Thursday, 21 August 2014

[www.keralites.net] ആരും കാണാതെ പോയ ഒര ു ഇന്ത്യന്‍ വിജയഗാഥ

 

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി തോറ്റത് വലിയ വാര്‍ത്തയായി. അതിനിടെ, ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീം അവിടെ നേടിയ മിന്നുന്ന വിജയം ആരും ശ്രദ്ധിച്ചില്ല. സ്വന്തം നാട്ടില്‍ അവഗണന മാത്രം ഏറ്റുവാങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീം ഈ വിജയം കരസ്ഥമാക്കിയത്...

 

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് പ്രേമികളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രവിശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി ബി സി സി ഐ നിയമിച്ചത് പ്രാധാന്യത്തോടെ തന്നെ ശ്രദ്ധിച്ചു. എന്നാല്‍, ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേടിയ ഉജ്ജ്വലവിജയം പലര്‍ക്കും വലിയ വാര്‍ത്തയായില്ല. ഇന്ത്യന്‍ നായകന്‍ ധോനിയും ടീമും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ച മണ്ണില്‍ ആതിഥേയരെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിച്ചത്.

ഇന്ത്യ പിടിച്ചടക്കാന്‍ എത്തിയ ബ്രിട്ടീഷുകാരുടെ കൂടെ നാടുകാണാന്‍ വന്ന അതിഥിയായിരുന്നു ക്രിക്കറ്റ്. കുട്ടിയും കോലും കളിച്ചു വളര്‍ന്ന ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടും ഒരടുപ്പം തോന്നുന്നത് സ്വാഭാവികമാണല്ലോ. തുടക്കത്തില്‍ കാലിടറിയെങ്കിലും കാലം ചെല്ലുന്തോറും ക്രിക്കറ്റ് ഇന്ത്യയുടെ ദേശീയ വികാരമായി മാറിത്തുടങ്ങി. പതിയെ ക്രിക്കറ്റ് താരങ്ങള്‍ നമുക്ക് ആള്‍ദൈവങ്ങളായി. പുരുഷാധിപത്യം നിറഞ്ഞു നിന്ന ക്രിക്കറ്റിലേക്ക് വനിതകള്‍ കടന്നു വരുന്നത് വളരെക്കാലത്തിന് ശേഷമാണ്. ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരം അരങ്ങേറിയത് 1934 ല്‍ ആയിരുന്നു. ഇംഗ്ലണ്ടും ആസ്‌ട്രേലിയയും തമ്മിലായിരുന്ന മത്സരം.

ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റിലെത്താന്‍ പക്ഷേ പിന്നേയും സമയമെടുത്തു. 1973 ലാണ് ഇന്ത്യയില്‍ ആദ്യമായി വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ രൂപം കൊളളുന്നത്. മഹേന്ദ്രകുമാര്‍ ശര്‍മ്മയായിരുന്നു അസോസിയേഷന്റെ സെക്രട്ടറി. ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പ്രധാനസംഭാവനകള്‍ നല്‍കിയത് ശര്‍മ്മയായിരുന്നു.

ആഭ്യന്തരമത്സരങ്ങളില്‍ ബാറ്റുതട്ടി തുടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വളരെ പെട്ടന്നു തന്നെ ടെസ്റ്റുകളില്‍ കളിച്ചു തുടങ്ങി.1975 ല്‍ ഇന്ത്യയില്‍വച്ചു നടന്ന ഇന്റര്‍നാഷണല്‍ വിമന്‍ ക്രിക്കറ്റില്‍ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യ കളിച്ചു. മൂന്ന് ടെസ്റ്റുകളിലായി മൂന്ന് ക്യാപ്റ്റന്മാരാണ് ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ചത്. ഉജ്ജ്വല നിഖം, സുധ ഷാ, ശ്രീരൂപ ബോസ് എന്നിവര്‍. പക്ഷേ പുരുഷ ക്രിക്കറ്റ് നേടിയ ജനപ്രീതി വനിത ടീമിന് ലഭിച്ചില്ല. അതുകൊണ്ടു തന്നെ അവരുടെ മത്സരങ്ങള്‍ പലപ്പോഴും ക്ലബ് ഗ്രൗണ്ടുകളിലേക്ക് ഒതുങ്ങി.

ശാന്ത രംഗസ്വാമി, ഡയാന ഈദുല്‍ജി, സുധ ഷാ, സന്ധ്യാ അഗര്‍വാള്‍ തുടങ്ങിയ വനിത കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുതല്‍ക്കൂട്ടുകളായിരുന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് മിതാലിയും കൂട്ടരും.വോംസ്ലയിലെ പിച്ചില്‍, ശിഖാ പാണ്ഡെയുടെ ബാറ്റില്‍ നിന്നും പിറന്ന വിജയ റണ്‍ ഫീല്‍ഡറുടെ കൈകളില്‍ ഒതുങ്ങും മുമ്പു തന്നെ ഇന്ത്യന്‍ ടീമംഗങ്ങളില്‍ നിന്നും ആരവം ഉയര്‍ന്നിരുന്നു. പിച്ചിലേക്ക് ഓടിക്കയറിയ അവര്‍ പിച്ചിനെ ചുംബിച്ച് വിക്കറ്റുകള്‍ പറിച്ചെടുത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിന് ഒരുപാട് അര്‍ത്ഥവ്യാപ്തിയുണ്ട്, ആ വിജയത്തിന് തിളക്കം അല്‍പം കൂടുതലുണ്ട്.
 

 
മിതാലി രാജ് - ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
കാരണം മറ്റൊന്നുമല്ല, ടെസ്റ്റില്‍ കളിച്ചു പരിചയമുളള വെറും മൂന്നു കളിക്കാരാണ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്, ബാക്കി എട്ടു പേരും ടെസ്റ്റുകളിച്ച് യാതൊരു പരിചയവുമില്ലാത്ത പുതുമുഖങ്ങളും. അതിലുപരി അവരുടെ എതിരാളികള്‍ തുടര്‍ച്ചയായി രണ്ട് ആഷസ് ടെസ്റ്റ് വിജയിച്ച് ഒന്നാംനമ്പറായി മാറിയ ഇംഗ്ലണ്ട് ടീമായിരുന്നു. ഇംഗ്ലണ്ടിലെ മൈതാനിയില്‍ അനുഭവസമ്പത്തിന്റെ ധാരാളിത്തമൊന്നുമില്ലാതെ മിതാലി രാജും കൂട്ടരും നേടിയ വിജയം അവരുടെ ആത്മവിശ്വാസത്തിന്റേയും കഠിന പ്രയത്‌നത്തിന്റേയും അച്ചടക്കത്തിന്റേയും ആത്മനിയന്ത്രണത്തിന്റേയും ക്ഷമയുടേയും മാത്രം ഫലമാണ്.

2006 ല്‍ ടോങ്ങ്ടണില്‍ നേടിയ ടെസ്റ്റ് വിജയത്തിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ കളിക്കുന്ന ടെസ്റ്റായിരുന്നു അത്. ദീര്‍ഘമായ ഇടവേളക്ക് ശേഷവും വളരെ മികച്ച ഒരു വിജയം കരസ്ഥമാക്കിയിട്ടും ഇന്ത്യന്‍ പുരുഷ ടീം നേടിയ പരാജയ വാര്‍ത്തയുടെ പ്രാധാന്യം പോലും ഇവരുടെ വിജയത്തിന് ലഭിച്ചില്ല എന്നുളളത് ഖേദകരം തന്നെയാണ്. അതിനേക്കാള്‍ ഖേദകരമാണ് ബി സി സി ഐയുടെ അവഗണന.

ഇംഗ്ലണ്ട്, ആസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങള്‍ വനിതാ ക്രിക്കറ്റിന് നല്‍കുന്ന പ്രാധാന്യത്തിന്റെ പകുതി പോലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കിട്ടുന്നില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ക്രിക്കറ്റ് കേവലമൊരു കായിക വിനോദം മാത്രമല്ല, കോടികള്‍ മറിയുന്ന ബിസിനസ്സാണ്. പുരുഷന്മാരുടെ ടീമിന് വേണ്ടി പണം വാരിയെറിയാന്‍ യാതൊരു മടിയും ആരും കാണിക്കാറുമില്ല. എന്നാല്‍, വനിതാ ടീമിന്റെ കാര്യം വരുമ്പോള്‍ പണപ്പെട്ടി തനിയെ അടയുന്നു.

2006 മുതല്‍ ബിസിസിഐ യുടെ നിയന്ത്രണത്തിലാണ് ടീം. അന്നുമുതല്‍ തുടരുന്ന അവഗണനയങ്ങള്‍ ടീമിനെ തളര്‍ത്തുകയല്ലാതെ വളര്‍ത്താന്‍ സഹായിച്ചിട്ടില്ല. 2006 ന് ശേഷം ഒരു ടെസ്റ്റു പോലും ഇന്ത്യ കളിച്ചിട്ടില്ലെന്നതും റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്ന തകര്‍ച്ചയും ബിസിസി ഐയുടെ അവഗണനയുടെ പ്രതിഫലനങ്ങളായിരുന്നു. 2013 ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മത്സരം വാംഖ്‌ഡെ സ്റ്റേഡിയത്തില്‍ നിന്നും പുരുഷന്മാരുടെ രഞ്ജി മത്സരത്തിന് വേണ്ടി മാറ്റിയതും ചേര്‍ത്തു വായിക്കുമ്പോള്‍ അവഗണനയുടെ ആഴം എത്രത്തോളം ഭീകരമാണെന്ന് മനസ്സിലാക്കാവുന്നതേയുളളു.
 

ടീമിനു വേണ്ടി പണം മുടക്കാന്‍ തയ്യാറാകാത്തതിനുളള ബി സി സി ഐയുടെ ന്യായീകരണങ്ങള്‍ തികച്ചും അപലപനീയമാണ്. കളിക്കാരുടെ പ്രകടനം സംതൃപ്തമല്ലെന്നും വനിതക്രിക്കറ്റിന് കാണികള്‍ കുറവാണെന്നുമെല്ലാം അവര്‍ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വനിതാ ക്രിക്കറ്റ് കൊണ്ട് നഷ്ടമല്ലാതെ യാതൊരു തരത്തിലുളള വരുമാനവും തങ്ങള്‍ക്കുണ്ടാകുന്നില്ലെന്നും ന്യായീകരിക്കുന്നു.

ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ നേടിയ ഈ വിജയം അവര്‍ക്കുവേണ്ടി കൂടുതലെന്തെങ്കിലും ചെയ്യണമെന്ന് ബിസിസിഐ യെ പ്രേരിപ്പിക്കുന്നതാണ്. വിജയത്തിന്റെ മാധുര്യത്തില്‍ നിന്നുകൊണ്ട് ക്യാപ്റ്റന്‍ മിതാലി രാജ് അടക്കമുളള കളിക്കാര്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ടെസ്റ്റ് കളിക്കാനുളള അവസരം മാത്രമാണ്.

കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ കൂടുതല്‍ നന്നായി കളിക്കാനാകൂ എന്നും പ്രതിഭക്ക് വളര്‍ച്ചയുണ്ടാകൂ എന്നും മിതാലി രാജ് അഭിപ്രായപ്പെടുന്നു. ഈ വിജയം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം.

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment