Saturday, 22 February 2014

[www.keralites.net] ????? ??????????? ???????? ?????

 

അധികം കുടിച്ചാല്‍ ആണ്ടവനും ചാവും
 

മരുന്നിന്റെ കുറിപ്പടിയിലൂടെ ഒന്നു കണ്ണോടിച്ച്, രോഗി ചെറുപുഞ്ചിരിയോടെ എന്നെ നോക്കിനില്‍ക്കുകയാണ്.
''ഹും, എന്തുപറ്റി?'', ഞാന്‍ തിരക്കി.
''ഡോക്ടര്‍, മറ്റന്നാള്‍ തിരുവോണമാണ്. പഴയ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട്. അതിലൊരാള്‍ അമേരിക്കക്കാരനാണ്. ഒന്നാന്തരം വിസ്‌കിയും കോഞ്ഞ്യാക്കുമൊക്കെയായിട്ടാണ് അയാളുടെ വരവ്... ഒരു കമ്പനിക്കുവേണ്ടി ഒന്നോ രണ്ടോ എനിക്കും കഴിക്കാമോ?'', രോഗി ചോദിച്ചു.
അപാരമായ ഹാങ്ങോവറുമായാണ് ഞാന്‍ ക്ലിനിക്കില്‍ എത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം തൊട്ട് ഞായറാഴ്ച അസ്തമിക്കുന്നതുവരെ ഞാന്‍ ഒരു ലിറ്റര്‍ ജോണിവാക്കറിന്റെ മുന്നിലായിരുന്നു! എന്നിട്ടും ഞാന്‍ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു:
''മദ്യം നിങ്ങളുടെ കരളിനെ നശിപ്പിക്കും. മാത്രമല്ല, അത് നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കും.''
പ്രഫസറായ രോഗിക്ക് ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.
''ഈ മരുന്ന് സേവിക്കുമ്പോഴെങ്കിലും മദ്യം കഴിക്കാതിരിക്കൂ.'' ഞാന്‍ അടവ് മാറ്റിക്കൊണ്ട് അപേക്ഷാരൂപത്തില്‍ പറഞ്ഞു. മദ്യപാനാസക്തിയില്‍നിന്നും അറബ് ജനതയെ പിന്തിരിപ്പിക്കാന്‍വേണ്ടി പ്രാര്‍ഥനാ സമയത്തെങ്കിലും മദ്യം കഴിക്കാതിരിക്കൂ എന്നു മുഹമ്മദ് നബി പണ്ട് ഉപദേശിച്ചതുപോല. അതുപോലൊരു തന്ത്രമാണ് ഞാന്‍ പ്രയോഗിച്ചത്.
മരുന്നു സേവിക്കുമ്പോഴെങ്കിലും-
പക്ഷേ, രോഗി കൂട്ടാക്കുന്ന ലക്ഷണമില്ല. ''ഈ താന്തോന്നിത്തം അധികകാലം നടക്കില്ല കെട്ടോ. മദ്യനിരോധം അടുത്തുതന്നെ നടപ്പിലാവും. അതിനുമുമ്പേ നമ്മളൊക്കെ ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്.''
പ്രഫസര്‍ വികാരാധീനനായി. അദ്ദേഹം പറഞ്ഞു: ''ഒരാള്‍ക്ക് മൂത്രം കുടിക്കാന്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍, ഒരാള്‍ക്ക് മദ്യം കഴിക്കാനും സ്വാതന്ത്ര്യമുണ്ടാകണം. നാട്ടില്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് സമൂഹത്തെ മാത്രം കണ്ടുകൊണ്ടല്ല; വ്യക്തിയെക്കൂടി കണക്കിലെടുത്തുവേണം.''
ഞാനൊന്നും പറഞ്ഞില്ല.
''മരുന്നു കഴിച്ചില്ലെങ്കിലും വേണ്ട, മദ്യം കഴിക്കാതിരിക്കാന്‍ എനിക്ക് വയ്യ'', പ്രൊഫസര്‍ പറഞ്ഞു.
''എന്നാല്‍ എന്റെ ചീട്ട് തിരിച്ചുതരൂ'', ഞാന്‍ വാശിയില്‍ത്തന്നെ പിടിച്ചുനിന്നു.

പ്രഫസറുടെ മുഖം പെട്ടെന്ന് സജീവമായി. അദ്ദേഹം തന്റെ കഥ പറയാന്‍ തുടങ്ങി.
''കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഒരു ദിവസം മുടങ്ങാതെ ഞാന്‍ മദ്യം കഴിക്കുന്നുണ്ട്. എന്നാല്‍, എന്റെ വിദ്യാര്‍ഥികള്‍ ആരും ഞാന്‍ മദ്യം കഴിക്കുന്നതും കഴിച്ചതും കണ്ടിട്ടില്ല. എന്നെ ഒരിക്കല്‍പോലും അവര്‍ക്ക് മണത്തിട്ടുമില്ല.
ഞാന്‍ പകല്‍സമയത്ത് ഒരിക്കലും മദ്യം കഴിച്ചിട്ടില്ല. സ്‌നേഹിതന്മാരുടെ കൂടെയിരുന്നു സ്ഥിരമായി മദ്യപിക്കാറില്ല. കമ്പനിയിലും ക്ലബ്ബിലും പാര്‍ട്ടികളിലും മദ്യമുണ്ടായാല്‍ ഞാന്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. മദ്യം ഓസിയായി കിട്ടിയാല്‍ ഞാന്‍ തൊടാറില്ല. മുഴുക്കുടിയന്മാരായി പ്രസിദ്ധിയാര്‍ജിച്ച പലരും ചക്കാത്തില്‍ മദ്യം കഴിച്ചുശീലിച്ചവരാണ്. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാന്‍ മദ്യത്തെ കൂട്ടുകാരനാക്കാറില്ല. വിലകൂടിയ മദ്യമേ ഞാന്‍ കഴിക്കാറുള്ളൂ. അതും രാത്രി ഭക്ഷണത്തിനു മുമ്പ് രണ്ട്, കൂടിയാല്‍ രണ്ടര പെഗ്ഗ് മാത്രം. രണ്ടര പെഗ്ഗ് മദ്യത്തില്‍ പത്തു കിലോമീറ്റര്‍ ദൂരം ഓടാനുള്ള ഊര്‍ജമുണ്ട്. അത് ഡോക്ടര്‍ക്ക് ഞാന്‍ പറഞ്ഞുതരേണ്ടതിലല്ലോ. ആയതിനാല്‍ ഞാന്‍ അരിഭക്ഷണം, മധുരം, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവ ഒഴിവാക്കിയിരിക്കുന്നു. പകരം പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, പുളിക്കാത്ത തൈര്, മത്സ്യം തുടങ്ങിയവ മിതമായി ഭക്ഷിക്കുന്നു. നിത്യവും കാലത്ത് ഒരു മണിക്കൂര്‍ നടക്കുന്നു.''
പ്രഫസര്‍ വാചാലനായി. പുറത്ത് കാത്തിരിക്കുന്ന രോഗികളെ വകവെക്കാതെ ഞാന്‍ കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

''നോക്കൂ, തൊഴിലാളികളാണ് ലോകത്തുള്ള മദ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കഴിക്കുന്നത്. അത് അവരുടെ അവകാശമാണ്. അവരാണ് അതുണ്ടാക്കുന്നത്. സോവിയറ്റ് റഷ്യയില്‍ ഗോര്‍ബച്ചോവിനുമുമ്പ് വോഡ്ക റേഷന്‍ കടകളിലൂടെയായിരുന്നു വിതരണം ചെയ്തത്. ചൈനക്കാരും മിതമായ തോതില്‍ നിത്യേന മദ്യം കഴിക്കുന്നു. തികഞ്ഞ ഗാന്ധിയനായിരുന്ന ഇ.എം.എസ് ചൈനയില്‍ പോയപ്പോള്‍ ഒന്നു മോന്തിയതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ക്രൂഷ്‌ചേവും യെല്‍ത്സിനും കടുത്ത മദ്യപാനികളായിരുന്നു. യല്‍ത്സിന്‍ തലകറങ്ങി വീഴാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. പാകിസ്താന്റെ ശില്പിയായ മുഹമ്മദലി ജിന്നയ്ക്കും പാകിസ്താന്റെ 'നെഹ്‌റു'വായിരുന്ന സുള്‍ഫിക്കര്‍ അലി ഭുട്ടോവിനും സ്‌കോച്ച് വിസ്‌കിയില്ലാതെ നേരം പുലരില്ലായിരുന്നു.
പരിശുദ്ധ ഖുര്‍ആന്‍ തര്‍ജമ ചെയ്ത അബ്ദുള്‍കലാം ആസാദ് (നെഹ്‌റു മന്ത്രിസഭയിലെ ശക്തനും വിദ്യാഭ്യാസ മന്ത്രിയും) സന്ധ്യാനമസ്‌കാരത്തിനുശേഷം ഒരു കുപ്പി ബ്രാണ്ടിയുമായാണ് ഇരിക്കുക. എന്നിട്ട് അദ്ദേഹം ഉരുവിട്ടുകൊടുത്തത് ഹുമയൂണ്‍ കബീര്‍ പകര്‍ത്തിയെടുത്ത് 'ഇന്ത്യ വിന്‍സ് ഫ്രീഡ'മുണ്ടാക്കി.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ മദ്യപനെന്നു പറഞ്ഞ് ഒരു മെമ്പര്‍ അവഹേളിച്ചപ്പോള്‍ ചര്‍ച്ചില്‍ പറഞ്ഞു: 'മദ്യം എന്നില്‍ നിന്നെടുത്തതില്‍ കൂടുതല്‍ ഞാന്‍ മദ്യത്തില്‍നിന്നെടുത്തിട്ടുണ്ട്.' പ്രസിദ്ധ നയതന്ത്രജ്ഞനായിരുന്ന കെ.പി.എസ്. മേനോന്‍ ഉച്ചയ്ക്ക് ഒന്നരയും രാത്രി രണ്ടരയും സ്‌കോച്ച് വിസ്‌കി മരിക്കുന്നതുവരെ അടിച്ചുപോന്നിരുന്നു.

വൈദികകാലത്തുപോലും മദ്യം നടപ്പിലായിരുന്നു. സോമപാനം അന്നു നിഷിദ്ധമായിരുന്നില്ലെന്നു മാത്രമല്ല; ഒരു ആചാരംകൂടിയായിരുന്നു. ദേവന്മാരും ആചാര്യന്മാരും കുടിച്ചിട്ടുണ്ട്. ശ്രീരാമന്‍ മദ്യം കഴിച്ചതായി മഹാകവി വള്ളത്തോള്‍ പരിഭാഷപ്പെടുത്തിയ വാല്മീകി രാമായണത്തില്‍ തന്നെയുണ്ട്. സീതാദേവിയും രുചിച്ചിട്ടുണ്ട്. ക്രിസ്തുദേവന്‍ അത്താഴവിരുന്നുകളില്‍ ശിഷ്യന്മാര്‍ക്ക് വീഞ്ഞുപകര്‍ന്നുകൊടുത്തിരുന്നു. കാള്‍ മാര്‍ക്‌സ് തന്റെ പഠനമുറിയിലിരുന്ന് കളിമണ്‍ പൈപ്പ് വലിച്ചുകൊണ്ട് ബിയര്‍ പതിവായി കുടിച്ചതിനു രേഖയുണ്ട്.
പ്രസിദ്ധ, സ്വാതന്ത്ര്യസമരസേനാനിയായ കെ. കേളപ്പന്‍ ഒരു കടുത്ത മദ്യവിരോധിയായിരുന്നുവല്ലോ. ഭാഗ്യദോഷമെന്നല്ലാതെ എന്തു പറയാന്‍ ലിവര്‍ സിറോസിസായിട്ടാണ് അദ്ദേഹം മരിച്ചത്.''
ഇത്രയും പറഞ്ഞിട്ടും തീര്‍ന്നില്ല എന്ന മട്ടില്‍ പ്രഫസര്‍ എന്നെ നോക്കി.

''നോക്കൂ ഡോക്ടര്‍, താങ്കള്‍ പകല്‍ മുഴുവന്‍ ഒരു കന്നുകാലിയെപ്പോലെ പണിയെടുക്കുന്നു. രാത്രിയും നിങ്ങള്‍ക്ക് 'കോളു'ണ്ടാകും. ഇങ്ങനെയായാല്‍ എന്താണ് രസം? അതുകൊണ്ട് പകലത്തെ പണി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാല്‍ ഊണിനുമുമ്പ് രണ്ടെണ്ണം വീശുക. രാത്രിയിലെ 'കോളു'കള്‍ പെണ്ണു ഡോക്ടര്‍മാര്‍ അറ്റന്റ് ചെയ്യട്ടെ.''
''പിന്നേയ്, വേറോരു കാര്യം. ഞാന്‍ ചരിത്രത്തിന്റെ പ്രഫസറാണ്. ഒരു ചരിത്രം പറയാം. ലോകം കീഴടക്കിയ മഹാനായ അലക്‌സാണ്ടര്‍ അമിതമായ മദ്യപാനം നിമിത്തം മഞ്ഞപ്പിത്തം പിടിച്ചാണ് മരിച്ചത്, കെട്ടോ. എന്നാല്‍ ഒരു കാര്യം. ഞാന്‍ അങ്ങനെയൊന്നും മരിക്കാന്‍ പോകുന്നില്ല...''

(ആത്മവിശ്വാസം വലിയ മരുന്ന് എന്ന പുസ്തകത്തില്‍ നിന്ന്)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment