മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഥ. ലാളിത്യമാര്‍ന്ന ഭാഷയില്‍, ആഘോഷങ്ങളകന്ന, തീവ്രമായ അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതചിത്രണം.
''ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം: സര്‍വ്വോപരി താങ്ങാന്‍ ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം.''-സത്യന്‍ അന്തിക്കാട്
ജീവിതം തുറന്നുപറയുന്നതിലെ സത്യസന്ധതയാണ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയെ ജനപ്രിയമാക്കിയത്. അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുമ്പോള്‍ തന്നെ അവഹേളിച്ച വ്യക്തികളുടെ പേരു വെളിപ്പെടുത്താതെ വരികള്‍ക്കിടയില്‍ എല്ലാം ഒളിപ്പിച്ച് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ അസാധാരണമായ രചനാ വൈഭവം സ്വരഭേദങ്ങള്‍ക്ക് ചാരുതയേറ്റുന്നു.
പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണീയത പുസ്തകത്തിനൊപ്പം സൗജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കാണ്.
സ്വരഭേദങ്ങള്‍ വാങ്ങാം
ആത്മകഥയില്‍ നിന്ന് ഒരു ഭാഗം /വൈകി വന്ന പ്രണയം
അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം.മോഹനസുന്ദര സ്വപ്നങ്ങള്‍ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷിടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നില്‍ വന്നുചേര്‍ന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനില്‍ക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു പ്രണയിനിയായത്. നമ്മള്‍ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ നമ്മെ ഒത്തിരി വേദനിപ്പിക്കാനും സാധിക്കൂ. ജീവിതത്തില്‍ ഒരിടത്തും തോല്‍ക്കാത്ത എന്നെ ഞാന്‍ പ്രണയിച്ച വ്യക്തി തോല്‍പ്പിച്ചു.കുട്ടിക്കാലം മുതല്‍ക്കേ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെ ജീവിച്ചതു കൊണ്ട് പ്രണയത്തിന്റെ പാരവശ്യമൊന്നും എനിക്കനുഭവപ്പെട്ടില്ല. പതിനെട്ട് പത്തൊന്‍പത് വയസ്സുള്ളപ്പോള്‍ ഗാനമേളയ്ക്ക് പാടാന്‍ പോകുമ്പോഴും ഡബ്ബിങ് തിയേറ്ററുകളിലും തുണ്ടുകടലാസുകളില്‍ ഐ ലൗ യു എന്ന് എഴുതിത്തരുന്നവരുണ്ട്. പക്ഷേ പിന്നെയത് എങ്ങനെ തുടരണം എന്നറിയില്ല, ഫോണില്ല, ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ല .സ്വപ്നങ്ങളിലും, വല്ല്യമ്മ കൂടെയുണ്ടായിരുന്നു, ഒരു വടിയുമായി. ആദ്യമായി ഐ ലൗ യു എന്നെഴുതിയ കടലാസുതുണ്ട് കിട്ടിയ ദിവസം ഇന്നും ഓര്‍ത്ത് ഞാന്‍ ചിരിക്കും. അത് കിട്ടിയപ്പോള്‍ ഒരു വെപ്രാളമായിരുന്നു. എന്റെ മുഖത്തെ കള്ളലക്ഷണം വല്ല്യമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ അടിയോടടി. വല്ല്യമ്മ അടിതുടങ്ങിയാല്‍ പിന്നെ രക്ഷയില്ല. വടി പൊട്ടുന്നതുവരെ അടിക്കും. ഏതെങ്കിലും ഒരാണ്‍ക്കുട്ടിയോട് സംസാരിക്കുന്നതിനായിരിക്കും മിക്കവാറും അടിക്കൊള്ളുന്നത്. ആ പേടികൊണ്ട് ആ കടലാസു തുണ്ട് അപ്പോഴേ കാറ്റില്‍ പറത്തും. എന്റെ പ്രണയത്തേയും. പ്രണയത്തിന്റെ സുഖമെന്താണെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല .സ്വാതന്ത്രമില്ലാത്തതുകൊണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ , പ്രായം കഴിഞ്ഞുപോയി. പ്രണയത്തില്‍ അകപ്പെട്ട കുട്ടികളെ കാണുമ്പോള്‍ എനിക്കു പുച്ഛമായിരുന്നു. മണ്ടന്മാരും മണ്ടികളൂം ആവും അവര്‍ അപ്പോള്‍ . ഈ ലോകത്ത് പ്രണയം എന്നൊന്നില്ല എന്നുതന്നെ വിശ്വസിച്ചു ഞാന്‍ . സ്ത്രീ പുരുഷ ബന്ധം വെറും ശാരീരിക ബന്ധം മാത്രമാണെന്നും. പക്ഷേ എനിക്കുമുണ്ടായി പ്രണയം എന്റെ നാല്പതാം വയസ്സില്‍ . എനിക്കദ്ദേഹത്തോടുണ്ടായിരുന്ന പ്രണയം അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നോ എന്നറിയില്ല. അതുകൊണ്ട് ഞാന്‍ ആ പേര് പറയുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. വല്ലപ്പോഴും മാത്രം ഫോണില്‍ സംസാരിക്കുന്ന, അപൂര്‍വ്വമായി കാണാറുള്ള വെറുമൊരു സുഹൃത്ത്. എപ്പോഴും പുസ്തകങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എനിക്കയാളോട് തികഞ്ഞ ബഹുമാനമായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തി താമസിക്കുന്ന കാലം. ഒരു ദിവസം ഞാനും മക്കളും പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ വരുകയായിരുന്നു. ഞങ്ങള്‍ ആ ട്രെയിനില്‍ ഉണ്ടെന്ന് അയാളോട് പറഞ്ഞിരുന്നു. വണ്ടി എറണാകുളത്ത് എത്തിയപ്പോള്‍ വൈകുന്നേരം ആറുമണി. അദ്ദേഹം ഞങ്ങളുടെ കംപാര്‍ട്ട്‌മെന്റില്‍ വന്നു കയറി. കുട്ടികള്‍ക്ക് കഴിക്കാനും കുടിക്കാനും എന്തൊക്കെയോ വാങ്ങിക്കൊണ്ടു വന്നിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി. സമയം കഴിഞ്ഞിട്ടും വണ്ടി അനങ്ങുന്നില്ല. അയാള്‍ തിരികെയെത്തി.
'വണ്ടി നാല് മണിക്കൂര്‍ വൈകും, നിങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒന്ന് ഒന്നര മണിയെങ്കിലും ആവും. എന്തു ചെയ്യും ലക്ഷ്മീ?' 'ഓ, എന്തു ചെയ്യാനാ, ഒരു ടാക്‌സി വിളിച്ച് പോകും. അല്ലെങ്കില്‍ നേരം വെളുക്കുന്നതുവരെ സ്‌റ്റേഷനില്‍ ഇരിക്കും.'
അയാള്‍ വീണ്ടും ഇറങ്ങിപ്പോയി. അല്പസമയം കഴിഞ്ഞ് തിരിച്ചുവന്നു. 'ഞാനും വരാം നിങ്ങളോടൊപ്പം..'
