'സെല്‍ഫി' ഈ വാക്ക് കേട്ടാല്‍ മുഖം തിരിക്കുന്നവരും ദിവസം ഒരു സെല്‍ഫിയെങ്കിലും സോഷ്യല്‍ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവരും നമുക്കിടയിലുണ്ട്. എന്തായാലും ആരാധകര്‍ക്കിടയിലും വൈരികള്‍ക്കിടയിലും സെല്‍ഫി ചര്‍ച്ച ചൂടുപിടിക്കുകയാണ്.
സ്വന്തം രൂപത്തെ സ്വയം സാക്ഷാത്കരിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമാണ് സെല്‍ഫിക്ക് പിന്നില്ലെന്ന് ഒരു പക്ഷം . ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാന്‍ എന്ത് അക്രമവും ചെയ്യാനുള്ള മാനസികാവസ്ഥയിലൂടെയാണ് സെല്‍ഫി ജനിക്കുന്നതെന്ന് മറുപക്ഷവും. വാദങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സെല്‍ഫിയാകട്ടെ പുതിയ മേച്ചില്‍ പുറങ്ങളും തേടുന്നു.
'ഞാന്‍ എന്നെ ഇങ്ങനെയാണ് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിങ്ങള്‍ എന്ത് പറയുന്നു?' എന്ന ചിത്ര പ്രസ്താവനയും ചോദ്യവുമാണ് സെല്‍ഫിയിലൂടെ പ്രകടിപ്പിക്കുന്നത്. ഇതില്‍ ആത്മവിശ്വാസവും ആത്മരതിയും ഒരേ പോലെ കടന്നു വരാം. സ്വന്തം മുഖവും ശരീരവും പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിക്കപ്പുറം മറ്റൊന്നുമില്ലെന്ന മിഥ്യാധാരണ ജനിക്കുന്നതോടെയാണ് സെല്‍ഫി അപകടകാരിയാവുന്നത്. സ്വയം പകര്‍ത്തുന്നത് ആവേശവും ഭ്രമവുമായി മാറുമ്പോള്‍ സെല്‍ഫിയും വിഷമയമാവും. മാനസിക വിഭ്രാന്തിക്കും മരണത്തിലേക്കും സെല്‍ഫി ഭ്രമം മനുഷ്യനെ എത്തിക്കുന്നുണ്ടെന്നാണ് സമകാലീന സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ആദ്യമാദ്യം സോഷ്യല്‍ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത് ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളും നേടിയെടുത്ത സെല്‍ഫികളായിരുന്നു ജനശ്രദ്ധ നേടിയിരുന്നത്. ഇപ്പോള്‍ വൈറലാകുന്നതാവട്ടെ സെല്‍ഫിയിലൂടെയുള്ള ദുരന്ത സംഭവങ്ങളാണ്.
സെല്‍ഫി ചരിത്രം
1839, അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് കൊര്‍ണേലിയസ് ക്യാമറയിലൂടെ സ്വയം പകര്‍ത്തി. അവിടെ നിന്നാണ് സെല്‍ഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ആരവങ്ങളോ കൈയടികളോ ഇല്ലാതെ 'ഠസവ ശഹിീറ ാഹഷസറ ജഹരറുിവ വ്വവി റമക്ഷവൃ. 1839' എന്ന അടിക്കുറിപ്പോടെ പുറംലോകമറിഞ്ഞ ആദ്യ സെല്‍ഫി 175 വര്‍ഷം പിന്നിട്ടിരിക്കുന്നു. 'ഫോക്കസിന്റെ കാര്യത്തില്‍ ക്ഷമിക്കണം... ഇതൊരു സെല്‍ഫിയാണ്' സോഷ്യല്‍ മാധ്യമത്തില്‍ ആദ്യമായി അപ്ലോഡ് ചെയ്ത സെല്‍ഫിയുടെ അടിക്കുറിപ്പാണിത്.
ജന്മദിന പാര്‍ട്ടിയില്‍ പടിയില്‍ നിന്ന് താഴെ വീണ ഓസ്ട്രേലിയന്‍ യുവാവ് ആ നിമിഷം തന്നെ അത് ക്യാമറയില്‍ സ്വയം പകര്‍ത്തി സോഷ്യല്‍ മാധ്യമത്തില്‍ ആദ്യമായി സെല്‍ഫി അപ്്‌ലോഡ് ചെയ്തുവെന്നാണ് ഓക്സ്ഫഡ് ഡിക്ഷ്ണറി സാക്ഷ്യപ്പെടുത്തുന്നത്.
2005ല്‍ മൈ സ്പേസിന്റെ വരവോടെ സെല്‍ഫി ജനകീയമായി. 2006മുതല്‍ ഫേസ്ബുക്കായി സെല്‍ഫികളുടെ വിഹാര കേന്ദ്രം. പ്രൊഫൈല്‍ പിക്ചറുകളുടെ സ്ഥാനത്ത് സെല്‍ഫികള്‍ സ്ഥാനം പിടിച്ചു. സന്തോഷവും ദുഃഖവും തമാശകളും എന്തിന് മരണം വരെ സെല്‍ഫിയാക്കാനുള്ള നെട്ടോട്ടത്തിലായി ആരാധകര്‍.
ഐഫോണ്‍ ഫോര്‍, എച്ച്ടിസി ഡിസയര്‍ എന്നീ സ്മാര്‍ട്ട് ഫോണുകള്‍ മുന്‍ ക്യാമറയോടെ രംഗത്തെത്തിയതോടെ സെല്‍ഫിക്ക് നല്ല കാലമായി. ഫോട്ടോ ഷെയറിങ് സൈറ്റായ ഫ്ലിക്കര്‍ സെല്‍ഫി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു.
2013 ഓടെ സെല്‍ഫിയുടെ സമസ്ത ഭാവങ്ങളും ലോകം അറിയാന്‍ തുടങ്ങി. അതേ വര്‍ഷം തന്നെയാണ് ഇംഗ്ലീഷിലെ തിരഞ്ഞെടുക്കപ്പെട്ട വാക്കായി ഓക്സ്ഫഡ് ഡിക്ഷ്ണറിയില്‍ സെല്‍ഫി ഇടം നേടിയത്.
എന്താണ് സെല്‍ഫി?
സോഷ്യല്‍ മാധ്യമങ്ങളില്‍ അപ്്‌ലോഡ് ചെയ്യുന്നതിനായി സ്വന്തം രൂപം മൊബൈല്‍ ഫോണിലോ ക്യാമറയിലോ സ്വയം പകര്‍ത്തുന്നതാണ് സെല്‍ഫി. നാല് തരം സെല്‍ഫികളാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ ഞൊടിയിടെ വൈറലാവുന്നത്. പ്രശസ്തരുടെ സെല്‍ഫികള്‍, രാഷ്ട്രീയക്കാരുടെ സെല്‍ഫികള്‍, ശവസംസ്‌കാര വേളയിലെ സെല്‍ഫികള്‍, സാഹസിക സെല്‍ഫികള്‍.
പ്രശസ്തരുടെ സെല്‍ഫികളെ പിന്‍തുടര്‍ന്ന് കൂടുതലായും സെല്‍ഫിയെടുക്കുന്നത് പെണ്‍കുട്ടികളാണ്. പ്രശസ്തരെ അനൗപചാരിക ഭാവങ്ങളില്‍ കാണാമെന്നതും ഇത്തരം സെല്‍ഫികളുടെ ജനപ്രിയത കൂട്ടുന്നുണ്ട്.
86-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നിന്ന് അവതാരക എലന്‍ ഡിജെനറസ് അവാര്‍ഡ് ജേതാക്കളോടൊപ്പം പകര്‍ത്തിയ സെല്‍ഫി ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ഈ സെല്‍ഫികള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട് നാല്പത് മിനിറ്റിനുള്ളില്‍ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ട ആദ്യ സെല്‍ഫിയായി മാറി. 2012 ലെ തിരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയ സെല്‍ഫി അതോടെ പഴങ്കഥയായി. പ്രശസ്തര്‍ക്കൊപ്പമുള്ള സെല്‍ഫികള്‍ക്ക് ഓട്ടോഗ്രാഫിന്റെ അതേ പ്രാധാന്യമാണ് ന്യൂജനറേഷന്‍ നല്‍കുന്നത്. കൂട്ടമായുള്ള സെല്‍ഫികളെ വെല്‍ഫിയെന്നും അവര്‍ വിളിച്ച് തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ സെല്‍ഫികളും വമ്പന്‍ കൈയടി നേടുന്നുണ്ട്.
രാഷ്ട്രീയക്കാരുടെ അനൗപചാരികത തന്നെയാണ് രാഷ്ട്രീയ സെല്‍ഫികളെ വൈറലാക്കുന്നത്. ശവസംസ്‌കാര വേളയില്‍ എടുക്കുന്ന സെല്‍ഫികള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഹിറ്റാവുന്നത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ നേതാവ് നെല്‍സണ്‍ മണ്ഡേലയുടെ ശവസംസ്‌കാര വേളയില്‍ ബ്രീട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനേയും ഒബാമയേയും ഇടതും വലതും ഇരുത്തി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ഹെല്ലെ തോണിങ് ഷ്മിറ്റ് ഐ ഫോണില്‍ പകര്‍ത്തിയ ചിരിച്ചുല്ലസിച്ചിരിക്കുന്ന സെല്‍ഫി വിവാദമായിരുന്നു. വിചിത്രമായ സ്ഥലങ്ങളില്‍ നിന്നെടുക്കുന്ന സെല്‍ഫി മൂല്യമുള്ളതാണ്.
മരണം മണക്കുന്ന സാഹസിക സെല്‍ഫികളോടാണ് യുവത്വത്തിന് പ്രിയം കൂടുതല്‍. സാഹസികതയ്ക്ക് വേണ്ട ശ്രദ്ധ സെല്‍ഫിയിലേക്ക് തിരിയുമ്പോള്‍ അപകടമവിടെ വട്ടമിട്ട് പറക്കും. പ്രകടിപ്പിക്കാന്‍ വെമ്പുന്ന ആത്മവിശ്വാസം മരണത്തിലേക്ക് വഴുതി വീഴും. റെയില്‍ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചതും സെല്‍ഫിക്കായി ചരക്ക് തിവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതും നമ്മുടെ കേരളത്തിലാണ്. തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മെക്സിക്കന്‍ യുവാവ് ഓസ്‌കാര്‍ വെടിയേറ്റ് മരിച്ചതും മൂര്‍ഖന്‍ പാമ്പിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സ്ത്രീക്ക് പാമ്പ് കടിയേറ്റതും സെല്‍ഫിയുടെ കറുത്ത അധ്യായങ്ങള്‍ തന്നെ. മറ്റുള്ളവരെ അമ്പരപ്പിച്ച് ലൈക്കുകള്‍ നേടിയെടുക്കാനുള്ള പല ശ്രമങ്ങളും മരണത്തില്‍ അവസാനിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സെല്‍ഫിയിലൂടെ മരണത്തിന് കീഴടങ്ങിയവരുടെ സോഷ്യല്‍ മാധ്യമ പ്രൊഫൈലുകള്‍ പരിശോധിച്ചാല്‍ സെല്‍ഫിയല്ലാതെ മറ്റൊന്നും കാണാന്‍ കഴിയില്ലെന്നതും യുവത്വത്തിന് സെല്‍ഫിയോടുള്ള ഭ്രമം വെളിപ്പെടുത്തുന്നതാണ്.
സെല്‍ഫി കൗതുകങ്ങള്‍
സെല്‍ഫിയെടുത്ത് മനുഷ്യര്‍ മാത്രമല്ല താരങ്ങളാവുന്നത്. കുരങ്ങനും ആനയുമൊക്കെ സെല്‍ഫിയുടെ മേല്‍വിലാസത്തില്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഹിറ്റാവുകയാണ്. 2011ല്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ ഡേവിഡ് ജെ. സ്ലേറ്റര്‍ സുലാവേസി ദ്വീപില്‍ ചിത്രമെടുക്കാന്‍ പോയി. കാട്ടില്‍ കുരങ്ങന്മാരുടെ ചിത്രമെടുക്കുന്നതിനിടെ ഒരു കുരങ്ങന്‍ സ്ലേറ്ററുടെ ക്യാമറ തട്ടിപ്പറിച്ചു. കുറച്ച് സമയത്തിനുള്ളില്‍ കുരങ്ങന്‍ ക്യാമറ ഉപേക്ഷിച്ചു. ക്യാമറ പരിശോധിച്ച സ്ലേറ്ററൊന്ന് ഞെട്ടി. അതില്‍ കുരങ്ങെടുത്ത മികച്ച സെല്‍ഫികളായിരുന്നു. അങ്ങനെ കുരങ്ങന്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഹിറ്റായി.
പിന്നെ ഫോട്ടോയുടെ പകര്‍പ്പാവകാശത്തെ ചൊല്ലി സ്ലേറ്ററും വിക്കി മീഡിയയും തമ്മില്‍ തര്‍ക്കമായി. ഫോട്ടോ സ്ലേറ്ററിന്റേതല്ലെന്നാണ് വിക്കി മീഡിയയുടെ വാദം.
ലോകത്തെ ആദ്യ 'എല്‍ഫി'യും (എലഫെന്റ് സെല്‍ഫി) സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മിഡ്ലാന്റ് സഫാരി പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു സ്‌കോട്ട് ബ്രിയേര്‍ലി എന്ന വിനോദ സഞ്ചാരി. മൃഗശാലയില്‍ എത്തിയ സ്‌കോട്ട് കാറിലിരുന്ന് ആഫ്രിക്കന്‍ ആനയുടെ പശ്ചാത്തലത്തില്‍ സ്വന്തം സെല്‍ഫി എടുക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍, ഐ ഫോണ്‍ കാറിന്റെ ഡോറിലൂടെ പുറത്തേക്ക് വീണു. വീണത് ആനയ്ക്ക് അടുത്താണ്. പിന്നീട് മൃഗശാലാ ജീവനക്കാര്‍ തിരികെ ഏല്‍പിച്ചപ്പോള്‍ സ്‌കോട്ടും ഒന്ന് ഞെട്ടി. ഒരു സെല്‍ഫി ചിത്രം. അതും ഒരു ആനയുടെ. പാര്‍ക്കിലെ 22 വയസ്സുള്ള ലറ്റാബെ എന്ന ആനയുടെ സെല്‍ഫിയായിരുന്നു. രണ്ട് സെല്‍ഫികളായിരുന്നു അത്. പക്ഷേ, ഒരെണ്ണം മാത്രമാണ് മികച്ച സെല്‍ഫി.
ഫോണ്‍ മോഷ്ടാക്കളെ പിടിക്കാനും സെല്‍ഫി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനായ ലുക്കൗട്ട് രംഗത്തുണ്ട്. ഫ്ളോറിഡയില്‍ കാത്തി കാര്‍ട്ടര്‍ എന്ന സ്ത്രീയുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം പോയി. ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്താല്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. ഫോണ്‍ തെറ്റായ പാസ് വേര്‍ഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുക, അനാവശ്യമായി ഓഫ് ചെയ്ത് ഓണാക്കുക, സിം മാറ്റാന്‍ ശ്രമിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ആപ് സെല്‍ഫിയെടുത്ത് ഉടമസ്ഥന്‍ മുന്‍കൂട്ടി നിര്‍ദേശിച്ചിരിക്കുന്ന നമ്പറിലേക്ക് അയച്ച് കൊടുക്കും. ഈരീതിയിലാണ് മോഷ്ടാവിനെ പിടികൂടിയത്.
ജാഗ്രതൈ
അവനവനിലേക്ക് മാത്രമായി ചുരുങ്ങുന്ന സെല്‍ഫി ഭ്രമം ആത്മരതിയുടെ മറ്റൊരു തലമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2013ല്‍ ഓസ്ട്രേലിയലില്‍ നടത്തിയ സര്‍വേയില്‍ 18നും 24 നും വയസ്സിനിടയിലെ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ 60 ശതമാനവും സെല്‍ഫിയാണെന്നാണ് കണ്ടെത്തല്‍.
സാംസങ് നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ടത് 18നും 24നും വയസ്സിനിടയിലുള്ളവര്‍ എടുക്കുന്ന 30 ശതമാനം ഫോട്ടോയും സെല്‍ഫിയാണെന്നാണ്. സോഷ്യല്‍ മാധ്യമങ്ങളില്‍ ലഭിക്കുന്ന അമിത സ്വീകാര്യതയാണ് സെല്‍ഫി ചിത്രങ്ങള്‍ക്ക് പ്രിയമേറാന്‍ കാരണം.
ഫോട്ടോഗ്രാഫിയുടെ പരമ്പരാഗത രീതി തച്ചുടയ്ക്കുന്ന സെല്‍ഫി സ്ഥലം, മാനസികാവസ്ഥ, ചുറ്റുപാട് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കാഴ്ചക്കാര്‍ക്കിടയില്‍ സംവേദനം ചെയ്യുന്നുണ്ട്. സെല്‍ഫിയോടുള്ള ഭ്രമം സ്വാര്‍ഥതയ്ക്കും ഏകാന്തതയ്ക്കും അകാരണമായി മറ്റുള്ളവരെ വെറുക്കുന്നതിനും കാരണമായേക്കും.
നാര്‍സിസം എന്ന ആത്മാരാധനയുടെ മറ്റൊരു മുഖമാണ് സെല്‍ഫിയെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡിസ്ഫോര്‍മിക് ഡിസോര്‍ഡര്‍ എന്ന മാനസിക പ്രശ്നമുള്ളവരാണ് സെല്‍ഫിയെടുക്കുന്നതിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നവരെന്നാണ് മനോരോഗ വിദഗ്ധനായ ഡോ. ഡേവിഡ് വീലിം ബോഡിയുടെ അഭിപ്രായം.
അശ്ലീല ചാറ്റുകളിലൂടെ കൈമാറുന്ന നഗ്‌നചിത്രങ്ങളേറെയും സെല്‍ഫികളാണ്. ലൈംഗികാവേശം അതിരു കടക്കുമ്പോള്‍ സെല്‍ഫി വീഡിയോകളും ഹോട്ട് ചാറ്റുകളില്‍ കൈമാറപ്പെടുന്നു. ഇത് ഭാവിയില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും അസംതൃപ്തിക്കും ഇടയാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എടുക്കുന്ന സെല്‍ഫികള്‍ മായ്ച്ച് കളഞ്ഞാലും നശിക്കാത്തത് ഇത്തരം ചാറ്റ് ചെയ്യുന്നവരെ അപകടത്തിലാക്കുന്നതും പതിവാണ്. www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment