സരിതയും സന്ദര്‍ശകരും ഒരു ഫോണ്‍ വിളിയും അട്ടക്കുളങ്ങര ജയിലില്‍ സംഭവിച്ചതെന്ത് ?
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മജിസ്‌ട്രേറ്റിനു നേരിട്ടു പരാതി നല്‍കാന്‍ സരിതയ്‌ക്കു നിര്‍ദേശം ലഭിച്ചതിനു പിന്നാലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ അരങ്ങേറിയതു സിനിമയെ വെല്ലുന്ന നാടകീയരംഗങ്ങള്‍. കഴിഞ്ഞ 20-നു ജയിലില്‍ സരിതയുടെ മാതൃസഹോദരീപുത്രനെത്തി ഒരു കത്തു കൈമാറാന്‍ ശ്രമിച്ചതു മുതല്‍ ദുരൂഹത ആരംഭിക്കുന്നു.
നാലു പേജുള്ള കത്തു സെല്ലിലേക്കു കൊണ്ടുപോകുന്നതില്‍നിന്ന് അധികൃതര്‍ സരിതയെ വിലക്കി. കത്തു പൂര്‍ണമായി വായിക്കാനും അനുവദിച്ചില്ല. കത്തു ബന്ധുവിനുതന്നെ മടക്കിനല്‍കി. വായിച്ചത്രയും വെളിപ്പെടുത്താന്‍ അധികൃതര്‍ സരിതയോട് ആവശ്യപ്പെടുകയും ചെയ്‌തു. ബന്ധു കൈമാറിയ കത്തും തിങ്കളാഴ്‌ച പുലര്‍ച്ചെ സരിത എഴുതിനല്‍കിയ പരാതിയും നാലുപേജായിരുന്നു!
ബന്ധു ജയിലിലെത്തിയ ശനിയാഴ്‌ചയും സരിത മജിസ്‌ട്രേറ്റിനു നല്‍കാന്‍ പരാതി എഴുതിത്തയാറാക്കിയ ഞായറാഴ്‌ച രാത്രിയുമായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ അരങ്ങേറിയതത്രയും സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങള്‍. എന്നാല്‍, ക്ലൈമാക്‌സ് തേടി പോലീസ് ഇപ്പോഴും നെട്ടോട്ടത്തില്‍. സരിതയെ ഇംഗ്ലണ്ടില്‍നിന്ന് അജ്‌ഞാതന്‍ വിളിച്ചതും നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ രാത്രി മറ്റു രണ്ട് അജ്‌ഞാതര്‍ എത്തിയതുമെല്ലാം തിരക്കഥയില്‍ ഉള്‍പ്പെടുന്നു. അവ ഇങ്ങനെ:
ശനിയാഴ്‌ച, സമയം ഉച്ചകഴിഞ്ഞ് 2.45: സരിതയുടെ മാതൃസഹോദരീപുത്രന്‍ ജയിലിലെത്തുന്നു. സരിതയെ കാണാന്‍ നേരത്തേ അമ്മയ്‌ക്കും സഹോദരനും അനുമതി നല്‍കിയെന്നതുകൊണ്ട് ഇയാള്‍ക്കും ജയിലധികൃതര്‍ സന്ദര്‍ശനാനുമതി നല്‍കി. സംസാരിക്കുന്നതിനിടെ ഒരു കത്ത് ഇയാള്‍ സരിതയ്‌ക്കു കൈമാറാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ തടഞ്ഞു. കത്തു വായിക്കാന്‍ അനുവദിക്കണമെന്നു സരിത ശഠിച്ചു. അല്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നു വിരട്ടിയതോടെ അധികൃതര്‍ വഴങ്ങി. എന്നാല്‍, വായന മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല. കത്തു സെല്ലിലേക്കു കൊണ്ടുപോകണമെന്നു സരിത ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നു ജയിലധികൃതര്‍ തീര്‍ത്തുപറഞ്ഞു. പിന്നീട് 15 മിനിറ്റോളം ബന്ധുവുമായി സംസാരിച്ചു. കത്തിലുള്ള കാര്യങ്ങള്‍ പലതും സംഭാഷണമധ്യേ കടന്നുവന്നു.
സമയം രാത്രി 9.45: രണ്ടു യുവാക്കള്‍ വനിതാ ജയിലിലെത്തുന്നു. സൂപ്രണ്ടിനെ കാണണമെന്നു പാറാവുനിന്ന പോലീസുകാരോട് ആവശ്യപ്പെട്ടു. അപ്പോള്‍ അസി. ജയില്‍ സൂപ്രണ്ടിനായിരുന്നു ചുമതല. ഭരണതലത്തിലെ ഉന്നതന്റെ അനുമതിപത്രവുമായി വരുകയാണെന്ന് അവകാശപ്പെട്ട യുവാക്കള്‍ സരിതയെ കാണാന്‍ അനുമതിതേടി അസി. സൂപ്രണ്ടിനെ സമീപിച്ചു. കത്തു കാണട്ടെയെന്നായി അസി. സൂപ്രണ്ട്. യുവാക്കള്‍ കത്ത് കാണിച്ചെങ്കിലും കൈമാറിയില്ല. അങ്ങനെയെങ്കില്‍ ഡി.ജി.പിയോടു സംസാരിക്കട്ടെയെന്നു പറഞ്ഞ് സൂപ്രണ്ട് എഴുന്നേറ്റു. അതോടെ അജ്‌ഞാതര്‍ പുറത്തേക്കോടി. ഇവരെ പിടികൂടാന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോടു സൂപ്രണ്ട് വിളിച്ചുപറഞ്ഞു. പോലീസുകാര്‍ എത്തുന്നതിനുമുമ്പു യുവാക്കള്‍ ജയില്‍ വളപ്പിനു പുറത്തുകടന്ന് അംബാസഡര്‍ കാറില്‍ രക്ഷപ്പെട്ടു. കാറിനു നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നെന്ന കാര്യം അപ്പോഴാണു ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്നു നഗരത്തിലെങ്ങും കാര്‍ പിടികൂടണമെന്ന വയര്‍ലെസ് സന്ദേശം പാഞ്ഞു. രാത്രി മുഴുവന്‍ പോലീസ് തെരഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
സമയം രാത്രി 10.30: ജയിലിലേക്ക് അജ്‌ഞാതന്റെ ഫോണ്‍ വിളി. കോളര്‍ ഐഡി സംവിധാനമുള്ളതുകൊണ്ട് വിളി വിദേശത്തുനിന്നാണെന്ന് അധികൃതര്‍ക്കു മനസിലായി. ഫോണ്‍ എടുത്തതു വനിതാ വാര്‍ഡര്‍. ആരാണു ഫോണ്‍ എടുത്തതെന്ന് ഇംഗ്ലീഷും മലയാളവും കലര്‍ത്തി അജ്‌ഞാതന്‍ വാര്‍ഡറോടു ചോദിച്ചു. സ്വയം പരിചയപ്പെടുത്തിയതുമില്ല. സരിതയുമായി ഫോണില്‍ സംസാരിക്കണമെന്നായിരുന്നു ആവശ്യം. വാര്‍ഡര്‍ വിസമ്മതിച്ചു. ജയിലിനുപുറത്ത് 10 ലക്ഷം രൂപയുമായി ഒരാള്‍ നില്‍ക്കുന്നുണ്ടെന്നും സംസാരിക്കാന്‍ അനുവദിച്ചാല്‍ പണം നിങ്ങള്‍ക്കുള്ളതാണെന്നുമായി വാഗ്‌ദാനം.
ഇതോടെ വാര്‍ഡര്‍ മൗത്ത്‌പീസ് പൊത്തി ഗാര്‍ഡുമാരെ വിളിച്ചു. പുറത്താരെങ്കിലും നില്‍ക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഗാര്‍ഡുമാര്‍ തെരഞ്ഞെങ്കിലും ആരെയും കണ്ടില്ല. ഉടന്‍ ഫോണ്‍ ഡിസ്‌കണക്‌ട് ചെയ്‌തു. ഫോണ്‍ കോള്‍ ഇംഗ്ലണ്ടില്‍നിന്നാണെന്നു കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ജയിലിലെത്തിയ അജ്‌ഞാതരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. മൂന്നു സംഭവങ്ങളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ദുരൂഹതയുടെ കുരുക്കു മുറുകുകയാണ്.
No comments:
Post a Comment