ട്രെയിനില്‍ അദ്ദേഹം കുട്ടികളോടൊത്ത് എന്തോ പറഞ്ഞു ചിരിക്കുകയും കളിക്കുകയും അവരെ ടോയ്‌ലറ്റില്‍ കൊണ്ടുപോവുകയും ഒക്കെ ചെയ്യുന്നുണ്ട്. വണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പറഞ്ഞതുപോലെ ഒന്നരമണി. ഒരു ടാക്‌സി പിടിച്ച് ഞങ്ങളെ വീട്ടില്‍ ഇറക്കിയിട്ട് അദ്ദേഹം തിരികെ പോയി. അപ്പോഴൊന്നും എനിക്കൊന്നും തോന്നിയില്ല. കാരണം അന്ന് എന്നെ അങ്ങനെയൊക്കെ സഹായിക്കുന്ന ഒരുപാടു പേരുണ്ടായിരുന്നു. സഹായിക്കുന്നവരോടെല്ലാം പ്രണയം തോന്നുക സ്വാഭാവികമല്ലല്ലോ . പിന്നെ കുറേ നാള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. 2001 കാലഘട്ടത്തിലെല്ലാം നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്ത് പകര്‍ന്നാട്ടം നടത്തുകയായിരുന്നു ഞാന്‍ . ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേയ്ക്ക്. ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക്. റെക്കോര്‍ഡിങ്ങ് റൂമില്‍ കയറുമ്പോള്‍ ഞാന്‍ എല്ലാം മറന്നു. ആ മുറിയില്‍ കയറുമ്പോള്‍ ഞാനെന്റെ ദു:ഖം വാതില്‍പ്പടിക്കു പുറത്തുവച്ചു. പിന്നീട് ഡബ്ബിങ്ങ് തീരുവോളം ഞാനവ ഓര്‍ക്കുകയേയില്ല. ഒടുവില്‍ എല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ വീണ്ടും എന്നെ തേടിയെത്തും. ആരും എന്നെ കാത്തിരിക്കാനില്ല എന്ന അറിവ് എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ജീവിതം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിതുടങ്ങിയിരുന്നു. ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ ഡബ്ബിങ്ങിന് പോയ ദിവസം. ജോലി കഴിഞ്ഞ് ഞാന്‍ റൂമില്‍ തിരിച്ചെത്തി. രാത്രി ഒന്‍പതരയായി കാണും. അയാള്‍ വിളിച്ചു. കുറേ നാളുകള്‍ക്ക്‌ശേഷം. പതിവുപോലെ പലതും സംസാരിച്ചു. മൂന്ന് നാല് ദിവസം ഞാന്‍ ചെന്നൈയിലായിരുന്നു. അപ്പോഴൊക്കെ അയാള്‍ വിളിക്കും. പിന്നീട് അയാളുടെ ഫോണ്‍ വിളിക്കായി ഞാന്‍ കാത്തിരിക്കും. ഒടുവില്‍ ഒരു ദിവസം അദ്ദേഹം പറഞ്ഞു: എന്നെ വല്ലാതെ സ്‌നേഹിക്കുന്നു എന്ന്. ആദ്യമായാണ് ഒരാള്‍ വാക്കുകളിലൂടെ, ശബ്ദത്തിലൂടെ 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് എന്നോട് പറയുന്നത്. അതും എന്റെ ചെവിയില്‍.നിശ്ശബ്ദമായിരുന്ന് അയാള്‍ പറയുന്നത് ഞാന്‍ കേട്ടുകൊണ്ടേയിരുന്നു. ഞാന്‍ സംസാരിച്ചാല്‍ അയാളുടെ ശബ്ദത്തിന്റെ സുഖം മുറിഞ്ഞുപോകുമോ എന്നു തോന്നി .അതെ, ഞാന്‍ പ്രണയിനിയാവുകയായിരുന്നു .
പിന്നീട് പലപ്പോഴും ഞങ്ങള്‍ സംസാരിച്ചു. പലതും. സിനിമ, പുസ്തകം, സംഗീതം, ഞാന്‍ ചെയ്ത സിനിമകള്‍ , എന്തിന് എന്നിലുള്ള അപാകതകളെക്കുറിച്ചുമൊക്കെ അയാള്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഒരാള്‍ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. പ്രണയം ഒരു സ്ത്രീയെ സുന്ദരിയാക്കും എന്ന് പറയുന്നത് ശരിയാണ്. അതെ, ആദ്യമായി ഞാന്‍ സുന്ദരിയാണെന്ന് പറയുന്നത് അയാളായിരുന്നു. അതുവരെ എന്നോടാരും അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവുപോലും. നുണയാണോ ഇയാള്‍ പറയുന്നത് എന്നുപോലും തോന്നി. എനിക്കും അങ്ങനെ ഒരു വിശ്വാസമില്ലായിരുന്നു.
ഞാന്‍ പ്രണയത്തിന്റെ പുഴയില്‍ ഒഴുകുകയായിരുന്നു. അതുവരെ ഒരുങ്ങി നടക്കാന്‍ ശ്രദ്ധയില്ലാത്ത ആളായിരുന്നു ഞാന്‍ . സാരി നന്നായി ചുറ്റുന്നതിനോ മുഖം മിനുക്കുന്നതിനോ ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നില്ല.സാരിക്ക് മാച്ചിങ്ങ് ബ്ലൗസ്സോ , അതോ എനിക്കു ചേരുന്ന നിറമോ ആയിരിക്കണമെന്നില്ല. ഞാന്‍ വൃത്തിയായി നടക്കും അത്ര തന്നെ.അയാള്‍ എനിക്കു ചേരുന്ന നിറങ്ങള്‍ പറഞ്ഞു തന്നു. വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച്, കേള്‍ക്കേണ്ട പാട്ടുകളെക്കുറിച്ച്. ലോക ക്ലാസിക് സിനിമകളെക്കുറിച്ചും ഒക്കെ അയാള്‍ പറഞ്ഞുതന്നു. അദ്ദേഹവും എന്നെപ്പോലെ മുന്‍കോപിയും ഈഗോയിസ്റ്റുമായിരുന്നു. മദ്യപിക്കില്ല. പുകവലിക്കില്ല. ഇങ്ങനെ എനിക്കിഷ്ടമുള്ള ഒരുപാടു ഗുണങ്ങളായിരിക്കാം എന്നെ അയാളിലേക്ക് അടുപ്പിച്ചത്. ഞങ്ങള്‍ സ്‌നേഹിച്ചു, വഴക്കുകൂടി പിണങ്ങി, വീണ്ടും അതിലേറെ സ്‌നേഹിച്ചു. മനോഹരമായിരുന്നു ആ കാലങ്ങള്‍ . ജീവിതത്തില്‍ ഇത്രയേറെ സന്തോഷിച്ച നാളുകള്‍ ഉണ്ടായിട്ടില്ല. ഞാന്‍ എന്നെത്തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നിലെ ഗുണങ്ങളെയും ദോഷങ്ങളേയുംകുറിച്ചു ഞാന്‍ ബോധവതിയായി. ഞാന്‍ മാറുകയായിരുന്നു. രൂപത്തില്‍ മാത്രമല്ല സ്വാഭാവത്തിലും. അതുവരെ റെക്കോര്‍ഡിങ്ങ് റൂമിലും പുറത്തും എല്ലായ്‌പ്പോഴും മുഖം വീര്‍പ്പിച്ച് എല്ലാവരേയും തുറിച്ചുനോക്കുന്ന ഒരു ഭാഗ്യലക്ഷ്മിയായിരുന്നു ഞാന്‍ . ഞാനെങ്ങാനും ഒന്നു ചിരിച്ചുപോയാല്‍ എല്ലാവരും എന്നെ പറ്റിക്കും എന്ന ചിന്ത എന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്കു മുമ്പില്‍ എപ്പോഴും ഞാന്‍ ഒരു ബാരിക്കേഡ് സൃഷ്ടിച്ചു. മുടി മുറുക്കി പിന്നിയിട്ട് ഒരു തരം ധാര്‍ഷ്ട്യത്തോടെ ഡബ്ബിങ്ങ് തീയറ്ററിലേയ്ക്ക് ഞാന്‍ വരുന്നത് കാണുമ്പോള്‍ പലരും പറയുന്നതുകേട്ടിട്ടുണ്ട്: 'എന്തൊരു ജാതി വരവാണിത്.' എന്റെ പ്രണയം മുറുക്കിപിന്നിയിരുന്ന എന്റെ മുടി വിടര്‍ത്തിയിട്ടു. എന്റെ നെറ്റിയില്‍ എപ്പോഴും ഒരു ചുവന്ന പൊട്ടു തൊടുവിച്ചു. മുഖത്തൊരു പുഞ്ചിരി ഉണ്ടായിരിക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും പഠിപ്പിച്ചു. ഒരിക്കലും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കില്ല എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. നമുക്ക് ജീവിക്കാന്‍ മറ്റൊരാള്‍ പുറകില്‍ നിന്ന് പിന്താങ്ങിയിട്ട് കാര്യമില്ല. നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തിയും ധൈര്യവും. നമ്മെ തന്നെയാണ് നമ്മള്‍ ആദ്യം സ്‌നേഹിക്കേണ്ടത്, എത്ര സ്‌നേഹമുള്ള മാതാപിതാക്കളുണ്ടെങ്കിലും, ഭര്‍ത്താവുണ്ടെങ്കിലും, മക്കളുണ്ടെങ്കിലും നമ്മളുടെ ശരീരവും മനസ്സും ആരോഗ്യത്തോടെ വെയ്‌ക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഒരാളും അവസാനം വരെ നമ്മോടൊപ്പം ഉണ്ടാകുമെന്ന് വിചാരിക്കരുത്. ആരുമില്ലെങ്കിലും നീ നിന്റെ ആത്മധൈര്യം കൈവിടരുത്, നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനെ അവകാശമുള്ളു.
വേദനിപ്പിക്കാന്‍ അവകാശമില്ല. ഇങ്ങനെ കുറേ കാര്യങ്ങള്‍ അയാള്‍ എന്നെ പഠിപ്പിച്ചുതന്നു. അദ്ദേഹം കുറേശ്ശെ കുറേശ്ശെ എന്നെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അടിമത്ത്വം സഹിക്കവയ്യാത്തതുകൊണ്ട് ഒരു ധൈര്യത്തില്‍ വിവാഹബന്ധത്തില്‍നിന്ന് ഇറങ്ങിയെങ്കിലും ,മറ്റ് പല കാര്യങ്ങളിലും തീരെ ധൈര്യമില്ലാത്ത ആളായിരുന്നു 2001 വരെ ഞാന്‍ . മാധ്യമങ്ങളിലും, വേദികളിലും ഒന്നും പ്രസംഗിക്കാനും, സാംസ്‌ക്കാരിക കാര്യങ്ങളില്‍ ഇടപെടാനും അദ്ദേഹമെന്നെ നിര്‍ബ്ബന്ധിച്ചു. സംസാരിക്കേണ്ട വിഷയങ്ങള്‍ എഴുതി പഠിപ്പിച്ചു. ആദ്യമൊക്കെ നോക്കി വായിക്കാന്‍ പറയും. മോശമല്ലേ നോക്കി വായിക്കുന്നത് എന്നു ചോദിക്കുമ്പോള്‍ പറയും, എത്രയോ വലിയ ആളുകള്‍ നോക്കി വായിക്കുന്നത് കണ്ടിട്ടില്ലേ. ഏത് വിഷയം സംസാരിക്കുമ്പോഴും, എന്റെ മുമ്പില്‍ ഇരിക്കുന്നവരേക്കാള്‍ ആ വിഷയം സംസാരിക്കാന്‍ ഞാന്‍ എന്തുകൊണ്ടും അര്‍ഹയാണ് എന്ന് സ്വയം തോന്നണം. ഒരു കളിമണ്ണിനെ ശില്പ്മാക്കുകയായിരുന്നു അയാള്‍ , ഞാന്‍ അടിമുടി മാറിത്തുടങ്ങി. എനിക്കുതന്നെ എന്നെക്കുറിച്ച് അഭിമാനം തോന്നത്തക്കവിധം, രൂപത്തിലും, ഭാവത്തിലും ,പെരുമാറ്റത്തിലും, സംസാരത്തിലും മാത്രമല്ല,സമൂഹത്തിലും എനിക്കൊരു വ്യക്തിത്വം ഉണ്ടാക്കിത്തന്നത് അയാളായിരുന്നു. പിന്നിട് എന്തു സംഭവിച്ചു എന്നറിയില്ല. പതുക്കെ പതുക്കെ അയാള്‍ എന്നില്‍നിന്ന് അകലാന്‍ തുടങ്ങി. ഫോണ്‍ വിളികള്‍ കുറഞ്ഞു. കാണാറില്ല.
ഇതിനിടയില്‍ എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായി. സാമാന്യം നല്ല അപകടമായിരുന്നു. ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് വണ്ടി തവിടുപൊടിയായി. എനിക്കൊന്നും പറ്റിയില്ലെങ്കിലും ആ റോഡില്‍ ആള് കൂടിയപ്പോ പെട്ടെന്ന് ഞാന്‍ ടെന്‍ഷനിലായി. പക്ഷേ, എനിക്ക് ഒട്ടും ഭയമില്ലായിരുന്നു. എനിക്ക് വിളിക്കാന്‍ ഒരാളുണ്ട്, അതായിരുന്നു എന്റെ ധൈര്യം. ഉടനെ ഞാന്‍ അയാളെ വിളിച്ചു. എന്നെ ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു അയാള്‍ പറഞ്ഞത്. 'എനിക്കിപ്പോ വരാന്‍ പറ്റില്ല.' ആ നിമിഷം ഞാന്‍ തളര്‍ന്നുപോയി. ജീവിതത്തില്‍ ഒരപകടം സംഭവിച്ചാല്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകും. ഞാന്‍ ഒരു അനാഥതന്നെയാണ് എന്നൊക്കെ തോന്നി. അപകടത്തേക്കാള്‍ വലിയ ഞെട്ടലാണ് അതെന്നിലുണ്ടാക്കിയത്. ആ സമയത്ത് എന്നെ ഓടി വന്ന് സഹായിച്ചത് മറ്റു പലരുമായിരുന്നു. www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment