ജനത്തിനും ഇനി ട്രാഫിക് നിയമലംഘനം പിടിക്കാം. മൊബൈലിലോ കാമറയിലോ എടുത്ത ചിത്രം വകുപ്പിന് അയച്ചാൽ മാത്രം മതി. ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കാൻ പൊതുജനങ്ങളെ കൂടി പങ്കാളിയാക്കുന്ന പുതിയ പദ്ധതിക്കാണ് മോട്ടോർവാഹന വകുപ്പ് രൂപം നൽകിയിരിക്കുന്നത്.
'തേർഡ് ഐ' (മൂന്നാം കണ്ണ്) എന്നാണ് തത്ക്കാലമിട്ടിരിക്കുന്ന പേര്. വിപുലമായ പ്രചാരണം നൽകി ഒരുമാസത്തിനുള്ളിൽ പരിപാടി തുടങ്ങും. ഇത് നിലവിൽ വരുന്നതോടെ ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊലീസിൽ നിന്നും മാത്രമല്ല, ജനത്തിൽ നിന്നും പണി കിട്ടും.
പടമെടുക്കാം നോട്ടീസ് നൽകും
നിരത്തിൽ സാധാരണ കാണുന്ന ട്രാഫിക് നിയമ ലംഘനങ്ങളെന്തും ജനത്തിന് മൊബൈലിലോ കാമറയിലോ പകർത്താം. ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയോ (അതിനുള്ള സൗകര്യം ഏർപ്പെടുത്തും) അതത് ആർ.ടി. ഓഫീസുകളിൽ നൽകുകയോ ചെയ്യാം. കിട്ടിയ ഫോട്ടോ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ നിയമം ലംഘിച്ച വാഹന ഉടമയ്ക്ക് പിഴ ഒടുക്കാനുള്ള നോട്ടീസ് അയയ്ക്കും. ഓഫീസിലെത്തി നിയമലംഘകർ പിഴ ഒടുക്കണം. ഇങ്ങനെ കിട്ടുന്ന നോട്ടീസിനെ ചോദ്യം ചെയ്താൽ ചിത്രം കാട്ടി ബോധ്യപ്പെടുത്തും. ചിത്രം എടുത്ത് അയയ്ക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
20 കുറ്റങ്ങൾ
മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗം തുടങ്ങിയവ ഒഴികെ ചിത്രങ്ങൾ എടുക്കാവുന്ന ഇരുപതിലധികം നിയമലംഘനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, ഫുട്പാത്ത് പാർക്കിംഗ്, റെഡ് സിഗ്നൽ ജംബിംഗ്, നന്പർ പ്ളേറ്റിലെ കൃത്രിമം, സൺഫിലിം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്വകാര്യ, സർക്കാർ വാഹനങ്ങളുടെ നിയമലംഘനങ്ങളെല്ലാം ഇത്തരത്തിൽ പൊതുജനത്തിന് കണ്ടെത്തി വകുപ്പിനെ അറിയിക്കാം.
ഡ്യൂട്ടിയിലായാലും വീട്ടിലായാലും ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് 400 ഡിജിറ്റൽ കാമറകൾ വാങ്ങി നൽകാൻ തീരുമാനിച്ചിരുന്നു. ഇത് തുടങ്ങുന്നതിനൊപ്പമാകും 'തേർഡ് ഐ'യ്ക്കും തുടക്കമാകുക.
Courtesy:Keralakaumudi
No comments:
Post a Comment