അഗതികളുടെ അമ്മയ്‌ക്ക് 104-ാം പിറന്നാള്‍
ജോസ് ചന്ദനപ്പള്ളി
കാരുണ്യത്തിന്റെ മാലാഖയ്‌ക്ക് ഇന്നു 104 ാം പിറന്നാള്‍. അവിഭക്‌ത യുഗോസ്ലാവിയായിലെ (ഇന്ന് റിപ്ലബ്‌ളിക് ഓഫ് മാസിഡോണിയ) കൊച്ചു പട്ടണമാണ് സ്‌ക്കോപ്പ്‌ജെ. ആഡ്രിയാറ്റിക് കടല്‍ തീരത്തുള്ള പട്ടണത്തിലെ കത്തോലിക്കാ കുടുംബത്തില്‍ 1910 ഓഗസ്‌റ്റ് 26 നായിരുന്നു മദര്‍ തെരേസയുടെ ജനനം. അല്‍ബേനിയന്‍ വംശജരായിരുന്നു മാതാപിതാക്കള്‍. പിതാവ് നിക്കേളാസ് ബൊജാക്‌സ്യൂ കോണ്‍ട്രാക്‌ടറും നഗരസഭാ കൗണ്‍സിലറുമായിരുന്നു. മാതാവ് ഡ്രാണാഫിലെ ബര്‍ണായി (റോസ്). ആഗ്നസ് ഗോങ്ങ്‌ഷ ബൊജാക്‌സ്യൂ എന്നു പേരിട്ട കുഞ്ഞിനു ജനിച്ചതിന്റെ പിറ്റേന്നു മാമോദീസാ നല്‍കി.
ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനത്തിന് എത്തിയ ഈശോ സഭാംഗമിഷനറിമാരില്‍ നിന്നുമാണ് ആഗ്നസ് കൊല്‍ക്കത്തയിലെ ചേരികളെക്കുറിച്ചും അവിടുത്തെ മനുഷ്യരുടെ നരകതുല്യമായ ജീവിതത്തെക്കുറിച്ചും അറിഞ്ഞത്. വിദ്യാഭ്യാസത്തിന് ശേഷം, ബംഗാളില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ലെരേറ്റാ സന്യാസസഭയുടെ അയര്‍ലന്‍ഡിലെ ആസ്‌ഥാന ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വച്ചാണ് ആഗ്നസ്, തെരേസ എന്ന പേരു സ്വീകരിച്ചത്.
ആറാഴ്‌ചയോളം ഡബ്ലിനില്‍ താമസിച്ച് ഇംഗ്ലീഷ് ഭാഷ വശമാക്കി. 1929 ജനുവരി 6ന് കൊല്‍ക്കത്തയിലെത്തുമ്പോള്‍ സിസ്‌റ്റര്‍ തെരേസയുടെ പ്രായം 19 വയസ്. നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ എന്റോളിയിലെ ലൊരേറ്റോ സഭയുടെ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളില്‍ 1931 മുതല്‍ 1944 വരെ അധ്യാപികയായിരുന്നു സിസ്‌റ്റര്‍ തെരേസ. ഒപ്പം സ്‌കൂളിനടുത്തുള്ള ചേരിപ്രദശം തന്റെ കര്‍മ്മ മണ്‌ഡലമായി തെരഞ്ഞെടുത്തു. 1944 ല്‍ സെന്റ് മേരീസ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായി.
1946 സെപ്‌റ്റംബര്‍ 10 ന് കൊല്‍ക്കത്തയില്‍ നിന്നും ഡാര്‍ജിലിനിലേക്കുള്ള തീവണ്ടി യാത്രാമധ്യേയുണ്ടായ ഉള്‍വിളിയില്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 1948 ഓഗസ്‌റ്റ് 16 ന് ലൊരേറ്റാ ചാപ്പലില്‍വച്ച് ബംഗാളി സ്‌ത്രീകള്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ പരുത്തി കൊണ്ടുള്ള സാരിയും ജപമാലയും ക്രൂശിത രൂപയവും ധരിച്ച് തെരേസ തന്റെ സേവനമാര്‍ഗത്തിന്റെ ദീപം തെളിയിച്ചു.
19 വര്‍ഷം ധരിച്ച ലൊരേറ്റാ സഭാവസ്‌ത്രം ഉപേക്ഷിച്ച,് ആദ്യമായി സാരി ധരിച്ച സിസ്‌റ്റര്‍ തെരേസ, മഠത്തില്‍നിന്നു നേരേ പോയതു പട്‌നയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കാണ്. മൂന്നു മാസം കൊണ്ട് നഴ്‌സിംഗിന്റെ അടിസ്‌ഥാന കാര്യങ്ങളില്‍ പ്രായോഗിക പരിശീലനം നേടി.
1948 ഡിസംബര്‍ എട്ടിന് അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ നീലക്കരയുള്ള സാരി ധരിച്ച് ഏകയായി തെരേസ കെല്‍ക്കത്താ നഗരത്തിലേയ്‌ക്കിറങ്ങി. ജപമാലയും ക്രൂശിത രൂപവും കൂടാതെ അഞ്ചു രൂപ മാത്രമായിരുന്നു അമ്മയുടെ പക്കലുണ്ടായിരുന്നത്.
കൊല്‍ക്കത്തയിലെ ചേരികളായിരുന്നു പ്രവര്‍ത്തന മേഖല. ക്രീക്ക് ലെയിനില്‍ താമസിച്ചിരുന്ന മൈക്കിള്‍ ഗോമസ് എന്ന മനുഷ്യസ്‌നേഹി അവര്‍ക്കുവേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കി. 1949 മാര്‍ച്ച് 19ന് സെന്റ് മേരീസ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനിയായ സുഭാഷിണിദാസ്, മദര്‍തെരേസയുടെ ആദ്യ സഹപ്രവര്‍ത്തകയായി. സുഭാഷിണി പിന്നീട് ആഗ്‌നസ് എന്ന പേരിലറിയപ്പെട്ടു. 1948-ല്‍ മദര്‍തെരേസയ്‌ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. അവര്‍ സ്‌ഥാപിച്ച ആദ്യത്തെ അഗതി മന്ദിരമായ നിര്‍മ്മല്‍ ഹൃദയ് 1952 ഓഗസ്‌റ്റ് 22 ന് ഉദ്‌ഘാടനം ചെയ്‌തു. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി 1953 സെപ്‌റ്റംബര്‍ 23ന് സഭയുടെ മാതൃഭവനത്തിനു സമീപം നിര്‍മ്മല്‍ ശിശുഭവന്‍ ആരംഭിച്ചു.
1957 ല്‍ കുഷ്‌ഠരോഗികളെ പുരധിവസിപ്പിക്കുന്നതിനായി കല്‍ക്കത്തായിലെ അസന്‍സോളില്‍ ശാന്തി നഗര്‍ എന്ന പേരില്‍ കേന്ദ്രം തുറന്നു. ടിറ്റാഗര്‍ റെയില്‍വേ പാതയ്‌ക്കു സമാന്തരമായി ഒരു മൈല്‍ ദൂരം വ്യാപിച്ചു കിടക്കുന്ന ഗാന്ധിജി പ്രേംനിവാസ് കുഷ്‌ഠരോഗികള്‍ക്കായുള്ള ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസകേന്ദ്രമാണ്.
സ്വയം പര്യാപ്‌തതയുടെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കാവുന്ന ഇവിടെ മദര്‍സ്‌ഥാപിച്ച മിഷനറി ബ്രദേഴ്‌സ് ഓഫ് ചാരിറ്റി സമൂഹത്തിലെ സഹോദരന്മാര്‍ സേവനം ചെയ്യുന്നു. 1950 ഒക്‌ടോബര്‍ 7ന് മിഷനറിസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനി സഭ മദര്‍ സ്‌ഥാപിച്ചു.
1962 സെപ്‌റ്റംബറില്‍ മദര്‍ തെരേസ പത്മശ്രീക്കും ഫിലിപ്പിയന്‍സ് സര്‍ക്കാരിന്റെ റമോണ്‍ മാഗ്‌സസെ അവാര്‍ഡിനും അര്‍ഹയായി. പോപ്പ് ജോണ്‍ 23-ാമന്‍ സമാധാനസമ്മാനം, ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഗുഡ്‌സമരിറ്റന്‍ അവാര്‍ഡ്, നെഹ്‌റു അവാര്‍ഡ്, ടെമ്പിള്‍ടണ്‍ പുരസ്‌കാരം, മാറ്ററെറ്റ് മജിസ്‌ട്രാ അവാര്‍ഡ്, പ്രഥമ ആല്‍ബര്‍ട്ട് ഷെ്വറ്റ്‌സര്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ മദറിനെ തേടിയെത്തി. 1979 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനും അര്‍ഹയായി. 1980ല്‍ തപാല്‍ വകുപ്പ് മദറിന്റെ ചിത്രമുള്ള സ്‌റ്റാമ്പ് പുറത്തിറക്കി. ആ വര്‍ഷം മാര്‍ച്ച് 22ന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കി രാജ്യം അഗതികളുടെ അമ്മയെ ആദരിച്ചു.
1997 സെപ്‌റ്റംബര്‍ 5ന് ആ വെളിച്ചം അണഞ്ഞു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ നിദ്രകൊള്ളുന്നു. 2003-ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഉപാധികളില്ലാതെ സമസ്‌ത മാനവ ജാതിയെയും സ്‌നേഹിച്ച ആ അമ്മയുടെ ഓര്‍മ്മ മനുഷ്യ നന്മയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമുക്കെന്നും പ്രേരണയും പ്രചോദനവും നല്‍കട്ടെ
No comments:
Post a Comment