മാരിവില്ലിന്‍ ചിറകോടെ ഏകാകിയായ്
സംഗീതം പകര്‍ന്ന ആദ്യ സിനിമയില്‍ തന്നെ ഹിറ്റ് ഗാനം സൃഷ്ടിച്ച സംഗീത സംവിധായകനായിരുന്നു രഘുകുമാര്‍. 1981-ല്‍ വിഷം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതില്‍ പൂവച്ചല്‍ ഖാദറും ആലപ്പുഴ രാജശേഖരന്‍ നായരും ചേര്‍ന്നെഴുതിയ 'നിന്നെയെന്‍ സ്വന്തമാക്കും ഞാന്‍, പിന്നെയീ നാണം മാറ്റും ഞാന്‍' എന്ന ഗാനം അക്കാലത്ത് സംഗീതപ്രേമികളുടെയെല്ലാം ചുണ്ടിലുണ്ടായിരുന്നു. ആ സിനിമയില്‍ വേറെ മൂന്നു ഗാനങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കിലും കാലത്തെ അതിജീവിച്ചത് ഈ ഗാനം മാത്രം.
തുടക്കത്തില്‍ വര്‍ഷത്തില്‍ ഒരു സിനിമമാത്രമൊക്കെയാണ് രഘുകുമാറിനു കിട്ടിപ്പോന്നിരുന്നത്. എന്നാല്‍, ഗാനങ്ങളുടെ എണ്ണത്തിലല്ല, മികവിലാണു കാര്യം എന്ന് രഘുകുമാര്‍ തെളിയിച്ചു. രണ്ടാമത്തെ സിനിമയായ ധീരയിലെ 'മെല്ലെ നീ മെല്ലേ വരൂ' എന്ന ഗാനം ഇന്നും ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് അതിന്റെ മാധുര്യം ഒന്നുകൊണ്ടുമാത്രമാണ്. സതീഷ് ബാബു പാടിയ രണ്ടാമത്തെ പാട്ടു കൂടിയായിരുന്നു അത്.
പിന്നീട് മൂന്നു സിനിമകള്‍ കൂടി ചെയ്‌തെങ്കിലും രഘുകുമാറിന്റേതായി ഒരു ഹിറ്റ് ഗാനം വരുന്നത് ഒന്നും മിണ്ടാത്ത ഭാര്യയിലെ 'മനസും ശരീരവും മുറിവേറ്റു പിടയുമ്പോള്‍' ആയിരുന്നു. മെലഡിയുടെ നവ്യഭാവം പകര്‍ന്നു നല്‍കിയ ഗാനമായിരുന്നു 1984ഈ ഗാനം. തൊട്ടടുത്ത വര്‍ഷമായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിംഗ് ബോയിംഗ് പിറക്കുന്നത്. അതിലെ 'ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍', 'തൊഴുകൈ കൂപ്പിയുണരും' എന്നീ ഗാനങ്ങള്‍ സിനിമയ്‌ക്കൊപ്പം ഹിറ്റായി.
തുടര്‍ന്ന് പ്രിയദര്‍ശന്റെ തന്നെ താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ', 'കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍' എന്നീ ഗാനങ്ങള്‍ രഘു കുമാറിന്റെ ഹിറ്റ് ചാര്‍ട്ടിലെത്തി. ഹലോ മൈഡിയര്‍ റോംഗ് നമ്പറിലെ 'നീയെന്‍ കിനാവോ, പൂവോ നിലാവോ', ശ്യാമയിലെ 'പൂങ്കാറ്റേ പോയി ചൊല്ലാമോ', 'ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനേ നീ കണ്ടോ' എന്നിവ ശ്രോതാക്കളുടെ പ്രിയപ്പെട്ടവയായി മാറി.
ചെപ്പിലെ 'മാരിവില്ലിന്‍ ചിറകോടെ ഏകാകിയായ് വിണ്ണില്‍ നിന്നും വന്നേതോ വര്‍ണപ്പൈങ്കിളി', ആര്യനിലെ 'പൊന്മുരളിയൂതും കാറ്റില്‍ ഈണമലിയും പോലെ' എന്നിവയും രഘുകുമാറിന്റെ മാറ്റ് തെളിയിച്ചു.
മായാമയൂരത്തിലായിരുന്നു രഘു കുമാര്‍ ഗിരീഷ് പുത്തഞ്ചേരിയുമായി കൈ കോര്‍ക്കുന്നത്. 1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ 'ആമ്പല്ലൂര്‍ അമ്പലത്തില്‍ ആറാട്ട്', 'കൈക്കുടന്ന നിറയെ' എന്നീ ഗാനങ്ങള്‍ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ നില്കുന്നവയാണ്. സിനിമകള്‍ക്കിടയില്‍ ദീര്‍ഘകാല ഇടവേള രഘു കുമാറിന്റെ സംഗീത ജീവിതത്തിലെ പ്രത്യേകതയായിരുന്നു.
വളരെ ഹിറ്റുകള്‍ സൃഷ്ടിച്ചെങ്കിലും അനേകം സിനിമകള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. മായാമയൂരത്തിലെ രണ്ടു ഹിറ്റ് പാട്ടുകള്‍ക്കു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് കാണാക്കിനാവ് എന്ന സിനിമയിലൂടെ രഘുകുമാര്‍ വീണ്ടും എത്തുന്നത്. അതിനു ശേഷം നീണ്ട മൗനമായിരുന്നു. ഒന്‍പതു വര്‍ഷത്തിനു ശേഷം പൗരന്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോഴും ഗിരീഷ് പുത്തഞ്ചേരി തന്നെയായിരുന്നു വരികളെഴുതിയത്. എന്നാല്‍, അപ്പോഴേകും സിനിമാ ലോകവും സംഗീതലോകവും ഏറെമാറിയിരുന്നു. അതിനു ശേഷം സുഭദ്രം, കലക്ടര്‍ എന്നീ സിനിമകളില്‍ കൂടിയേ രഘുകുമാറിന്റെ സംഗീതം മലയാള സിനിമ കേട്ടുള്ളൂ. 2011 ലായിരുന്നു കളക്ടര്‍ പുറത്തിറങ്ങിയത്.
സിനിമാ ഗാനങ്ങള്‍ക്കു പുറമേ ആല്‍ബങ്ങളിലും രഘുകുമാര്‍ സാന്നിധ്യമറിയിച്ചിരുന്നു. തരംഗിണിയുടെ സ്വീറ്റ് മെലഡീസിന്റെ മൂന്നാം ഭാഗം തയാറാക്കിയത് ഗിരീഷ് പുത്തഞ്ചേരിയും രഘുകുമാറും ചേര്‍ന്നാണ്. ആദ്യ രണ്ടു ഭാഗങ്ങള്‍ പോലെ ഈ ആല്‍ബം ഹിറ്റായിരുന്നില്ല. അഗ്രഹാരം, ഗാന പൗര്‍ണമി, പൊന്നോണ തരംഗിണി, ഹരിനാരായണ, സ്വാമിപാദം, ചിത്തിരതുമ്പി, തുളസീമാല(ഭാഗം രണ്ട്), വരുമോ വാസന്തം, ചിത്രവസന്തം എന്നീ ആല്‍ബങ്ങള്‍ക്കും രഘുകുമാര്‍ സംഗീതം നല്‍കിയിട്ടുണ്ട്.
No comments:
Post a Comment