കണ്ണൂര്‍: സോളാറിന്റെ മറവില്‍ സരിതയും ബിജു രാധാകൃഷ്‌ണനും ഏഴു കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്നു പോലീസ് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സി.പി.എം. നേതൃത്വത്തില്‍ നടക്കുന്ന അനിശ്‌ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തിനു ചെലവാകുക അതിലേറെ കോടികള്‍. സോളാര്‍ വെട്ടിപ്പിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. 12 ന് ആരംഭിക്കുന്ന സമരത്തിനുള്ള ഏകദേശ ചെലവ് 12 കോടി രൂപയിലേറെ വരും.
കേരളത്തില്‍ ഇന്നേവരെ നടന്ന പ്രക്ഷോഭങ്ങളെയെല്ലാം കടത്തിവെട്ടുന്ന സമരത്തിനാണ് എല്‍.ഡി.എഫ്. അണിയറയില്‍ കോപ്പുകൂട്ടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പാര്‍ട്ടിക്കൂറുള്ള ഒരു ലക്ഷം പേരെയാണു തലസ്ഥാനത്തെത്തിക്കുക.
സമരഭടന്‍മാര്‍ അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകരായിരിക്കണമെന്ന നിര്‍ദേശം പ്രത്യേക സര്‍ക്കുലര്‍ വഴി സി.പി.എം. കീഴ്‌ഘടകങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. ഒരു ബ്രാഞ്ച് കമ്മിറ്റി രണ്ടുപേരെ അയയ്‌ക്കണം. ഇവര്‍ ആദ്യ ഏഴു ദിവസത്തെ ഉപരോധത്തില്‍ പങ്കെടുക്കണം. ഇവര്‍ക്കുള്ള ഭക്ഷണവും യാത്രാച്ചെലവും പാര്‍ട്ടി നല്‍കും. താമസം സെക്രട്ടേറിയറ്റ് പരിസരങ്ങളിലെ സമരകേന്ദ്രങ്ങളില്‍ തന്നെയായിരിക്കും. ഒരു ലക്ഷം പേര്‍ക്കു ഭക്ഷണം നല്‍കാന്‍ ഒരാള്‍ക്കു ശരാശരി 100 രൂപ കണക്കാക്കിയാല്‍തന്നെ ഒരു ദിവസം ഒരു കോടി രൂപയാകും. അങ്ങിനെയെങ്കില്‍ ഒരാഴ്‌ചത്തെ ഭക്ഷണച്ചെലവു മാത്രം ഏഴു കോടി രൂപയാകും. വടക്കന്‍ കേരളത്തില്‍നിന്ന് ഒരു സമരഭടനെ തിരുവനന്തപുരത്തെത്തിച്ചു തിരിച്ചു നാട്ടിലെത്തിക്കാന്‍ പാര്‍ട്ടിക്കണക്കുപ്രകാരം 1250 രൂപ ചെലവാകും. മധ്യകേരളത്തില്‍ ഇത് അല്‍പം കുറയും. ഒരു സമരഭടന്റെ യാത്രാച്ചെലവ് 500 രൂപയിലേറെ വരുമെന്നാണ് ഏകദേശ കണക്ക്.
അപ്പോള്‍ അഞ്ചുകോടി രൂപ ആ ഇനത്തിലും ചെലവാകും. മുഴുവന്‍ സമരഭടന്മാരും പൂര്‍ണമായും പാര്‍ട്ടി ചെലവിലായിരിക്കും ഉപരോധത്തില്‍ പങ്കെടുക്കുക. ഇതിനിടയില്‍ മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ അടുത്തഘട്ട സമരത്തിനായി രണ്ടുവീതം പാര്‍ട്ടി അംഗങ്ങളെ സജ്ജരാക്കി നിര്‍ത്തണം.
വിമോചനസമരമെന്നു വിശേഷിപ്പിക്കാവുന്ന ഈ സമരത്തിന്റെ വിജയത്തിനായി ഓരോ ലോക്കല്‍ കമ്മിറ്റിയും ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. സമരത്തില്‍ പങ്കാളികളാകേണ്ട ഒരു ലക്ഷം പേരില്‍ 50,000 പേരെ സി.പി.എം. പങ്കെടുപ്പിക്കും. 25,000 പേരെ സി.പി.ഐയും 25,000 പേരെ മറ്റു ഘടകകക്ഷികളും എത്തിക്കണം. ഇതിനു പുറമെ സമരകേന്ദ്രങ്ങളില്‍ വോളണ്ടിയര്‍മാരായി സമീപ ജില്ലകളിലെ ഇരുപത്തിയഞ്ചായിരത്തോളം പാര്‍ട്ടിപ്രവര്‍ത്തകരുമുണ്ടാകും.
ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന രാപ്പകല്‍ സമരത്തിലെ പാളിച്ചകള്‍ ഒഴിവാക്കിയാണു സെക്രട്ടേറിയറ്റ് പടിക്കലെ സമരം ആസൂത്രണം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഉണ്ടാകുന്ന സമരമുന്നേറ്റത്തിന്റെ പ്രതിഫലനം സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പ്രകടമാകണമെന്നും സി.പി.എം. നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്‍.ഡി.എഫ്. സമരത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ലെങ്കിലും സ്വാതന്ത്ര്യദിനാഘോഷത്തെ പോലും നിശ്ചലമാക്കാനുള്ള പടയൊരുക്കമാണു പ്രതിപക്ഷത്തു നടക്കുന്നത്.
No comments:
Post a Comment