ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഐതിഹാസികമായ മറ്റൊരു ജനകീയവിപ്ലവത്തിനാണ് ആഗസ്റ്റ് 12 തിങ്കളാഴ്ച തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അന്ന് ലക്ഷം വിപ്ലവകാരികള്‍ സെക്രട്ടേരിയറ്റിലേക്ക് ഇരച്ചുകയറി പൂന്ത് വിളയാടും. സെക്രട്ടേരിയറ്റിന്റെ നാലു കവാടവും അടയ്ക്കും, ഒരു ഈച്ചയെ പോലും അകത്ത് പ്രവേശിപ്പിക്കില്ല. അങ്ങനെ സംസ്ഥാനത്ത് ഭരണം സ്തംഭിപ്പിക്കും. നഗരം സഖാക്കള്‍ പിടിച്ചെടുത്ത് ഒരു വെള്ളരിക്കാപ്പട്ടണമാക്കും. വേണമെങ്കില്‍ സെക്രട്ടേരിയറ്റ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാറ്റിക്കോ എന്ന മട്ടില്‍ വൈക്കം വിശ്വം പരിഹസിച്ചതായി പറയപ്പെടുന്നുണ്ട്. ഒറ്റദിവസം കൊണ്ട് ഈ വിപ്ലവം പര്യവസാനിക്കുകയില്ല. സംഗതി അനിശ്ചിതകാലത്തേക്കാണ്. മുഖ്യമന്ത്രിയുടെ രാജിക്ക് ശേഷമേ സഖാക്കള്‍ വീടുകളിലേക്ക് മടങ്ങുകയുള്ളൂ. സി.പി.എം.കാര്‍ പറഞ്ഞാല്‍ പറഞ്ഞത് തന്നെയാണ്. പണ്ട് കല്‍ക്കത്താതീസിസ് പരാജയപ്പെട്ടത് നോക്കണ്ട. ഇക്കുറി വിപ്ലവം വിജയിക്കാതെ സഖാക്കളാരും സ്വന്തം ഭവനം പൂകില്ല എന്നത് കട്ടായം.
എന്ത്കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിപ്ലവസാഹചര്യം പരിപക്വമായതെന്നോ? സംഗതി ഗുരുതരം തന്നെയാണ്. മുഖ്യമന്ത്രി ഒരു കേസിലും പ്രതിയായതല്ല, എന്തെങ്കിലും അഴിമതി നടത്തിയതല്ല, സര്‍ക്കാര്‍ ഖജനാവിന് നയാപൈസ നഷ്ടം വരുത്തിയതല്ല പിന്നെയോ അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ഏതോ ഒരു ജോപ്പനും ഒരു ഗണ്മേനും കൂടി താരതമ്യേന നിസ്സാരമായൊരു തട്ടിപ്പ് കേസില്‍ പങ്കാളിയായത്രെ. തട്ടിപ്പിനു കൂട്ടുനില്‍ക്കാന്‍ പോകുന്ന ഒരുത്തനെ , അത് ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കാതെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി എന്നാണ് കുറ്റം. മറ്റൊരുത്തനെ ഗണ്‍മാനുമാക്കി. ഇത്രയും കഠിനമായ കൃത്യവിലോപം നടത്തിയ മുഖ്യമന്ത്രിക്കെതിരെ യുദ്ധം നയിക്കുന്ന പടനായകന്‍ ആരെന്നോ? മന്ത്രിസഭയെ അറിയിക്കാതെ, സാങ്കേതികവിദഗ്ദ്ധരോട് ആലോചിക്കാതെ, ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണിക്കാതെ സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി തന്നിഷ്ടം പോലെ ക്യാനഡയിലെ ഒരു കമ്പനിയുമായി കരാറുണ്ടാക്കി സര്‍ക്കാരിന് കോടികള്‍ നഷ്ടമാക്കിയ കേസിലെ ഏഴാം പ്രതി. അത്കൊണ്ട് തന്നെ ഈ വിപ്ലവം വിജയിച്ചേ പറ്റൂ. അഴിമതിക്കേസില്‍ പ്രതികളാകുന്നവര്‍ വിപ്ലവം നയിച്ചാല്‍ അത് വിജയിക്കുക തന്നെ ചെയ്യുമെന്ന് മാര്‍ക്സും ഏങ്കല്‍സും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സംഗതി അത്ര പന്തിയല്ല എന്നാണ് തോന്നുന്നത്. സെക്രട്ടേരിയറ്റില്‍ സഖാക്കളെ കടത്തിവിടാതിരിക്കാന്‍, നഗരം വെള്ളരിക്കാപ്പട്ടണമാക്കാതിരിക്കാന്‍ കേന്ദ്രം സേനയെ അയക്കുന്നു എന്നാണ് വൈകിക്കിട്ടിയ വാര്‍ത്ത. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. തിരുവനന്തപുരത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചോ എന്നാണ് ചെറിയാന്‍ ഫിലിപ്പ് പോലും ചോദിക്കുന്നത്. സംസ്ഥാന സെക്രട്ടേരിയറ്റ് വളഞ്ഞ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യമാണ് ? ഇക്കൂട്ടര്‍ ചൈനയില്‍ പോയി ജനാധിപത്യത്തിന്റെ ബാലപാഠം പഠിക്കേണ്ടതുണ്ട്.
കേന്ദ്രസേന വരുന്നതൊക്കെ ശരി, വെടിവെക്കുന്നെങ്കില്‍ മുട്ടിന് താഴെ മാത്രമേ വെടി വെക്കാവൂ. കുറെക്കാലമായി രക്തസാക്ഷികളെ ലഭിക്കാത്തത്കൊണ്ട് പാര്‍ട്ടിക്ക് വിപ്ലവവീര്യം ചോര്‍ന്ന് പോയിട്ടുണ്ട്. എങ്ങനെയും നാലു രക്തസാക്ഷികളെ കിട്ടിയാല്‍ മാത്രമേ ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന ക്ഷീണത്തില്‍ നിന്ന് കരകയറാനാവൂ എന്ന് പാര്‍ട്ടിക്കും അണികള്‍ക്കും അറിയാം. ഭൌതികവാദികളായത്കൊണ്ട് പരലോകത്തില്‍ വിശ്വാസമില്ലെങ്കിലും രക്തസാക്ഷിയാകാന്‍ തയ്യാറുള്ളവര്‍ ഇക്കാലത്തും ഉണ്ടാകാം. പാര്‍ട്ടിയാണു എല്ലാറ്റിലും വലുത് എന്ന ബോധം പരലോകവിശ്വാസത്തേക്കാളും പ്രലോഭനീയമാണ്.
എന്ത് തന്നെ വന്നാലും ലക്ഷം വിപ്ലവകാരികള്‍ മുഖ്യമന്ത്രിയെ രാജിവെപ്പിക്കാതെ തിരുവനന്തപുരം വിട്ടുപോകില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. കാത്തിരുന്നു കാണാം !
No comments:
Post a Comment