തീവണ്ടിയിലും കോടതി: ആദ്യദിനം പിഴയീടാക്കിയത് 20,000 രൂപ കണ്ണൂര്‍:ഇനി തീവണ്ടിയിലെ നിയമലംഘനങ്ങള്‍ തീവണ്ടിയില്‍ത്തന്നെ തീര്‍ക്കും. റെയില്‍വേ കോടതി അന്വേഷിച്ചിറങ്ങേണ്ട. കോടതി നിങ്ങള്‍ക്കൊപ്പം യാത്രചെയ്യുന്നുണ്ടാവും. കേരളത്തില്‍ ആദ്യത്തെ മൊബൈല്‍ കോടതി വെള്ളിയാഴ്ച പ്രവര്‍ത്തനം തുടങ്ങി.
തീവണ്ടിയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മൊബൈല്‍ കോടതി സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ചെന്നൈ-മംഗലാപുരം മെയിലിലെ ഒരു കോച്ചാണ് കോടതിയാക്കി മാറ്റിയത്. ആര്‍.പി.എഫിന്റെ സഹായത്തോടെയാണ് കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുക. ആര്‍.പി.എഫ്. പിടികൂടുന്നവരെ ഉടന്‍ മൊബൈല്‍ കോടതിയിലെത്തിക്കും. വരുംദിവസങ്ങളില്‍ മറ്റു തീവണ്ടികളിലും കോടതി പ്രവര്‍ത്തിക്കും.
കോഴിക്കോട്ടുനിന്ന് മഞ്ചേശ്വരം വരെയാണ് വെള്ളിയാഴ്ച കോടതി പ്രവര്‍ത്തിച്ചത്. സാധാരണ കോടതിമുറിയിലുള്ള എല്ലാ സംവിധാനവും ഇതിലുണ്ടാവും. ആര്‍.പി.എഫുകാരുടെ എ.സി. കോച്ചിന് തൊട്ടടുത്തുള്ള ഒന്നാം ക്ലാസ്‌കോച്ചാണ് കോടതിയാക്കി മാറ്റിയത്. മജിസ്‌ട്രേറ്റിനു പുറമെ മൂന്നു ജീവനക്കാര്‍ ഈ കോടതിയിലുണ്ടാവും. നിലവില്‍ പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണ് റെയില്‍വേ കോടതികളുള്ളത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ചെന്നൈ-മംഗലാപുരം മെയിലിലെ മൊബൈല്‍ കോടതി പ്രവര്‍ത്തിച്ചത്. 60 കേസുകള്‍ കോടതി തീര്‍പ്പാക്കി. ഇതില്‍നിന്ന് 20,000 രൂപ പിഴയായി ഈടാക്കി. ടിക്കറ്റില്ലാതെ യാത്രചെയ്യുക, പടിയിലിരുന്ന് യാത്രചെയ്യുക, തീവണ്ടിയിലും സ്റ്റേഷനിലും അനധികൃതമായി ഭക്ഷണം വില്‍ക്കുക, സ്ത്രീകളുടെ കോച്ചില്‍ പുരുഷന്‍മാര്‍ കയറുക, യാത്രക്കാര്‍ക്ക് ശല്യമായ രീതിയില്‍ ഭിക്ഷാടനവും വില്പനയും നടത്തുക തുടങ്ങിയ കേസുകളാണ്ആദ്യദിവസം കോടതിയിലെത്തിയത്.
കോഴിക്കോട് റെയില്‍വേ കോടതിയിലെ മജിസ്‌ട്രേറ്റ് ബി.എം.അസുവാണ് മൊബൈല്‍ കോടതിയിലെ മജിസ്‌ട്രേറ്റ്. കണ്ണൂര്‍ ആര്‍.പി.എഫ്. സി.ഐ. പി.വിജയകുമാര്‍, എസ്.ഐ. നാരായണന്‍, എ.എസ്.ഐ. വി.പി.ഇന്ദിഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ പി.പി.ബിനീഷ്, കോണ്‍സ്റ്റബിള്‍മാരായ രഞ്ജിത്ത്, അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment