അട്ടിമറി ഫോര്‍മുല ഇങ്ങനെ: സരിതയ്‌ക്ക് കടംവീട്ടാന്‍ 10 കോടി; ലാഭം 5 കോടി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വി.വി.ഐ.പികളുടെ പങ്ക് വെളിപ്പെടുത്താതിരിക്കാന്‍ സരിത എസ്. നായര്‍ക്കു ലഭിക്കുന്നത് 15 കോടി രൂപ. വാഗ്‌ദത്ത തുകയില്‍നിന്ന് 10 കോടി രൂപ സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാനും കേസ് അവസാനിച്ചശേഷം ബാക്കിത്തുകകൊണ്ട് വിദേശത്തേക്കു കടക്കാനുമാണ് സരിത ലക്ഷ്യമിടുന്നത്. ആരോപണവിധേയരായ ഉന്നത രാഷ്‌ട്രീയനേതാക്കളെ രക്ഷപ്പെടുത്താനായി അടുത്ത ബന്ധുവഴി സരിതയ്‌ക്ക് ഭരണമുന്നണിയിലെ ഒരു എം.എല്‍.എ. വാഗ്‌ദാനം ചെയ്‌തതാണ് ഈ കനത്തതുക. ഇതില്‍ മയങ്ങിയാണ് സരിത മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി തിരുത്തിയതും വി.വി.ഐ.പികള്‍ക്കു ശ്വാസം നേരേവീണതും.
സരിതയെ ജയിലില്‍ ചെന്നുകണ്ട അടുത്ത ബന്ധുവാണ് കോടികളുടെ സാമ്പത്തികവാഗ്‌ദാനം എറണാകുളം ജില്ലയിലെ ഒരു എം.എല്‍.എ. മുഖേന സ്വീകരിച്ചതും ഇക്കാര്യം സരിതയെ അറിയിച്ചതും. വാഗ്‌ദാനം സരിതയ്‌ക്കെത്തിക്കാന്‍ പല നാടകങ്ങളും അട്ടകുളങ്ങര വനിതാജയിലില്‍ അരങ്ങേറി. ഇടപാട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഒരുകോടി രൂപ ബന്ധുവിനു മുന്‍കൂര്‍ നല്‍കി. സരിതയുടെ വിശ്വാസമാര്‍ജിക്കാന്‍ ചില പോലീസ് ഉദ്യോഗസ്‌ഥരും ഈ നീക്കത്തില്‍ ഇടപെട്ടു. ഇതോടെ 15 കോടിയുടെ വാഗ്‌ദാനസന്ദേശം കൃത്യമായി സരിതയിലെത്തി. യു.ഡി.എഫ്. വലിയൊരു രാഷ്‌ട്രീയപ്രതിസന്ധിയില്‍നിന്നു തല്‍ക്കാലം കരകയറുകയും ചെയ്‌തു. ലഭിക്കുന്ന 15 കോടിയില്‍നിന്ന് 10 കോടി രൂപ കടംതീര്‍ക്കാന്‍ വിനിയോഗിക്കണമെന്നാണ് സരിതയുടെ നിര്‍ദേശം. ഇതുപ്രകാരം, തലസ്‌ഥാനത്ത് സരിതയുമായി ഉറ്റബന്ധം പുലര്‍ത്തിയ യുവവ്യവസായിയുടെ കേസ് ആദ്യം ഒത്തുതീര്‍പ്പാക്കും.
സോളാര്‍ കേസില്‍ താന്‍ വഴി കോടിക്കണക്കിനു രൂപ സമാഹരിച്ചിട്ടുണ്ടെന്നും അതില്‍ നല്ല പങ്ക് ബിജു രാധാകൃഷ്‌ണനും നടി ശാലുമേനോനും ചേര്‍ന്ന് കൈക്കലാക്കിയെന്നുമാണ് സരിതയുടെ ആരോപണം. ഇപ്പോള്‍ 10 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസുകളാണ് വിവിധ കോടതികളിലായി സരിത അഭിമുഖീകരിക്കുന്നത്. കോടികള്‍ നഷ്‌ടപ്പെട്ട പലരും മാനക്കേടോര്‍ത്ത് പരാതിപ്പെടാത്തതും സരിതയ്‌ക്കു തുണയായി.
ശാലുവിന്റെ സമീപകാല സാമ്പത്തികവളര്‍ച്ച പരിശോധിച്ചാല്‍ തട്ടിപ്പില്‍ അവരുടെ പങ്ക് കൂടുതല്‍ വെളിപ്പെടുമെന്ന് സരിത പറയുന്നു. അതെന്തായാലും കേസില്‍നിന്നു രക്ഷപ്പെടണമെങ്കില്‍, താന്‍ വാങ്ങിയ പണം തിരിച്ചുനല്‍കേണ്ടിവരുമെന്നാണ് സരിത അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് 15 കോടി കൈമാറാന്‍ അരങ്ങൊരുങ്ങിയത്. മറ്റു പല പ്രലോഭനങ്ങളും സരിതയ്‌ക്കു മുന്നില്‍ തല്‍പരകക്ഷികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേസില്‍ സരിതയ്‌ക്ക് അനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഏതാനും കേസുകളില്‍ മാത്രം കുറ്റപത്രം ഉടന്‍ നല്‍കും. അതിനാവശ്യമായ നിര്‍ദേശം പ്രത്യേകസംഘത്തിനു കൈമാറും.
മന്ത്രിമാരും എം.എല്‍.എമാരുമടക്കം ഡസനിലേറെ നേതാക്കള്‍ സരിതയുമായി പാതിരാവില്‍പോലും ടെലിഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. വിളി സംബന്ധിച്ച വിശദാംശങ്ങള്‍ ചോര്‍ത്തിയത് ഐ.ജി: ടി.ജെ. ജോസാണെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി വേണ്ടെന്നാണ് തീരുമാനം. സാമ്പത്തികത്തട്ടിപ്പ് മാത്രം അന്വേഷിക്കുന്നതിലൂടെ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെട്ട മറ്റ് ഇടപാടുകളെല്ലാം തമസ്‌കരിക്കാന്‍തന്നെയാണ് അണിയറനീക്കം.
No comments:
Post a Comment