാട്ടു പാടി രോഗം ഭേദമാവുന്ന രംഗമുണ്ട്. ഈ രംഗം അവിശ്വസനീയമായി പ്രേക്ഷകര്‍ക്ക് തോന്നിച്ചേക്കാം എന്ന് സംവിധായകന്‍ ഹരിഹരനോട് ചിലരൊക്കെ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ പടം പുറത്തിറങ്ങി കണ്ടപ്പോള്‍ ആ ധാരണകളൊക്കെ തെറ്റി. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഹരിഹരനുള്ള കഴിവും യൂസഫലി- ബോംബെ രവി കൂട്ടുകെട്ടിന്റെ പാട്ടുകളും ഒരുമിച്ചു ചേര്‍ന്നതിന്റെ ഫലമായിരുന്നു അത്.

ഭക്തി നിറഞ്ഞൊഴുകുന്ന വരികളും സംഗീതവും ക്ലൈമാക്‌സില്‍ എന്നല്ല ഈ ചിത്രത്തിന്റെ ആദ്യാവസാനം ഉണ്ട്.   സംഗീതമേ അമര സല്ലാപമേ, ആന്ദോളനം ദോളനം, സ്വരരാഗഗംഗാ പ്രവാഹമേ, കൃഷ്ണകൃപാസാഗരം, കണ്ണാടിയാദ്യമായെന്‍ എന്നിങ്ങനെ അതിലെ പാട്ടുകളോരോന്നും ഒന്നിനൊന്ന് മെച്ചമായി. സര്‍ഗത്തിനു പുറമെ  മൂന്നു ചിത്രങ്ങളില്‍ കൂടി ബോംബെ രവിയ്ക്കു വേണ്ടി യൂസഫലി പാട്ടെഴുതി. പരിണയം, ഗസല്‍, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.    തിരുവാതിരക്കളിപ്പാട്ടുകളില്‍ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നവയെപ്പോലെ  പ്രചാരം  സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ച ഒന്നിനും ലഭിച്ചുവെങ്കില്‍ ഇവരുടെ പ്രതിഭാവിലാസത്തിന്റെ മഹത്വം തന്നെ.


പാര്‍വണേന്ദു മുഖി പാര്‍വതി
ഗിരീശ്വരന്റെ ചിന്തയില്‍ 
മുഴുകി വലഞ്ഞു... എന്നാരംഭിക്കുന്ന പരിണയത്തിലെ ഗാനം ശിവപാര്‍വതി സങ്കല്‍പ്പത്തില്‍ നിന്നുള്ള മനോഹരമായ ഭാവനയാണ്. അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍, വൈശാഖ പൗര്‍ണമിയോ (പരിണയം), ഇശല്‍തേന്‍കണം ചോരുമീ, വടക്കു നിന്ന് പാറി വന്ന വാനമ്പാടി (ഗസല്‍), വാതില്‍ തുറക്കു നീ (ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍) തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിലെ മറ്റു ശ്രദ്ധേയ ഗാനങ്ങള്‍. 

നാടോടിച്ചന്തം
പി ഭാസ്‌കരനു ശേഷം മലയാളത്തിന്റെ നാടോടിച്ചന്തം നന്നായി സ്വാംശീകരിക്കാന്‍ കഴിഞ്ഞ ഗാനരചയിതാവാണ് യൂസഫലി. ആദ്യഗാനമായ 'മൈലാഞ്ചിത്തോപ്പില്‍' മുതല്‍ അത് കാണാം. മുറുക്കിച്ചുവന്നതോ മാരന്‍ മുത്തിച്ചുവപ്പിച്ചതോ, തമ്പ്രാന്‍ തൊടുത്തത് മലരമ്പ്, കല്ലായിപ്പുഴയൊരു മണവാട്ടി, നാദാപുരം പള്ളിയില് ചന്ദന കുടത്തില്, അമ്പിളി മണവാട്ടി അഴകുള്ള മണവാട്ടി, മാനേ മധുരക്കരിമ്പേ, വടക്കു നിന്ന് പാറി വന്ന വാനമ്പാടി, എന്റെ ഉള്ളുടുക്കും കൊട്ടി, നെഞ്ചുടുക്കിന്റെ താളത്തുടിപ്പില്‍. മാനത്തെ ഹൂറിപോലെ... തുടങ്ങി ഏറെയുണ്ട് നാടോടിവഴക്കത്തില്‍ താളബദ്ധമായി രചിച്ച പാട്ടുകള്‍. 

കേച്ചേരിപ്പുഴയിലെ ഓളങ്ങള്‍
കവിതയോടും സംഗീതത്തോടുമുള്ള കമ്പം കുട്ടിക്കാലത്തേ കൂട്ടിനുണ്ടായിരുന്നു യൂസഫലിയില്‍. തൃശ്ശൂരിനടുത്ത് കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മക്കുട്ടിയുടെയും മകനായി 1934 ലാണ് ജനനം. ഉമ്മ നജ്മക്കുട്ടിയുടെ ബാപ്പ ഏരംകുളം അഹമ്മദ് വൈദ്യര്‍ ഇമ്പമേറുന്ന മാപ്പിളപ്പാട്ടുകള്‍ രചിച്ചയാളാണ്. നജ്മക്കുട്ടി ബാപ്പയില്‍ നിന്നും കണ്ടും കേട്ടും പഠിച്ച ഈണങ്ങള്‍ തന്റെ മോന് പകര്‍ന്നുനല്‍കി. കേച്ചരിപ്പുഴയോരത്തെ കുഞ്ഞു യൂസഫലിയുടെ മനസ്സില്‍ അങ്ങനെയാണ്, പുഴയിലെ ഓളങ്ങള്‍ക്കൊപ്പം പാട്ടും കവിതയുമൊക്കെ നിറയുന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കവെ അധ്യാപകന്‍ ഇ പി ഭരതപ്പിഷാരടിയാണ് കൊച്ചു യൂസഫലിയില്‍ ഒരു കവിയുണ്ടെന്ന് തിരിച്ചറിയുന്നത്. മഹാപണ്ഠിതനായ കെ പി നാരായണപ്പിഷാരടിയുടെ അടുത്തേക്ക് സംസ്‌കൃതം പഠിക്കാന്‍ വിടുന്നതും അദ്ദേഹമാണ്. തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി ആ സംസ്‌കൃതപഠനമെന്ന് യൂസഫി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അറബിക്കും സംസ്‌കൃതവും ഖുര്‍ആനോടൊപ്പം രാമായണവും പഠിച്ചാണ് വളര്‍ന്നത്. 1954ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യ കവിതയായ ''കൃതാര്‍ത്ഥനായി ഞാന്‍'' പ്രസിദ്ധീകരിച്ചു. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി. 1962ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്‌തെങ്കിലും അധികം വൈകാതെ സാഹിത്യലോകത്തേക്കു തന്നെ തിരികെപ്പോയി. 

സിനിമയിലേക്ക്
1963 ല്‍ രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെയാണ്   സിനിമാപാട്ടെഴുത്തിലേക്ക് യൂസഫലി എത്തുന്നത്. തൃശൂരുകാരന്‍ തന്നെയായ രാമു കാര്യാട്ടുമായി പരിചയമുണ്ട്. അതുവഴിയാണ് അവസരം ലഭിച്ചത്. 'മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി, മൈക്കണ്ണാല്‍ ഖല്‍ബില് അമിട്ടു കത്തിച്ച വമ്പത്തി' എന്ന ഗാനമാണ് മൂടുപടത്തിനു വേണ്ടി യൂസഫലി എഴുതിയത്. ഈണമിട്ട ബാബുരാജ് തന്നെയാണ് ഗാനം പാടിയതും. അവിടെ തുടങ്ങുന്നു യൂസഫലി എന്ന സിനിമാപാട്ടെഴുത്ത്. അഞ്ചു പതിറ്റാണ്ടു തുടര്‍ന്നു അത്. ബാബുരാജിന്റെ മാത്രമല്ല  ജി ദേവരാജന്റെയും ഇഷ്ട ഗാനരചയിതാവായിരു യൂസഫലി. ദേവരാജനുമായി ചേര്‍ന്നു സൃഷ്ടിച്ച ഗാനങ്ങളില്‍ ഓമലാളെ കണ്ടു ഞാന്‍, മലരേ മാതള മലരേ, പൂമണിമാരന്റെ കോവിലില്‍, അനുരാഗം കണ്ണില്‍ മുളയ്ക്കും, പതിനാലാം രാവുദിച്ചത്,  സംഗീതമേ നിന്‍ പൂഞ്ചിറകില്‍, സ്വര്‍ഗം താണിറങ്ങി വന്നതോ തുടങ്ങിയവ യൂസഫലി-ദേവരാജന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ യൂസഫലി എഴുതിയതും ദേവരാജനു വേണ്ടിയായിരുന്നു. ആ തലമുറയിലെ തന്നെ കെ രാഘവന്‍ പിന്നീട് എ.ടി ഉമ്മര്‍, എം.കെ.അര്‍ജുനന്‍, ഇളയരാജ, ശ്യാം, ജെറി അമല്‍ദേവ്, എസ് പി വെങ്കിടേഷ്, മോഹന്‍ സിത്താര തുടങ്ങിയവര്‍ക്കൊപ്പമെല്ലാം മനോഹരഗാനങ്ങള്‍ പലതും പിറന്നു. 
മൂന്ന് ചലച്ചിത്രങ്ങള്‍ യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. മരം, വനദേവ, നീലത്താമര എന്നീ ചിത്രങ്ങള്‍. സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചു. ഗാനരചനക്ക് ഒരു തവണ ലഭിച്ച ദേശിയ പുരസ്‌കാരത്തിനു പുറമെ നാലു തവണ സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയും നേടി.

 
സിനിമയ്ക്കു വേണ്ടിയല്ലാതെ യൂസഫലി രചിച്ച ലളിതഗാനങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. യേശുദാസിന്റെ തരംഗിണിക്കുവേണ്ടി യൂസഫലി എഴുതിയ  ആല്‍ബങ്ങളൊക്കെ വന്‍ ഹിറ്റുകളായി മാറി. ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ..., കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട്, തുളസീ കൃഷ്ണതുളസീ തരംഗിണിയുടെ  തുടങ്ങിയവ തരംഗിണിയുടെ ഓണപ്പാട്ടുകളിലെ ഹിറ്റുകളില്‍ ചിതലാണ്.    

അനുഗ്രഹീതനായ കവി
ഗാനരചയിതാവെന്ന നിലയില്‍ പ്രസിദ്ധനായിരിക്കുമ്പോള്‍ തന്നെ അനുഗ്രഹീതനായ ഒരു കവി കൂടിയായിരുന്നു അദ്ദേഹം. കേച്ചേരിപ്പുഴയൊഴുകുന്ന തന്റെ ഗ്രാമം തന്നെയായിരുന്നു ഈ കവിയ്ക്ക് ഊര്‍ജപ്രവാഹിനിയായി തീര്‍ന്നത്. മിത്തുകളും പുരാണേതിഹാസങ്ങളുമൊക്കെ നന്നായി ഉള്‍ക്കൊള്ളാന്‍ സാധിച്ച കവി കൂടിയായിരുന്നു അദ്ദേഹം. ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ആലില, നാദബ്രഹ്മം, കഥയെ പ്രേമിച്ച കവിത, മൂടുപടമില്ലാതെ, തിരഞ്ഞെടുത്ത കവിതകള്‍ പേരറിയാത്ത നൊമ്പരം, അനുരാഗഗാനം പോല എന്നിവയാണ് പ്രസിദ്ധ കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2013 ല്‍ കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കുകയും ചെയ്തു.
 
മരിക്കാത്തതായി സ്‌നേഹം മാത്രമേ ഈ പ്രപഞ്ചത്തിലുള്ളുവെന്ന് വിശ്വസിച്ച ഈ കവി മനുഷ്യസ്‌നേഹത്തെ കുറിച്ച് ഏറെ പാടിയിട്ടുണ്ട്. പാടാന്‍ ഇനിയുമേറെ ഉള്ളില്‍ ഉണ്ടായിരുന്നു. ആ പാട്ടുകളും കവിതകളും ബാക്കിവെച്ചാണ് 81-ാം വയസ്സില്‍ യൂസഫലി യാത്രയായത്.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Save time and get your email on the go with the Yahoo Mail App
Get the beautifully designed, lighting fast, and easy-to-use, Yahoo Mail app today. Now you can access all your inboxes (Gmail, Outlook, AOL and more) in one place. Never delete an email again with 1000GB of free cloud storage.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment